Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങൾക്കും എനിക്കുമിടയിൽ ഭാഷയാണ് പ്രശ്നം

shabana-azmi ശബാന ആസ്മി

ശക്തമായ നിലപാടുകളും വ്യക്തമായ കാഴ്ചപാടുകളും അതാണ് അഞ്ച് ദേശീയ അവാർഡിനേക്കാൾ ശബാന ആസ്മിയെ വ്യത്യസ്തയാക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഐക്കോണിക്ക് വനിത ശബാന ആസ്മിയുമായി നടത്തിയ എക്സ്ക്ലൂസീവ് അഭിമുഖം.

അറുപത്തിഅഞ്ചാം പിറന്നാളിന്റെ നിറവില്‍ എത്തി നില്‍ക്കുകയാണല്ലോ ; ഈ അവസരത്തില്‍ എല്ലായ്പ്പോഴും പറയാറുള്ള വാചകം എബ്രയേസ് യുവര്‍ ഏജ് ഡോണ്ട് ട്രയി റ്റു ബി യെങ് സിനിമാ മേഖലയില്‍ എത്രമാത്രം പ്രാവര്‍ത്തികമാണന്ന് വിശദികരിക്കാമോ?

വയസ്സ് ഇന്നത്തെ സാഹചര്യത്തിൽ സിനിമ മേഖലയെ സംബന്ധിച്ച് വിഷയമല്ല. കഴിവിനാണ് പ്രാധാന്യം. ഇന്ന് 90 വയസ്സ് കഴിഞ്ഞ നടിമാരെ തേടിയും നല്ല വേഷങ്ങള്‍ വരാറുണ്ട്. അവർക്ക് അനുയോജ്യമായ തിരക്കഥകൾ ഒരുങ്ങാറുണ്ട്. കുറച്ചുനാൾ മുമ്പുവരെയാണ് 90 കഴിഞ്ഞ നടിമാര്‍ക്ക് കാലമില്ല എന്ന മനോഭാവം നിലനിന്നിരുന്നത്. അതുകൊണ്ടു തന്നെ പ്രായം കുറച്ചു കാണിക്കേണ്ട ആവശ്യമില്ല.

manju-warrier-shabana

സൂപ്പർ സ്റ്റാറുകള്‍ സിനിമയിൽ നിരവധിയാണ്. പക്ഷേ ലേഡി സൂപ്പർ സ്റ്റാറുകൾ എന്തുകൊണ്ടാണ് ഇല്ലാത്തത് ?

കങ്കണ, പ്രിയങ്ക, ദീപിക ഇവരെല്ലാം തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവർ തന്നെയാണ്. പക്ഷേ സിനിമ മേഖല എല്ലാവര്‍ക്കും അറിയാവുന്നതു പോലെ പുരുഷ കേന്ദ്രീകൃതമായ ഒന്നാണ്. ഇതിനെ ആശ്രയിച്ചാണ് സിനിമയുടെ കൊമേഷ്യല്‍ വിജയം നിശ്ചയിക്കുന്നത്. അതുകൊണ്ടാണ് ഒരു ലേഡി സൂപ്പർസ്റ്റാർ എന്ന പദം ഉണ്ടാകാത്തത്.

സ്ത്രീശാക്തികരണം കേവലം സിനിമകിലും എഴുത്തുകളിലും ഒതുങ്ങിപോവുന്നുണ്ടോ? അങ്ങനെയാണെങ്കില്‍ ഈ അവസ്ഥ മാറാന്‍ എന്താണ് ചെയേണ്ടത്?

സ്ത്രീദൈവങ്ങള്‍ നിരവധിയുള്ള രാജ്യമാണ് നമ്മുടേത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പെണ്‍കുട്ടികളുടെ അവസ്ഥ പരിതാപകരം തന്നെയാണ്. മതപരമായും സാംസ്കാരികമായും മെല്ലാം വ്യത്യസ്തതയുള്ള നാടാണ് നമ്മുടേത് നാനാതത്വത്തിൽ ഏകത്വം എന്ന ആശയം സ്ത്രീ ശാക്തീക രണത്തിന്റെ കാര്യത്തിൽ പ്രാവർത്തികരാകുന്നില്ല അതിനുവേ ണ്ടി പൊതുജനങ്ങളും മാധ്യമങ്ങളും ഒന്നിച്ച് പ്രവർത്തിക്കുകയേ നിർവാഹമുളളൂ.

കലയും മതവും ഇടകലര്‍ത്തുന്നത് ശരിയായ പ്രവണതയാണോ? ഏ. അര്‍ റഹ്മാന് ഫത്വവ ചുമത്തിയതിനെ എതിര്‍ത്തിരുന്നല്ലോ?

റഹ്മാന് എന്റെ എല്ലാ പിന്തുണയും ഞാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സിനിമയില്‍ എന്ത് വേണം, എന്ത് വേണ്ട എന്ന് നന്നായി അറിയാവുന്ന വ്യക്തിയാണ് റഹ്മാന്‍. സിനിമ എന്താണെന്നും ഏതാണെന്നും അറിയാത്ത സംഘടനയാണ് മതത്തിന്റെ പേരില്‍ റഹ്മാന് ഫത്വവ ഏര്‍പ്പെടുത്തിയത് പണ്ട് ഇവര്‍ എനിക്കെതിരെയും ഫത്വവ ചുമത്തിയിരുന്നു. വാട്ടര്‍ എന്ന സിനിമയില്‍ തലമുണ്ഡനം ചെയ്തതിന് .എന്നാല്‍ ഇത് ആരും അറിഞ്ഞിരുന്നില്ല എന്നാല്‍ ഇന്ന് മാധ്യമങ്ങളുടെ ഇടപെടല്‍ കൂടിയതോടെയാണ് പുറംലോകം ഈ വാര്‍ത്ത അറിഞ്ഞതും ഇതിന് പ്രചാരം ലഭിച്ചതും.

