Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലാജി ശർമ സിനിമയിലുണ്ടോ? കോടികൾ ഉറപ്പ്

balaji-sarma

ഈ നടൻ അഭിനയിച്ചിട്ടുണ്ടെങ്കിൽ ആ സിനിമ അമ്പതു കോടി കടക്കും...അടുത്തിടെ സമൂഹ മാധ്യമങ്ങളിലൊക്കെ ഇങ്ങനെയൊരു ട്രോൾ പ്രചരിച്ചിരിക്കുന്നു. അതിനൊപ്പമുണ്ടായിരുന്ന നടന്റെ ഫോട്ടോ കണ്ടപ്പോൾ നമ്മളൊന്ന് അതിശയിച്ചു. ശരിയാണ് ഇദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് പിന്നീട് നമ്മളെത്രയോ വട്ടം ചിന്തിച്ചിരിക്കുന്നു. ചെറുതെങ്കിലും കുറിക്കു കൊള്ളുന്ന ഒരുപാടൊരുപാട് വേഷങ്ങളിൽ സാന്നിധ്യമറിയിച്ചിരിക്കുന്നു ബാലാജി ശർമ.

ആത്മവിശ്വാസം...ആ ഒരൊറ്റ കാര്യത്തിന്റെ ബലത്തിലാണ് മലയാളം ശ്രദ്ധിച്ചു തുടങ്ങിയ നടൻമാരുടെ നിലയിലേക്കു ബാലാജി ശർമ എത്തിയത്. രസകരമായ, കേട്ടറിയേണ്ട ഒരു കഥ തന്നെയുണ്ട് ബാലാജി ശർമ എന്ന നടന്റെ ജീവിതത്തില്‍.

എയര്‍ഫോഴ്സിലേക്ക്

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് കൂട്ടുകാർ‌ക്കൊപ്പം എയർഫോഴ്‍സിന്റെ ഒരു ടെസ്റ്റ് എഴുതാൻ ബാലാജിയും പോയി. വെറുതെ ഒരു രസത്തിന്. ജോലിയെ കുറിച്ച് വല്യ ബോധമൊന്നുമില്ലാതിരുന്ന കാലത്ത് ബാലാജി ശർമയ്ക്കു മാത്രം ജോലി കിട്ടി. കേന്ദ്ര സര്‍ക്കാരിന്റെ ഒരു തൊഴിൽ കയ്യിൽ കിട്ടിയിട്ട് കളയണോ എന്ന് എല്ലാവരും ചോദിച്ചപ്പോൾ ബാലാജിയ്ക്കു വേറെ വഴിയുണ്ടായിരുന്നില്ല. പത്താം ക്ലാസിൽ നല്ല മാർക്ക് വാങ്ങിയിട്ട് പ്രീഡിഗ്രി ഉഴപ്പി ജയിച്ച് നിൽക്കുന്ന സമയമായിരുന്നു അത്. മറിച്ചൊന്നും പറയാനാകാത്ത അവസ്ഥ. അതുകൊണ്ട് സിനിമാ മോഹം മനസിലൊളിപ്പിച്ച് പെട്ടിയും തൂക്കി നേരെ വിട്ടു എയർഫോഴ്സിലേക്ക്. അടക്കവും ഒതുക്കവുമുള്ള ജോലിക്കിടയിലും കൂട്ടുകാരോടും നാട്ടുകാരോടുമൊക്കെ പറയാനുണ്ടായിരുന്നത് സിനിമയെ പറ്റി മാത്രം.

balaji-sharma-4

കോടതി കാണാത്ത വക്കീൽ

എന്നെങ്കിലും സിനിമയിലേക്ക് എത്തുമെന്ന് ബാലാജിയ്ക്ക് ഉറപ്പായിരുന്നു. എയർഫോഴ്‍സിൽ ജോലി ചെയ്തു കൊണ്ടു തന്നെ എൽഎൽബി പഠിച്ച് രണ്ടാം റാങ്കിൽ പാസായി. അച്ഛനും അമ്മയ്ക്കും മകനായിട്ട് ബാലാജി ശർമ മാത്രമേയുണ്ടായിരുന്നുളളൂ. അഭിനയം ഏറെയിഷ്ടമാണെന്ന് എല്ലാവർക്കും അറിയാവുന്ന പരസ്യമായ രഹസ്യം. പക്ഷേ അതിത്രയ്ക്കു സീരിയസാണെന്ന് മനസിലായത് ജോലി തിരക്കിനിടയിലും ബാലാജി അതിനെ കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നപ്പോൾ മാത്രമായിരുന്നു. ഇരുപത്തിയാറാം വയസിൽ ഒമ്പതു വർഷം നീണ്ട സർവീസ് പൂർത്തിയാക്കി അഭിനയിക്കുവാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ, എന്നാലിങ്ങ് കയറി പോന്നേക്കെന്ന് അമ്മ പറഞ്ഞതും ഇതുകൊണ്ടായിരുന്നു. കോടതി കാണാത്ത വക്കീൽ ആണ് ഞാൻ. എന്നെങ്കിലും പ്രാക്ടീസ് ചെയ്യണമെന്നൊരു പദ്ധതിയുണ്ട് മനസിൽ.

