Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമിക്കാൻ ചാൻസ് കിട്ടിയില്ല, ഇപ്പോൾ ലോട്ടറിയടിച്ചു

aishwarya-nivin

നിവിൻ പോളിയുടെ നായികയായി സിനിമാ ലോകത്തേക്കെത്തുവാൻ അടുത്ത ടോക്കൺ ഐശ്വര്യ ലക്ഷ്മിയ്ക്കാണ്. നിവിൻ പോളിയ്ക്കൊപ്പമെന്നാൽ ഭാഗ്യനായികയാണെന്നാണ് പറയാറ്. അതെന്താണെന്ന് കാത്തിരുന്നു കാണാം.

അൽത്താഫ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനാകുന്ന ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന സിനിമയിലൂടെ ഐശ്വര്യ ലക്ഷ്മി എന്ന നായികയെ കൂടി മലയാളത്തിന് ലഭിക്കുന്നു. മോഡലിങ് വഴി സിനിമയിലെത്തിയതിന്റെ ആകാംഷ ഇനിയും മാറിയിട്ടില്ല ഐശ്വര്യയ്ക്ക്. മെഡിസിനിൽ ഉന്നത പഠനത്തിനു പോകണമെന്നും മോഡലിങും സിനിമയും പിന്നെ തന്റെ പാഷനുകളെല്ലാം ഒപ്പം കൊണ്ടുപോകണമെന്നു കൊതിക്കുന്ന ഐശ്വര്യയ്ക്കൊപ്പം കുറച്ചു നേരം....

ആ കഫേയിൽ പോയതാണ് കാരണം

എന്റെ വീട് ആലുവയിലാണ്. അതുകൊണ്ടു തന്നെ ഇടപ്പള്ളിയിലെ ഏതെങ്കിലും കഫേയിലേക്കാണു പോകാറ്. പക്ഷേ അന്നെന്തോ പതിവില്ലാതെ കലൂരിലെ കഫേ 17ലേക്കു പോയി. അവിടെ വച്ചാണ് ഈ സിനിമയിലേക്കുള്ള കാസ്റ്റിങ് കോളിനെ കുറിച്ച് അറിയുന്നത്. അൽത്താഫ് ആണ് സംവിധായകൻ എന്നറിഞ്ഞപ്പോഴാണ് എന്റെ സുഹൃത്ത് രഞ്ജിനി പറഞ്ഞ കാര്യം ഓർമ വന്നത്. രഞ്ജിനിയുടെ ഭർത്താവിന്റെ അടുത്ത സുഹൃത്താണ് അൽത്താഫ്. പ്രേമത്തിൽ അൽത്താഫ് അഭിനയിച്ചതിനെ കുറിച്ചും അദ്ദേഹം നല്ല കഴിവുള്ള ആളാണെന്നുമൊക്കെ അവൾ എന്നോടു പറഞ്ഞിരുന്നു. കാസ്റ്റിങ് കോളിന്റെ കാര്യം പറഞ്ഞ് അവളെ വിളിച്ച് നമ്പർ വാങ്ങി ഞാൻ അൽത്താഫിനെ വിളിച്ചു. അൽത്താഫിന് എന്നെ അറിയാമായിരുന്നു. ആ കഫേയിലേക്ക് യാദൃശ്ചികമായി നടത്തിയ യാത്രയാണ് ഈ സിനിമയിലേക്കെത്തുവാൻ കാരണമായത്.

aishwarya-1

പ്രേമത്തിലെ മേരി ആകേണ്ടിയിരുന്നതാണ്. പക്ഷേ....

അൽ‌ത്താഫിന് എന്നെ അറിയാമായിരുന്നുവെന്ന് പറഞ്ഞിരുന്നല്ലോ. അത് അൽഫോൻസ് പുത്രൻ വഴിയായിരുന്നു. പ്രേമത്തിന്റെ സമയത്ത് ആ ടീം എന്നെ വിളിച്ചിരുന്നു മേരിയുടെ റോൾ ചെയ്യാൻ. പക്ഷേ എനിക്കന്ന് പരീക്ഷയായിരുന്നതു കൊണ്ടു പോകുവാനായില്ല. പരീക്ഷയും ക്ലാസും പ്രാക്ടിക്കലുമൊക്കെയായി കുറച്ച് സിനിമകൾ പോയിട്ടുണ്ട് ഇതുപോലെ.

