Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിമയുടെ ആ ചങ്കൂറ്റം എനിക്കിഷ്ടം: മഞ്ജു വാര്യർ

manju-pearle-rima

ഇത്തവണത്തെ നവരാത്രിയ്ക്ക് ഒരു പ്രത്യേകതയുണ്ട്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളസിനിമയിൽ വലിയൊരു മാറ്റം സംഭവിച്ചു. ഇരട്ടനായികമാരുള്ള ഒരു ചിത്രം- ആഷിഖ് അബുവിന്റെ റാണിപദ്മിനി ഇറങ്ങുന്നു. റാണിയും പദ്മിനിയുമായി എത്തുന്നതാകട്ടെ സിനിമാമേഖലയിലെ കരുത്തുറ്റ രണ്ടു സ്ത്രീ രത്നങ്ങൾ, കൂടുതൽ പറയേണ്ട ആവശ്യമില്ല റാണിയായി റിമകല്ലിങ്കലും പദ്മിനിയായി മഞ്ജുവാര്യരും എത്തിയ സിനിമയുടെ വിശേഷങ്ങൾ ഇരുവരും പങ്കുവെയ്ക്കുന്നു.

റാണിയുംപദ്മിനിയും എന്താണ് മലയാള സിനിമയ്ക്ക് കാത്തുവെച്ചിരിക്കുന്നത്?

മഞ്ജു: റാണിപദ്മിനി സ്ത്രീപക്ഷ സിനിമയേ അല്ല. ആ ഒരു ലേബലിൽ സിനിമകാണരുത്. സ്ത്രീശാക്തീകരണമൊന്നും ലക്ഷ്യമല്ല. ഇതൊരു യാത്രയാണ്, രണ്ടു സ്ത്രീകൾ നടത്തുന്ന യാത്ര, അവരുടെ അനുഭവങ്ങളും ജീവിതവുമൊക്കെയാണ് സിനിമ.

റിമ: റാണിയും പദ്മിനിയുടെയും കഥയോടൊപ്പം നിറയെ ഉപകഥകളുമുള്ള ഒന്നാണിത്. യാത്ര ചെയ്യാനുള്ള ഒരു ആഹ്വാനം കൂടിയാണ്. പാട്ടിൽ പറയുന്നതു പോലെ വരൂ പോകാം പറക്കാം എന്ന സന്ദേശം തരുന്ന സിനിമ. അതോടൊപ്പം വ്യത്യസ്ത സാഹചര്യത്തിൽ വളർന്ന രണ്ടുപെൺകുട്ടികളുടെ ജീവിതത്തിലെ വിവിധഘട്ടങ്ങളുമാണ് റാണിപദ്മിനി പറയുന്നത്.

സിനിമയിൽ പറയുന്നതു പോലെ സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്രചെയ്യാൻ പറ്റുന്ന സാഹചര്യമാണോ ഇന്നുള്ളത്?

റിമ: ആദ്യം നിങ്ങൾ യാത്ര ചെയ്യൂ എന്നിട്ട് വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കൂ. ഒന്ന് പുറത്തിറങ്ങി യാത്രചെയ്താൽ അല്ലേ സാഹചര്യത്തെക്കുറിച്ച് അറിയാൻ പറ്റൂ.

manju-rima

മഞ്ജു: ഞാൻ ആദ്യമായിട്ടാണ് ഹിമാചൽപ്രദേശിലേക്ക് യാത്ര നടത്തുന്നത്. എത്ര ഭംഗിയുള്ള സ്ഥലമായിരുന്നു. പ്രകൃതി തന്നെ കാൻവാസായിരുന്നു, എവിടെ ക്യാമറവെയ്ക്കണം എന്ന കൺഫ്യൂഷനിൽ ഒരു ദിവസം ഷൂട്ടിങ്ങ് തന്നെ മുടങ്ങിയിട്ടുണ്ട്. എന്നെ സംബന്ധിച്ച് മനോഹരമായ അനുഭവമായിരുന്നു റാണിപദ്മിനി സംഘത്തോടൊപ്പമുള്ള യാത്ര. പുതിയ ഒരുപാട് സ്ഥലങ്ങൾ കാണാനും അവിടുത്തെ ജീവിതരീതികൾ പഠിക്കാനും സാധിച്ചു. എന്റെ യാത്രയെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു, അതിനുപോലും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഓരോ യാത്രയും നമുക്ക് തരുന്നത് ഓരോ പാഠങ്ങളാണ്.

