Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാടിയിൽ നിന്ന് ഒരു മലർകൂടി, ആനന്ദവുമായി ഗണേഷ് രാജ്

anand ഗണേഷ് രാജ്

ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് 'മലര്‍വാടി ആര്‍ട്‌സ് ക്ലബി'ലൂടെ നടന്‍ ദിലീപ് ഒരു നവാഗത സംവിധായകനെയും ഒരുപറ്റം യുവാക്കളെയും മലയാളത്തിനു പരിചപ്പെടുത്തി. വിനീത് ശ്രീനിവാസന്‍ എന്ന അന്നത്തെ നവാഗത സംവിധായകന്‍ ഹിറ്റ്‌മേക്കറാകുന്ന കാഴ്ചക്കാണ് പിന്നീട് മലയാള സിനിമ സാക്ഷിയായത്. 'മലര്‍വാടി'യിലൂടെ അരങ്ങേറ്റം കുറിച്ച നിവിന്‍ പോളിയും അജു വര്‍ഗീസും മലയാള വാണിജ്യ സിനിമയുടെ അഭിഭാജ്യ ഘടകങ്ങളായി മാറുന്ന കാഴ്ചക്കും കാലം സാക്ഷിയായി.

ചരിത്രം ആവര്‍ത്തിക്കുകയാണ്, ഗണേശ് രാജെന്ന നവാഗത സംവിധായകനും ഒരുപറ്റം പുതുമുഖതാരങ്ങളും പ്രേക്ഷകരുടെ അനുഗ്രഹം തേടി സില്‍വര്‍ സ്‌ക്രീനിലേക്ക് രംഗപ്രവേശനം നടത്തുമ്പോള്‍ നിര്‍മാതാവിന്റെ റോളാണ് വിനീതിന്. എന്നും യുവ സംവിധായകരെ പ്രോത്സാഹിപ്പിക്കാറുള്ള ലാല്‍ ജോസിന്റെ 'എല്‍ജെ' ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിനു എത്തിക്കുന്നത്. 'പ്രേമ'ത്തിന്റെ ത്രസിപ്പിക്കുന്ന വിജയത്തിനു ശേഷം ക്യാമറയില്‍ പുതിയ പരീക്ഷണങ്ങളുമായി ആനന്ദ് സി. ചന്ദ്രനും സ്വതന്ത്ര സംഗീത സംവിധായകനാകുന്നതിന്റെ ത്രില്ലില്‍ ഗായകന്‍ സച്ചിന്‍ വാരിയരും അണിയറയിലുമുണ്ട്. ആനന്ദത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ സംവിധായകന്‍ ഗണേഷ് രാജ് തന്നെ പങ്കുവെക്കുന്നു.

anandam-1

. കണ്‍ തുറക്കുന്നേ...ഇനി ആനന്ദമേ...

പേരു സൂചിപ്പിക്കുന്നതു പോലെ ആനന്ദമൊരു ഫീല്‍ ഗുഡ് പോസ്റ്റീവ് മൂവിയാണ്. 'Coming of age' സിനിമയെന്നു പറയാം. ഡിഗ്രി കാലം ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീമായ കാഘഘട്ടമാണ്. കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്കുള്ള രൂപാന്തര ഘട്ടം കൂടിയാണിത്. ജീവിതത്തില്‍ ആദ്യമായി നമ്മള്‍ പ്രശ്‌നങ്ങളെ നേരിടുന്നത് ഈ ഘട്ടത്തിലാണ്. ആഗോള പ്രശ്‌നങ്ങളൊന്നുമല്ല നേരിടുന്നതെങ്കിലും ആദ്യമായിട്ട് സ്വയം പ്രശ്‌നങ്ങളെ നേരിടുന്നതുകൊണ്ടു തന്നെ അന്നത്തെ ചെറിയ പ്രശ്‌നങ്ങള്‍ പോലും നമുക്ക് വലുതായി അനുഭവപ്പെടാം. നമ്മുടെ സ്വകാര്യവും പ്രധാനപ്പെട്ടതുമായ പല വിഷയങ്ങളും നമ്മള്‍ സുഹൃത്തുക്കളോടാകും ഈ കാലത്ത് പങ്കുവെക്കുന്നത്. സൗഹൃദവും അതിനിടയിലെ കുഞ്ഞുകുഞ്ഞു ഈഗോ ക്ലാഷുകളുമൊക്കെ ഉണ്ടാകും. ഏഴു വിദ്യാര്‍ഥികളും അവര്‍ക്കിടയില്‍ ഉണ്ടാകുന്ന ചെറിയ ചെറിയ പ്രശ്‌നങ്ങളും പരിഹാരങ്ങളുമൊക്കെയാണ് സിനിമ.

anandam-2

. നവാഗതരെ ഇതിലേ ഇതിലേ...

സിനിമയുടെ തിരക്കഥ പുതുമുഖങ്ങളെ ആവശ്യപ്പെടുന്നുണ്ട് എന്നതാണ് സത്യം. ഇതൊരു 18-19 ഏജ് ഗ്രൂപ്പിലുള്ള വിദ്യാര്‍ഥികളുടെ കഥയാണ്. നിര്‍ഭാഗ്യവശാല്‍ ആ പ്രായത്തില്‍ സജീവമായി നില്‍ക്കുന്ന അഭിനേതാക്കള്‍ മലയാളത്തില്‍ ഇല്ലെന്നു തന്നെ പറയാം. അങ്ങനെയാണ് പുതുമുഖങ്ങളെ പരീക്ഷിക്കാമെന്ന തീരുമാനത്തില്‍ എത്തുന്നത്. ഏഴു കേന്ദ്രകഥാപാത്രങ്ങളില്‍ ആറു പേരും ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നവരാണ്. ഒരാള്‍ ഇതിനു മുമ്പ് ചെറിയൊരു വേഷത്തില്‍ മാത്രം തല കാണിച്ചയാളും. സിനിമക്കു മൊത്തത്തിലൊരു ഫ്രഷ്‌നസ് നല്‍കാന്‍ ഈ പുതുമുഖങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്.

anandam-3

. നീലകാശം പച്ചകടല്‍ ചുവന്നഭൂമി

ആനന്ദം ആദ്യാവസാനം ഒരു ട്രാവല്‍മൂഡിലാണ് കഥ പറയുന്നത്. എന്‍ജിനീയറിങ് കോളജില്‍ നിന്നുള്ള നാല് ദിവസത്തെ യാത്രയിലൂടെയാണ് കഥ പുരോഗമിക്കുന്നത്. നാലുദിവസത്തെ യാത്ര തന്നെയാണ് ആദ്യപകുതിയിലും രണ്ടാം പകുതിയിലും നിറഞ്ഞു നില്‍ക്കുന്നത്. യാത്രയില്‍ തുടങ്ങി യാത്രയില്‍ അവസാനിക്കുന്ന സിനിമയെന്നു പറയാം. പലപ്പോഴും കോളജ് ടൂറിലാണ് സഹപാഠികള്‍ പരസ്പരം ഏറ്റവും കൂടുതല്‍ അടുത്തറിയുന്നത്. അല്ലാത്ത ദിവസങ്ങളില്‍ ഏഴോ-എട്ടോ മണിക്കൂറുകള്‍ മാത്രമേ ക്ലാസ്‌മേറ്റ്‌സ് ഒരുമിച്ചു ഉണ്ടാകു. ക്ലാസ്മുറിയുടെ അന്തരീക്ഷത്തില്‍ നിന്ന് നമ്മള്‍ കുറച്ചുകൂടി ഫ്രീയായി ഇടപെടുന്നതും ഇത്തരം യാത്രകളിലാണ്. അതുവരെ നമ്മള്‍ അറിയാതെ പോയ ചില സുഹൃത്തുകളുടെ കഴിവുകളൊക്കെ നമ്മള്‍ ആദ്യമായി അനുഭവിച്ചറിയുന്നത് അപ്പോഴാകും. എന്തിനു ഏറെ പറയുന്നു ഒരുപാട് ദിവ്യപ്രണയങ്ങള്‍ മൊട്ടിടുന്നതും ഇത്തരം യാത്രകളില്‍ നിന്നാണ്. രാത്രിക്കു വല്ലാത്ത സൗന്ദര്യമുണ്ട്. ഇത്തരം യാത്രകളിലാണ് നമ്മള്‍ പകലും രാത്രിയും ആദ്യമായി ഒരുമിച്ചു ചെലവിടുന്നത്. അതുകൊണ്ടു തന്നെ സിനിമയില്‍ ഒരുപാട് നല്ല നൈറ്റ് സീനുകളുണ്ട്.