aishwarya-8

പ്രേമം സമയത്ത് അൽഫോൻസിന് കൊടുത്തത് ഞാൻ മേക്കപ്പ് അണിഞ്ഞ് നിൽക്കുന്ന ഫോട്ടോയാണ്. അത് തന്നെയാണ് ഈ ചിത്രത്തിനും നൽകിയത്, അത് അൽത്താഫിന് അത്രയ്ക്ക് സംതൃപ്തി നൽകിയിരുന്നില്ല. പിന്നെ ഒരു ഓപ്ഷൻ എന്ന നിലയിൽ എന്റെ പേരും സൂക്ഷിച്ചിരുന്നതേയുള്ളൂ. ഞാൻ വിളിച്ചപ്പോൾ മേക്കപ്പ് ഇല്ലാതെ നിൽക്കുന്ന ഫോട്ടോ ചോദിച്ചു. അത് ഒരെണ്ണം അയച്ചു കണ്ടപ്പോൾ ഇഷ്ടപ്പെട്ടു. നേരിട്ട‌ു ചെല്ലുവാൻ പറഞ്ഞു. ക്രിസ്മസിന്റെ അന്നായിരുന്നു ആ കൂടിക്കാഴ്ച. എനിക്ക് കഥയൊക്കെ പറഞ്ഞു തന്നു. ഇഷ്ടപ്പെട്ടോ എന്നു ചോദിച്ചു. എനിക്ക് കഥ ഒത്തിരി ഇഷ്ടപ്പെട്ടു. സത്യത്തിൽ ഇഷ്ടമായെങ്കിൽ ചെയ്തോളൂ എന്ന് അൽത്താഫ് അന്നേ പറഞ്ഞിരുന്നു. എനിക്ക് വിശ്വസിക്കുവാനേ കഴിഞ്ഞില്ല അന്നേരമൊന്നും. ഒരാഴ്ച കഴിഞ്ഞായിരുന്നു സ്ക്രീൻ ടെസ്റ്റ്.

സിനിമയിലെ ഇൻട്രൊഡക്ഷൻ സീനാണ് കിട്ടിയത്. ഇംപ്രവൈസ് ചെയ്ത് ചെയ്തോളാൻ പറഞ്ഞു. രണ്ടു ദിവസത്തിനു ശേഷം കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി എന്നെ വിളിച്ചു. ഒരുപാട് സന്തോഷത്തോടെയാണ് വിളിച്ചത്. സിനിമയൊക്കെ ചെയ്യാൻ പോകുവാണല്ലോ എന്നു പറഞ്ഞിട്ട്. അവരൊക്കെ അറിഞ്ഞു ഞാൻ ഈ സിനിമ ചെയ്യുന്നുവെന്ന്.

aishwarya-7

ഇപ്പോഴും എനിക്കു വിശ്വസിക്കുവാനേ സാധിക്കുന്നില്ല ഞാൻ സിനിമയിൽ അഭിനയിക്കുവാൻ പോകുവാണെന്ന്. ഇടയ്ക്കു അൽത്താഫിനോടു ചോദിക്കും. ഇത് സത്യമാണല്ലോ അല്ലേ? ഇനി മാറ്റി പറയുവാനൊന്നും പറ്റില്ല എന്നൊക്കെ. അത്രയ്ക്ക് എക്സൈറ്റ്മെന്റിലാണ് ഞാൻ. ഞാൻ സിനിമ ചെയ്യുവാൻ പോകുന്നു എന്നതിനോടു പൊരുത്തപ്പെടുവാൻ തന്നെ കുറേ ദിവസം വേണ്ടി വന്നു. സിനിമയുടെ പൂജയുടെ തലേദിവസം പോലും ഒരുപാട് ടെൻഷനിലായിരുന്നു.

കഥാപാത്രം?

ഐടി മേഖലയിൽ ജോലി ചെയ്യുന്നൊരാളായിട്ടാണ് അഭിനയിക്കുന്നത്. ഞാൻ എന്തൊക്കെയാണോ സാധാരണ ജീവിതത്തിൽ ചെയ്യുന്നത് അതുപോലെ മതി കാമറയ്ക്കു മുന്നിലും എന്നാണ് പറഞ്ഞിട്ടുള്ളത്. ഞാൻ എങ്ങനെയാണോ അങ്ങനെ. ആക്ടിങിനേക്കാൾ ബിഹേവിയർ ആണ് ഉദ്ദേശിക്കുന്നത്. സിനിമയുടെ സീനുകളോരോന്നും എനിക്കു പറഞ്ഞു തന്നു അൽത്താഫ്. എന്താണ് എന്നിൽ നിന്നു പ്രതീക്ഷിക്കുന്നതെന്നു വ്യക്തമാക്കിത്തന്നു. നല്ല സപ്പോർട്ട് ആണ്. നന്നായി ചെയ്യുവാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ. മോഡലിങ് ചെയ്തതോടു ചെയ്തതു കൊണ്ട് കാമറയെ പേടിയൊന്നുമില്ല. പക്ഷേ അഭിനയത്തിൽ പുതിയതായി എന്തെങ്കിലും ചെയ്യണം.

aishwarya-2

നിവിൻ പോളി എന്റെ ഫേവറിറ്റ്

നിവിൻ പോളിയാണ് നായകൻ എന്നതുകൊണ്ട് ആകാംഷയും അതുപോലെ ടെൻഷനുമുണ്ട് . അദ്ദേഹത്തിന്റെ നായികയായാൽ ഭാഗ്യ നായികയായി എന്നാണല്ലോ പറയാറ്. ഒരുപാട് ഉദാഹരണങ്ങളുമുണ്ട്. അതുപോലെ അദ്ദേഹം ജനങ്ങൾക്കിടയിൽ ഒത്തിരി പോപ്പുലറുമാണ്. ഈ ജനറേഷനിൽ പെട്ടവരിൽ നിവിൻ പോളിയാണ് എന്റെ ഫേവറിറ്റ് ഹീറോ. അദ്ദേഹത്തിന്റെ സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ടം നേരവും ആക്ഷൻ ഹീറോ ബിജുവുമാണ്.

aishwarya-9

നിവിന്‍ പോളിയുടെ ഒരു കട്ട ഫാൻ ആണ് ഞാൻ. അങ്ങനെയുള്ളൊരാൾക്കൊപ്പം ആദ്യ സിനിമ ചെയ്യാനാകുമ്പോൾ എന്താകും മനസിലെ അവസ്ഥയെന്നു പറയേണ്ടതില്ലല്ലോ. നന്നായി ചെയ്യുവാൻ കഴിയണം എന്ന ചിന്തയേയുള്ളൂ ഇപ്പോൾ മനസിൽ. പൂജയുടെ അന്ന് നിവിൻ പോളിയെ കണ്ടിരുന്നു. ഓൾ ദി ബെസ്റ്റ് പറഞ്ഞിട്ടാണു പോയത്. നന്നായി ചെയ്യണം എന്നു പറഞ്ഞു.

സിനിമയുടെ പേര്

ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഘടകങ്ങളിലൊന്ന് ഈ പേരാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള. അൽത്താഫ് ഈ ചിത്രത്തിന്റെ പേരു പറഞ്ഞപ്പോൾ തന്നെ ആകെ ‌എക്സൈറ്റഡ് ആയി. അടുത്തിടെയൊന്നും ഇത്രയും വെറൈറ്റി പേര് ഒരു പേര് കേട്ടിട്ടില്ല. ഇതു കേൾക്കുമ്പോൾ ആർക്കും തോന്നും ഒരു കൗതുകം. സിനിമ കണ്ടു കഴിയുമ്പോൾ ആ പേര് സിനിമയ്ക്ക് എത്രമാത്രം ചേരുന്നതാണെന്ന് മനസിലാകുകയും ചെയ്യും.

കോളജിലെ ഡാൻസ് വഴി മോഡലിങിലേക്ക് പിന്നെ....