ആഷിഖ് അബു- റിമകലിങ്കൽ കൂട്ടുകെട്ടിനൊപ്പം ചേർന്നപ്പോഴുള്ള മഞ്ജുവിന്റെ അനുഭവം?

റാണിപദ്മിനി സംഘത്തിൽ പുതുതായി വന്ന ആൾ ഞാൻ ആയിരുന്നു. മറ്റുള്ളവരെല്ലാം നേരത്തെ പരിചയമുള്ളവർ. ഈ ഗ്രൂപ്പിനൊപ്പം ചേർന്നു പോകാൻ പറ്റുമോ എന്ന സംശയം ആദ്യം ഉണ്ടായിരുന്നു. പക്ഷെ ഷൂട്ടിങ്ങ് തുടങ്ങിയതോടെ എല്ലാ ടെൻഷനും മാറി ഇവരുടെ കൂട്ടത്തിലെ ഒരാളായി ഞാനും മാറി.

മഞ്ജുവാര്യർ എന്ന അഭിനയത്രിയെ റിമ എങ്ങനെ വിലയിരുത്തുന്നു?

മഞ്ജുചേച്ചിയുടെ സിനിമകൾ കണ്ട് ആരാധികയായ വ്യക്തിയാണ് ഞാൻ. ആഷിഖ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്, മഞ്ജുവാര്യർ തിരിച്ചുവന്നില്ലായിരുന്നെങ്കിൽ റാണിപദ്മിനി എന്ന സിനിമ യാഥാർഥ്യമാകില്ലായിരുന്നു എന്ന്. സത്യമാണ്. മഞ്ജുവാര്യർ എന്ന അഭിനയത്രിയെ മുന്നിൽ കണ്ട് എടുത്ത സിനിമയാണ് റാണി പദ്മിനി. മഞ്ജു ചേച്ചിക്കൊപ്പം ഒരു സിനിമ, പുതിയതലമുറ നായികമാരിൽ എനിക്ക് മാത്രം കിട്ടിയ ഒരു ഭാഗ്യമാണ്.

manju-rima

റിമ കല്ലിങ്കൽ എന്ന വ്യക്തിയെ മഞ്ജു എങ്ങനെയാണ് വിലയിരുത്തുന്നത്?

എന്തും ചങ്കൂറ്റത്തോടെ തുറന്നുപറയുന്ന റിമയുടെ സ്വഭാവം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ( ചിരിച്ചുകൊണ്ട് റിമ '' അതിന്റെ പേരിൽ ഇഷ്ടംപോലെ ചീത്തപേരും ഉണ്ടല്ലോ)

വീണ്ടും മഞ്ജു: റിമയുടെ സിനിമകളൊക്കെ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. 22 എഫ്.കെ എനിക്ക് ഒരുപാട് ഇഷ്ടമായ സിനിമയാണ്. പിന്നെ ടിവിയിലൊക്കെ ചിലരെ കാണുമ്പോഴേ നമ്മുടെ മനസ്സിൽ ഒരു ഇഷ്ടം തോന്നുമല്ലോ, അങ്ങനെ എനിക്ക് ഇഷ്ടം തോന്നിയ വ്യക്തിയാണ് റിമ.

ആഷിഖ് അബു എന്ന സംവിധായകനെ റിമ കലിങ്കൽ എങ്ങനെ വിലയിരുത്തുന്നു?

Exclusive chat with Rima Kallingal and Manju Warrier

ഭാര്യയെന്നതിനേക്കാൾ ഉപരി ഒരു കലാകാരി എന്ന നിലിയിൽ ആഷിഖിനെ വിലയിരുത്താനാണ് എനിക്കിഷ്ടം. ആഷിഖ് എന്ന സംവിധായകനെയും എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആർട്ടിസ്റ്റുകൾക്ക് എന്നും അവരുടെതായ സ്പേസ് തരുന്ന സംവിധായകനാണ്. ഞാൻ ഒരു മെതേഡ് ആക്ടറസ്സോ ട്രെയിനിഡ് ആക്ടറസ്സോ അല്ല. സാഹചര്യങ്ങൾക്കനുസരിച്ച് അഭിനയിക്കുന്ന ആളാണ്. സിറ്റുവേഷൻ ഇതാണ് എന്നു മാത്രമേ ആഷിഖ് പറയൂ ബാക്കി എല്ലാം നമ്മുടെ സ്വാതന്ത്ര്യത്തിന് വിട്ടുതരും.

22 എഫ്.കെയിലെ പ്രസവമെടുക്കുന്ന രംഗം അതുപോലെ ഒന്നാണ്. ഇത് എങ്ങനെ ചെയ്യുമെന്ന് ഞാൻ ആകെ ടെൻഷനടിച്ചു, ആഷിഖിനോട് ചോദിച്ചപ്പോൾ അങ്ങ് ചെയ്തോ എന്നായിരുന്നു മറുപടി. പ്രത്യേകിച്ചൊന്നും പറഞ്ഞുതന്നില്ല, പിന്നെ ഞാൻ എന്റേതായ രീതിയിൽ ചെയ്ത രംഗമാണത്. അത്തരം സ്വാതന്ത്ര്യങ്ങൾ നന്നായി തരുന്ന ആളാണ് ആഷിഖ് അബു എന്ന സംവിധായകൻ.

തിരിച്ചുവരവിൽ മഞ്ജു ചെയ്ത രണ്ടുസിനിമകളും സ്ത്രീശാക്തീകരണത്തിന് പ്രാധാന്യം നൽകുന്നവയായിരുന്നല്ലോ . എന്തുകൊണ്ടാണ് അത്തരം സിനിമകൾ മാത്രം തിരഞ്ഞെടുത്തത്?

ചെയ്ത രണ്ടുസിനിമകളും അങ്ങനെ ആയത് മനപൂർവ്വമല്ല. ഇനിയുള്ള സിനിമകൾ അത്തരത്തിലാകരുതെന്ന നിർബന്ധം എനിക്കുണ്ട്. അടിച്ചമർത്തപ്പെട്ട സ്ത്രീയുടെ കഥകളുമായാണ് മിക്കവരും ഇപ്പോൾ എന്നെ സമീപിക്കുന്നത്. അത് കേൾക്കുമ്പോൾ തന്നെ താൽപ്പര്യമില്ല എന്ന് പറയാറുണ്ട്. എന്റെ ജീവിതവുമായി സാമ്യമുള്ള കഥകൾ എന്നുപറഞ്ഞാണ് വരുന്നത്. എന്നെ അങ്ങനെ ആരും ഒന്നും ചെയ്യാൻ അനുവദിക്കാതെ അടിച്ചമർത്തിവെച്ചിട്ടൊന്നുമില്ല. വെറുതെ ഇരിക്കാൻ ഇഷ്ടമുള്ള ആളാണ് ഞാൻ.

അതുകൊണ്ടാണ് ഈ 14 വർഷവും ഒന്നും ചെയ്യാതെ ഇരുന്നത്. ഡാൻസ് പെർഫോമൻസുകളും എന്തുകൊണ്ടാണ് ചെയ്യാതിരുന്നതെന്ന് ചോദിച്ചാൽ അതിനും പ്രത്യേകിച്ച് ഉത്തരം ഒന്നുമില്ല. ചെയ്തില്ല അത്രേ ഒള്ളൂ. ഇനി ചെയ്യുന്ന സിനിമകൾ എനിക്കും കൂടി ഒരു എക്സൈറ്റ്മെന്റ് തരുന്നത് ആയിരിക്കണം. റാണിപദ്മിനി അത്തരം ഒന്നാണ്. അത് കമിറ്റ് ചെയ്യാൻ എനിക്ക് രണ്ടിൽ ഒന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. എനിക്ക് ഇഷ്ടപ്പെടാത്ത സിനിമകൾ എങ്ങനെ പ്രേക്ഷകന് രസിക്കാനാണ്. അതുകൊണ്ട് ''സ്ത്രീശാക്തീകരണം'' എന്ന ലേബലിൽ വരുന്ന സിനിമകൾ ഇനി ചെയ്യില്ല.

വിവാഹം നടിമാരെ സിനിമയിൽ നിന്നും അകറ്റുന്ന കാലം കഴിഞ്ഞോ? റിമയുടെ അഭിപ്രായം എന്താണ്?

വിവാഹത്തിന്റെ പേരിൽ സിനിമയിൽ നിന്നും അകലേണ്ട കാര്യം ഇല്ല. അങ്ങനെ അകലുന്നവർ സിനിമയെ ഒരു ഇടത്താവളം മാത്രമായി കാണുന്നവരാണ്. പഠനത്തിന്റെയും വിവാഹത്തിന്റെയും ഇടയിലുള്ള ഗാപ്പിൽ സിനിമചെയ്തു പോകുന്നവരാണ് മിക്കവരും. ആ ചിന്ത മാറണം. ഈ മേഖലയിൽ എത്തിയത് ഭാഗ്യമാണെന്ന ചിന്തവരണം. സിനിമ ഇന്നും പുരുഷമേധാവിത്വമുള്ള മേഖലയാണ്. അതിനൊരു മാറ്റം വരുത്തേണ്ടത് സ്ത്രീകളാണ്. നായകന്റെ മാത്രമല്ല, നായികയുടെ കൂടി ഉത്തരവാദിത്വമാണ് സിനിമ എന്ന് കാണിച്ചുകൊടുക്കണം. വന്നു അഭിനയിച്ചു പോയി എന്നതിനു പകരം സിനിമയുടെ തുടക്കം മുതൽ ഒടുക്കം നമ്മുടെ സാന്നിധ്യവും പ്രധാനമാണെന്ന് തെളിയിക്കേണ്ടത് ആവശ്യമാണ്.

ഏറെ നാളുകൾക്കു ശേഷമാണ് തുല്ല്യ പ്രാധാന്യമുള്ള രണ്ടുനായികമാരുള്ള സിനിമ വരുന്നത്. ഈ മാറ്റത്തെ എങ്ങനെ കാണുന്നു?

റിമ: ബോളീവുഡ് താരം അനുഷ്കഷെട്ടി ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി സിനിമയിൽ രണ്ടുനായികമാരുണ്ടെങ്കിലും അവരും നായകനു ചുറ്റും കറങ്ങുന്നവരാണെന്ന്. ഇത് കണ്ടപ്പോൾ അനുഷ്കയോട് പറയാൻ തോന്നി, മലയാളത്തിൽ ദേ ഞങ്ങൾ രണ്ടുനായികമാർക്കും പ്രാധാന്യമുള്ള സിനിമ ചെയ്തു വരൂ കാണൂ എന്ന്. ഇത്തരം ഒരു മാറ്റം വീണ്ടും സിനിമയിൽ എത്തിച്ചത് ഞങ്ങൾ ആയതിൽ അഭിമാനമുണ്ട്. മലയാളസിനിമയിലെ ഇത്തരം മാറ്റങ്ങളെ ഇതര ഇൻഡസ്ട്രിയിലും കൊണ്ടുവരാവുന്നതാണ്.

madhu-aashiq

റിമയും മഞ്ജുവും ഒരുമിച്ചൊരു ഡാൻസ് പെർഫോൻസ് ഉടൻ പ്രതീക്ഷിക്കാമോ?

റിമ: റാണിപദ്മിനി ആകസ്മികമായി സംഭവിച്ചതാണ് അതുപോലെ ഡാൻസും സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.

മഞ്ജു: സിനിമയിൽ ഞങ്ങൾ ഒന്നിച്ചുള്ള ഒരു ഡാൻസ് രംഗമുണ്ട്. നന്നായി ആസ്വദിച്ച് ചെയ്ത ഒന്നാണത്. കോമഡിയായിട്ട് ചെയ്ത ഡാൻസാണത്.

റിമ: സോറി. മഞ്ജു ചേച്ചി, ആവശ്യമില്ലാത്ത ഒരു രംഗവും സിനിമയിൽ ചേർക്കാൻ ഇഷ്ടമില്ലാത്ത ആളാണ് നമ്മുടെ സംവിധായകൻ. ഈ ഡാൻസ് കഥയ്ക്ക് അനുയോജ്യമല്ല എന്നു പറഞ്ഞ് സംവിധായകനും എഡിറ്ററും ചേർന്ന് അത് വെട്ടി.

(മഞ്ജുവിന്റെ മുഖം മ്ലാനമായി എങ്കിലും റാണിപദ്മിനി എന്ന വലിയ യാത്ര നന്നായി പൂർത്തിയാക്കാൻ സാധിച്ച സന്തോഷത്തിൽ ഇരുവരും കൈതന്നു പിരിഞ്ഞു.)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.