Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്കമാലിയിലെ പ്രധാനമന്ത്രി !

lijo-jose

അങ്കമാലിയില്‍ നിന്ന് അങ്കത്തിനിറങ്ങിയ ലിജോ ജോസ് പല്ലിശേരിയും പിള്ളേരും പ്രേക്ഷലക്ഷങ്ങളുടെ ഹൃദയത്തിന്റെ താളുകളില്‍ ഇടം കണ്ടെത്തി കഴിഞ്ഞു. കട്ട ലോക്കല്‍ കഥയുമായി 86 പുതുമുഖങ്ങളെ അണിനിരത്തി കട്ട പരീഷണത്തിനിറങ്ങിയ അങ്കമാലി ഡയറീസ് നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ഡബിള്‍ ബാരലിനെതിരെ വിമര്‍ശനങ്ങളുടെ വെടിയുണ്ട ഉതിര്‍ത്ത സോഷ്യല്‍ മീഡിയ തന്നെ 'കട്ടലോക്കല്‍ സൂപ്പര്‍ ഹീറോ'യായി ലിജോ ജോസ് പല്ലിശേരിയെ അവരോധിച്ചു കഴിഞ്ഞു. ''അങ്കമാലിയുടെ പ്രധാനമന്ത്രി ആരാന്നാ പറഞ്ഞേ'' എന്ന വര്‍ഷങ്ങളായുള്ള ദാര്‍ശനിക സമസ്യക്കും സോഷ്യല്‍ മീഡിയം ഉത്തരം കണ്ടെത്തി കഴിഞ്ഞു. പരീക്ഷണ സിനിമകളുടെ ആശാനായ ലിജോ ജോസ് പല്ലിശേരി മനസ്സ് തുറക്കുന്നു...
 
.അങ്കമാലിക്കാരുടെ കട്ട ലോക്കല്‍ കഥ സിനിമയാകുന്നത് എങ്ങനെയാണ് 

അങ്കമാലിയിലെ സംഭവങ്ങളും അങ്കമാലിക്കാരുടെ രസകരമായ കഥകളും ചെമ്പന്‍ പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ അത് തമാശകഥകളാകും മറ്റു ചിലപ്പോള്‍ കുറ്റകൃത്യങ്ങളെക്കുറിച്ചാകും. ചെമ്പന്റെ ഇത്തരം സംഭാഷണങ്ങളില്‍ നിന്നാണ് എന്തുകൊണ്ട് ഇതൊരു സിനിമയാക്കികൂടാ എന്ന ആശയം ഉണ്ടാകുന്നത്. ചെമ്പന്റെ കയ്യില്‍ ഒരുപാട് മെറ്റീരിയൽസ് ഉണ്ടായിരുന്നു. പലവട്ടം ചര്‍ച്ച ചെയ്താണ് അതിനെ ഇപ്പോള്‍ കാണുന്ന സിനിമയുടെ രൂപത്തിലേക്കു ചെറുതാക്കിയെടുത്തത്.

ഇത് ഒരു നാടിന്റെ കഥയായതു കൊണ്ടു തന്നെ ആ നാട്ടുകാരന്‍ കൂടിയായ ചെമ്പന്‍ തന്നെ ഈ സിനിമ സംവിധാനം ചെയ്യുന്നതാകും ഉചിതമെന്ന പക്ഷക്കാരനായിരുന്നു ഞാന്‍. ചെമ്പനെ ഈ സിനിമ സംവിധാനം ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിച്ചിരുന്നു. അവസാനം കറങ്ങി തിരിഞ്ഞു ഇത് മ്മടെ കയ്യില്‍ തന്നെ വന്നു. 

.86 പുതുമുഖങ്ങളുമായി കട്ട പരീക്ഷണമായിരുന്നല്ലോ

അങ്കമാലി ഡയറീസ് പ്രേക്ഷകര്‍ക്കു പരിചിതമല്ലാത്ത ഒരു നാടിന്റെ കഥയാണ്. ആ നാടിന്റെ കഥ പറയുമ്പോള്‍ പ്രേക്ഷകര്‍ക്കു പരിചിതമായ മുഖങ്ങളിലൂടെ ആവരുത് അതെന്നു നിര്‍ബന്ധമുണ്ടായിരുന്നു. വിഷയത്തിലെ ഫ്രഷ്‌നസ് കഥാപാത്രങ്ങളിലും പ്രതിഫലിക്കണമെന്നു തോന്നി. വ്യക്തിപരമായി പുതുമുഖങ്ങളെ മുന്‍നിര്‍ത്തി സിനിമയെടുക്കുക എന്നത് ദീര്‍ഘകാലമായൊരു ആഗ്രഹം കൂടിയായിരുന്നു. പുതിയ കലാകാരന്‍മാര്‍ വരുന്നത് നല്ലതല്ലേ. അത് ഇന്‍ഡസ്ട്രീക്കും നല്ലതല്ലേ. ഇന്‍ഡസ്ട്രീ കൂടുതല്‍ പ്രതിഭാ സമ്പന്നമാകും. 

lijo-jose-4

ഓരോ കഥാപാത്രത്തിനു യോജിച്ച മുഖങ്ങളെ കണ്ടെത്തുക എന്നത് ശ്രമകരമായിരുന്നു. ഒരുപാട് സമയമെടുത്തു തന്നെയാണ് കാസ്റ്റിങ് നടത്തിയത്. ഒറ്റ ഡയലോഗുള്ള കഥാപാത്രത്തിനു പോലും കൃത്യമായ സ്‌ക്രീന്‍ സ്‌പേസ് നല്‍കി തന്നെയാണ് സിനിമയൊരുക്കിയിരിക്കുന്നത്. 

നമ്മുക്ക് ചുറ്റുമുള്ള ഇന്‍ഡസ്ട്രീകളിലെല്ലാം വലിയ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മുടെ ചലച്ചിത്ര മേഖല ഇപ്പോഴും അഞ്ചോ-എട്ടോ പേരിലേക്കു ചുരുങ്ങി പോകുന്നു. നമ്മുക്ക് പ്രതിഭാധനരായ അഭിനേതാക്കളെ കിട്ടാഞ്ഞിട്ടല്ല മറിച്ച് അവര്‍ക്ക് ഇടം കണ്ടെത്തി കൊടുക്കാന്‍ നമ്മുടെ ഭാഗത്ത് നിന്ന് ആത്മാര്‍ഥമായ ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്നതാണ് സത്യം. പുതിയ കലാകാരന്‍മാരെ പരിചയപ്പെടുത്താന്‍ നല്ല ശ്രമങ്ങള്‍ ഉണ്ടാകണം.

.പാട്ടും പടപിടിത്തവും കത്രികപണിയേയും കുറിച്ച് 

അങ്കമാലി ഡയറീസ് ഒരു ടീം വര്‍ക്കാണ്. കൂറെ മനുഷ്യരുടെ ആത്മാര്‍ഥമായ പരിശ്രമത്തിന്റെ വിജയമാണിത്. കഥാപാത്രങ്ങള്‍ എല്ലാം പുതുമുഖങ്ങളായിരുന്നതു കൊണ്ടു തന്നെ സാങ്കേതിക പ്രവര്‍ത്തകരുടെ കാര്യത്തില്‍ വീട്ടുവീഴ്ച ചെയ്യാന്‍ പറ്റില്ലായിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച ടെക്‌നിഷ്യന്‍സിനെ തന്നെയാണ് സിനിമക്കായി അണിനിരത്തിയത്. കട്ടുകള്‍ പരാമാവധി ഒഴിവാക്കി കഥ പറയാനാണ് ശ്രമിച്ചിരിക്കുന്നത്.

പ്രേക്ഷകര്‍ക്കു ഒരു സംഭവം നേരിട്ടു പോയി കാണുന്ന പ്രതീതി ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. പ്രേക്ഷകര്‍ക്കു അത് അനുഭവിച്ചറിയാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിന്റെ എല്ലാ ക്രെഡിറ്റും ക്യാമറമാന്‍ ഗിരീഷ് ഗംഗാധരന് അവകാശപ്പെട്ടതാണ്. ഒരു സംവിധായകനു രംഗങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ മാത്രമേ പറ്റു. കഥാപാത്രത്തിന്റെ എന്‍ട്രിയും എക്‌സിറ്റും എങ്ങനെയായിരിക്കണമെന്നു നിര്‍വച്ചിക്കാനെ പറ്റു. അതിനു പിന്നിലുള്ള ശാരീരിക അദ്ധ്വാനം മുഴുവന്‍ ഛായാഗ്രാഹകന്റേതാണ്. ക്ലൈമാക്‌സ് രംഗങ്ങളില്‍ അത്രയും ആളുകളുടെ ഇടിയിലൂടെ ക്യാമറയുമായി ഓടി നടന്നു ചിത്രീകരിച്ച് അത് ഏറ്റവും മനോഹരമാക്കി മാറ്റാന്‍ ഗിരീഷ് എടുത്തിരിക്കുന്ന പ്രയത്‌നം ചില്ലറയല്ല. 

lijo-jose-girish ഛായാഗ്രാഹകന്‍ ഗിരീഷിനൊപ്പം

ഷമീര്‍ മുഹമ്മദ് പോയ വര്‍ഷ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ വ്യക്തിയാണ്. സത്യത്തില്‍ ഷമീറിനെ ഈ പ്രൊജക്റ്റിന്റെ ഭാഗമാക്കുക എന്ന ജോലി മാത്രമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളു. ജെര്‍ക്കിങ് ഇല്ലാത്ത കഥാപാത്രകളുടെ സ്‌പേസിങ്ങിനെ കൃത്യമായി അടയാളപ്പെടുത്തി അവരുടെ പ്രതികരണങ്ങളെ കൃത്യതയോടെ ഹോള്‍ഡ് ചെയ്ത് അദ്ദേഹം എഡിറ്റിങ് ഗംഭീരമാക്കി. 
അദ്ദേഹത്തിന്റെ സ്വന്തമായ സംഭാവനകളും സിനിമയില്‍ പലയിടത്തും ഉണ്ട്. ലിച്ചിയുടെ കഥാപാത്രം ഗള്‍ഫിലേക്ക് പോയി കഴിഞ്ഞിട്ടുള്ള മൊണ്ടാഷില്‍ പെപ്പേ ഒറ്റക്കുള്ള ട്രെയിന്‍ പാസിങ് ഷോട്ടുകളുണ്ട്. സത്യത്തില്‍ ആ രംഗം അങ്ങനെയായിരുന്നില്ല പ്ലാന്‍ ചെയ്തിരുന്നത്. അത് ഷമീറിന്റെ കോണ്‍ട്രിബ്യൂഷനായിരുന്നു. അത്തരത്തില്‍ സിനിമയിലെ ഓരോ അണിയറ പ്രവര്‍ത്തകരും അവരുടേതായ ഇന്‍പുട്ടുകള്‍ കൂടി നല്‍കി സിനിമയെ മികച്ചതാക്കി തീര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. 

lijo-jose-shameer ഷമീറിനൊപ്പം ലിജോ

പ്രശാന്ത് പിള്ളയെക്കുറിച്ച് ഞാന്‍ പ്രത്യേകിച്ച് എന്തെങ്കിലും പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ഞങ്ങള്‍ തമ്മിലൊരു വൈകാരിക ബന്ധമുണ്ട്. പ്രശാന്തിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ വളരെ കംഫര്‍ട്ടബിളാണ് ഞാന്‍. ഒരോ സന്ദര്‍ഭത്തിനും ഞാന്‍ എന്തു തരം പാട്ടും പശ്ചാത്തല സംഗീതവുമാണ് മനസ്സില്‍ ഉദ്ദേശിക്കുന്നത് അത് വളരെ അനായാസമായി സൃഷ്ടിക്കാന്‍ പ്രശാന്തിനു എപ്പോഴും കഴിയാറുണ്ട്. സിനിമയുടെ ചിത്രീകരണവേളയില്‍ ഞാന്‍ ഏറ്റവും ആസ്വദിക്കുന്നത് കംപോസിങാണ്. 

.പാട്ടിലെയും പശ്ചാത്തലത്തിലെയും നാടന്‍ ചേരുവകളെക്കുറിച്ച് 

ഒരു പ്രദേശത്തിന്റെ കഥ പറയുമ്പോള്‍ ആ നാടിന്റെ പ്രാദേശികമായ ഈണങ്ങളും പാട്ടുകളുമൊക്കെ ഉപയോഗപ്പെടുത്തുമ്പോഴാകും സിനിമ കൂടുതല്‍ ആസ്വാദ്യമാകുക. അങ്കമാലിക്കാരന്‍ പ്രാഞ്ചിയാശാനും അദ്ദേഹത്തിന്റെ ആശാന്‍ വര്‍ഗ്ഗീസുമാണ് പ്രാദേശിക ഈണങ്ങള്‍ കൂടുതലും ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയത്. 105 വയസ്സുള്ള വര്‍ഗ്ഗീസ് ആശാന്‍ ഈ പ്രായത്തിലും ആവേശത്തോടെ പാട്ടുകള്‍ക്കൊപ്പം താളം പിടിക്കും. സിനിമക്കു അനുയോജ്യമായ രീതി റീ-ക്രീയേറ്റ് ചെയ്തു താളത്തിലൊക്കെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ഈ ഈണങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. 

angamali-diaries

.ജയപരാജയങ്ങള്‍ക്കപ്പുറത്ത് വീട്ടുവീഴ്ചയില്ലാത്ത പരീക്ഷണങ്ങളണല്ലോ ഓരോ സിനിമയും 

ഒരേപോലുള്ള ഒരുപാട് സിനിമകള്‍ ചെയ്യുമ്പോള്‍ ഒരു സംവിധായകനു എന്ത് സംതൃപ്തിയാകും ആ വര്‍ക്കില്‍ നിന്ന് ലഭിക്കുക. സിനിമയെന്നല്ല എന്തു തരം കലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കലാകാരനും അദ്ദേഹം അതിനു മുമ്പ് ചെയ്തിട്ടുള്ള വര്‍ക്കുകളില്‍ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാനാണ് ശ്രമിക്കേണ്ടത്. മാസ്റ്റര്‍ ഫിലിം മേക്കഴ്‌സിനു വീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം അവരുടെ ഒരു സിനിമയും മറ്റൊരു സിനിമ പോലെയാകില്ല എന്നതാണ്. മലയാളത്തില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംവിധായകനാണ് കെ.ജി. ജോര്‍ജ്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഒന്നില്‍ നിന്ന് വ്യത്യസ്തമാണ്. ഞാന്‍ പിന്തുടരാന്‍ ശ്രമിക്കുന്നത് ജോര്‍ജ് സാറിന്റെ ശൈലിയാണ്. 

.അങ്കമാലിക്കാരെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന പേടിയുണ്ടായിരുന്നോ

ടെന്‍ഷന്‍ ഫ്രീയായിരുന്നു എന്നതാണ് സത്യം. നമ്മുടെ ഇന്‍ഡസ്ട്രീയില്‍ പലപ്പോഴും സംഭവിക്കുന്നത് ഒരു റിലീസ് തീയതി നിശ്ചയിച്ച് അതിന് അനുസരിച്ച് സിനിമ റീലിസ് ചെയ്യാനുള്ള ഓട്ടമാണ്. എങ്ങനെയെങ്കിലും പറഞ്ഞ തീയതില്‍ പടം റിലീസ് ചെയ്യുക എന്ന ഒറ്റ ലക്ഷ്യമേ ഉള്ളു. ഇതിനു മുമ്പുള്ള എന്റെ എല്ലാ സിനിമകളുടെയും റിലീസിങിനോട് അടുപ്പിച്ചുള്ള നാളുകളില്‍ ഞാന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. അങ്കമാലി ഡയറീസിന്റെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. ‌

lijo-jose-2

സിനിമ പലതവണ എഡിറ്റ് ചെയ്തു. അത്ര നന്നായി ഇല്ലെന്നു തോന്നിയ ചില രംഗങ്ങളും വീണ്ടും ഷൂട്ട് ചെയ്തു ചേര്‍ത്ത് ഒരു ഫുള്‍ പ്രൂഫ് പ്രിന്റായിട്ടാണ് റിലീസിനു തയ്യാറായത്. അങ്ങനെ ചെയ്യാനുള്ള ഒരു സ്‌പേസും സമയവും വിജയ് ബാബും നല്‍കി. സിനിമയുടെ തുടക്കം മുതല്‍ അദ്ദേഹം മികച്ച പിന്തുണ നല്‍കി. കാസ്റ്റിങ്, മേക്കിങ് ഉള്‍പ്പടെയുള്ള ഒരു കാര്യങ്ങളിലും അനാവശ്യമായി കൈകടത്താതെ ഇരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. 

നല്ല രീതിയില്‍ സിനിമയെ മാര്‍ക്കറ്റ് ചെയ്യാനും പ്രൊഡക്ഷന്‍ ഹൗസിനു കഴിഞ്ഞിട്ടുണ്ട്. പുതുമുഖതാരങ്ങളുടെ സിനിമകള്‍ സാധാരണ മാര്‍ക്കറ്റ് ചെയ്യുന്ന ശൈലിയില്‍ നിന്ന് വ്യത്യസ്തമായി ഒരു താരമൂല്യമുള്ള സിനിമ മാര്‍ക്കറ്റ് ചെയ്യുന്ന രീതിയില്‍ തന്നെ അങ്കാമലി ഡയറീസിനെ പ്ലേയ്‌സ് ചെയ്തിട്ടുണ്ട്. സിനിമ നല്ലരീതിയില്‍ ആളുകളിലേക്ക് റീച്ചാകാനും അത് സഹായിച്ചിട്ടുണ്ട്. റിലീസിനു തൊട്ടുമുമ്പു നടത്തിയ പ്രിവ്യു ഷോ നല്ലൊരു ആശയമായിരുന്നു. സിബി മലയില്‍, ജോഷി, ലാല്‍ ജോസ്, ടൊവീനോ തോമസ്, സണ്ണി വെയ്ന്‍, ആസിഫ് അലി തുടങ്ങി സിനിമാ മേഖലയില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖര്‍ പ്രിവ്യൂ ഷോ കാണാന്‍ എത്തിയിരുന്നു. സിനിമയെക്കുറിച്ച് അവര്‍ പങ്കുവെച്ച പ്രതികരണങ്ങളും സിനിമയുടെ വിജയത്തില്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. 

lijo-jose-6

.സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴയാണല്ലോ

സിനിമ അത്രത്തോളം ആഴത്തില്‍ പ്രേക്ഷകരുടെ മനസ്സില്‍ രജിസ്റ്റര്‍ ചെയ്തു എന്നതുകൊണ്ടാണല്ലോ ട്രോളുകള്‍ ഉണ്ടാകുന്നത്. അതുകൊണ്ടു തന്നെ ഒരുപാട് സന്തോഷം. പലരും അങ്കമാലി ഡയറീസിന്റെ പോസ്റ്ററുകള്‍ അവരുടെ നാടിന്റെ ഛായായില്‍ റീക്രീയേറ്റ് ചെയ്യുന്നുണ്ട്. ഏതൊരു സിനിമ ഇറങ്ങിയാലും സോഷ്യല്‍ മീഡിയയില്‍ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകള്‍ വരാറുണ്ട്. ബോക്‌സ് ഓഫിസില്‍ മികച്ച വിജയം നേടിയ ആമേനിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റുകളുണ്ടായിരുന്നു.

ഡബിള്‍ ബാരല്‍ ഇറങ്ങിയ സമയത്ത് നെഗറ്റീവ് പ്രതികരണങ്ങളായിരുന്നു ഏറെയും. എന്നാല്‍ അങ്കമാലി ഡയറീസിനു ഇതുവരെ എല്ലായിടത്തും നിന്നു പൊസ്റ്റീവായ പ്രതികരണങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. യുവതലമുറക്കൊപ്പം ഫീമെയില്‍ ഓഡിയന്‍സും ഫാമിലി ഓഡിയന്‍സും പതുക്കെ പതുക്കെ സിനിമയെ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്.   
 

Your Rating: