Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംവിധാനം; പൃഥ്വിരാജ്

prithviraj-ivide

പുതുമകള്‍ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകര്‍ക്ക് ധാരാളം പുതുമകളുടെ കാഴ്ചാനുഭവങ്ങളുമായി 'ഇവിടെ' തിയറ്ററുകളില്‍ എത്തുന്നു. ഓരോ നിമിഷവും സിനിമയേക്കുറിച്ചു ചിന്തിക്കുന്ന പൃഥ്വിരാജിനും ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന 'ഇവിടെ' പുതുമയുള്ള അനവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. 'ഇവിടെ'യിലെ വരുണ്‍ ബ്ളേയ്ക്ക് ആകുവാന്‍ താന്‍ നടത്തിയ തയാറെടുപ്പുകളെക്കുറിച്ച് മനോരമ ഓണ്‍ലൈനിനോട് പൃഥ്വി:

വരുണ്‍ ബ്ളേയ്ക്ക് സംസാരിക്കുന്നു

'ഏതൊരു സിനിമയ്ക്കു മുന്‍പും തിരക്കഥ നന്നായി പഠിക്കുന്നത് എന്റെ ഒരു രീതിയാണ്'. ശ്യാമേട്ടന്‍ 'ഇവിടെ'യെക്കുറിച്ച് പറഞ്ഞപ്പോഴും തിരക്കഥ പഠിച്ചു ആ ക്യാരക്ടറിനെക്കുറിച്ചൊരു സ്കെച്ച് ഉണ്ടാക്കി തന്നെയാണ് അവസാനം വരെയും കഥാപാത്രത്തെ ഞാന്‍ പിന്തുടര്‍ന്നത്. അതിമാനുഷികം എന്നു തോന്നിപ്പിക്കുന്ന ചില കാര്യങ്ങള്‍ ഈ സിനിമയുടെ തയാറെടുപ്പില്‍ തോന്നിയിരുന്നു. അമേരിക്കന്‍ ശൈലിയില്‍ സംസാരിക്കുക എന്നതായിരുന്നു അതിലൊന്ന്. ഡിക്ഷന്‍ പഠിപ്പിക്കാന്‍ ഒരു ട്യൂട്ടര്‍ ഉണ്ടായിരുന്നെങ്കില്‍ എന്നൊക്കെ ഞാന്‍ ആഗ്രഹിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിനുള്ള അവസരം ഉണ്ടായില്ല.

prithviraj-ivide-movie

ശ്യാമേട്ടന്‍ തന്ന ചില ആളുകളുടെ ഉപദേശങ്ങള്‍ സ്വീകരിച്ച് ഓഡിയോ കേട്ടു ഞാന്‍ അമേരിക്കന്‍ ശൈലി പ്രാക്ടീസ് ചെയ്തു. കൂടാതെ 'ഇവിടെ'യുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ വിദേശികളായിരുന്നതുകൊണ്ട് അവരേക്കൊണ്ട് ഓരോ ഡയലോഗും ഷോട്ടിനു മുന്‍പായി പറയിപ്പിച്ചു കേട്ടു പരിശീലനം നടത്തി. ഹോളിവുഡില്‍ സിനിമ ചെയ്യുന്ന രീതിയും മലയാളത്തില്‍ സിനിമ ചെയ്യുന്ന രീതിയും വളരെ വ്യത്യാസമാണ്. അത് രണ്ടും നന്നായി മനസിലാക്കാന്‍ ഈ സിനിമയില്‍ അഭിനയിച്ചതുകൊണ്ട് സാധിച്ചു. 'ഇവിടെ'യുടെ ട്രെയിലറുകളും കണ്ടവര്‍ക്ക് ആ സിനിമ കാണുവാന്‍ തോന്നും എന്ന് ആളുകള്‍ അഭിപ്രായം പറയുന്നത് പുതുമകളെ നന്നായി സംയോജിപ്പിച്ചു ക്രോഡീകരിച്ചതുകൊണ്ടാണ്.

ഞാന്‍ സിനിമ തീര്‍ച്ചയായും സംവിധാനം ചെയ്യും

സിനിമ സംവിധാനം ചെയ്യുമെന്നത് എന്റെ മോഹമാണ്. ഞാന്‍ സംവിധാനം ചെയ്യുകയും ചെയ്യും. ഓരോ നിമിഷവും സിനിമേക്കുറിച്ചുള്ള ചിന്തയല്ലാതെ എനിക്ക് മറ്റൊന്നുമില്ല. ഞാന്‍ ശ്യാമേട്ടനൊപ്പം ' അകലെ' ചെയ്യുമ്പോള്‍ ഉണ്ടായിരുന്ന സിനിമയല്ല ഇന്നുള്ളത്. ഒരുപാടു മാറ്റങ്ങള്‍ വന്നു. സിനിമയ്ക്കുവേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം മാറി. സിനിമയെ ഒരുപാടിഷ്ടപ്പെടുന്നത് കൊണ്ട് സമസ്ത മേഖലകളിലും വരുന്ന മാറ്റങ്ങള്‍ ഞാന്‍ അപ്ഡേറ്റ് ചെയ്തു പഠിക്കുന്നു. സംവിധായകനായിത്തീരാനുള്ള യാത്രയുടെ ഭാഗമല്ല ഇത്. മറിച്ച് സിനിമ എന്ന മാധ്യമത്തോടുള്ള കഠിനമായ ഇഷ്ടം കൊണ്ടാണ്.'