കലയിലേക്ക് രാഷ്ട്രീയം ഇടകലര്‍ത്തുന്നതിനെതിരെയും ശക്തരായ പ്രതികരിച്ച വ്യക്തി എന്ന നിലയില്‍ പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന സമരത്തിനെക്കുറിച്ചുള്ള നിലപാട് എന്താണ്?

രാഷ്ട്രീയവും കലയും ഒന്നിച്ച് കൊണ്ടുപോവുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ രാഷ്ട്രീയ മായ ഇടപെടലുകൾ പാടില്ല എന്ന് പറയാൻ ‌പറ്റില്ല. പക്ഷെ, രാഷ്ട്രീയത്തിന്റെ പേരിൽ അർഹതയില്ലാത്തവരെ ഉന്നത സ്ഥാനത്ത് ഇരുത്തുന്നതിനോട് കടുത്ത വിയോജിപ്പ് എന്നും എനിക്കുണ്ട്. വിദ്യാർഥിസമരത്തിന് പിന്തുണ നൽകിക്കൊണ്ട് ആ വിയോജിപ്പ് ഞാൻ പ്രകടമാക്കുകയാണ് ചെയ്തത്.

shabana-azmi-movie

കല കേവലം കച്ചവടവത്കരിക്കപ്പെടുന്ന അവസ്ഥ ഇന്ന് നിലവിലുണ്ടോ?

കല കച്ചവടവത്കരിക്കപ്പെടുന്ന അവസ്ഥ പണ്ടും ഉണ്ട്. എന്നാൽ ഇന്ന് അത്തരം തെറ്റായ ആശയങ്ങൾ നൽകുന്ന സിനിമകൾക്ക് മാധ്യമങ്ങള്‍ അമിതപ്രാധാന്യം നല്‍കുന്നുണ്ട്. മാധ്യമങ്ങൾ ഏറ്റുപിടിക്കുന്നതോടെയാണ് നിലവാരമില്ലാത്ത പല സിനിമകളും വാണിജ്യപരമായി വിജയിക്കുന്നത്. തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ മാധ്യമങ്ങൾ ശ്രദ്ധ പുലർത്തേണ്ടത് ആത്യാവശ്യമാണ്.

സമാന്തര സിനിമ , വാണിജ്യ സിനിമ എന്ന തരംതിരിവിന്റെ കാലം അവസാനിച്ചോ?

ഞങ്ങളുടെയൊക്കെ കാലഘട്ടത്തിൽ സാമൂഹിക സാഹചര്യം വളരെ വ്യത്യാസമായിരുന്നു. സെമീന്ദാരി ഭരണവും, അടിമത്വവും അസമത്വവും തുറന്നു കാട്ടുന്ന സിനിമകളായിരുന്നു അന്നത്തെ സമാന്തര സിനിമകൾ. കാലം മാറിയതോടെ സിനിമയുടെ രീതിയും മാറി. ഇന്നും വ്യത്യസ്തമായ സിനിമകൾ വരുന്നുണ്ട്. പക്ഷേ, ഗ്രാമാന്തരീക്ഷം മാറി നഗരത്തിന്റെ കഥകളാണ് ഇന്നത്തെ കുട്ടികള്‍ പറയുന്നത്.

ഫർഹാൻ അക്തറിന്റെ സിനിമകൾ ആസ്വദിക്കാറുണ്ടോ ?

തീർച്ചയായും. ഫർഹാന്റെ ‘സിന്ദഗി ന മിലേഗി ദൊബാര’ പോലെയുളള സിനിമകൾ എനിക്ക് ഒരു പാട് ഇഷ്ടമാണ്. ഇന്നത്തെ തലമുറയ്ക്ക് അറിയാവുന്ന പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് വ്യത്യസ്തമായ കഥകൾ പറയാൻ മിടുക്കനാണ് ഫർഹാൻ.

എന്തുകൊണ്ടാണ് ശബാന സൗത്ത് ഇന്ത്യൻ സിനിമകളിൽ നിന്ന് അകലം പാലിക്കുന്നത്?

മനഃപൂർവമല്ല, എനിക്ക് ഭാഷ അറിയില്ല. ഭാഷയിലെ പരിമിതി അഭിനയിക്കുമ്പോൾ തടസ്സമാകുമോ എന്ന ഭയം കൊണ്ടാണ് സൗത്ത് ഇന്ത്യൻ സിനിമകളിൽ നിന്ന് അകന്നു നിൽക്കുന്നത്.

സൗത്ത് ഇന്ത്യൻ സിനിമകള്‍ കാണാറുണ്ടോ?

കാണാറില്ല, അവിടെയും ഭാഷ തന്നെയാണ് തടസ്സം. എന്നാൽ സൗത്ത് ഇന്ത്യൻ ഫിലിം മേക്കേഴ്സ് നിരവധി പേരെ അടുത്തറിയാം. പ്രതിഭാധനരാണ് ഓരോരുത്തരും. തിരുവനന്ത പുരം ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ വന്നപ്പോൾ കണ്ട തിരക്ക് എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. സിനിമയെ ഒരുപാട് സ്നേഹിക്കുന്ന ഇത്തരം പ്രേക്ഷകർ സിനിമയുടെ വരും കാല പ്രതീക്ഷകൾ കൂടിയാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.