Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജമൗലിയുടെ കണ്ണ്

സാബു സിറിൾ സാബു സിറിൾ

സാബുസിറിലിനെ രാജമൗലിയുടെ കണ്ണ് എന്ന് വിശേഷിപ്പിച്ചാൽ അത് ഒരു അതിശയോക്തി ആവില്ല. സംവിധായന് രാജമൗലി എന്താണോ പ്രേക്ഷകരെ കാണിച്ചുതരാൻ മനസ്സിൽ ആഗ്രഹിച്ചത്, അതിനെക്കാൾ ഒരുപടി മുകളിലുള്ള വിസ്മയകരമായ കാഴ്ച്ചകളാണ് സാബുസിറിൾ എന്ന പ്രൊഡക്ഷൻ ഡിസൈനർ കാണിച്ചു തന്നത്. അമര്‍ചിത്രകഥകളിലും പൗരാണിക ഗ്രന്ഥങ്ങളിലുമൊക്കെ വായിച്ചിട്ടുള്ള സാങ്കൽപ്പിക രാജകൊട്ടാരവും യുദ്ധവുമൊക്കെ കൺമുമ്പിൽ കാണിച്ചു തരികയാണ് ബാഹുബലി.

മഹിഷ്മതി എന്ന സാങ്കൽപ്പിക രാജ്യവും അവിടുത്തെ കാഴ്ച്ചകളും കൊട്ടാരവും അമരേന്ദ്രബാഹുബലിയെന്ന രാജാവുമെല്ലാം സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ പ്രേക്ഷകനോടൊപ്പം ഹൃദയത്തിലേക്ക് നടന്നുകയറും. കലയുടെ മർമ്മം അറിയുന്ന ഒരു കലാകാരനു മാത്രം സാധിക്കുന്ന ഒന്നാണ് സിനിമകഴിഞ്ഞും സിനിമയുടെ രംഗങ്ങൾ പ്രേക്ഷക മനസ്സിൽ നിലനിർത്തുക എന്നുള്ളത്. തേൻമാവിൻ കൊമ്പത്ത്, കാലാപാനി, കണ്ണത്തിൽ മുത്തമിട്ടാൽ, അന്യൻ, യെന്തിരൻ, അശോക, യുവ, ഓം ശാന്തി ഓം എന്നീ സിനിമകളുടെ ദൃശ്യഭംഗി ഇന്നും നമ്മൾ ഓർക്കുന്നതിൽ വലിയൊരു പങ്ക് സാബുസിറിലിനുണ്ട്. ഭരതന്റെ അമരം മുതൽ രാജമൗലിയുടെ ബാഹുബലിയുടെ വരെയുള്ള സിനിമാവിശേഷങ്ങൾ സാബു സിറിൾ മനോരമ ഓൺലൈനുമായി പങ്കുവെക്കുന്നു.

ബാഹുബലി എന്ന സിനിമ താങ്കളുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്ന സിനിമയാണ്?

ഞാൻ ഇത്രയും കാലം എന്തെല്ലാം പഠിച്ചോ അത് എല്ലാം പ്രാവർത്തികമാക്കാൻ സാധിച്ച സിനിമയാണ് ബാഹുബലി. കഴിഞ്ഞ മൂന്നു വർഷങ്ങളാണ് ബാഹുബലിക്ക് വേണ്ടി മാത്രം മാറ്റിവെച്ച വർഷങ്ങളാണ്. സാധാരണ ഒരു സിനിമ ചെയ്യുമ്പോൾ അതിനോടൊപ്പം വേറെ സിനിമകളും ഞാൻ ചെയ്യാറുണ്ട്. പക്ഷെ ബാഹുബലിയുടെ സമയത്ത് വേറെ ഒരു സിനിമ പോലും ചെയ്തിട്ടില്ല. കാരണം ബാഹുബലി ടീമിനൊപ്പം ചേർന്ന പിറ്റേ ദിവസം മുതൽ ഓരോ നിമിഷവും ചർച്ച ഈ സിനിമയെക്കുറിച്ചു മാത്രമായിരുന്നു. മറ്റു സിനിമകൾ ചെയ്യാൻ ശ്രമിച്ചാൽ പുർണ്ണമായും ശ്രദ്ധ അതിനു നൽകാൻ സാധിക്കില്ലായിരുന്നു. അത്രത്തോളം പ്രാധാന്യം ബാഹുബലിയ്ക്ക് എന്റെ ജീവിതത്തിലും കരിയറിലുമുണ്ട്.

സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനർ ആയതിനാൽ പ്രീപ്രൊഡക്ഷന്റെ സമയം മുതൽ എല്ലാകാര്യങ്ങളിലും ഞാനും ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. ലൈറ്റിങ്ങ് മുതൽ സിനിമയുടെ കൂറ്റൻ സെറ്റുകൾ നിർമ്മിക്കുന്നതിൽ വരെ എനിക്ക് ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. ഇതൊരു പൗരാണിക കഥ ആയതിനാൽ പശ്ചാത്തലം, വസ്ത്രാലങ്കാരം ഇതിലെല്ലാം ഒരുപാട് ശ്രദ്ധവേണമായിരുന്നു. സി.ജി.ഐ എന്താണെന്ന് കൂടുതൽ പഠിക്കാനും ബാഹുബലി അവസരമൊരുക്കി.

സംവിധായകൻ രാജമൗലിക്കൊപ്പം സാബു സിറിൾ സംവിധായകൻ രാജമൗലിക്കൊപ്പം സാബു സിറിൾ

സിനിമയിലെ ഏറ്റവും പ്രയാസകരമായ ഭാഗം ഏതായിരുന്നു?

ബാഹുബലി ആദ്യാവസാനം എല്ലാം പ്രയാസകരമായിരുന്നു. ഓരോ രംഗവും വെല്ലുവിളി നിറഞ്ഞതായിരുന്നു. സിനിമയുടെ തുടക്കത്തിലെ വെള്ളച്ചാട്ടം ആതിരപ്പള്ളിയിലാണ് ഷൂട്ട് ചെയ്തത്. ഒരു മാസത്തോളം ഞങ്ങൾ അവിടെ ഉണ്ടായിരുന്നു. 98 അടി പൊക്കത്തിലുള്ള രംഗം വരെ അവിടെയാണ് ചിത്രീകരിച്ചത്. ബാക്കിയുള്ളത് റാമോജി റാവു ഫിലിം സിറ്റിയിൽ വെള്ളച്ചാട്ടത്തിന്റെ സെറ്റ് നിർമ്മിച്ചു. ഏകദേശം 40 അടി പൊക്കത്തിലാണ് സെറ്റിട്ടത്. കൂറ്റൻ വാട്ടർ ടാങ്കിലൂടെ വെള്ളം തുടർച്ചയായി ഒഴിച്ചുകൊടുത്താണ് ബാക്കിയുള്ള രംഗങ്ങൾ ചിത്രീകരിച്ചത്. യഥാർത്ഥവെള്ളച്ചാട്ടവും സെറ്റും തമ്മിൽ മനസ്സിലാകാത്ത വിധം ചെയ്യുന്നത് ശ്രമകരമായ ജോലിയായിരുന്നു.

സിനിമയിലെ മൃഗങ്ങൾ ഒന്നും യഥാർത്ഥ മൃഗങ്ങളല്ല. അതെല്ലാം ഉണ്ടാക്കിയെടുത്തതാണ്. ഇപ്പോൾ സിനിമയിൽ ജീവനമുള്ള മൃഗങ്ങളെ ഉപയോഗിക്കുന്നതിന് വിലക്കുള്ളതിനാൽ ആനയെയും കുതിരയെയും പോത്തിനെയുമെല്ലാം ഉണ്ടാക്കുകയായിരുന്നു. കൃത്രിമ ആനയിൽ 10 ആളുകൾ കയറി ഇരുന്നിട്ട് പുറകിൽ നിന്ന് കുറച്ച് ആളുകൾ കയറിട്ട് വലിച്ചാണ് ആന ചിന്നം വിളിക്കുന്ന രംഗം ചിത്രീകരിച്ചത്. സിനിമയിലെ മനോഹരമായൊരു രംഗമായിരുന്നു അത്.

100 ദിവസത്തിൽ അധികം എടുത്താണ് യുദ്ധരംഗങ്ങൾ ചിത്രീകരിച്ചത്. 2000ൽ അധികം ആളുകളെവെച്ച് ഓരോ ദിവസവും ഷൂട്ടിങ്ങ് ആയിരുന്നു. അവരുടെ വേഷം, പോർചട്ട അതൊക്കെ ഉണ്ടാക്കാൻ ഒരുപാട് ഗവേഷണങ്ങളും അധ്വാനവും വേണ്ടി വന്നിട്ടുണ്ട്.

ബാഹുബലിയുടെ ആർട്ട് ഡയറക്ടർ ടൈറ്റിലിനെച്ചൊല്ലി ഒരു വിവാദം ഇപ്പോൾ ഉണ്ടല്ലോ? അതിനെക്കുറിച്ച്?

ബാഹുബലിയുടെ ആർട്ട് ഡയറക്ടർ അല്ല ഞാൻ. സിനിമയുടെ പ്രൊഡക്ഷൻ ഡിസൈനറാണ്. മനുജഗത്ത് ആണ് സിനിമയുടെ ആർട്ട് ഡയറക്ടർ. മനുവിന്റെ പേരു പക്ഷെ ആർട്ട് അസിസ്റ്റന്റ് എന്നാണ് കൊടുത്തിരിക്കുന്നത്. എന്റെ പേര് ആർട്ട് ഡയറക്ടർ എന്നും. അത് കമ്പനിയുടെ ഭാഗത്തു വന്ന തെറ്റാണ്.

പ്രൊഡക്ഷൻ ഡിസൈനറും ആർട്ട് ഡയറക്ടറും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കാമോ?

പ്രൊഡക്ഷൻ ഡിസൈനറുടെ മേൽനോട്ടത്തിലാണ് ലൊക്കേഷൻ കണ്ടെത്തുന്നതു മുതൽ സിനിമ തീയറ്ററിൽ എത്തുന്നതു വരെ കലാപരമായ എല്ലാകാര്യങ്ങളും നടക്കുന്നത്. ആദ്യാവസാനം സിനിമയോടൊപ്പം നിൽക്കുന്ന ആളാണ് പ്രൊഡക്ഷൻ ഡിസൈനർ. സംവിധായകൻ ഭാവനയിൽ കാണുന്ന ലോകം പ്രാവർത്തികമാക്കേണ്ട മുഴുവൻ ചുമതലയും പ്രൊഡക്ഷൻ ഡിസൈനർക്കാണ്. ദൃശ്യഭംഗിക്കു വേണ്ടി പശ്ചാത്തലവും ലൈറ്റിങ്ങിലും കൊറിയോഗ്രാഫിയിലുമെല്ലാം തീരുമാനിക്കുന്നതിൽ പ്രൊഡക്ഷൻ ഡിസൈനർക്ക് മുഖ്യപങ്കുണ്ട്. അതിനായി വേണ്ട ഗവേഷണങ്ങൾ നടത്തേണ്ടതും പ്രൊഡക്ഷൻ ഡിസൈനറാണ്.

അതിനനുസരിച്ച് സെറ്റ് എങ്ങനെ വേണം, കഥാപാത്രങ്ങളുടെ വേഷവിധാനം എങ്ങനെ വേണം, ഏതു രീതിയിലുള്ള പ്രകൃതിയും പശ്ചാത്തലവുമായിരിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് പ്രൊഡക്ഷൻ ഡിസൈനറുടെ ചുമതലയാണ്. ഷൂട്ടിങ്ങ് കഴിഞ്ഞും പ്രൊഡക്ഷൻ ഡിസൈനറുടെ ജോലി തീരില്ല. ഗ്രാഫിക്ക് ഡിസൈനേഴ്സിന്റെ ഒപ്പം ഇരുന്നും സിനിമയുടെ ദൃശ്യഭംഗികൂട്ടാൻ കംപ്യൂട്ടർ ഗ്രാഫിക്സിലൂടെ എന്തെല്ലാം ചെയ്യാമെന്നും തീരുമാനിക്കുന്ന ജോലിയുമുണ്ട്. സിനിമയുടെ ടോട്ടൽ ലുക്കും ഫീലും സംവിധായകന്റെ ആഗ്രഹത്തിനനുസരിച്ച് ചെയ്തു കൊടുക്കുന്ന ആളാണ് പ്രൊഡക്ഷൻ ഡിസൈനർ.

ആർട്ട് ഡയറക്ടറെയും ആർട്ട് അസിസ്റ്റന്റിനെയും തിരഞ്ഞെടുക്കുന്നത് പ്രൊഡക്ഷൻ ഡിസൈനറുടെ ജോലിയാണ്. പ്രൊഡക്ഷൻ ഡിസൈനർ തീരുമാനിച്ച സെറ്റിനെ പ്രാവർത്തികമാക്കുന്നത് ആർട്ട് ഡയറക്ടറാണ്. ഡിസൈൻ കൺസപ്റ്റ് അവരുടെ സംഭാവനയാണ്. ഞങ്ങൾക്ക് ആർട്ടിസ്റ്റുകളുടെ ഒരു ഗ്രൂപ്പ് ഉണ്ട്. . ഈ ആർട്ടിസ്റ്റ് ഗ്രൂപ്പിന് ഒരു സംവിധായകനുണ്ട്.

മനുജഗത്ത് ആണ് ബാഹുബലിയുടെ ആർട്ട് ഡയറക്ടർ. മലയാളസിനിമയിൽ പ്രൊഡക്ഷൻ ഡിസൈനർ എന്നൊരു വിഭാഗം ഇല്ല, നമ്മുടെ സിനിമയിൽ പ്രൊഡക്ഷൻ മാനേജർ മാത്രമല്ലേ ഉള്ളത്. ഹോളീവുഡ് സിനിമകളിലും ബാഹുബലി പൊലെയുള്ള ബിഗ്ബജറ്റ് ചിത്രങ്ങളിലുമെല്ലാം പ്രൊഡക്ഷൻ ഡിസൈനറുണ്ട്. പൂണൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഡക്ഷൻ ഡിസൈനിങ്ങ് കൊഴ്സുണ്ട്. അവിടെ ഞാൻ ക്ലാസ് എടുക്കാറുണ്ട്.

ഇന്ത്യയിലെ ഏറ്റവും ചിലവേറിയ സിനിമയിൽ പ്രവർത്തിച്ച താങ്കൾ പരിമിതമായ ബജറ്റുള്ള സിനിമകളിലും ജോലി ചെയ്തിട്ടുണ്ട്. അത്തരം അനുഭവങ്ങളെക്കുറിച്ച് വിശദീകരിക്കാമോ?

ഒരു ചിത്രം നമുക്ക് കടലാസിലും വരയ്ക്കാം ചുമരിലും വരയ്ക്കാം, ഏതിൽ ചെയ്താലും ചിത്രത്തിൽ വ്യത്യസ്തത ഉണ്ടാകണം, അതിനൊരു സൗന്ദര്യമുണ്ടാകണം എന്നാൽ മാത്രമേ ശ്രദ്ധിക്കപ്പെടൂ. കലാസംവിധായകന് എന്ന നിലയിൽ ബജറ്റിനെക്കാൾ ഉപരി ഞാൻ ചെയ്യുന്ന ജോലി മികച്ചതാകണമെന്ന ലക്ഷ്യമാണ് എനിക്കുള്ളത്. പരിമിതമായ ബജറ്റിൽ നിന്ന് നല്ല റിസൾട്ട് നൽകാൻ സാധിക്കുന്നത് വെല്ലുവിളി തന്നെയാണ്.

തേൻമാവിൻ കൊമ്പത്തിലെ എന്റെ മനസ്സിലൊരു നാണം പാട്ടിന്റെ സെറ്റിടാൻ നിർമാതാവിന്റെ കൈയ്യിൽ പണമില്ലായിരുന്നു. അന്ന് എവിടുന്നൊക്കെയോ ശേഖരിച്ച പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് മുരുകാലയ സ്റ്റുഡിയോയിൽ സെറ്റിടുകയായിരുന്നു. 13000 രൂപ മാത്രമായിരുന്നു ചിലവ്. എനിക്ക് ആദ്യ ദേശീയ അവാർഡ് കിട്ടുന്നത് തേൻമാവിൻ കൊമ്പത്തിനാണ്. കാഞ്ചീവരവും അത്തരം ഒരു സിനിമയായിരുന്നു ഒരു ലക്ഷം രൂപ മാത്രമായിരുന്നു ബജറ്റ്. അതിനുള്ളിൽ നിന്നു കൊണ്ടാണ് എല്ലാം ചെയ്തത്.

ചെയ്ത സിനിമകളിൽ കൂടുതലും പ്രിയദർശനുമായി. അദ്ദേഹവുമായുള്ള ബന്ധത്തെക്കുറിച്ച്?

74 സിനിമകളാണ് പ്രിയനോടൊപ്പം ചെയ്തത്. ചില നേരങ്ങളിൽ പ്രിയനെ ഇംപ്രസ് ചെയ്യിക്കാൻ ചെയ്യുന്ന വർക്കുകൾ പ്രിയന് ഇഷ്ടമായി എന്നു വരില്ല, അതേ സമയം ചിലത് പ്രിയന് പ്രതീക്ഷിക്കുന്നതിലും നന്നായി ചെയ്തുകൊടുക്കാൻ സാധിക്കാറുണ്ട്. രണ്ടായാലും മനസ്സിലുള്ളത് തുറന്നു പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നല്ല സുഹൃത്ത് കൂടിയാണ് പ്രിയദർശൻ. അത്തരം ആളുകളോടൊപ്പം ജോലി ചെയ്യുന്നത് ഒരു സുഖമാണ്. ഞങ്ങൾ തമ്മിലൊരു ആത്മബന്ധമുണ്ട്. അതുകൊണ്ടാണ് ഇത്രയധികം സിനിമകൾ ഒരുമിച്ചു ചെയ്യാൻ സാധിച്ചത്.

കഥയോടൊപ്പം കടലും ചേർന്നതാണോ കണ്ണത്തിൽ മുത്തമിട്ടാലിന്റെ സൗന്ദര്യം?

കണ്ണത്തിൽ മുത്തമിട്ടാൽ മണിരത്നത്തിനൊപ്പം ചെയ്ത നല്ല ഒരു സിനിമയായിരുന്നു. കേരളത്തിലും മദ്രാസിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം. മലമ്പുഴ ഡാമിനടുത്ത് ശ്രീലങ്കയിലേതു പോലെയുള്ള സെറ്റിട്ടാണ് ചെയ്തത്. സിനിമയ്ക്കു വേണ്ടി ശ്രീലങ്കയിൽ പോയെങ്കിലും സംവിധായകൻ മനസ്സിൽ കണ്ട ലൊക്കേഷൻ കാണാൻ സാധിച്ചില്ല. അങ്ങനെയാണ് ശ്രീലങ്കയിലേതു പോലെയുള്ള ഓട്ടോറിക്ഷയൊക്കെ പാലക്കാട്ട് സെറ്റിട്ടാണ് ചിത്രീകരിച്ചത്. അതിലെ കുട്ടി കാറിൽ നിന്ന് പുറത്തേക്ക് നോക്കുന്ന ഒരു രംഗം മാത്രമാണ് ശ്രീലങ്കയിൽ ചിത്രീകരിച്ചത്. സിനിമയിൽ ജാഫ്നയിലെ കാടുകൾ യഥാർഥത്തിൽ ആതിരപ്പള്ളിയിലെ വെള്ളച്ചാട്ടവും പരിസരവുമാണ്.

ഈ സിനിമയിലെ കടലിലൂടെയുള്ള യാത്ര ഞാന്‍കൃത്രിമമായി ഉണ്ടാക്കിയെടുത്തതായിരുന്നു. വലിയ ഒരു ടാങ്ക് സെറ്റ് ചെയ്ത് അതില്‍നുരയുണ്ടാക്കാനായി സര്‍ഫ് കലക്കി. പിന്നെ ഒരു പ്രത്യേക രീതിയില്‍ബോട്ട് ചലിപ്പിച്ച് തിരമാലകളുണ്ടാക്കുകയായിരുന്നു. രമേശ്വത്താണ് കടലിന്റെ പശ്ചാതലത്തിലുള്ള സീനുകൾ ചിത്രീകരിച്ചത്.

ഭരതനോടൊപ്പം അമരം; തുടക്കം അതായിരുന്നോ?

അമരത്തിലെ വലിയ സ്രാവിനെ ഉണ്ടാക്കാൻ വേണ്ടിയാണ് ഞാൻ സെറ്റിൽ ചെല്ലുന്നത്. അത് ഉണ്ടാക്കി കഴിഞ്ഞപ്പോൾ ഭരതേട്ടൻ പറഞ്ഞു ഇനി ഈ സിനിമ മുഴുവൻ നീ ചെയ്തുകൊള്ളൂ എന്ന്. ഭരതേട്ടൻ നല്ല ഒരു ചിത്രകാരനും കലാസംവിധായകനും കൂടിയാണ്. അതിനാൽ ഞാൻ ചെയ്യുന്നത് ഇഷ്ടമാകുമോയെന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. അമരത്തിലെ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ഭരതേട്ടനൊപ്പം ഈ പേടിയോടു കൂടിയാണ് പോയത്.

പക്ഷെ വസ്ത്രങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞപ്പോൾ ഭരതേട്ടന് പറഞ്ഞു ഇനി മുഴുവൻ നീ തന്നെ ചെയ്തുകൊള്ളൂ എന്ന്. കലാസംവിധായകൻ എന്ന നിലയിൽ ഇന്നോളമുള്ള ജീവിതത്തിൽ ആത്മവിശ്വാസം തന്ന വാക്കുകളായിരുന്നു അത്.

ഇത്രയും കാലത്തെ കലാസംവിധാനത്തിനിടയിൽ മറക്കാനാവാത്ത ഒരു നിമിഷം പങ്കുവെയ്ക്കാമോ?

ഒരിക്കൽ പ്രയദർശന്റെ ഒരു സിനിമയ്ക്കു വേണ്ടി അമ്പലത്തിന്റെ സെറ്റ് ഇട്ടിട്ട് ഞാൻ പുറത്തുപോയി. സെറ്റു കണ്ടിട്ട് തിക്കുറിശ്ശി സർ ആളെ വിട്ട് എന്നെ വിളിപ്പിച്ചു. എന്നിട്ടു പറഞ്ഞു, ഒരുപാട് സെറ്റിട്ട അമ്പലങ്ങളുടെ മുമ്പിൽ നിന്ന് ഞാൻ തൊഴുതിട്ടുണ്ട്. പക്ഷെ ഇത് ആദ്യമായാണ് യഥാർഥ അമ്പലത്തിൽ തൊഴുത് നിൽക്കുന്ന അനുഭുതി തോന്നിയതെന്ന്. ഒരു അവാർഡ് കിട്ടിയതിന് തുല്ല്യമായിരുന്നു ആ വാക്കുകൾ.