Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശ്വാസം, അതല്ലേ എല്ലാം: ഷൈന്‍ ടോം ചാക്കോ

ഷൈൻ ടോം ചാക്കോ വീണ്ടും തിരക്കിലാണ്. കേസിനും കോടതിയ്ക്കുമെല്ലാം ഇടവേള നൽകി, കൈനിറയെ ചിത്രങ്ങളുമായി സെറ്റിൽ നിന്നും സെറ്റിലേക്ക് ഷൈൻ നീങ്ങുകയാണ്. കൊക്കൈയ്ൻ കേസിൽപ്പെട്ട് കൈവിട്ടു പോയെന്നു കരുതിയ ജീവിതം തിരികെ പിടിക്കാനുള്ള കഠിനപരിശ്രമത്തിലാണ് ഷൈൻ. തിരക്കുകൾക്കിടയിൽ മനോരമ ഓൺലൈനുമായി അൽപ്പനേരം.

പുതിയ സിനിമ വിശ്വാസം അതല്ലേ എല്ലാം ഉടൻ പുറത്തിറങ്ങുകയാണല്ലോ. പേരു സൂചിപ്പിക്കും പോലെ വിശ്വാസങ്ങളിൽ വിശ്വസിക്കുന്ന ആളാണോ ഷൈൻ?

സിനിമ പറയുന്നത് ഒരുപരിധി വരെ എന്റെ ജീവിതം തന്നെയാണ്. ബിസിനസ്സിന്റെ പുറകെ പോയി ജോമോൻ എന്ന യുവാവ് നേരിടുന്ന പ്രശ്നങ്ങളാണ് സിനിമ. കേസും പ്രശ്നങ്ങളുമെല്ലാം ഉണ്ടാകുന്നതിനു മുമ്പേ സിനിമയുടെ തിരക്കഥ പൂർത്തിയായ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നു. ആകസ്മികമെന്നോണം തിരക്കഥയിൽ എഴുതിയ ഒരുപാടു കാര്യങ്ങൾ എന്റെ ജീവിതത്തിലും സംഭവിച്ചു. സിനിമയിൽ ജോമോൻ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കുന്നുണ്ട്. അതുപോലെ എന്റെ ജീവിതത്തിൽ വന്ന പ്രശ്നങ്ങൾ എനിക്കും അതിജീവിക്കാൻ സാധിക്കുമെന്ന വിശ്വാസം ഉണ്ട്. വിശ്വാസം അതല്ലേ എല്ലാം.

എങ്ങനെയാണ് ജയിൽ ജീവിതം എന്ന പ്രതിസന്ധിയെ ഷൈൻ അതിജീവിച്ചത്?

പഠിക്കുന്ന കാലത്ത് നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് വാർഷികപരീക്ഷ. അതിനെ അതിജീവിക്കാൻ നമ്മൾ കഷ്ടപ്പെട്ട് പഠിക്കും. എന്റെ ജീവിതത്തിലെ വലിയൊരു വാർഷികപരീക്ഷയായിരുന്നു ജയിൽ ജീവിതം. ജയിലിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ആ അനുഭവങ്ങളാണ് അന്ന് നേരിട്ട മാനസികസമർദ്ദം അതിജീവിക്കാൻ പഠിപ്പിച്ചത്.

സിനിമാമേഖലയുടെ പിന്തുണ എത്രത്തോളം ഉണ്ടായിരുന്നു?

ഞാൻ കരാർ ഒപ്പിട്ട നിർമാതാക്കളും സംവിധായകരും എനിക്കു വേണ്ടി കാത്തിരുന്നതാണ് ഏറ്റവും വലിയ കാര്യം. അവർക്ക് വേണമെങ്കിൽ വേറെ ആരെയെങ്കിലുംവെച്ച് സിനിമ പൂർത്തിയാക്കാമായിരുന്നു. പക്ഷെ ആരും അങ്ങനെ ചെയ്തില്ല. ജയിലിൽ നിന്ന് പുറത്തിറങ്ങി രണ്ടു ദിവസത്തിനുള്ളിൽ ജയരാജ് സാറിന്റെ വിശ്വാസം അതല്ലേ എല്ലാമിന്റെ ഷൂട്ടിങ്ങ് പുനരാരംഭിക്കാൻ സാധിച്ചു.

ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം ഞാൻ ആദ്യം പോയി കാണുന്നത് കമൽ സാറിനെയാണ്. അദ്ദേഹമാണ് സിബി മലയിൽ സംവിധാനം ചെയ്യുന്ന സൈഗാൾ പാടുകയാണ് എന്ന സിനിമയെക്കുറിച്ച് പറയുന്നത്. അതിൽ എന്നെയാണ് നായകനായി നിശ്ചയിച്ചിരിക്കുന്നതെന്ന് സിബിസർ അദ്ദേഹത്തിനോട് പറഞ്ഞിരുന്നു. ഏതായാലും നീ സിബിയെ ഒന്ന് പോയി കാണൂ, എന്ന കമൽസാർ പറഞ്ഞതിന്റെ പേരിലാണ് ഞാൻ സിബി സാറിനെ കാണുന്നത്. അദ്ദേഹമപ്പോൾ തീരുമാനം മാറ്റിയിരുന്നില്ല. എന്നെ നേരിട്ട് കാണാൻ ഇരിക്കുകയായിരുന്നു എന്നു പറഞ്ഞു. അങ്ങനെയാണ് ഞാൻ സിബിമലയിലിന്റെ പുതിയ സിനിമയിൽ നായകനാകുന്നത്. രമ്യാനമ്പീശനാണ് നായിക.

സിനിമാമേഖലയിൽ നിന്നും എനിക്ക് നല്ല പിന്തുണയാണ് ലഭിച്ചത്. ഒരുപാടു പേർ ജയിലിൽ വന്നു കണ്ട് ആശ്വസിപ്പിച്ചിട്ടുണ്ട്. അവരുടെയൊക്കെ പിന്തുണകൊണ്ടാണ് വീണ്ടും സിനിമയിൽ സജീവമാകാൻ സാധിച്ചത്.

shine-vishwasam-athalle-ell

ദുശീലങ്ങൾ ഒന്നുമില്ലാത്ത ആളാണ് ഷൈൻ എന്നാണല്ലോ കേൾക്കുന്നത്. ശരിയാണോ?

അതെ. ഞാൻ പുകവലിക്കാറും മദ്യപിക്കാറുമൊന്നുമില്ല. സുഹൃത്തുക്കൾ നിർബന്ധിച്ചാൽ ഒരു പഫ് എങ്ങാണു എടുക്കുമെന്നല്ലാതെ ഞാൻ സ്ഥിരമായി മദ്യപിക്കാറുമില്ല, പുകവലിക്കാറുമില്ല.

അങ്ങനെയുള്ള ഒരാൾ എങ്ങനെയാണ് കൊക്കൈയ്ൻ കേസിന്റെ ഭാഗമാകുന്നത്. ആരെങ്കിലും കുടുക്കിയതാണോ?

അതിനെക്കുറിച്ച് എനിക്ക് ഇപ്പോഴും അറിയില്ല. അങ്ങനെ ആരും കുടുക്കിയത് ആകരുതേ എന്നു വിശ്വസിക്കാനാണ് ആഗ്രഹം.

shine-latest

സിനിമയിലേക്ക് തന്നെ മടങ്ങിവരാം. ഇതിഹാസ വലിയൊരു കാത്തിരിപ്പിന്റെ ഫലമായിരുന്നോ?

ഒരുപാട് നാൾ സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. ആ നാളുകളിലെ വലിയ ആഗ്രഹമായിരുന്നു നായകനാകാൻ സാധിക്കുക എന്നത്. എന്റെ സ്വപ്നമാണ് ഇതിഹാസയിലൂടെ പൂർത്തിയാകുന്നത്. ടൈറ്റിൽ റോളിൽ അഭിനയിക്കാൻ സാധിച്ചതിനേക്കാൾ ഉപരി രണ്ടു രീതിയിലുള്ള കഥാപാത്രങ്ങളെ ഒരു സിനിമയിൽ തന്നെ അവതരിപ്പിക്കാൻ സാധിച്ചു. അത് എപ്പോഴും കിട്ടുന്ന ഒന്ന് അല്ല. പക്ഷെ എന്നേക്കാൾ നന്നായി അഭിനയിച്ചത് അനുശ്രീയാണ്. സ്ത്രീയുടെ മാനറിസങ്ങൾ ചില ഇടത്ത് ഓവറായി പോയെന്ന് ഇപ്പോൾ കാണുമ്പോൾ തോന്നുന്നുണ്ട്.

റാണി പദ്മിനിയിലും പ്രധാന വേഷമാണോ?

റാണി പദ്മിനിയിൽ പ്രാധാന്യമുള്ള വേഷമാണന്നേ അറിയൂ. ഇപ്പോൾ സൈഗാൾ പാടുകയാണിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതിനു ശേഷമായിരിക്കും റാണിപദ്മിനി ടീമിനൊപ്പം ചേരുന്നത്. അപ്പോൾ മാത്രമേ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ. റാണിപദ്മിനിയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു കഴിഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.