Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാല്‍ അല്ലായിരുന്നു മാത്യൂസ്; മമ്മൂട്ടിക്കും വേഷമുണ്ടായിരുന്നു

bleesy-mohanlal

മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മനോഹരമായ രണ്ടുകഥാപാത്രങ്ങളുടെ സൃഷ്ടാവാണ് സംവിധായകൻ ബ്ലെസി. തന്മാത്രയിലെ രമേശനെയും പ്രണയത്തിലെ മാത്യൂസിനെയും മലയാളസിനിമാമോഹികൾക്ക് ഒരിക്കലും മറക്കാനാവില്ല. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ഈ രണ്ടുകഥാപാത്രങ്ങളും മോഹൻലാലിലേക്ക് എത്തിയ വഴിയെക്കുറിച്ച് സംവിധായകൻ ബ്ലെസി സംസാരിക്കുന്നു.

പ്രണയം സിനിമയിലേക്ക് ആദ്യം മനസ്സിൽ കണ്ടത് അനുപം ഖേറിനെയും മോഹൻലാലിനെയും ആയിരുന്നില്ല. അനുപം ഖേറിന്റെ അച്യുതമേനോൻ എന്ന കഥാപാത്രം ചെയ്യാൻ ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നു. എന്നാൽ ആ കഥാപാത്രത്തിന്റെ ചെറുപ്പകാലമൊക്കെ അഭിനയിക്കേണ്ടി വരുമ്പോൾ മലയാളികൾ അത്ര സുപരിചിതനല്ലാത്ത ആളായിരിക്കും നല്ലതെന്ന് തോന്നിയിട്ട് മമ്മൂട്ടി സിനിമയിൽ നിന്നും പിന്മാറുകയായിരുന്നു. ഒരുപാട് ആലോചനകൾക്ക് ശേഷമാണ് അച്യുതമേനോനായി അനുപം ഖേറിനെ പരിഗണിക്കുന്നത്.

മോഹൻലാലിന്റെ മാത്യൂസ് എന്ന കഥാപാത്രം എസ്.പി.ബാലസുബ്രഹ്മണ്യം ചെയ്യണമെന്നായിരുന്നു മനസ്സിൽ. എന്നാൽ ഏറെ അഭിനയസാധ്യതയുള്ള കഥാപാത്രം തനിക്ക് വഴങ്ങുമോയെന്ന സംശയം എസ്.പി.ബിയ്ക്ക് ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം മാത്യൂസ് ആകാൻ തയ്യാറായില്ല. സിനിമയിൽ അച്യുതമേനോൻ എന്ന കഥാപാത്രത്തിനാണ് പ്രാധാന്യം. അതുകൊണ്ട് മോഹൻലാൽ എന്ന വലിയ നടൻ മാത്യൂസാകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഒരു യാത്രയിൽ യാദൃശ്ചികമായിട്ടാണ് പ്രണയത്തിന്റെ കഥ മോഹൻലാലിനോട് പറയുന്നത്. കഥ കേട്ടിട്ട് അദ്ദേഹം ഇങ്ങോട്ട് ചോദിക്കുകയായിരുന്നു മാത്യൂസ് എന്ന കഥാപാത്രം താൻ ചെയ്തുകൊള്ളട്ടേയെന്ന്. ഒരു കഥ കേട്ടിട്ട് അതിലെ കഥാപാത്രത്തിന്റെ ആഴം മനസ്സിലാക്കാനുള്ള മോഹൻലാലിന്റെ കഴിവ് എന്നെ അന്ന് അമ്പരപ്പിച്ചു.

മോഹൻലാൽ പിറന്നാൾ സ്പെഷൽ

സിനിമ ഇറങ്ങിയ ശേഷം ഒരുപാട് അഭിനന്ദനങ്ങൾ മോഹൻലാലിനെ തേടി വന്നു. ഒരുപാട് ഡോക്ടർമാർ എന്നെ വിളിച്ചു. മാത്യൂസ് ഇടയ്ക്കിടയ്ക്ക് മൂക്കിൽ പിടിക്കും അത് മോഹൻലാൽ മനപൂർവ്വം ചെയ്തതണോയെന്നായിരുന്നു ഡോക്ടർമാർക്ക് അറിയേണ്ടിയിരുന്നത്. തളർവാതം വന്ന രോഗികൾ പൊതുവേ ചെയ്യുന്ന ഒരു കാര്യമാണ് മൂക്കിൽ ഇടയ്ക്കിടയ്ക്ക് ചൊറിയുന്നതെന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ മോഹൻലാൽ മനപൂർവ്വം ചെയ്തതല്ല എന്നാണ് എന്റെ വിശ്വാസം. ഒരു കഥാപാത്രം ചെയ്യുന്നതിന് മുമ്പ് വലിയ തയ്യാറെടുപ്പുകളൊന്നും അദ്ദേഹം എടുക്കാറില്ല. ക്യാമറയ്ക്ക് മുമ്പിൽ എത്തുമ്പോൾ ഇതൊക്കെ അറിയാതെ സംഭവിച്ചു പോകുന്നതാണ്.

തന്മാത്ര കണ്ട് അവർ വിവാഹമോചനം വേണ്ടെന്നുവെച്ചു

പ്രണയം പോലെ തന്നെ അഭിനന്ദനം ലഭിച്ച സിനിമയാണ് തന്മാത്രയും അതിലെ രമേശൻ നായർ എന്ന കഥാപാത്രവും. തന്മാത്ര ഇറങ്ങിയ സമയത്താണ് ആലപ്പുഴയിലുള്ള രണ്ട് ദമ്പതികൾ വിവാഹമോചനം തേടി കുടുംബ കോടതിയെ സമീപിച്ചത്. അന്ന് അവിടുത്തെ മജിസ്ട്രേറ്റ് അവരോട് പറഞ്ഞു സിനിമ കാണുന്നവരാണെങ്കിൽ ഒരുമിച്ചുപോയി തന്മാത്ര കാണൂ എന്ന്. തന്മാത്ര കണ്ട അവർ വിവാഹമോചനം എന്ന തീരുമാനത്തിൽ നിന്ന് പിന്മാറി. ചെറിയ കാര്യങ്ങളുടെ പേരിൽ പിരിയാൻ തീരുമാനിച്ചവരെ തന്മാത്ര ഒരുമിപ്പിക്കുകയായിരുന്നു.

ഇതുപോലെ തന്നെ തന്മാത്ര കണ്ടിട്ട് മദ്യപാനം നിർത്തിയ ഒരാളുണ്ട്. അയാളുടെ മദ്യപാനം നിറുത്താൻ വീട്ടുകാർ പലരീതിയിൽ ശ്രമം നടത്തിയിരുന്നു. എന്നാൽ തന്മാത്ര എന്ന സിനിമയ്ക്ക് അയാളെ സ്വാധീനിക്കാൻ സാധിച്ചു. സിനിമ കണ്ടിറങ്ങിയ അയാൾ ഭാര്യയേയും മക്കളേയും ചേർത്തുപിടിച്ചു, സുഖമില്ലാത്ത അച്ഛന്റെ അടുത്തിരുന്ന് ഒരുപാട് കരഞ്ഞു. ഗൾഫിലെ ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന് വീട്ടുകാരോടൊപ്പം താമസിച്ചു. താമസിയാതെ അയാൾക്ക് നല്ല ജോലി കിട്ടി സ്വിറ്റ്സർലൻഡിലേക്ക് കുടുംബത്തോടൊപ്പം പോയി.

ഞാൻ തന്മാത്ര ചെയ്യുന്നത് പദ്മരാജന്റെ ചെറുകഥയെ ആസ്പദമാക്കിയാണ്. എന്നാൽ സിനിമ ഇറങ്ങിക്കഴിഞ്ഞ് അറിഞ്ഞു തിരുവനന്തപുരം സെക്ക്രട്ടേറിയേറ്റിൽ രമേശൻ നായരെപ്പോലെ തന്നെയൊരാൾ ഉണ്ടായിരുന്നുവെന്ന്. അവരുടെ കുടുംബം എന്നെ നേരിട്ട് വന്നുകണ്ട് സംസാരിച്ചിരുന്നു. ഈ രണ്ട് സിനിമകൾ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പ്രേക്ഷകർ ഓർക്കണമെങ്കിൽ അത് മോഹൻലാൽ എന്ന അഭിനയപ്രതിഭയുടെ കഴിവാണ്. എങ്ങനെ ഇങ്ങനെ അഭിനയിക്കാൻ സാധിക്കുന്നു എന്നു ചോദിച്ചാൽ മോഹൻലാൽ എല്ലാം ഒരു ചിരിയിൽ ഒതുക്കും. ആ ചിരിയിൽ എല്ലാമുണ്ട്.
 

Your Rating: