Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

36 വയസ്സായ ഞാൻ ഇനി എങ്ങനെയാണ് കോളജ് പയ്യനായി അഭിനയിക്കുക ? പൃഥ്വിരാജ് ചോദിക്കുന്നു

നയൻ ഒരു സയൻസ് ഫിക്‌ഷൻ ചിത്രമാണോ ?

ഇതൊരു സയൻസ് ഫിക്‌ഷൻ സിനിമ മാത്രമാണെന്ന് പറയാൻ പറ്റില്ല. അങ്ങനെ പറയുമ്പോൾ ആളുകൾ മറ്റെന്തെങ്കിലും പ്രതീക്ഷിച്ചു പോകുമെന്നൊരു പേടിയുണ്ട്. ഇത് സയൻസ് ഫിക്‌ഷന്റെ പശ്ചാത്തലവും എലമെന്റ്സും ഉള്ള സിനിമയാണ്. ഇതിന്റെ പശ്ചാത്തലവും കഥയും കഥ പറയുന്ന രീതിയും ഷൂട്ട് ചെയ്തിരിക്കുന്ന രീതിയുമൊക്കെ നമ്മൾ പരിചയിച്ച സിനിമാ അനുഭവം ആയിരിക്കില്ല സമ്മാനിക്കുന്നത്. ഒരു പരീക്ഷണത്തിന്റെ സ്വഭാവം നേർത്ത രീതിയിൽ അതിലുണ്ട്. അതാണ് എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നത്. ഇത്തരമൊരു സിനിമ ഇവിടെ ജനങ്ങൾ കണ്ടു സ്വീകരിച്ചാൽ ഇനി ഒരുപാടു ഫിലിം മേക്കേഴ്സിന് ഇതുപോലുള്ള സിനിമകളെക്കുറിച്ച് ചിന്തിക്കാൻ പ്രചോദനമായേക്കും. എന്നെ സംബന്ധിച്ച് ഇതൊരു കൊമേഴ്സ്യൽ ഫിലിം തന്നെയാണ് അതുതന്നെയാണ് ഒരു നിർമാതാവെന്ന നിലയ്ക്ക് എന്നെ ആകർഷിച്ചതും. കുറച്ചു വേറിട്ടു നിൽക്കുന്ന, ഇതിനു മുമ്പ് ആരും ട്രൈ ചെയ്തിട്ടില്ലാത്ത ജോണറിൽ പെടുത്താവുന്ന ഒരു സിനിമയാണെങ്കിൽ പോലും ഇതിനകത്ത് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു കാര്യമുണ്ട്.

താങ്കളുടെ സിനിമകൾ ടെക്നിക്കലി ബ്രില്യന്റാണ്. എന്നാൽ മലയാളത്തിൽ പൊതുവിൽ നോക്കിയാൽ ഇത്തരമൊരു മികവു കാണാനില്ല. മലയാള സിനിമകൾ സാങ്കേതികമായി ഇപ്പോഴും പിന്നിലാണോ ?

ഒരിക്കലുമല്ല. മുന്നിലാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത് നമ്മുടെ ടെക്നീഷ്യൻസിനെ വച്ച് നമ്മുടെ ബജറ്റിൽ ചെയ്യാന്‍ സാധിക്കുന്ന സിനിമകൾ മറ്റ് ഇൻഡസ്ട്രികളിൽ ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചെയ്യുന്നത് അതേ രീതിയിൽ അവരുടെ മുന്നിൽ അവതരിപ്പിച്ചാൽ അവർക്കതു ചെയ്യാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഒരു സിനിമയുടെ ടെക്നിക്കാലിറ്റി, എത്തരത്തിലാണ് ഒരു സിനിമ ഷൂട്ട് ചെയ്യപ്പെടേണ്ടത്, ഏത് എക്വിപ്മെന്റാണ് ഉപയോഗിക്കേണ്ടത് ഇതൊക്കെ തീരുമാനിക്കുന്നത് സ്ക്രിപ്റ്റിന്റെ അടിസ്ഥാനത്തിലാണ്. എഴുതപ്പെട്ട തിരക്കഥയെ സ്ക്രീനിൽ അവതരിപ്പിക്കാൻ ഏതുതരം തയാറെടുപ്പുകളാണ് ആവശ്യം എന്നുള്ള ചോദ്യത്തിന്റെ ഉത്തരമായിട്ടാണ് ഇതെല്ലാം തീരുമാനിക്കപ്പെടുന്നത്. സാങ്കേതിക മികവുള്ള സിനിമ എന്നു പറഞ്ഞാൽ ബജറ്റ് കൂടുതല്‍ എന്നൊരു തെറ്റിദ്ധാരണയുണ്ട്. ബജറ്റും സാങ്കേതിക മികവും തമ്മിൽ യാതൊരു ബന്ധവുമില്ല. കൂടുതൽ പണം മുടക്കിയാൽ ഒരു സിനിമ ടെക്നിക്കലി മികവു പുലർത്തില്ല. ടെക്നിക്കലി സൗണ്ടാകണമെങ്കിൽ കൂടുതൽ പണം മുടക്കണമെന്നുമില്ല. 