anandam-5

'വിനീത് ശ്രീനിവാസന്‍' സ്‌കൂള്‍ ഓഫ് ഫിലിം മേക്കിങ്

ആനന്ദത്തിന്റെ നിര്‍മ്മാതാവ് എന്ന നിലയില്‍ ഒരിക്കലും ഞാന്‍ വിനീത് ശ്രീനിവാസനെ കാണുന്നില്ല മറിച്ച് ഗുരുവിന്റെയൊ ഒരു വല്യട്ടേെന്റയൊ സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. തട്ടത്തിൻ മറയത്ത് മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ സംവിധാന സഹായിയാണ്. അദ്ദേഹം നിര്‍മ്മാതാവാകുന്നത് യാദ്യചികമായിട്ടാണ്. സിനിമയുടെ എല്ലാ ഘട്ടത്തിലും അദ്ദേഹത്തിന്റെ ക്രിയാത്മകമായ പിന്തുണയുണ്ടായിരുന്നു. സിനിമയുടെ ആദ്യ ഡ്രാഫ്റ്റുമായി എത്തുന്നതും അദ്ദേഹത്തിന്റെ അടുത്താണ്. അത് അദ്ദേഹത്തിനു ഇഷ്ടപ്പെട്ടില്ല. ഈ സബ്ജക്റ്റ് വേണോ, പുതിയൊരു കഥ ശ്രമിച്ചുകൂടെ എന്നൊക്കെ അദ്ദേഹം പറഞ്ഞു. പക്ഷേ ഈ കഥ ഉപേക്ഷിക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. പലതവണ തിരുത്തി എഴുതി. അവസാനം അഞ്ചാമത്തെ ഡ്രാഫ്റ്റിലാണ് സ്‌ക്രിപ്റ്റ് ഓകെയായത്.

എഴുത്തിന്റെ സമയം മുതല്‍ ഒരുപാട് വിലപ്പെട്ട ഉപദേശങ്ങള്‍ അദ്ദേഹം തന്നിരുന്നു. സ്‌ക്രിപ്റ്റ് പൂർത്തിയാകാതെ നീ ഒരിക്കലും ഈ കഥയുമായി ഒരു നിര്‍മ്മാതാവിനെയോ അഭിനേതാവിനെയോ സമീപിക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സമയമാകുമ്പോള്‍ അദ്ദേഹം തന്നെ അനുയോജ്യനായ ഒരു നിര്‍മ്മാതാവിനെ നിര്‍ദ്ദേശിക്കാമെന്നും പറഞ്ഞു. ആദ്യത്തെ സിനിമ വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം എപ്പോഴും ഓര്‍മപ്പെടുത്തുമായിരുന്നു. വിനീത് ഈ സിനിമ നിര്‍മ്മിച്ചാല്‍ നന്നാകുമെന്നു നിര്‍ദ്ദേശിച്ചത് വടക്കന്‍ സെല്‍ഫിയുടെ നിര്‍മ്മാതാവ് വിനോദ് ഷൊര്‍ണ്ണൂരാണ്. അങ്ങനെയാണ് അദ്ദേഹം നിര്‍മ്മാതാവാകുന്നത്. അദ്ദേഹമാണ് സിനിമ നിര്‍മ്മിക്കാന്‍ പോകുന്നതെന്ന് അവസാനം അറിഞ്ഞ വ്യക്തി ഞാനാകും. എല്ലാവരും അതുവരെ സര്‍പ്രൈസാക്കിവെച്ചിരിക്കുകയായിരുന്നു.

vineth

വിനീതില്‍ നിന്ന് പഠിച്ചിട്ടുള്ള ഒരുപാട് കാര്യങ്ങള്‍ സിനിമയില്‍ ഗുണം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമാ സെറ്റുകളില്‍ എല്ലാവരും ഒരുപോലെ കഷ്ടപ്പെടും അതിനു കാരണം അതൊരു വിനീത് ശ്രീനിവാസന്‍ സിനിമ എന്നതിനപ്പുറം അതില്‍ വര്‍ക്ക് ചെയ്യുന്ന ഓരോ ആളുകളുടെയും സ്വന്തം സിനിമയാണ് എന്ന തോന്നല്‍ അദ്ദേഹം സൃഷ്ടിക്കും എന്നതു തന്നെയാണ്. അത് അദ്ദേഹത്തിന്റെ സെറ്റിലെ ഇടപെടലിന്റെ പ്രത്യേകതയാണ്. ആ ശൈലി പിന്തുടരാനാണ് ഞാനും ശ്രമിച്ചത്. സെറ്റില്‍ വലുപ്പ ചെറുപ്പങ്ങളൊന്നും ഇല്ലാതെയാണ് ഇടപ്പെട്ടത്. എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെക്കാനും തെറ്റു ചൂണ്ടി കാണിക്കാനും അവസരമുണ്ടായിരുന്നു. ഒരു ടീം വര്‍ക്കിന്റെ അനുഭവം പ്രകടമായിരുന്നു. അതൊക്കെ വിനീത് ശ്രീനിവാസനില്‍ നിന്നും കണ്ടു പഠിച്ചിട്ടുള്ളതാണ്.

ചിത്രീകരണത്തിനിടെ ഒരിക്കല്‍ പോലും അദ്ദേഹം ഞങ്ങളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തിയിട്ടില്ല. അദ്ദേഹത്തിന്റെയും എന്റെയും മേക്കിങ് സ്‌റ്റൈല്‍ വ്യത്യസ്തമാണ്. ഒരുപാട് പുതുമകള്‍ പരീക്ഷിച്ചിട്ടുണ്ട് ഈ സിനിമയില്‍ അതിനൊക്കെ അദ്ദേഹം പൂര്‍ണപിന്തുണ നല്‍കിയിട്ടുണ്ട്. എനിക്ക് മനസ്സിനു ഇണങ്ങിയ എല്ലാ ടെക്‌നിഷ്യന്‍മാരെയും കിട്ടി. അഭിനേതാക്കളെ പോലെ അണിയറയിലുള്ളവരും താരതമ്യേന പുതിയ ആളുകളും അനുഭവപരിചയം കുറവുള്ളവരുമാണ്. പക്ഷേ അവരെ തിരഞ്ഞെടുക്കാനൊക്കെ ഫുള്‍ ഫ്രീഡം ഉണ്ടായിരുന്നു.

anandam-trailer-movie

ഷൂട്ടിങ് വേളയില്‍ അദ്ദേഹം പല തവണ സെറ്റില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഷോട്ട് എടുത്തു തുടങ്ങുന്ന കൃത്യസമയത്ത് അദ്ദേഹം മുങ്ങും. അദ്ദേഹത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ ബോധവാനാകുമോ എന്നു കരുതിയിട്ടാകും അല്ലെങ്കില്‍ ഞാന്‍ പൂര്‍ണമായും സ്വതന്ത്രമായി ഷോട്ട് എടുക്കട്ടെ എന്നു കരുതിയാകും എന്തായാലും അദ്ദേഹം എന്നില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസമായിട്ടാണ് അത് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.

. സൗഹൃദ സമാഗമം

അനു എലിസബത്തും ഞാനും പ്ലസ്ടു മുതല്‍ സഹപാഠികളാണ്. എന്‍ജിനീയറിങിനും ഞങ്ങള്‍ ഒരു ക്ലാസിലായിരുന്നു. സച്ചിന്‍ ഞങ്ങളുടെ ബാച്ച്‌മേറ്റും. സ്‌കൂള്‍ കാലഘട്ടം മുതല്‍ അനു എഴുതുമായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലും ഒരേ പോലെ പ്രാവീണ്യമുണ്ട് അനുവിന്. ഷോര്‍ട്ട് ഫിലിമിനു വേണ്ടിയൊക്കെ എപ്പോളൊക്കെ എനിക്കു പാട്ടിന്റെ ആവശ്യം വരുമ്പോഴെല്ലാം അനുവിനെ കൊണ്ടാണ് എഴുതിച്ചിരുന്നത്. സച്ചിനോട് തിരക്കഥയുടെ ഓരോ ഘട്ടത്തിലും ഞാന്‍ സീനുകളൊക്കെ പങ്കുവെക്കുമായിരുന്നു. സംഗീതം സംവിധാനം സച്ചിന്‍ ചെയ്യണമെന്ന നിര്‍ദ്ദേശം ഞാന്‍ പറയുമ്പോള്‍ അവന്‍ പാട്ടുകളൊന്നും കംപോസ് ചെയ്തു തുടങ്ങിയിട്ടില്ല. പക്ഷേ തിരക്കഥയുടെ എഴുത്ത് പുരോഗമിക്കുന്നതിനിടയില്‍ അവന്‍ കൂറെ പരസ്യങ്ങള്‍ക്ക് ജിംഗിള്‍ ചെയ്തു. ആല്‍ബം ചെയ്തു. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്ന സമയമാകുമ്പോഴെക്കും സച്ചിന്‍ നല്ലൊരു സംഗീത സംവിധായകനായി ഉയര്‍ന്നു കഴിഞ്ഞിരുന്നു. ക്യാമറമാന്‍ ആനന്ദുമായിട്ടുള്ള സൗഹൃദത്തിനും വര്‍ഷങ്ങളുടെ പഴക്കം ഉണ്ട്. ഷോര്‍ട്ട് ഫിലിമാകട്ടെ, പരസ്യമാകട്ടെ, മ്യൂസിക്ക് വീഡിയോയാകട്ടെ ഞാന്‍ ആനന്ദ് അല്ലാതെ മറ്റൊരു ക്യാമറമാനുമായി ഇതുവരെ വര്‍ക്ക് ചെയ്തിട്ടില്ല. ഞാന്‍ മനസ്സില്‍ കാണുമ്പോള്‍ മാനത്ത് കാണാന്‍ അവനു കഴിയും.

നടി കുളത്തിലേക്ക് ചാടുകയാണല്ലോ ക്യാമറയും ഒപ്പം ചാടട്ടെ

anandham-movie-poster

വ്യത്യസ്തമായ ഒരു മേക്കിങാണ് സിനിമയില്‍ ഉടനീളം പരീക്ഷിച്ചിട്ടുള്ളത്. ഞാനും ആനന്ദും ഒരുപാട് പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട് സിനിമയില്‍. ഒരുപക്ഷേ സമീപകാലത്ത് ഒരു ക്രെയിനോ ജിബോ എന്തിനു ട്രൈപോഡുപോലും ഇല്ലാതെ ചിത്രീകരിച്ച സിനിമയാകും ആനന്ദം. ചില സീനുകള്‍ മാറ്റി നിര്‍ത്തിയാല്‍ പൂര്‍ണമായും നാച്ചുറല്‍ ലൈറ്റ്‌സാണ് സിനിമക്കു വേണ്ടി ഉപയോഗപ്പെടുത്തിയത്. മൂവായിരത്തിലേറെ കിലോമീറ്റര്‍ ഷൂട്ടിങിലൂടെ തന്നെ യാത്ര ചെയ്തിട്ടുണ്ട്. അത്രയും ദൈര്‍ഘ്യമേറിയ യാത്രയില്‍ ഒരു യൂണിറ്റിനെ ഒപ്പം കൂട്ടാന്‍ ബഡ്ജറ്റ് ഇല്ലാത്തത് കൊണ്ട് യൂണിറ്റിലാതെയായിരുന്നു ഷൂട്ടിങ്. അക്ഷരാര്‍ഥത്തില്‍ കഥക്കും കഥാപാത്രങ്ങള്‍ക്കുമൊപ്പം ഓടിനടന്നാണ് ആനന്ദ് ഷൂട്ട് ചെയ്തതെന്നു പറയേണ്ടി വരും. നടി കുളത്തിലേക്ക്് ചാടുകയും ക്യാമറയും ക്യാമറമാനും ഒപ്പം ചാടുകയും ചെയ്യുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ സിനിമയിലുണ്ട്. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് ബോധ്യപ്പെടും.

സുഗന്ധമുള്ള ഒരു കാറ്റു പോലെ 'ആനന്ദം' ചിറക് വിടര്‍ത്തുകയാണ്. പ്രണയവും സൗഹൃദവും സംഗീതവും യാത്രയും ഇടകലരുന്ന ആനന്ദം പലര്‍ക്കും ക്യാംപസ് കാലത്തേക്കുള്ള മടക്കയാത്രയാകുമെന്നു തീര്‍ച്ച. ആനന്ദം നിറയട്ടെ, പ്രകാശം പരക്കട്ടെ... 

Your Rating: