Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തനാപുരത്ത് മത്സരിക്കാം; മോദിയെ കൊണ്ടുവരും

bheeman-raghu ഭീമൻ രഘു

പാർട്ടി പറഞ്ഞാൽ പത്തനാപുരത്ത് ഞാൻ മത്സരിക്കും. വില്ലനായിട്ടല്ല, ഹീറോ ആയിട്ടു തന്നെ. ശക്തമായ മത്സരം തന്നെ നേരിടേണ്ടി വരുമെന്നറിയാം. തിളക്കം കൂടി നിൽക്കുന്ന പത്തനാപുരത്തെ തിരഞ്ഞെടുപ്പ് അങ്കത്തിന് കുറച്ചു കൂടി മാറ്റേകും ഭീമൻ രഘുവിന്റെ ഈ ഭീമൻ മറുപടി.

പത്തനാപുരത്തെ പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് സ്ഥാനാർഥിയാകാനാകുമോയെന്നതിനെ കുറിച്ച് സംസാരിച്ചിരുന്നു. സ്ഥാനാർഥിയാകാൻ ഞാൻ ഒരുക്കമാണ്. പാർട്ടി പറയേണ്ട താമസമേയുള്ളൂ. മോഡിയെ കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. എന്നാലും മോദിയെ കൊണ്ടു വന്ന് പ്രചരണത്തിനിറക്കാമെന്ന വിശ്വാസം തനിക്കുണ്ട്. എൻഡിഎ സർക്കാരിന്റെ ഭരണത്തിൽ പൂർണ തൃപ്തനാണ്. ഭീമൻ രഘു മനോരമ ഓൺലൈനോട് പറഞ്ഞു.

സിനിമയിൽ ഞാൻ വില്ലനാണ്. യഥാർഥ ജീവിതത്തിൽ ഒരിക്കലും അങ്ങനെയല്ല. ജഗദീഷും ഗണേഷും എന്റെ അടുത്ത സുഹൃത്തുക്കളാണ്. അവർക്കെതിരെയുള്ള മത്സരം എളുപ്പമാകില്ല എന്നെനിക്കറിയാം. എന്നാൽ രസകരമായ അനുഭവവുമായിരിക്കും. അഴിമതിയില്ലാത്ത ഒരു സർക്കാരിനെ, ഒരു നല്ല മാറ്റത്തെ ആഗ്രഹിക്കുന്നുണ്ട്. അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുവാൻ അധികാരത്തിലേറിയതു മുതൽ എന്തുമാത്രം കാര്യങ്ങളാണ് മോഡി സർക്കാർ ചെയ്തത്. ഭീമൻ രഘു പറഞ്ഞു.

പത്തനാപുരത്ത് ജയിക്കുകയാണെങ്കിൽ അഴിമതിയില്ലാത്ത ഒരു ഭരണം തന്നെയാണ് ഞാൻ ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്. അത്രയേറെ അഴിമതിയാണ് നമ്മുടെ രാജ്യത്ത് നടക്കുന്നത്. അതിൽ നിന്നൊക്കെ ഒരു മോചനത്തിനായി ബിജെപി അധികാരത്തിൽ വരണം. ഈ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾ കേരളത്തിൽ വിജയിക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. ഭീമൻ രഘു തിരഞ്ഞെടുപ്പ് സ്വപ്നങ്ങൾ പങ്കുവച്ചു. ഒട്ടും മസിലുപിടിത്തമില്ലാതെ.

ഭീമൻ രഘു കൂടി പത്തനാപുരത്ത് മത്സരിക്കാനെത്തുന്നുവെങ്കിൽ സംസ്ഥാനം ഉറ്റുനോക്കുന്ന മണ്ഡലമായി ഇവിടം മാറുമെന്നുറപ്പാണ്. യുഡിഎഫ് സ്ഥാനാർഥിയായി ജഗദീഷും എൽ‍ഡിഎഫിനെ പ്രതിനിധീകരിച്ച് ഗണേഷ് കുമാറും‌മാണ് പത്തനാപുരത്ത് മത്സരിക്കുകയെന്നാണ് ഇതുവരെയുള്ള വിവരങ്ങൾ.

Your Rating: