Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതൊന്നുമല്ല അമ്മ എക്സിക്യൂട്ടീവിൽ ഉണ്ടായത്; സിദ്ദിഖ് പറയുന്നു

siddique-amma അമ്മ എക്സിക്യൂട്ടീവ് യോഗത്തിലെ ഫയല്‍ ചിത്രം (ഇടത്), സിദ്ദിഖ് (വലത്)

യുവനടി ആക്രമിക്കപ്പെട്ടതിന്റെ അടുത്ത ദിവസം കൊച്ചിയിൽ‌ നടന്ന അമ്മ എക്സിക്യൂട്ടിവ് യോഗത്തെക്കുറിച്ച് പല ഉൗഹാപോഹങ്ങളും പരന്നിരുന്നു. യോഗത്തിന്റെ അജൻഡയെ സംബന്ധിച്ചും അവിടെ നടന്ന സംഭവങ്ങളെക്കുറിച്ചും നിറം പിടിപ്പിച്ച പല കഥകളും നിലവാരമില്ലാത്ത പല ഒാൺലൈൻ മാധ്യമങ്ങളും പ്രചരിപ്പിച്ചു. എന്നാൽ യോഗം നേരത്തെ നിശ്ചയിച്ച പ്രകാരം നടന്നതാണെന്നും പെട്ടെന്നു വിളിച്ചു കൂട്ടിയതല്ലെന്നും അമ്മയോട് അടുത്ത വൃത്തങ്ങൾ മനോരമ ഒാൺലൈനിനോട് പറഞ്ഞു.

നടൻ സിദ്ദിഖിന്റെ കാക്കനാട്ടെ ഹോട്ടലിലാണ് ഇന്നലെ രാത്രി അമ്മ എക്സിക്യൂട്ടീവ് കൂടിയത്. മമ്മൂട്ടി, ദിലീപ്, സിദ്ദിഖ്, ഇന്നസെന്റ്, മണിയൻ പിള്ള രാജു, മുകേഷ്, കുക്കു പരമേശ്വരൻ, നിവിൻ പോളി, ആസിഫ് അലി, ദേവൻ, കലാഭൻ ഷാജോൺ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. കഴിഞ്ഞ എക്സിക്യൂട്ടീവിന്റെ തീരുമാനം അനുസരിച്ചാണ് ഫെബ്രുരവരി 20–ന് യോഗം കൂടിയത്.

നിർധനരായ കുടുംബങ്ങൾക്ക് വീട് വച്ചു കൊടുക്കാൻ അമ്മ നേരത്തെ തീരുമാനിച്ചിരുന്നു. അതിൻ പ്രകാരം 100 കുടുംബങ്ങൾക്ക് വീട് വച്ചു കൊടുക്കാൻ യോഗം അനുമതി കൊടുക്കുകയും ആദ്യ പടിയായി 25 വീടുകൾ നിർമിക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. യുവനടിക്കുണ്ടായ ദുരനുഭവത്തിൽ യോഗം നടുക്കം രേഖപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ ഒാഫിസുമായി നിരന്തരം ബന്ധപ്പെട്ട് അന്വേഷണ പുരോഗതി വിലയിരുത്താനും തീരുമാനിച്ചു. നടിക്ക് എല്ലാ പിന്തുണയും കൊടുക്കാൻ യോഗം ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തത്.

യോഗത്തിൽ ദിലീപ് മോശമായി സംസാരിച്ചെന്നുള്ളതൊക്കെ തീർത്തും അടിസ്ഥാനരഹിതമായ വാർത്തകളാണെന്നും ചാനൽ ചർച്ചകളിലേക്ക് തന്റെ പേര് വലിച്ചിഴച്ചപ്പോൾ ഞാൻ എന്തു ചെയ്തിട്ടാണ് ഇവർ ഇങ്ങനെ പെരുമാറുന്നതെന്ന് വൈകാരികമായി പ്രതികരിച്ചതായും സിദ്ദിഖ് വെളിപ്പെടുത്തി. അല്ലാതെ യോഗത്തിൽ വാക്കുതർക്കങ്ങളോ മറ്റു പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Your Rating: