Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

24 ന്റെ ഡയറക്ടർ കിലുക്കം കണ്ടത് 1000 തവണ

vikram-suriya വിക്രം കുമാർ സൂര്യയ്ക്കൊപ്പം

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ നോക്കിയിരിക്കുന്നത് ഈ രണ്ട് അക്കത്തിലേക്കാണ്. 24. സൂപ്പർതാരം സൂര്യ മൂന്നു വേഷത്തിലെത്തുന്ന ടൈം ട്രാവലർ ചിത്രം 24 ഉം മലയാളിയും തമ്മിൽ ഒരു വലിയ ബന്ധമുണ്ട്. മോഹൻലാലിനെ വച്ചൊരു സിനിമ സ്വപ്നം കാണുന്ന, ആയിരംവട്ടം കിലുക്കമെന്ന ചിത്രം കണ്ട, തൃശൂരുകാരനായ വിക്രം കുമാറിന്റെ സിനിമയാണ് 24. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും സിനിമാസ്വപ്നങ്ങളും മനോരമ ഓൺലൈനിലൂടെ പങ്കുവച്ച് വിക്രം....

സത്യത്തിൽ സൂര്യ ആയിരുന്നില്ല എന്റെ മനസിൽ

മൂന്ന് നാല് വർഷമായി ഈ സിനിമയുടെ കഥ എഴുതിത്തുടങ്ങിയിട്ട്. മനം എന്ന തെലുങ്ക് സിനിമയ്ക്ക് ശേഷം സൂര്യ എന്നെ വിളിച്ചിരുന്നു. മനം തമിഴിൽ റീമേക്ക് ചെയ്യാമോ എന്ന് ചോദിച്ച്. അന്നേരമാണ് ഞാൻ 24 ന്റെ കാര്യം പറയുന്നത്. കഥ കേട്ട് അദ്ദേഹത്തിന് ഇഷ്ടമായി. വേഷം ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു. സത്യത്തിൽ കഥയെഴുതുന്ന സമയത്ത് സൂര്യയായിരുന്നില്ല മനസിൽ.

24-making-1 ഛായാഗ്രാഹകൻ തിരുവും സൂര്യയും

താരമൂല്യവും അഭിനയ പ്രതിഭയുമുള്ള ഒരാളെത്തന്നെ ചിത്രത്തിലേക്ക് വേണമായിരുന്നു. തെലുങ്കിലെ രണ്ട് താരങ്ങളായിരുന്നു മനസ്സിലുള്ളത്. പക്ഷേ സൂര്യ സർ ഇത് സമ്മതിച്ചപ്പോൾ മറ്റൊരാളെ കുറിച്ച് ചിന്തിക്കേണ്ടതില്ലല്ലോ. അദ്ദേഹത്തിന് മുകളിൽ പറഞ്ഞ ഈ രണ്ടു ക്വാളിറ്റിയുമുണ്ടല്ലോ.

ഇന്ത്യൻ സിനിമയിലെ ആദ്യത്തെ സംഭവമൊന്നുമല്ല എന്റെ ചിത്രം. ഇത്തരത്തിലുള്ള ചിത്രങ്ങൾ കുറവാണ്. അതിലൊന്നാണെന്നു മാത്രം. പക്ഷേ സൂര്യ വില്ലൻ വേഷത്തിലെത്തുന്നുവെന്നത് പ്രത്യേകതയാണ്.

സൂര്യയില്ലായിരുന്നുവെങ്കിൽ ഈ പ്രൊജക്ട് നടക്കില്ലായിരുന്നു

അദ്ദേഹമില്ലായിരുന്നുവെങ്കിൽ ഈ പ്രോജക്ട് നടക്കുകയുമില്ലായിരുന്നു. ഈ ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് സൂര്യ. ഞാനെന്തൊക്കെയാണോ ആവശ്യപ്പെട്ടത് അതെല്ലാം തന്ന് ഒപ്പം നിന്നു. ഇങ്ങനെയൊരു ചിത്രത്തിന് നല്ലൊരു പ്രൊഡ്യൂസർ ഇല്ലായെങ്കിൽ ഒന്നും നടക്കില്ല. അഭിനേതാവു മാത്രമല്ല, തികവാർന്ന ഒരു ചലച്ചിത്ര നിർമ്മാതാവും കൂടിയാണ് സൂര്യ. അത്രയ്ക്ക് പിന്തുണയായിരുന്നു. സൂര്യയില്ലായിരുന്നുവെങ്കിൽ ഈ പടം ഞാൻ എടുക്കില്ലായിരുന്നുവെന്ന് പറഞ്ഞത് അതുകൊണ്ടാണ്. നിർമാതാവിന്റെ ചിത്രമെന്നു പറയുന്നതിലും തെറ്റില്ല. അത്രയ്ക്ക് നല്ലൊരു വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അഭിനയംകൊണ്ട് എന്നെ അത്ഭുതപ്പെടുത്തി. വില്ലൻ വേഷത്തിലെ സൂര്യ‌ അസാധ്യ പ്രകടനമാണ് പുറത്തെടുത്തത്. വില്ലനെന്നാൽ ഇതാണ്. അത്രേയ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

suriya-thiru

എന്റെ സിനിമയെ അങ്ങനെ കരുതല്ലേ

സൂര്യ മൂന്നു വേഷത്തിലെത്തുന്ന സൈന്റിഫിക് ത്രില്ലർ എന്നതൊന്നും കേട്ട് പേടിക്കേണ്ട. ഞാനൊരു ബുദ്ധിജീവി സംവിധായകനല്ല. എന്നെ സംബന്ധിച്ച് സിനിമയെന്നാൽ കംപ്ലീറ്റ് എന്റെർടെയിൻമെന്റ് ആണ്. അതിൽ നല്ലൊരു കഥയുണ്ട്, ത്രില്ലറുണ്ട്, പാട്ടുണ്ട്, കോമഡിയുണ്ട്, പ്രണയവും സസ്പെൻസും എല്ലാമുണ്ട്. 24 എന്ന സിനിമ തീർത്തും ലളിതമായിട്ടാണ് എടുത്തിരിക്കുന്നത്. ചിത്രം മനസിലായില്ല എന്നാരും പറയില്ല.

ഇഷ്ടമായോ ഇല്ലയോ എന്ന് പറയും. അത് ഓരോരുത്തരുടെ താൽപര്യങ്ങൾക്കനുസരിച്ചായിരിക്കുമല്ലോ. കുഞ്ഞു കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കണ്ടിരിക്കാനാകുന്ന ചിത്രം. പിന്നെ ഇത്രേം വലിയ തിരക്കഥയെ സിനിമയാക്കുമ്പോൾ എന്റെ മുന്നിലുണ്ടായിരുന്ന വെല്ലുവിളി എങ്ങനെ ഏറ്റവും ലളിതമായി ഈ സിനിമ ചെയ്തു തീർക്കുവാനാകും എന്നതായിരുന്നു. അതല്ലാതെ മറ്റൊന്നുമില്ലായിരുന്നു.

ട്രെയിലർ തന്നെ വൻ റീച്ച് ആയിരുന്നുവല്ലോ. സമ്മർദ്ദമുണ്ടോ?

ഓരോ പ്രോജക്ടിലേക്കുമിറങ്ങുമ്പോൾ നമ്മൾ അങ്ങനെ തന്നെയാകുമല്ലോ ചിന്തിക്കുക. ട്രെയിലർ ഇറങ്ങാന്‍ നേരം ഞാൻ അങ്ങനെതന്നെയാണ് ആഗ്രഹിച്ചത്. നല്ല റീച്ച് വരുകയും ചെയ്തു. അത് സമ്മർദ്ദമൊന്നുമുണ്ടാക്കുന്നില്ല. എല്ലാം ഒരു പ്രതീക്ഷയല്ലേ. അത്രേയുള്ളൂ.

24 New Official Trailer - Tamil | Suriya | Samantha | AR Rahman | 2D Entertainment | Vikram K Kumar

നാടുമായുള്ള അടുപ്പം?

തൃശൂരാണ് വീട്. ഇടയ്ക്കിടെയെത്താറുണ്ട്. ബന്ധുക്കളെല്ലാം അവിടെയാണ്. അമ്പലത്തിൽ പോകാനും അവധിക്കാലത്തും കല്യാണങ്ങള്‍ക്കുമൊക്കെയായിട്ട്. മനം എന്ന സിനിമയെഴുതുന്നതിനായി പത്തു ദിവസം നാട്ടിലുണ്ടായിരുന്നു. 24 ന്റെ കഥ ചെന്നൈ, ഹൈദരാബാദ്, ഊട്ടി എന്നിവിടങ്ങളിലൊക്കെയായിട്ടാണ് എഴുതി തീർത്തത്.

24-movie

സുന്ദരികളും, നല്ല അഭിനയവും

സാമന്തയും നിത്യയും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. സാമന്തയ്ക്കൊപ്പം എന്റെ രണ്ടാമത്തെ ചിത്രമാണ്. പിന്നെ രണ്ടു പേരും അതീവ സുന്ദരികളാണ്. അതുപോലെ നല്ല നടിമാരാണ്. അതിനേക്കാളുപരി സിനിമയ്ക്കായി എത്ര കഷ്ടപ്പെടുവാനും അവർക്ക് മടിയില്ല. എന്റെ എല്ലാ സിനിമകളിലും നായികമാർക്ക് പ്രാധാന്യമുണ്ട്. ഈ സിനിമയിലും അതുപോലെ തന്നെ. ചിത്രം കണ്ടിറങ്ങുമ്പോൾ ഇവരുടെ കഥാപാത്രങ്ങൾ നിങ്ങളുടെ മനസിനുള്ളിലുണ്ടാകും.

samantha-vikram സമാന്തയ്ക്കൊപ്പം

എന്നാണ് മലയാളിത്തിലേക്ക്

മലയാളത്തിലൊരു സിനിമ ചെയ്യണമെന്ന് അത്രയും മോഹമുണ്ട്. പക്ഷേ നമുക്ക് അവസരമെവിടെയാണോ ഉള്ളത് അവിടേക്കല്ലേ പോകുവാനാകൂ. എനിക്ക് മലയാളം ഇൻഡസ്ട്രി അത്രയ്ക്ക് പരിചയമൊന്നുമില്ല. പക്ഷേ സിനിമ ചെയ്യുവാനവസരം കിട്ടിയാൽ അതെന്റെ സ്വപ്നങ്ങളിലൊന്നിന്റെ സാക്ഷാത്കാരമാകും. ഇന്ത്യയില്‍ തന്നെ മികച്ച സിനിമകളിറങ്ങുന്ന ഇൻഡസ്ട്രി കേരളമാണ്. നവസംവിധായകരുടെ വലിയ കൂട്ടമുണ്ട്. അവർ മനോഹരമായ സിനിമകൾ ചെയ്യുന്നു. ഞാനതിൽ അഭിമാനിക്കുന്നൊരാളാണ്. മലയാളത്തിലൊരു സിനിമ ചെയ്യുവാൻ ഞാനും കാത്തിരിക്കയാണ്.

അധ്വാനിക്കുന്നവനേ െതറ്റുകൾ വരൂ എന്ന് പഠിപ്പിച്ച പ്രിയദർശൻ

പ്രിയദര്‍ശൻ സർ എന്റെ ഗുരുവാണ്. അദ്ദേഹത്തെ അസിസ്റ്റ് ചെയ്യാനായതിൽ ഞാൻ അഭിമാനിക്കുന്നു. അതൊരു ഭാഗ്യമായിട്ട് കരുതുന്നു. ബഹുമാനം നിറഞ്ഞ സ്നേഹമാണെനിക്ക് അദ്ദേഹത്തിനോട്. എന്റെ ഓരോ സിനിമ കഴിയുമ്പോഴും അദ്ദേഹം അതിനെ കുറിച്ചെന്നോട് സംസാരിക്കാറുണ്ട്.

suriya-vikram

പ്രിയദർശൻ സർ എപ്പോഴും പറയുന്നൊരു കാര്യമാണ് അധ്വാനിക്കുന്നവനേ തെറ്റുകളുണ്ടാകൂ. നിങ്ങളൊന്നും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾക്ക് പിഴവുകൾ വരില്ല. അതുകൊണ്ടു തന്നെ തെറ്റുകളിൽ ഒരിക്കലും ഭയപ്പെടേണ്ട കാര്യമില്ല. അതിൽ നിന്ന് അതിജീവിക്കുവാൻ പഠിക്കണം. ഒരു സിനിമയ്ക്കായി നിങ്ങൾ എത്രത്തോളം അധ്വാനിക്കുന്നുവെന്നതിലാണ് കാര്യം. ചന്ദ്രലേഖയെന്ന സിനിമയിലെ കാര്യം എനിക്കിപ്പോഴും ഓർമയുണ്ട്. വൻ താരനിരയായിരുന്നു. പക്ഷേ സെറ്റ് അത്രമാത്രം ഫണ്ണി ആയിരുന്നു. ചിരിച്ച് ചിരിച്ച് വയ്യാതായെന്ന് പറഞ്ഞാൽ മതി. ഇതെന്റെ ആദ്യ സിനിമയായിരുന്നു. സിനിമയെ കുറിച്ച് ഒന്നുമറിയാത്തൊരാൾ. അങ്ങനൊരാൾക്ക് കിട്ടിയ ഏറ്റവും നല്ല അനുഭവം.

മോഹൻലാലിനൊപ്പമൊരു സിനിമ,,,,അതൊരു സ്വപ്നം

സുരേഷ് ബാലാജി സാറിന്റെ ഓഫിസിൽ പോയിട്ട് ഇടയ്ക്കിടെ മോഹന്‍ലാൽ സാറിനെ കാണാറുണ്ട്. അദ്ദേഹത്തെ കാണുമ്പോൾ എന്താ ഞാൻ പറയുക. അത്രേം വലിയൊരാളല്ലേ. ഞാൻ ഹലോ പറയാറുണ്ട്. അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്ന മോഹമുണ്ട്. വലിയ ആഗ്രഹം. നടക്കുമോ ഇല്ലയോ എന്നൊന്നുമറിയില്ല. പക്ഷേ അതൊരു സ്വപ്നമാണ്.

surya-24-movie

അദ്ദേഹത്തിന്റെ സിനിമകളെല്ലാം എനിക്കിഷ്ടമാണ്. എങ്കിലും കിലുക്കമെന്ന ചിത്രം എന്റെ ഏറ്റവും പ്രിയപ്പെട്ടതാണ്. ഒരു ആയിരം പ്രാവശ്യമെങ്കിലും ഞാനത് കണ്ടിട്ടുണ്ട്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, വെള്ളാനകളുടെ നാട്, ബോയിങ് ബോയിങ്, മണിച്ചിത്രത്താഴ് അങ്ങനെയങ്ങനെ എത്രയോ ചിത്രങ്ങളുണ്ട്, ഇവയൊക്കെ എത്ര കണ്ടാലും എനിക്ക് മതിവരാത്ത ലാൽ ചിത്രങ്ങളാണ്. എത്ര അനായാസകരമായ, മനോഹരമായ അഭിനയമാണ് അദ്ദേഹമതിൽ കാഴ്ചവച്ചത്. നിഷ്കളങ്കമായ അഭിനയം. അതാണ് എന്നെ വീണ്ടും വീണ്ടും ഈ സിനിമകളിലേക്ക് അടുപ്പിക്കുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടം നേടിയെടുക്കുന്ന ചിത്രങ്ങള്‍. സ്വാഭാവിക അഭിനയത്തിന്റെ സൗന്ദര്യമുള്ള സിനിമകൾ.

suriya-vikram-samantha

അതുപോലെ അടുത്തിടെയിറങ്ങിയ മറ്റ് മലയാള ‌ചിത്രങ്ങളിൽ മഹേഷിന്റെ പ്രതികാരം എനിക്കേറ്റവും ഇഷ്ടമായി. സ്വാഭാവിക അഭിനയമുള്ള ചിത്രമാണത്.

റഹ്മാൻ സംഗീതം

ലോക സംഗീതജ്ഞൻ ഈ സിനിമയില്‍ സംഗീതമിട്ടതു തന്നെയാണ് മറ്റൊരു ഹൈലൈറ്റ്. അതൊരു അനുഗ്രഹമായി കാണുന്നു. റഹ്മാന്റെ ഈണങ്ങൾ നിറഞ്ഞു നില്‍ക്കുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. മനസു കീഴടക്കുന്ന സംഗീതം.

24 Tamil Full Songs | Audio Jukebox | A. R. Rahman

എങ്ങനെയാണ് ഇങ്ങനെയൊരു പ്രമേയത്തിലേക്കെത്തിയത്?

സമയത്തിലാണല്ലോ ലോകത്തിന്റെ സഞ്ചാരം. അത് തന്നെയാണ് ഇതിലേക്കെത്തിച്ചത്. സമയം, അതില്ലാതെ മറ്റൊന്നുമില്ലല്ലോ. കാത്തുനിൽക്കാത്തതും തിരിച്ചുപിടിക്കാനാകാത്തതുമായ കാര്യം. അതിനെ കുറിച്ചുള്ളതാണ് 24. സിനിമയെടുത്തു കഴിഞ്ഞപ്പോൾ ഞാനൊരുപാട് സന്തുഷ്ടനാണ്. പിന്നെ ഞാനെന്റെ മാക്സിമത്തിലാണ് ഈ സിനിമ ചെയ്തത്. ഇതിനുമപ്പുറം എനിക്കിതിലൊന്നും ചെയ്യുവാനുമില്ല. അത്രയ്ക്ക് അധ്വാനമെടുത്തിട്ടുണ്ട്.

ഇനി

അല്ലു അർജുനനെ നായകനാക്കി ചെയ്യുന്ന തെലുങ്ക് സിനിമയാണ് അടുത്ത പ്രോജക്ട്.