നയൻ ഒരു സീറോ കോംപ്രമൈസ് നിലപാടിൽ‌ എടുത്ത സിനിമയാണ്. ഈ സിനിമ ഷൂട്ട് ചെയ്യാൻ ഇന്ത്യയിലെ ആദ്യത്തെ ജെമിനി 5 കെ ക്യാമറ കൊണ്ടു വന്നു. എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള ലൊക്കേഷനുകളിലായിരുന്നു ഷൂട്ടിങ്. ഒരുപാടു വിഎഫ്എക്സ് ഉണ്ട്. വിഎഫ്എക്സ് തീർക്കാൻ റിലീസ് തീയതി മാറ്റി വച്ചു. ഒരുപാടു സെറ്റുകൾ ഇതിലിട്ടിട്ടുണ്ട്. സിനിമയുടെ വലിയൊരു ഭാഗം മണാലിയിലെ ഒരു ആഡംബര ഫൈവ് സ്റ്റാർ ഹോട്ടൽ പ്രോപ്പർട്ടി മുഴുവനായും ബ്ലോക്ക് ചെയ്ത് അവിടെയാണ് ഷൂട്ട് ചെയ്തത്. ഇതൊക്കെ ചെയ്തിട്ടും ഈ സിനിമയുടെ തുടക്കത്തിൽ ഞാൻ കരുതിയിരുന്ന ബജറ്റില്‍നിന്നു കുറവേ ചെലവായുള്ളൂ. ‍എന്റെ പല സിനിമകൾക്കും പുറത്തു പറഞ്ഞിട്ടുള്ളതിന്റെ പകുതിയിൽ താഴെ മാത്രമേ ചെലവായിട്ടുള്ളൂ എന്നെനിക്കറിയാം. പക്ഷേ അതെക്കുറിച്ച് ആധികാരികമായി പറയാൻ എനിക്കാവില്ല. ഇവിടെ ഞാൻ നിർമാതാവായതുകൊണ്ട് എനിക്ക് ഇക്കാര്യങ്ങൾ വ്യക്തമായി പറയാനാകും. 

നടൻ, നിർമാതാവ്, സംവിധായകൻ- ഏതു റോളാണ് പൃഥ്വി കൂടുതൽ ആസ്വദിക്കുന്നത് ?

എന്റെ വീട്ടിലേക്കുള്ള തിരിച്ചുവരവെന്നു പറയുന്നത് ഒരു അഭിനേതാവായാണ്. ബേസിക്കലി ഞാനൊരു നടനാണ്. എന്റെ ക്രാഫ്റ്റ് അഭിനയം തന്നെയാണ്. പക്ഷേ ഞാൻ ഏറ്റവുമധികം എൻജോയ് ചെയ്തത് ലൂസിഫർ എന്ന സിനിമ ഡയറക്ട് ചെയ്തപ്പോഴാണ്. ആ ഷൂട്ടിങ് കാലയളവ് നല്ല രസമായിരുന്നു. എല്ലാ സിനിമകളും നമ്മെ പാഠങ്ങൾ പഠിപ്പിക്കും. പക്ഷേ സിനിമ പഠിപ്പിക്കുന്ന രീതിക്കുള്ള പ്രത്യേകത, നമ്മൾ അറിയില്ല നമ്മൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന്. പിന്നീടായിരിക്കും നമ്മൾ ‍പോലുമറിയാതെ ആ പാഠങ്ങൾ പ്രയോഗിക്കുന്നത്. ലൂസിഫറിൽ ഞാന്‍ ഒരുപാട് ആസ്വദിച്ചത് ഒരുപാട് അഭിനേതാക്കളുമായി അടുത്തിടപഴകാൻ സാധിച്ചു എന്നതാണ്. പലപ്പോഴും ഒരു അഭിനേതാവ് വ്യക്തിപരമായി കഥാപാത്രത്തെ ഉൾക്കൊള്ളുന്ന ഒരു പ്രോസസ് ഉണ്ട്. ഒരു സീൻ ചെയ്യുമ്പോഴോ കഥാപാത്രം ചെയ്യുമ്പോഴോ ആ സ്പേസിലേക്ക് അവർ കടത്തി വിടുന്നത് ഒരു സംവിധായകനെയോ റൈറ്ററെയോ മാത്രമാവും. ലാലേട്ടനെയും മഞ്ജുവാര്യരെയും പോലെമുള്ള ലെജൻഡറി ആക്ടേഴ്സിന്റെ കൂടെയൊക്കെ ഓരോ സീൻ ചെയ്യുമ്പോഴും അത് ഞാൻ അനുഭവിച്ചു. ലാലേട്ടൻ ‘മോനെ ഈ സീനിൽ ഇങ്ങനെ പറയുമ്പോൾ എന്താണ് ഞാൻ പറയേണ്ടത്, എങ്ങനെയാണ് റിയാക്ട് ചെയ്യേണ്ടത്’ എന്നൊക്കെ ചോദിക്കും. അദ്ദേഹത്തിനത് അറിയാൻ പാടില്ലാഞ്ഞിട്ടല്ല, പക്ഷേ എന്റെ മനസ്സിൽ എന്താണെന്നറിയാൻ വേണ്ടിയാണു ചോദിക്കുന്നത്. എന്റെ മനസ്സിൽ എന്താണെന്ന് അറിഞ്ഞിട്ടു വേണം അദ്ദേഹത്തിന് അദ്ദേഹത്തിന്റെ മനസ്സില്‍ തോന്നിയതു കൂടി വച്ചിട്ട് അഭിനയിക്കാൻ. ആ ഒരു കൊടുക്കൽവാങ്ങൽ ഞാൻ ഭയങ്കരമായി ആസ്വദിച്ചു.

മോഹൻലാൽ ആരാധകനായതു കൊണ്ടാണോ ലൂസിഫറിൽ മോഹൻലാലിനെ നായകനാക്കിയത് ?

അല്ല. ഈ തിരക്കഥയ്ക്കും കഥാപാത്രത്തിനും ഏറ്റവും അനുയോജ്യൻ ലാലേട്ടനായതുകൊണ്ടാണ്. 

വിവാഹവും സുപ്രിയയുടെ കടന്നുവരവും പൃഥ്വിയെ എങ്ങനെയാണ് സ്വാധീനിച്ചത് ?

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം എന്റെ ഭാര്യ തന്നെയാണ്. കാരണം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രസൻസ് എന്റെ ഭാര്യയാണ്. നയനിൽ ഒരു നിർമാതാവെന്ന നിലയ്ക്ക് ഞാൻ വലിയ ജോലിയൊന്നും ചെയ്തിട്ടില്ല. ചെക്ക് ഒപ്പിടുക എന്നു പറയുന്നത് എളുപ്പമുള്ള കാര്യമാണല്ലോ. ഓൺ ദ ഗ്രൗണ്ട് ഫീൽഡ് വർക്ക് ചെയ്തിരിക്കുന്നത് സുപ്രിയ ആണ്. സുപ്രിയയും ലൈൻ പ്രൊഡ്യൂസറുമാണ് നിർമാണ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിച്ചത്. അവരുടെയും എന്റെ ടെക്നിക്കൽ ടീമിന്റെയും മിടുക്കാണ് ഞാൻ നേരത്തെ പറഞ്ഞ, നിശ്ചയിച്ച ബജറ്റിനെക്കാൾ കുറഞ്ഞ പൈസയ്ക്ക് ഈ സിനിമ തീർക്കാൻ സഹായിച്ചത്. 

സമൂഹമാധ്യമങ്ങളിലെ പൃഥിയുടെ ഇംഗ്ലിഷ് പോസ്റ്റുകളെ പലരും വിമർശിക്കാറുണ്ട്, പരിഹസിക്കാറുണ്ട്. എങ്ങനെ കാണുന്നു ഇതിനെയൊക്കെ ? 

നിങ്ങളതു നിർത്തിയാൽ പുതിയ പുതിയ ഇംഗ്ലിഷ് വാക്കുകൾ പഠിച്ചിട്ട് ഞാൻ എഴുതും. കാരണം ഞാനത് എൻജോയ് ചെയ്യുന്നുണ്ട്. ചിലതൊക്കെ വളരെ രസകരമാണ്. ചിലതൊക്കെ വായിച്ച് ഞാൻ മനസ്സറിഞ്ഞ് ചിരിക്കാറുമുണ്ട്.  ലൂസിഫർ പായ്ക്ക് അപ്പ് ആയി എന്ന എന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ തർജമ വായിച്ച് കുറേ നേരം ചിരിച്ചു. അത് ഞാൻ ഭയങ്കരമായി എൻജോയ് ചെയ്യുന്നുണ്ട്. ട്രോൾ ചെയ്യുക ഒരു കലയാണ്. അതൊരു വലിയ കഴിവാണ്. ഞാനതിനെ അഭിനന്ദിക്കുന്നു. ചിലപ്പോൾ ചിലതൊക്കെ മോശമാകാറുമുണ്ട്. 

പൃഥ്വിരാജിന്റെ അടുത്തിറങ്ങിയ പല ചിത്രങ്ങൾക്കും ഒരു ഹോളിവുഡ് ലുക്ക് ആൻഡ് ഫീലാണുള്ളത്. പൃഥ്വിയുടെ ഇഷ്ടം അതാണോ ?

ഒന്നാമത് അത്തരത്തിലുള്ള ലുക്ക് ആൻഡ് ഫീൽ മലയാളത്തിന് അർഹമല്ല എന്ന് പറയുന്നതു തന്നെ തെറ്റാണ്. നമ്മളീ ഹോളിവുഡ് എന്ന് പറയുന്നതെന്തിനാണ് ? ഹോളിവുഡ് ലുക്ക് ആൻഡ് ഫീൽ എന്ന പ്രയോഗം പറയുന്നതു തന്നെ നമ്മുടെ ഇൻഡസ്ട്രിക്കു കുറച്ചിലാണ്. ഹോളിവുഡ് ലോകത്തിലെ വലിയൊരു ഇൻഡസ്ട്രിയാണ് പക്ഷേ നമ്മുടെ ഇൻഡസ്ട്രിക്ക് അതാകാൻ ആഗ്രഹിക്കേണ്ട കാര്യമില്ല. ഇപ്പോൾ ‍ഞാൻ യുഎസിൽ നടക്കുന്നൊരു കഥ ഷൂട്ട് ചെയ്യുമ്പോൾ അവിടുത്തെ പശ്ചാത്തലവും അവിടുത്തെ ലൈഫുമൊക്കെ ഒറിജിനലായി കൊണ്ടുവരാൻ സാധിക്കുമോ എന്നാണ് നോക്കുക. അപ്പോൾ അതിന് അങ്ങനെയൊരു ലുക്ക് വരും. രണം എന്ന സിനിമ ഇന്ത്യൻ റുപ്പി ഷൂട്ട് ചെയ്യുന്നതു പോലെ ചെയ്യാൻ പറ്റില്ല, നേരെ തിരിച്ചും. ഓരോന്നും തിരക്കഥയുടെ സ്വഭാവമനുസരിച്ചിരിക്കും. ഞാൻ ഒരു കഥ േകൾക്കുമ്പോൾ, നല്ലതാണ്, എനിക്കതു സ്ക്രീനിൽ കണ്ടാൽ കൊള്ളാം എന്നെനിക്കു തോന്നണം. 

ഒരു മുഴുനീള കോമഡി സിനിമ ചെയ്തിട്ട് മൂന്നു വർഷമായി. എന്തു കൊണ്ടാണ് അത്തരം ജോണറുകൾ ഒഴിവാക്കുന്നത് ?

കോമഡി എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ വളരെ എൻജോയ് ചെയ്യുന്നതാണ് കോമഡി സിനിമകൾ. അത്തരം സ്ക്രിപ്റ്റുകൾ വരുന്നതിനനുസരിച്ചാണ് എനിക്ക് ചെയ്യാൻ സാധിക്കുക. അടുത്തതായി ചെയ്യുന്നത് അമർ അക്ബർ ആന്റണി പോലൊരു സിനിമയാണ്. കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ. പാട്ടും ഡാൻസും തമാശയുമൊക്കെയുണ്ട്.

ലൂസിഫറിനു ശേഷം വീണ്ടും സംവിധാനം ചെയ്യുമോ ?

അത് ലൂസിഫർ ഇറങ്ങിക്കഴിഞ്ഞിട്ട് തീരുമാനിച്ചാൽ പോരെ.

പരാജയങ്ങൾ പൃഥ്വിയെ പഠിപ്പിക്കുന്നത് എന്താണ് ?

എനിക്കറിയില്ല. പക്ഷേ ഒരുപാടു പരാജയങ്ങൾ കണ്ടിട്ടുള്ള നടനായതു കൊണ്ടു തന്നെ പരാജയങ്ങളെ എനിക്കിപ്പോൾ പേടിയില്ല. അതു നല്ലതാണെന്നു തോന്നുന്നു. വീണ്ടും നല്ലതിനുവേണ്ടി നമ്മൾ ശ്രമിക്കുമല്ലോ. പരാജയങ്ങളെയും വിജയങ്ങളെയും പേടിയില്ല എന്നു പറയാൻ കാരണം വിജയത്തിനെയാണ് കൂടുതൽ പേടിക്കേണ്ടത്. തുടർച്ചയായി മൂന്നോ നാലോ ചിത്രങ്ങൾ ഹിറ്റായാൽ ലോകം മുഴുവൻ നമ്മളോടു പറയും ഇതുപോലെയുള്ള സിനിമകളാണ് ചെയ്യേണ്ടത് എന്നൊക്കെ. വളരെ എളുപ്പമാണ് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ. ഒരു അഭിനേതാവെന്ന നിലയിൽ ഒരുപാടു നഷ്ടപ്പെടാനുണ്ട് എന്നൊക്കെ വിജയം നമുക്കു ചുറ്റുമുള്ളപ്പോൾ തോന്നും. എനിക്കു വിജയത്തിനെയും പേടിയില്ല. പിന്നെ ഞാനൊരു മത്സരത്തിനില്ല. ഒരു സ്റ്റാർഡത്തിനു വേണ്ടിയും ഞാൻ മത്സരിക്കുന്നില്ല. ഒരുപക്ഷേ വളരെ ചെറുപ്പത്തിൽ സിനിമയിൽ വന്നതുകൊണ്ടാവാം. എനിക്കിഷ്ടപ്പെട്ട സിനിമകൾ എനിക്കിഷ്ടപ്പെട്ട രീതിയിൽ മരണം വരെ ചെയ്യാൻ സാധിക്കണം എന്നതു മാത്രമാണ് ആഗ്രഹം.

പ്രേക്ഷകരുടെ ഇഷ്ടമാണോ സ്വന്തം ഇഷ്ടമാണോ സിനിമ തിരഞ്ഞെടുക്കുമ്പോൾ നോക്കുന്നത് ?

എപ്പോഴും അവനവന് ഇഷ്ടപ്പെട്ട പടം മാത്രമേ ഒരു നടനു ചെയ്യാൻ സാധിക്കൂ. എനിക്കെങ്ങനെയാണ് ഒരു പ്രേക്ഷകന്റെ ഇഷ്ടം അറിയാൻ പറ്റുക ? ചിലപ്പോൾ ഞാൻ വിചാരിക്കും ഇതായിരിക്കും പ്രേക്ഷകർക്കിഷ്ടപ്പെട്ട സിനിമ എന്ന്, പക്ഷേ ആ സിനിമ വർക്കായില്ലെങ്കിലോ? എല്ലാ നടന്മാരും അങ്ങനെയാണു ചെയ്യേണ്ടതെന്ന് എനിക്കു തോന്നുന്നു. നമുക്ക് ഇഷ്ടപ്പെട്ട സിനിമകൾ മാത്രമേ നാം ചെയ്യാൻ പാടുള്ളൂ. പിന്നെ പ്രാർഥിക്കുക, നമുക്കിഷ്ടപ്പെട്ട സിനിമ പ്രേക്ഷകനും ഇഷ്ടപ്പെടുമെന്നു പ്രതീക്ഷിക്കുക. 

പ്രായത്തിനൊത്ത കഥാപാത്രങ്ങളാണ് താങ്കൾ ഇപ്പോൾ ചെയ്യുന്നതെല്ലാം. ഒരു കോളജ് പയ്യന്റെ വേഷം വന്നാൽ പൃഥ്വി അതു സ്വീകരിക്കുമോ ?

എനിക്ക് 36 വയസ്സായി. ഞാൻ ഇനി ഒരു കോളജ് പയ്യനായി അഭിനയിച്ചാൽ നിങ്ങൾ വിശ്വസിക്കുമോ ? എന്നെ കണ്ടാൽ ഒരു കോളജ് പയ്യനെ പോലെയുണ്ടോ ? എനിക്കു  തോന്നുന്നില്ല. ഇനി അങ്ങനെ ചെയ്യണമെങ്കിൽ ആ സിനിമയിൽ അതിന്റെ ആവശ്യകത ഉണ്ടാവണം. ഒരു കഥാപാത്രത്തിന്റെ രണ്ടു തലങ്ങൾ ഉള്ള സിനിമ എന്നൊക്കെ പറയുന്നതുപോലെ. അതിനൊരു എഫർട്ട് എടുക്കണം, ലുക്ക് ആൻഡ് ഫീൽ വരണം, എന്റെ ഫിസിക്കാലിറ്റി മാറ്റണം. പിന്നെ കോളജ് പയ്യനായി അഭിനയിക്കാൻ എന്നെക്കാൾ അനുയോജ്യരായ ഒരുപാടു നടന്മാർ ഇവിടെയുണ്ടല്ലോ. പ്രായം സിനിമാതാരങ്ങൾക്കു മാത്രമല്ല എല്ലാ മനുഷ്യർക്കും ബാധകമാണ്. 

സ്ത്രീവിരുദ്ധ കഥാപാത്രങ്ങളെക്കുറിച്ച് താങ്കൾ പറഞ്ഞ കാര്യങ്ങളിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ ?

ഉറച്ചു നിൽക്കുന്നു. ഞാൻ അന്നു പറഞ്ഞത് വളരെ ക്ലിയറായിട്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷേ ചില ആളുകൾക്ക് അതിലൊരു അവ്യക്തത ഉണ്ടോയെന്നു സംശയം. സ്ത്രീവിരുദ്ധ കഥാപാത്രങ്ങളോ സ്ത്രീവിരുദ്ധ സംഭാഷണങ്ങളോ അല്ല സിനിമയുടെ പ്രശ്നം. അത്തരം കഥാപാത്രങ്ങൾ ഗ്ലോറിഫൈ ചെയ്യപ്പെടുകയും അത്തരം സംഭാഷണങ്ങളാണ് ശരി എന്നു വ്യാഖ്യാനിക്കപ്പെടുകയും ചെയ്യുന്ന സിനിമകളോടാണ് എനിക്കു പ്രശ്നം. ഒരു പെൺകുട്ടിയുടെ അനുവാദമില്ലാതെ അവളെ വളഞ്ഞു പിടിക്കുന്ന ഒരാളോട് ഒരു പെൺകുട്ടിക്കു പ്രണയം തോന്നും എന്ന തരത്തിലുള്ള ആശയങ്ങൾ പ്രൊപ്പഗേറ്റ് ചെയ്യുന്ന സിനിമകളോടെനിക്ക് ഇപ്പോൾ ഒരകൽച്ച തോന്നുന്നുണ്ട്. ഇത് എന്റെ മാത്രം നിലപാടാണ്. മറ്റുള്ളവർ ഇത് ഫോളോ ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെടുന്നതേ ഇല്ല. അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടം. ഞാൻ എന്റെ കാര്യം പറഞ്ഞു എന്നേയുള്ളൂ. ഞാൻ അതിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയും ചെയ്യുന്നു. 

സിനിമ എപ്പോഴാണ് പൃഥ്വിയെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചതും നിരാശപ്പെടുത്തിയതും ?

ഞാൻ സിനിമകളുടെ വിജയപരാജയങ്ങളിൽനിന്നു വിട്ടു നിൽക്കുന്നൊരാളാണ്. എന്റെ സിനിമകൾ വിജയിക്കുമ്പോൾ ഭയങ്കരമായി ആഘോഷിക്കാറില്ല. അടുത്ത പടത്തെക്കുറിച്ചായിരിക്കും ചിന്തിക്കുക. സിനിമ പരാജയപ്പെടുമ്പോഴും അങ്ങനെതന്നെ. ആ സിനിമയ്ക്കു വേണ്ടി നന്നായി പരിശ്രമിച്ചു, അതിനു വേണ്ടുന്ന എല്ലാം ചെയ്തു അതു വർക്കായില്ല, ശരി ഇനി അടുത്ത സിനിമ. അങ്ങനെയേ ഞാൻ അതിനെ കാണാറുള്ളൂ. സിനിമയുടെ റിസൽറ്റുകളിൽ ഞാൻ ഡിറ്റാച്ച്ഡ് ആണ്. പക്ഷേ സിനിമ ഉണ്ടാകുന്ന പ്രോസസുമായി ഞാൻ വളരെ അറ്റാച്ച്ഡ് ആണ്. ഒരു സിനിമ സൃഷ്ടിക്കപ്പെടുമ്പോൾ ഞാൻ വളരെ പേഴ്സണലി, ഇമോഷണലി, ഫിസിക്കലി അതിൽ ഇൻവെസ്റ്റ് ചെയ്യുന്നൊരാളാണ്. അതുകഴിഞ്ഞാൽ പിന്നീട് അതു വിടും.

സിനിമയിലും ജീവിതത്തിലും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കും മുമ്പ് പൃഥ്വി ആരോടാണ് അഭിപ്രായം ചോദിക്കാറ് ?

ആദ്യം ഭാര്യയോട്, പിന്നെ അമ്മയോട്. എന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ പങ്കുവയ്ക്കാൻ മാത്രം അടുത്ത സുഹൃത്തുക്കൾ എനിക്കില്ല.  

ഇനിയങ്ങോട്ടു നടനായാണോ നിർമാതാവായാണോ സംവിധായകനായാണോ പൃഥ്വി മലയാള സിനിമയിൽ സജീവമാകുക ?

നടനായിത്തന്നെ. ഒരു സിനിമ സംവിധാനം ചെയ്തു. പക്ഷേ ഒന്നിനു പുറകെ മറ്റൊന്നായി സംവിധാനം സാധിക്കുന്ന ആളല്ല ഞാൻ. എനിക്കങ്ങനെയൊരു ഫാക്കൽറ്റി ഇല്ല. ഇനി അടുത്തൊരു സിനിമ ഞാനെന്നാണു ചെയ്യുന്നതെന്ന് എനിക്കറിയില്ല. ഇനിയും ഞാൻ സംവിധാനം ചെയ്യണോ എന്ന് ലൂസിഫർ കണ്ടിട്ട് പ്രേക്ഷകർ പറയണം. ഇനി ഉടനൊന്നും എനിക്കൊരു സിനിമ സംവിധാനം ചെയ്യാൻ പറ്റില്ല. പ്രൈമറി തൊഴിൽ സിനിമയിൽ അഭിനയിക്കുക എന്നതുതന്നെയാണ്. പിന്നെ സിനിമാ നിർമാണം ഒരു പാരലൽ സബ്സിഡിയറി ആയി കൊണ്ടു നടക്കാൻ ഉദ്ദേശിക്കുന്ന ഒരാളാണ്. ഞാൻ നിർമിക്കുന്ന എല്ലാ സിനിമകളിലും ഞാൻ അഭിനയിക്കുകയൊന്നുമില്ല. അടുത്ത് ചെയ്യുന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നുണ്ട്. മൂന്നാമതു ചെയ്യുന്ന സിനിമയിൽ ഞാൻ അഭിനയിക്കുന്നില്ല.