Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ ചുരിദാർ അണിഞ്ഞ പ്രേതം: ശ്രുതി രാമചന്ദ്രൻ

sruthi-pretham-actress

പ്രേതത്തിലൂടെ വന്ന് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് ശ്രുതി രാമചന്ദ്രൻ എന്ന കൊച്ചിക്കാരി പെൺകുട്ടി. ‘ഞാൻ’ എന്ന രഞ്ജിത്ത് സിനിമയിലൂടെയാണ് മലയാള സിനിമ ലോകത്തേക്ക് കാലെടുത്ത് വച്ചതെങ്കിലും പ്രേതമായി അഭിനയിച്ചതിലൂടെയാണ് ശ്രുതി മലയാളികൾക്ക് പ്രിയപ്പെട്ടവളായി മാറിയത്. ശ്രുതിയുടെ വിശേഷങ്ങളിലേക്ക്.

ഞാനിന് ശേഷം കണ്ടില്ലല്ലോ?

എന്റെ ഡാൻസ് ടീച്ചറാണ് നാരായണി അനൂപ്. ടീച്ചറുടെ അടുത്ത ബന്ധു കൂടിയാണ് സംവിധായകൻ രഞ്ജിത്ത്. അങ്ങനെ എന്നെ കണ്ടിട്ടാണ് ഞാൻ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. അന്ന് ഞാൻ ഡിഗ്രി ചെയ്യുകയായിരുന്നു. അതിനുശേഷം ബാർസിലോണയിലേക്ക് ആർക്കിടെക്റിന്റെ ഉപരി പഠനത്തിനായി പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് പ്രേതത്തിലേക്ക് വിളിക്കുന്നത്. അത് ജയേട്ടൻ(ജയസൂര്യ) ജിമ്മിൽ വച്ച് കണ്ടിട്ടാണ് ക്ഷണിക്കുന്നത്. ആദ്യമൊന്നും താൽപര്യം തോന്നിയില്ല. പിന്നീട് കഥ കേട്ടപ്പോൾ ഇഷ്ടം തോന്നി, അഭിനയിക്കുകയായിരുന്നു.

ന്യൂ‍ജെൻ പ്രേതമെന്നാണല്ലോ വിളിക്കുന്നത്?

ഇൗ സിനിമയിൽ ചുരുദാറിട്ട പ്രേതമാണ്. അതും നല്ല അടിപൊളി ഡിസൈനിലുള്ള ചുരിദാരുകൾ. അതിന്റെ ക്രെഡിറ്റ് ജയേട്ടന്റെ ഭാര്യ സരിത ചേച്ചിക്കാണ്. ചേച്ചിയായിരുന്നു കോസ്റ്റ്യൂം ഡിസൈനർ. ആദ്യമേ തന്നെ ചേച്ചി പറഞ്ഞിരുന്നു നമുക്ക് വെള്ള സാരി മാറ്റിപ്പിടിക്കണമെന്ന്. അങ്ങനെയാണ് ന്യൂ‍െജൻ പ്രേതമായത്. അങ്ങനെയൊരു മാറ്റം മലയാള സിനിമയ്ക്ക് ആവശ്യമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്.

പോസ്റ്ററിലൊന്നും പടം കണ്ടില്ല?

എന്റെ കഥാപാത്രം അത്തരത്തിലുള്ള സസ്പെൻസ് നിറഞ്ഞ കഥാപാത്രമായിരുന്നു. അതുകൊണ്ട് ഇന്റർവ്യൂകളിലും പോസ്റ്ററിലുമൊന്നും എന്റെ പടമുണ്ടാവില്ലെന്ന് നേരത്തേ പറഞ്ഞിരുന്നു. കഥാപാത്രം നന്നായതിന്റെ ക്രെഡിറ്റ് സംവിധായകൻ രഞ്ജിത്ത് ശങ്കർ സാറിനുള്ളതാണ്. ഇൗ സിനിമയിൽ ഞാനുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. അതുകൊണ്ട് സ്കൂളിൽ നിന്നും കോളജിൽ നിന്നുമൊക്കെ ഉള്ള ഫ്രണ്ട്സ് സിനിമ കണ്ടശേഷം സർപ്രൈസായി വിളിക്കുന്നുണ്ട്. പിന്നെ പുറത്തു പോകുമ്പോൾ ആളുകൾ തിരിച്ചറിയുന്നതെല്ലാം പുതിയ അനുഭവമാണ്.

ജീവിതത്തിൽ പ്രേതാനുഭവങ്ങൾ എന്തെങ്കിലും?

അയ്യോ ഇതുവരെ ഇല്ല, ഒരിക്കലും ഉണ്ടാവരുതേ എന്നാണ് പ്രാർഥന.

അടുത്ത ചിത്രങ്ങൾ?

ഒന്നും വന്നിട്ടില്ല. വരുന്നിടത്തു വച്ച് കാണാം.

കുടുംബം?

വീട്ടിൽ അച്ഛൻ, അമ്മ, അനുജത്തി ഉണ്ട്. ഞാൻ ഇപ്പോൾ കൊച്ചി വൈറ്റിലയിൽ ആസാദി കോളജിൽ അധ്യാപികയായി ജോലിചെയ്യുന്നു.