ഞാൻ മെഡിക്കൽ കോളജിൽ രണ്ടാം വർഷം പഠിക്കുമ്പോള്‍ ഒരു പരിപാടിയ്ക്കായി കൊറിയോഗ്രഫി പഠിപ്പിക്കാനെത്തിയ ചേട്ടനുമായി നല്ല കൂട്ടായി. അഖിൽ ഷറീഫ് എന്നാണ് പേര് അദ്ദേഹത്തിന്റെ. അതിമനോഹരമാണ് അദ്ദേഹമെടുക്കുന്ന ഓരോ ചിത്രങ്ങളും. അദ്ദേഹത്തിന്റെ അമ്മയും അനിയത്തിയുമായൊക്കെ കൂട്ടാണ്. ഒരു ദിവസം വെറുതെ പുറത്തു പോയപ്പോൾ എന്റെ ഒരു ഫോട്ടോ എടുത്തു അദ്ദേഹം. ആ ഫോട്ടോ കണ്ടിട്ട് നല്ല ഫോട്ടോജനിക് ആണ് ഞാനെന്നു പറഞ്ഞു. പണ്ട് വനിതയുടെ കവർ ഗേൾ കോംപറ്റീഷനൊക്കെ അയക്കണമെന്നു കരുതിയതാ പിന്നെ വേണ്ടെന്നു വച്ചു എന്നൊക്കെ പറഞ്ഞപ്പോൾ അദ്ദേഹമാണ് പറഞ്ഞത് വനിതയിൽ എനിക്കൊരു സുഹൃത്തുണ്ട് അദ്ദേഹത്തെ കാണിക്കാമെന്ന്. അങ്ങനെ വനിതയുടെ ഫോട്ടോഗ്രാഫറായ ഹരികൃഷ്ണനു കൈമാറി. വനിതയുടെ ഫാഷൻ പംക്തിയിൽ എന്റെ കുറേ ചിത്രങ്ങൾ അച്ചടിച്ചു വന്നു. അതോടു കൂടിയാണ് മോഡലിങിൽ ഒരുപാട് അവസരങ്ങൾ തേടിയെത്തിയത്. അതുവഴിയാണ് സിനിമയും എന്നിലേക്കെത്തിയത്. ആദ്യമായി എന്റെയൊരു ആഡ് ഷൂട്ട് ചെയ്യുന്നത് ആക്ഷൻ ഹീറോ ബിജുവിന്റെ കാമറാമാനായ അലക്സ് ജെ പുളിക്കൽ ആണ്.

aishwarya-6

ഡെർമറ്റോളജി പഠിക്കണം, ഒപ്പം സിനിമയും

അച്ഛനും അമ്മയ്ക്കും ഞാൻ ഒറ്റ പുത്രിയാണ്. രണ്ടു പേരും സർക്കാർ ഉദ്യോഗസ്ഥര്‍. തിരുവനന്തപുരത്താണ് ജനിച്ചതും വളർന്നതുമെല്ലാം. പഠനത്തിനായാണ് എറണാകുളത്തേക്കു പോന്നത്. എന്റെ വീട്ടിലാർക്കും സിനിമാ മേഖലയുമായി യാതൊരു ബന്ധവുമില്ല. ചെറുപ്പത്തിലൊക്കെ വല്ലപ്പോഴുമാണ് സിനിമ കണ്ടിരുന്നതു പോലും. അതൊരു കരിയറായി എടുക്കണമെന്നു പോലും ചിന്തിച്ചിട്ടേയില്ല ഒരിക്കലും. മോഡലിങു പോലും ചെയ്യുമെന്ന് കരുതിയ ഒരാളല്ല. അച്ഛനും അമ്മയ്ക്കും ഞാൻ സിനിമയിൽ അഭിനയിക്കുന്നതിനോട് എതിർപ്പൊന്നുമില്ല. നിനക്കിത് ആഗ്രഹമുണ്ടെങ്കിൽ ചെയ്തോളൂ. പക്ഷേ കരിയർ മറക്കരുത് , അതുപോലെ സ്വയം സുരക്ഷയും നോക്കിക്കൊള്ളണം എന്നാണ് അവരുടെ നിലപാട്. സിനിമാ മേഖലയെ പറ്റി അറിയാത്തതിന്റെ ഒരു ടെൻഷനുണ്ട് അവർക്ക്. കരിയറും പഠനവും ഒരു കോട്ടവും വരുത്താതെ ഒപ്പം കൊണ്ടുപോകണം എന്നു നിർബന്ധവുമുണ്ട് രണ്ടാൾക്കും. എന്റെ ആഗ്രഹവും അതാണ്. ത്വക് രോഗ പഠന ശാസ്ത്രത്തിൽ ഉപരിപഠനം നടത്തണം എന്നാണ് ചിന്തിക്കുന്നത്. എംബിബിഎസ് കഴിഞ്ഞു മാത്രം സിനിമ ചെയ്യുവാനിറങ്ങിയതും അതുകൊണ്ടാണ്.

കൊതിപ്പിക്കുന്ന വേഷങ്ങൾ

സിനിമയിൽ എത്രകാലം നിൽക്കാനാകും എന്നത് നമ്മുടെ ആക്ടിങിനെ ആശ്രയിച്ചിരിക്കുമല്ലോ. ചെയ്യുന്ന വേഷങ്ങൾ ഏതായാലും നന്നായി ചെയ്യണം എന്നേ കരുതുന്നുള്ളൂ. സ്ത്രീ പ്രാതിനിധ്യമുള്ള, അഭിനയ പ്രാധാന്യമുള്ള സിനിമകൾ അങ്ങനെ കുറച്ചു നല്ല സിനിമകൾ ചെയ്യണമെന്നുണ്ട്.