Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുരേഷ് ഗോപിക്കെതിരെ സംവിധായകന്‍ അനീഷ് വര്‍മ

anish-suresh-gopi

‘സ്വന്തം സിനിമയെ മറക്കുന്ന ഒരാള്‍ എന്‍എഫ്ഡിസിയുടെ ചെയര്‍മാന്‍ സ്ഥാനത്തിരുന്ന് ഇന്ത്യന്‍ സിനിമയെ എങ്ങനെ രക്ഷപ്പെടുത്തും’. സുരേഷ് ഗോപിയോടുള്ള സംവിധായകന്‍ അനീഷ് വര്‍മയുടെ ഈ ചോദ്യത്തിന് പിന്നില്‍ ഒരു സിനിമാക്കഥ തന്നെയുണ്ട്.

സുരേഷ് ഗോപി നായകനായ കാവ്യം എന്ന ചിത്രത്തിന്‍റെ സംവിധായകനാണ് അനീഷ്. 2009ല്‍ പൂര്‍ത്തിയായ ചിത്രം വര്‍ഷങ്ങളായിട്ടും റിലീസ് ചെയ്യാതിരിക്കുന്നതിന്‍റെ കാരണവും സുരേഷ് ഗോപി തന്നെയാണെന്ന് അനീഷ് വര്‍മ മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.

‘ 2008ല്‍ ആണ് സുരേഷ് ഗോപി, മനോജ് കെ ജയന്‍ , വിജയരാഘവന്‍, നവ്യ നായര്‍ എന്നിവരെ താരങ്ങളാക്കി കാവ്യം എന്ന സിനിമ ഞാന്‍ സംവിധാനം ചെയ്യുന്നത്. 23 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി, ഏകദേശം ഒരു കോടി രൂപയാണ് ചിത്രത്തിന്‍റെ ആകെ മുതല്‍മുടക്ക്.

ചിത്രത്തില്‍ അഭിനയിക്കാന്‍ സുരേഷ്‌ഗോപിക്ക് നല്‍കേണ്ടിയിരുന്ന പ്രതിഫലം മുപ്പതുലക്ഷം രൂപയായിരുന്നു. ചിത്രീകരണം കഴിഞ്ഞപ്പോള്‍ ഇരുപതുലക്ഷം നല്‍കി. സാമ്പത്തികപ്രതിസന്ധി കാരണം മുഴുവന്‍ തുകയും കൊടുക്കാനുള്ള സാഹചര്യം ഇല്ലാതായി. എന്നാല്‍ ബാക്കിയുള്ള പത്തുലക്ഷം നല്‍കിയാലേ താന്‍ ഡബ്ബ് ചെയ്യുകയുള്ളൂവെന്ന് സുരേഷ്‌ഗോപി അറിയിച്ചു. അനീഷ് പറയുന്നു.

kavyam-movie-poster

ബാക്കിയുള്ള എല്ലാതാരങ്ങളും ഡബ്ബ് ചെയ്ത് പോയെങ്കിലും അദ്ദേഹം മാത്രം അതിന് തയാറായില്ല. ഇതിനിടയിലൊക്കെ അദ്ദേഹത്തെ സമീപിച്ചെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ല. പിന്നീട് രണ്ടുവര്‍ഷം കഴിഞ്ഞ് ബാക്കിയുള്ള പത്തുലക്ഷം നല്‍കാന്‍ തയാറായി സുരേഷ്‌ഗോപിയെ സമീപിച്ചു. എന്നാല്‍ തന്റെ ശമ്പളം കൂടിയെന്നും പത്തുലക്ഷത്തിന് പകരം എഴുപതു ലക്ഷം രൂപ തന്നാല്‍ മാത്രമേ താന്‍ ഡബ്ബ് ചെയ്യുകയുള്ളൂവെന്നും സുരേഷ്‌ഗോപി വ്യക്തമാക്കിയതോടെ എന്‍റെ സ്വപ്നത്തില്‍ കരിനിഴല്‍ വീഴുകയായിരുന്നുവെന്ന് അനീഷ് പറഞ്ഞു.

ഇപ്പോള്‍ ഇങ്ങനെയൊരു വിവാദവുമായി രംഗത്തെത്താന്‍ കാരണം

സിനിമയെ സ്നേഹിച്ചുപോയി എന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. ഗതികേട് കൊണ്ടാണ് ഇപ്പോള്‍ എനിക്ക് ഈ സത്യം നിങ്ങളെ അറിയിക്കുന്നത്. എന്‍റെ സിനിമ പുറത്തിറങ്ങണം. അതിന് ഈ വാര്‍ത്ത ഒരുകാരണമായാല്‍ അത്രയും നല്ലത്. ഇത് മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും എനിക്ക് നന്നായി ബോധ്യമുണ്ട്.

മുപ്പത് ലക്ഷം മാര്‍വാഡികളുടെ കയില്‍ നിന്നും എടുത്തിട്ടുണ്ട്. ഒന്നേകാല്‍ ലക്ഷം രൂപ മാസം അടക്കണം. ഇപ്പോള്‍ ഏതാണ്ട് ഒന്നരകോടി കടംകയറി കഴിഞ്ഞു. ചിലപ്പോള്‍ ഇനി എന്നെ കാണുന്നത് ജയിലില്‍വച്ച് ആയിരിക്കാം. അനീഷ് വികാരാധീതനാകുന്നു. ഒരു നല്ല സിനിമയെന്ന് വിശ്വസിക്കുന്നതു കൊണ്ടാണ് ഞാന്‍ ഇപ്പോഴും ശക്തമായി തന്നെ വാദിക്കുന്നത്.

സുരേഷ് ഗോപി എന്ന വ്യക്തിയോട് എനിക്ക് യാതൊരു വിരോധവുമില്ല. സിനിമയുടെ ചിത്രീകരണസമയത്തൊക്കെ യാതാരു ബുദ്ധിമുട്ടുമില്ലാതെ സഹകരിച്ച ആളാണ്. എന്നാല്‍ പ്രതിഫലത്തിന്‍റെ കാര്യത്തില്‍ മാത്രം എന്താണ് ഇങ്ങനെയൊരു നിലപാടെന്ന് എനിക്ക് മനസ്സിലാകുന്നില്ല. വെറും രണ്ട് മണിക്കൂര്‍ വന്ന് അദ്ദേഹം ഡബ്ബ് ചെയ്താല്‍ ഈ സിനിമ പുറത്തിറങ്ങും. ഒരു നിര്‍മാതാവിന്‍റെ കടം തീരും , ഒരുപാട്പേര്‍ രക്ഷപ്പെടും.

*സുരേഷ് ഗോപിയോട് പിന്നീട് ഇതിനെക്കുറിച്ച് സംസാരിച്ചോ? *

നാലഞ്ച് മാസം മുന്‍പ് ഫോണില്‍ വിളിച്ചപ്പോഴും ഇതേ നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. വാട്ട്സാപ്പിലും ഫോണിലും ഞാന്‍ മെസേജ് അയച്ചു. അദ്ദേഹം ഇടയ്ക്കിടയക്ക് നന്പര്‍ മാറ്റുന്നതിനാല്‍ കിട്ടാതെയായി.

അപ്പോത്തിക്കിരിയുടെ സെറ്റില്‍ ഞാന്‍ ചെന്ന് അദ്ദേഹത്തെ കണ്ടു. എന്നാല്‍ ഡബ്ബ് ചെയ്യണമെങ്കില്‍ ഒരു എഗ്രിമെന്റ് വേണമെന്ന് സുരേഷേട്ടന്‍ പറഞ്ഞു. അങ്ങനെ സിനിമയുടെ നിര്‍മാതാവായ സജി കടമ്പഴിപ്പുറവുമായി സംസാരിച്ചു. ദുബായില്‍ വച്ച് സജി കടമ്പഴിപ്പുറം സുരേഷേട്ടനെ കണ്ടപ്പോള്‍ ഡബ്ബ് ചെയ്യാന്‍ എഴുപതു ലക്ഷം രൂപ വേണമെന്ന പഴയ നിലപാട് തന്നെ അദ്ദേഹം സ്വീകരിച്ചതോടെ കാര്യങ്ങള്‍ വീണ്ടും കുഴപ്പത്തിലായി.

ജയരാജ് സിനിമകളില്‍ അസോഷ്യേറ്റ് ആയിരുന്ന അനീഷ് വര്‍മ്മ ദിലീപ് ചിത്രമായ തിളക്കം സിനിമയുടെ സഹനിര്‍മാതാവ് ആയിരുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.