balaji-tovino

ആ വാശിയാണ് ഒഴിമുറി

ആദ്യം ചെറിയ വേഷങ്ങളായിരുന്നു സിനിമയിൽ. നാടൻപെണ്ണും നാട്ടുപ്രമാണിയുമാണ് റിലീസ് ചെയ്ത ആദ്യ സിനിമയെന്നു പറയാം. അതിനു മുൻപ് മീൻ തോണി എന്നൊരു ചിത്രത്തില്‍ തലകാണിക്കാൻ അവസരം കിട്ടി. അതു റിലീസ് ചെയ്തുവോ എന്നു പോലും അറിയില്ല. എല്ലാം അങ്ങനെയുള്ള വേഷങ്ങളായിരുന്നു അക്കാലത്ത് കിട്ടിയിരുന്നത്. അങ്ങനെ ചെയ്തിട്ട് കാര്യമില്ലെന്ന് തോന്നിയതു കൊണ്ടാണ് മിനിസ്ക്രീനിലേക്കു പോയത്. ഒരു ആങ്കര്‍ ആയിട്ടായിരുന്നു. ആ പ്രോഗ്രാം ഹിറ്റ് ആയതോടെ സീരിയലിലേക്ക്. അപ്പോഴും മനസിൽ സിനിമ തന്നെയായിരുന്നു ലക്ഷ്യം. പക്ഷേ നല്ലൊരു വേഷം കിട്ടിയാലേ സിനിമയിലേക്കുള്ളൂ എന്നൊരു വാശിയുണ്ടായിരുന്നു. ആ വാശിയാണ് ഒഴിമുറി എന്ന സിനിമയെ കൊണ്ടു തന്നതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. നമ്മൾ ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാൽ നമ്മുടെ കൈകളിലേക്ക് അത് കൊണ്ടുതരുമെന്നാണല്ലോ പറയാറ്."

ഒഴിമുറിയെ കുറിച്ചെത്ര പറഞ്ഞാലും മതിവരില്ല

ഒഴിമുറിയാണ് കുറേ സിനിമകളിൽ അഭിനയിച്ചുവെങ്കിലും തന്റെ ആദ്യ ചിത്രം എന്നു പറയുവാൻ ബാലാജിയ്ക്കിഷ്ടം മധുപാലിന്റെ ഒഴിമുറി എന്ന സിനിമയാണ്. അതിന്റെ ടൈറ്റിൽ കാർഡിൽ ഇൻട്രൊഡ്യൂസിങ് ബാലാജി ശര്‍മ എന്നെഴുതി കാണിക്കുന്നുണ്ട്. മലയാള സിനിമയിലേക്ക് വാതിൽ തുറന്ന ചിത്രം. അത് അത്രയ്ക്കു വലിയ ഹിറ്റ് ആയില്ലെങ്കിലും മലയാളത്തിലെ സംവിധായകർക്കിടയിൽ ഒരു നടൻ എന്ന ശ്രദ്ധ കിട്ടിയത് ഈ സിനിമയിലൂടെയാണ്.

അതിലെ ഈ കഥാപാത്രവും ചില നിമിഷങ്ങളും ഇന്നും എവിടെ ചെന്നാലും ആളുകൾ‌ പറയും. അടുത്തിടെ ജഗപൊഗ എന്ന സിനിമ ചെയ്ത ധന്വന്തരി സർ ഒരിക്കൽ കൈപിടിച്ചു പറഞ്ഞു. ഞാൻ എന്റെ ജീവിതത്തിൽ സിനിമകളിൽ കണ്ട ഏറ്റവും നല്ല മൊമെന്റുകളിലൊന്ന് ഒഴിമുറിയിൽ ഞാൻ അഭിനയിച്ച ഒരു രംഗമായിരുന്നുവെന്ന്. സഹോദരിയെ വിളിക്കാൻ വന്നിട്ട് കരഞ്ഞോണ്ട് തിരിച്ചു പോകുന്ന രംഗം. ന്യൂജനറേഷൻ ഫ്രീക്ക് പിള്ളേർ മെമ്മറീസിലേയും ദൃശ്യത്തിലേയും ഹോട്ടൽ കാലിഫോർണിയയിലേലും ഫയർമാനിലേയുമൊക്കെ വേഷത്തെ കുറിച്ച് പറയാറുണ്ട്. ഹോമ്‍ലി മീൽസിൽ സ്ത്രൈണതയുള്ള കാമറാമാന്‍, ഹോട്ടൽ കാലിഫോർണിയയിലെ പിമ്പ് എന്നിവയും എനിക്കിഷ്ടപ്പെട്ട വേഷങ്ങളാണ്.

oppam-trailer

സിനിമയിലും പ്രേക്ഷകർക്കിടയിലും നല്ലൊരു മുഖവുര തന്നത് ഒഴിമുറി എന്ന സിനിമയാണ്. ബാലാജി പറയുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, മെമ്മറീസ്, ദൃശ്യം, എന്നു നിന്റെ മൊയ്തീൻ, അമർ അക്ബർ അന്തോണി തുടങ്ങി ഏറ്റവുമൊടുവിൽ ഒപ്പം വരെ നീളുന്നു ബാലാജി സിനിമകൾ.

അന്ന് അങ്ങനെ പറഞ്ഞവർ ഇന്ന് ൈക തരുന്നു

നാട്ടുകാരും കൂട്ടുകാരുമൊക്കെ പറഞ്ഞു, നല്ല ജോലിയും കളഞ്ഞ് കിട്ടുമെന്നുറപ്പില്ലാത്ത മറ്റൊന്നിലേക്കു പോകുന്നത് വട്ടായിട്ടാണെന്ന്. പക്ഷേ അന്നും മനസിൽ എനിക്ക് വിശ്വാസമുണ്ടായിരുന്നു നല്ല വേഷങ്ങൾ കിട്ടുമെന്ന്. അതിന്റെ ഫലമാണിതൊക്കെ. അന്ന് പുച്ഛിച്ചവർ ഇന്നെനിക്ക് കൈതരുന്നു. സനേഹത്തോടെ അടുത്തു വരുന്നു. സിനിമയിലുടനീളം നിറഞ്ഞു നിൽക്കുന്ന വേഷങ്ങൾക്കായി കാത്തിരിക്കാമെന്നു പറയുന്നു. എയർഫോഴ്‍സിൽ ഒപ്പം ജോലി ചെയ്ത ഹിന്ദിക്കാർ അടുക്കമുള്ള കൂട്ടുകാരും പത്താം ക്ലാസിൽ ഒപ്പം പഠിച്ചവരുമൊക്കെ വലിയ പ്രൊമോഷനാണ് എനിക്ക് തരാറ്. ഞാൻ സിനിമയിൽ പോയാൽ രക്ഷപെടുമോ എന്നായിരുന്നു അവരുടെ പേടി. പക്ഷേ ഇന്ന് അവർക്കെല്ലാം ആത്മവിശ്വാസമുണ്ട് എന്നില്‍.

നവാസുദ്ധീൻ സിദ്ധിഖി പറഞ്ഞതു പോലെ

ഒരുപാട് കഷ്ടപ്പെട്ട് കിട്ടിയതാണ് സിനിമയെ. അതുകൊണ്ടാണ് എന്തു വേഷം കിട്ടിയാലും ചെയ്യുന്നത്. ഒഴിമുറിയ്ക്കു ശേഷം ഒത്തിര അഭിനയ സാധ്യതയുള്ള വേഷം വന്നില്ല. ചിലർ പറയും പൊലീസ് വേഷം കുറേ ആയല്ലോ എന്നൊക്കെ. പക്ഷേ എനിക്ക് അങ്ങനെയല്ല. വേഷം ചെറുതായാലും നമ്മളെ കൊണ്ടു കഴിയാവുന്നതിന്റെ പരമാവധി അത് മികവുറ്റതാക്കുക. എന്റെ നിലപാട് അതാണ്. ഇനിയും അത്തരം വേഷം കിട്ടിയാൽ ചെയ്യും. സ്ക്രീൻ സ്പേസിലല്ല കാര്യം എന്ന് നവാസുദ്ധീൻ സിദ്ധിഖി പറഞ്ഞത് ഞാൻ ഓർക്കുന്നു. പിന്നെ എന്‍റെ കരിയർ ഗ്രാഫ് മുകളിലേക്കാണെന്ന് എനിക്ക് വ്യക്തമായിട്ടറിയാം.

balaji

എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ

സിനിമയിലേക്ക് വരുമ്പോൾ അഭിനയ മേഖലയിൽ പരിചയക്കാർ ആരുമുണ്ടായിരുന്നില്ല എനിക്ക്. ഗ്ലാമറോ ബോഡി ഫിറ്റ്നസോ ഒന്നുമുണ്ടായിരുന്നില്ല. ആകെ കൈമുതലായിട്ടുണ്ടായിരുന്നത് കഴിവിലുള്ള വിശ്വാസവും തീവ്രമായ ആഗ്രഹവും മാത്രമായിരുന്നു. പറയുമായിരുന്നു. നിങ്ങൾ ഒരു തീയറ്ററിലെത്തുമ്പോൾ അവിടെ എന്റെ സിനിമ കാണാം...അടുത്തതിലെത്തുമ്പോഴും എന്റെ സിനിമ കാണാം....അത്രയ്ക്ക് ആത്മവിശ്വാസമായിരുന്നു. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നു പറയുന്നതു പോലെ എനിക്ക് കിട്ടേണ്ട വേഷങ്ങൾ എനിക്കു തന്നെ കൈവരും. ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ് ആയി വരുവേൻ എന്നല്ലേ... 

Your Rating: