Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിനു മുന്നിൽ ഇന്ത്യ നാണം കെടുന്നു

aashiq-abu

നീണ്ട ഒരു യാത്രയുടെ ക്ഷീണത്തിലാണ് ആഷിക്ക് അബു സംസാരിച്ചു തുടങ്ങിയത്. സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ചൂടു പിടിച്ചപ്പോള്‍ ആലസ്യത്തിനു വിട നല്‍കി അദ്ദേഹം ഗിയര്‍ ഒന്ന് ചെയിഞ്ച് ചെയ്തു. ഹിമാലയത്തില്‍ തുടങ്ങി മൂന്നാറിലെ പെമ്പിളൈ ഒരുമൈ വരെ ചിന്തകള്‍ വഴിമാറി സഞ്ചരിച്ചപ്പോള്‍ സംഗതി ടോപ്പ് ഗിയറിലായി...

തന്‍റെ സിനിമകള്‍ വിമര്‍ശിക്കപ്പെടുമ്പോളും രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ ക്രൂശിക്കപ്പെടുമ്പോഴും തന്‍റേതായ വ്യത്യസ്ത വഴികളിലൂടെ യാത്ര തുടരാന്‍ തന്നെയാണ് അദ്ദേഹത്തിന്‍റെ തീരുമാനം.

റാണിയും പത്മിനിയും ചേര്‍ന്ന് ഒരു യാത്രയിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്നത്. ആ യാത്രക്കു പിന്നിലെ യാത്രക്കളിലേക്ക്...

വളരെ കാലങ്ങളായി മനസ്സിലുള്ള ഒരു ആശയമാണ് റാണിപത്മിനിയുടേത്. സിനിമയുടെ ഷൂട്ടിങ് തുടങ്ങും മുമ്പേ പ്രധാനപ്പെട്ട ലൊക്കേഷനിലൂടെയെല്ലാം യാത്ര ചെയ്തിരുന്നു. അത്തരം യാത്രകളിലൂടെയാണ് സിനിമയുടെ വണ്‍ലൈന്‍ ഉണ്ടാകുന്നതും. കഥാപത്ര സൃഷ്ടിക്കു പൂര്‍ണത ലഭിക്കുന്നതും. 

എന്‍റെ സിനിമകളില്‍ ഏറ്റവും കഠിനമായ ഷൂട്ടിങ് അനുഭവമായിരുന്നു റാണിപത്മിനിയുടേത്.  സാധാരണഗതിയില്‍ ഹിമാലയന്‍ പ്രദേശങ്ങളില്‍ റോതാങ് പാസ്(Rohtang Pass) വരെ മാത്രമേ വിനോദസഞ്ചാരികള്‍ക്കു യാത്ര ചെയ്യാന്‍ അനുമതിയുള്ളു. പ്രത്യേക അനുവാദം വാങ്ങിയാണ് ലേ ലഡാക്ക് (Lh Ladakh), ലഹോര്‍ വാലി പ്രദേശങ്ങളിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ഈ പ്രദേശങ്ങളിലേക്ക് കടക്കുമ്പോള്‍ മരങ്ങള്‍ നന്നേ കുറവാണ്. ഓക്സിജന്‍റെ അളവ് കുറഞ്ഞ് കുറഞ്ഞ് വരും. മൊബൈല്‍ നെറ്റ്-വര്‍ക്കൊന്നുമില്ല. കറന്‍റ് പോയാല്‍ എല്ലാം പോകും. മൂന്നു ദിവസം വരെ കറന്‍റ് ഇല്ലാതെ ഇരുന്നിട്ടുണ്ട്. പലരും ഷൂട്ടിങ്ങിനിടെ വീണു പോയിട്ടുണ്ട്. സൗണ്ട് റെക്കോര്‍ഡിങ് ടെക്നിഷ്യനു ശ്വാസം കിട്ടാത്ത അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. വളരെ ദുഷ്കരമായ ഷൂട്ടിങ്ങായിരുന്നു. പിന്നെ എന്നൊടൊപ്പമുള്ള സദാ എനര്‍ജെറ്റിക്കായ ഒരുപറ്റം ചെറുപ്പക്കാരുടെ ടീം സ്പിരിറ്റ് കാരണമാണ് പ്രതിസന്ധികളെ കൂളായി അഭിമുഖികരിക്കാന്‍ കഴിഞ്ഞത്. വളരെ ആസ്വദിച്ചും സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ഷൂട്ട് ചെയ്തത്. 

aashiq-rima

നായക കേന്ദ്രീകൃതമായ മലയാളത്തില്‍ രണ്ടു സ്ത്രീകളെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുമ്പോള്‍ വെല്ലുവിളിയില്ലേ

റാണി പത്മിനി എന്ന സിനിമയിലേക്കുള്ള പ്രേരണ അല്ലെങ്കില്‍ പ്രചോദനം അധികമാരും എക്സ്പ്ലോര്‍ ചെയ്യാത്ത ഒരു ജോണറിലൂടെ സഞ്ചരിക്കുക എന്നതായിരുന്നു. രണ്ടു പെണ്‍കുട്ടികളുടെ യാത്രയും അതിനിടയിലുണ്ടാകുന്ന രസകരമായ സംഭവങ്ങളും രണ്ടു ഫീമെയില്‍ ക്യാരക്റ്റേഴ്സ് തമ്മിലുള്ള ഇമോഷണല്‍ ബോണ്ടിങുമൊക്കെ ഇതുവരെ മലയാളത്തിലോ മറ്റു ഇന്ത്യന്‍ഭാഷകളിലോ സിനിമക്കു വിഷയമായിട്ടില്ല. അത്തരത്തില്‍ വേറിട്ടൊരു വഴിയിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ചതിന്‍റെ ഭാഗമായിട്ടാണ് ഈ സിനിമ രൂപപ്പെടുന്നത്. ചിത്രത്തിന്‍റെ ഘടന അല്ലെങ്കില്‍ തിരക്കഥ ഡിമാന്‍റ് ചെയ്യുന്നത് രണ്ട് നായികമാരെയാണ്. 

തീര്‍ച്ചയായിട്ടും നമ്മുടെ നാട്ടില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്കു വലിയ ആരാധക പിന്തുണ ഉണ്ട്. പക്ഷേ  താരങ്ങള്‍ക്കു അതീതമായി സിനിമയെന്ന കലാരൂപത്തെ സ്നേഹിക്കുന്ന ഒരു വിഭാഗം ഇപ്പോഴും നമ്മുടെ നാട്ടിലുണ്ടെന്നാണ് എന്‍റെ വിശ്വാസം. സിനിമയുടെ ക്രാഫിറ്റിനെയും കഥപറച്ചിലിനെയും സൂക്ഷമായി നിരീക്ഷികുന്ന സിനിമയെ പ്രണയിക്കുന്ന ആ വിഭാഗം റാണി പത്മിനിയും ഏറ്റെടുക്കുന്നു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. 

എന്താണ് നായികമാര്‍ക്ക് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാകാത്തത്

നായികമാര്‍ക്ക് ഫാന്‍സ് ഇല്ലെന്നു പറയാന്‍ പറ്റില്ല. ഖുശ്ബുവിന്‍റെ പേരില്‍ തമിഴ്നാട്ടില്‍ ക്ഷേത്രമുണ്ടായി. ഏറെക്കാലം കൃത്യമായ ഫാന്‍ ഫോളോവിങുള്ള നടിയായിരുന്നു ഐശ്യര്യറായി. ആലിയഭട്ടിന്‍റെയും നയന്‍താരയുടെയും ചിത്രങ്ങള്‍ കൃത്യമായി ഫോളോ ചെയ്യുന്നവരുണ്ട്. മഞ്ജു വാരിയരുടെ തിരിച്ചു വരവ് വാര്‍ത്തയായത് തന്നെ അവരെ ഇപ്പോഴും ഒരുപാട് പ്രേക്ഷകര്‍ സ്നേഹിക്കുന്ന എന്നതിന്‍റെ തെളിവാണ്. സ്ത്രീ പ്രേക്ഷകരാണ് കൂടുതലും അഭിനേത്രികളുടെ ആരാധകര്‍. അവര്‍ തോരണം കെട്ടിയും കൂക്കി വിളിച്ചും ആരാധന കാണിക്കുന്നില്ല എന്നു മാത്രം. ഫാന്‍സുണ്ട് അവ ഫാന്‍സ് അസോസിയേഷനായി മാറുന്നില്ല എന്നു മാത്രം.  

manju-rani

തിരിച്ചു വരവില്‍ മഞ്ജു വാരിയര്‍ ‘ഭര്‍ത്താവിനു വേണ്ടാത്തവള്‍’ ഇമേജില്‍ കുടുങ്ങി കിടക്കുകയാണ് റാണിപത്മിനിയിലും ഇതിനു മാറ്റം വന്നിട്ടില്ലല്ലോ.

അത് തികച്ചും യാദൃചികമായി സംഭവിച്ചതാണ്. ‘ഹൗ ഓള്‍ഡ് ആര്‍ യു’ പുറത്തു വരുമ്പോള്‍ തന്നെ റാണിപത്മിനിയുടെ കഥ രൂപപ്പെട്ടിരുന്നു. ഇതിനിടയില്‍ അതേ സ്വാഭവമുള്ള ഒരു സിനിമ കൂടി കടന്നു വന്നു. അതുകൊണ്ടാണ അങ്ങനെയൊരു തോന്നല്‍ ബലപ്പെട്ടതെന്നു എനിക്ക് തോന്നുന്നു. അത് കാലക്രേമണ മാറും. നമ്മളതിനെയൊരു തുടര്‍ച്ചയായി കാണുന്നിടത്താണ് പ്രശ്നം. റാണിപത്മിനിയെ സ്വതന്ത്രമായി നില്‍ക്കുന്ന ഒരു സിനിമയായി പരിഗണിക്കുമ്പോള്‍ ഈ പ്രശ്നമില്ല. 

റിമയോടൊപ്പമുള്ള ഓഫ് സ്ക്രീന്‍ കെമിസ്ട്രി സിനിമയുടെ ചിത്രീകരണവേളയില്‍ പ്രതിഫലിച്ചിട്ടുണ്ടോ 

തീര്‍ച്ചയായിട്ടും. റാണിയെന്ന കഥാപാത്രമായിട്ടു മാത്രമല്ല റിമ ഈ സിനിമയുടെ ഭാഗമാകുന്നത്. ചിത്രത്തിന്‍റെ പ്രാരംഭ ചര്‍ച്ചകള്‍ മുതല്‍ റിമ ‍ഞങ്ങളുടെ ടീമിന്‍റെ ഭാഗമാണ്. എന്നോടൊപ്പം 24 മണിക്കൂറും ഒരേ വേവ് ലെങ്തോടെ റിമ ഉണ്ടായിരുന്നു. സിനിമയുടെ ഓരോ ഘട്ടത്തിലും കൂടെയുണ്ടായിരുന്നതു കൊണ്ടു തന്നെ സിനിമയുടെ പള്‍സ് കൃത്യമായി റിമക്കു അറിയാമായിരുന്നു. അത് വര്‍ക്ക് ചെയ്യുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. 

aashiq-abu-rima

സിനിമയെ ഒരു ദൃശ്യകലയായി കാണാനാണോ കൂടുതല്‍ ഇഷ്ടം   ദൃശ്യങ്ങളിലൂടെ കഥപറയാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ഇതിന്‍റെ തിരക്കഥാകൃത്തില്‍ ഒരാളായ ശ്യാം വല്ലാത്തൊരു തരം വിത്ത് കയ്യിലുള്ള വ്യക്തിയാണ്. വിഷ്വല്‍ സെന്‍സിബിലിറ്റിയുള്ള എഴുത്തുകാരനാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ സ്ക്രീന്‍ പ്ലേ പരിശോധിച്ചാല്‍ മനസ്സിലാകും സംഭാഷണങ്ങള്‍ കുറവും ദൃശ്യഭാഷക്കുള്ള സ്പേസ് കൂടുതലാണെന്നും. പലപ്പോഴും അതില്‍ കഥയില്ലായ്മയും സ്ക്രിപിറ്റിനു ബലം കുറവുണ്ടെന്നും വിമര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും അതിനെ ദൃശ്യഭാഷയിലൂടെ മറികടക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് എന്‍റെ വിശ്വാസം. 

aashiq

ആവിഷ്കാര സ്വതന്ത്ര്യത്തിനു വലിയ ഭീഷണി നേരിടേണ്ടി വരുന്നു. പലരും എഴുത്തു നിര്‍ത്തുന്നു, കൊല്ലപ്പെടുന്നു, വധഭീഷണി നേരിടുന്നു, എങ്ങനെ പ്രതികരിക്കുന്നു 

ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലയിലല്ല ഞാന്‍ ഇത്തരം വിഷയങ്ങളെ കാണുന്നത് മറിച്ച് ഒരു സാധാരണ പൗരന്‍ എന്ന നിലയിലാണ്. അപകടം പിടിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഈ പോക്ക് എങ്ങോട്ടാണെന്ന് പകല്‍വെളിച്ചം പോലെ നമ്മുക്ക് വ്യക്തമാണ്. ഒരു പൗരന്‍ എന്ന നിലയില്‍ ഇത്തരം വിഷയങ്ങളെ കണ്ടില്ലെന്നു നടിക്കാനോ പ്രതികരിക്കാതെ ഇരിക്കാനോ എങ്ങനെ കഴിയുമെന്ന ചോദ്യമാണ് എന്‍റെ മനസ്സിലുള്ളത്.

ലോകത്തിന്‍റെ മുന്നില്‍ ഇന്ത്യ ഓരോ ദിവസവും നാണംകെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.  അസംബന്ധമായ കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ലജ്ജിച്ച് തലതാഴ്ത്തേണ്ടി വരുന്നു നമ്മുക്ക്. ജനാധിപത്യത്തിനു തന്നെ വെല്ലുവിളിയാണ് ഇത്തരം പ്രവണതകള്‍. 

aashiq-team

എന്നെയും നിങ്ങളെയും നമ്മള്‍ ഓരോരുത്തരേയും മുന്നോട്ട് നയിക്കുന്നത് സ്വാതന്ത്ര്യമാണ്. ഫ്രീഡമാണ് നമ്മുക്ക് ക്രിയാത്മകമായ ഒരു സ്പേസ് നല്‍കുന്നത്.

കല ഒരു പ്രതിരോധം കൂടിയാണല്ലോ, പ്രതിഷേധവും പ്രതിരോധവും തീര്‍ക്കുന്ന സിനിമകളുടെയോ സാംസ്കാരിക കൂട്ടായ്മയുടെയോ ഭാഗമായിട്ട് ആഷിക്കിനെ പ്രതീഷിക്കാമോ

തീര്‍ച്ചയായിട്ടും. ഇന്ത്യയിലുടനീളം കലാകാരന്‍മാരുടെ പ്രതിഷേധം ശക്തമാകുകയാണ്. പലരും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരികെ നല്‍കി കഴിഞ്ഞു. സംഘടന അംഗത്വം രാജിവെച്ചും ചിലര്‍ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. ഇതൊരു വലിയ മൂവ്മെന്‍റായി മാറുക തന്നെ ചെയ്യും. 

എന്‍റെ രാഷ്ട്രീയം എന്നത് ഹ്യൂമാനിറ്റിയുമായി അടുത്തു നില്‍ക്കാനുള്ള ശ്രമം കൂടിയാണ്. അത്തരത്തില്‍ ക്രിയാത്മകമായി രാഷ്ട്രീയം പറയുന്ന സിനിമകള്‍ ഇനിയും പ്രതീഷിക്കാം.

ഇടത്പക്ഷ സഹയാത്രികനാണല്ലോ ആഷിക്ക്. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പല സമരങ്ങളിലും വ്യക്തമായ നിലപാട് എടുക്കുന്നില്ല എന്ന തോന്നലുണ്ടോ? ഇടതുപക്ഷത്തില്‍ തന്നെ വലതുപക്ഷ വ്യതിയാനം ദൃശ്യമാണോ

എന്‍റെ രാഷ്ട്രീയം പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടാണ്. നിലവില്‍ ഞാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിലോ അതിന്‍റെ പോഷക സംഘടനകളിലോ അംഗമല്ല. എന്തുകൊണ്ട് നിലപാട് എടുക്കുന്നില്ല എന്നത് അവരുടെ പാര്‍ട്ടി കാര്യമാണ്. അതില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. എന്‍റെ വ്യക്തിപരമായ പ്രതിബന്ധതയുടെ ഭാഗമായിട്ടാണ് ഞാന്‍ നിലപാടുകള്‍ എടുക്കുന്നതും സമരങ്ങളെ പിന്തുണക്കുന്നത്. ഞാന്‍ പ്രതിനീധികരിക്കുന്ന മാധ്യമത്തിന്‍റെ ജനകീയ സ്വഭാവം കൊണ്ടാണ് ഞാന്‍ ഒരു സമരത്തിന്‍റെ ഭാഗമാകുമ്പോള്‍ അത് വാര്‍ത്തയാകുന്നത്. ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ എന്ന നിലക്കു എനിക്കു ലഭിക്കുന്ന പ്രശസ്തിയും സ്നേഹവുമൊക്കെ ഇത്തരം വിഷയങ്ങളില്‍ പോസ്റ്റീവായി ഉപയോഗപ്പെടുത്തനാണ് ശ്രമിക്കുന്നത്. 

manju-rima

സ്വതന്ത്രമായ രാഷ്ട്രീയ നിലപാടുകള്‍ എടുക്കുന്നതിന്‍റെ പേരില്‍ ക്രൂശിക്കപ്പെടുന്നുണ്ടല്ലോ

രാഷ്ട്രീയം വ്യക്തമാക്കുന്ന ആദ്യത്തെ ചലച്ചിത്ര പ്രവര്‍ത്തകനല്ല ഞാന്‍. നസീറും മുരളിയും അടൂര്‍ഭാസിയും വയലാറുമൊക്കെ കൃത്യമായ രാഷ്ട്രീയം പൊതുസമൂഹത്തില്‍ പങ്കുവെച്ചവരാണ്. അന്ന് അതിനെ സഹിഷണതയോടെ കാണാന്‍ ജനങ്ങള്‍ക്കു കഴിയുന്നു. ഇന്ന് അതിനു കഴിയുന്നില്ല എന്ന വ്യത്യാസം മാത്രം. വിമര്‍ശനങ്ങളെ അതിന്‍റെ വഴിക്ക് വിടുന്നു. 

പെമ്പിളൈ ഒരുമൈ ആഷിക്ക് സിനിമയാക്കുന്നു എന്നു കേള്‍ക്കുന്നു

എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഒരു സമരമാണ് പെമ്പിളൈ ഒരുമൈ. ജനകീയ സമരങ്ങള്‍ നിരന്തരം പരാജയപ്പെടുന്ന ഒരു കാലഘട്ടത്തില്‍ വലിയ പ്രതീക്ഷ നല്‍കുന്ന കൂട്ടായ്മയാണ് പെമ്പിളൈ ഒരുമൈ. മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയോ നേതാക്കന്‍മാരുടെയോ പിന്തുണയൊന്നുമില്ലാതെയാണ് അവര്‍ മുന്നേറിയത്. 

ഇത്തരമൊരു വിഷയം സിനിമയാക്കുമ്പോള്‍ തീര്‍ച്ചയായും കാലതാമസമുണ്ടാകും. കൃത്യമായി ഗവേഷണവും ഗൃഹപാഠവും ചെയ്തിട്ടാവും സിനിമയിലേക്ക് പ്രവേശിക്കുക. ആദ്യഘട്ടമെന്ന നിലയില്‍ ഒരു ഡോക്യുമെന്‍ററി നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

സമ്മിശ്ര പ്രതികരണങ്ങളാണല്ലോ റാണിപത്മിനിക്ക്

കലയോടും മാനുഷിക മൂല്യങ്ങളോടും അടുത്തു നില്‍ക്കാനും പ്രേക്ഷകരുടെ സമാന്യ യുക്തിയെ പരീക്ഷിക്കാത്തതുമായ സിനിമയുടെ ഭാഗമായി നിലകൊള്ളാനാണ് എപ്പോഴും ശ്രമിക്കുന്നത്. 

manju-rima

എന്‍റെയും എനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരുടെയും ഒരു ഫിലോസഫി കൂടിയാണ് ഈ സിനിമയില്‍ പ്രതിഫലിക്കുന്നത്. 

അധികമാരും നടക്കാത്ത ഒരു വഴിയിലൂടെ നടക്കാനുള്ള ശ്രമമാണ് ഈ സിനിമ. ഇതൊരു മാസ് എന്‍റര്‍ടെയിന്‍മെന്‍റ് സിനിമയല്ലെന്ന തിരിച്ചറിവോടെ തന്നെയാണ് ചിത്രീകരണം തുടങ്ങിയത്. അതുകൊണ്ട് തന്നെ കൊമെഴ്സ്യല്‍ ചേരുവകള്‍ ഒഴിവാക്കി മുന്നോട്ട് പോകുക എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. സിനിമയെ ഒരു അനുഭവമാക്കി മാറ്റാന്നുള്ള ശ്രമമാണ് നടത്തിയത്.