Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാടിനു വേണ്ടി ഒരു സിനിമ

lord-livingstone

ഇടുക്കി ജില്ലയിലെ ശാന്തൻപാറ. കാടിനോടു ചേർന്നു കിടക്കുന്ന ഏക്കറുകളോളം വിസ്തൃതിയുള്ള ഒരു സ്വകാര്യ എസ്റ്റേറ്റ്. കെട്ടിലും മട്ടിലും പുതുമയുള്ള ഒരു സിനിമ ഇവിടെ ഒരുങ്ങുകയാണ്. സപ്തമശ്രീ തസ്ക്കരാ: എന്ന സിനിമയ്ക്കു ശേഷം ദേശീയ അവാർഡ് ജേതാവ് അനിൽ രാധാകൃഷ്ണൻ മേനോൻ സംവിധാനം ചെയ്യുന്ന ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി.

പ്രധാന വഴിയിൽ നിന്ന് 3 കിലോമീറ്ററോളം പോയാലെ എസ്റ്റേറ്റിന്റെ അടിവാരത്തിലെത്തൂ. അവിടെ നിന്ന് വീണ്ടും ജീപ്പിൽ 2 കിലോമീറ്റർ. പിന്നെയുള്ള യാത്ര നടന്ന്. ഒടുവിൽ എത്തിച്ചേരുന്നിടത്ത് കലാസംവിധായകൻ ജ്യോതിഷ് ഒരു ഗംഭീരൻ സെറ്റ് ഒരുക്കിയിരിക്കുന്നത് കാണാം.

Lord Livingstone 7000 Kandi | Exclusive Location Report

ഒരു കുന്നിന്റെ മുകളിൽ പല മരങ്ങളുടെ മുകളിലായി ആദിവാസി ഉൗരുകൾ സൃഷ്ടിച്ചിരിക്കുന്നു. ഒരോന്നും തമ്മിൽ കൈവരികൾ കൊണ്ട് ബന്ധിപ്പിച്ച് അത്യുഗ്രൻ ആക്കിയിക്കുന്നു. കൊളുത്തി വച്ചിരിക്കുന്ന പന്തങ്ങളും ഒപ്പം കോടമഞ്ഞും കൂടി ചേരുമ്പോൾ ആ കാഴ്ച ഒന്നു കാണേണ്ടത് തന്നെ. ഒരു ചിത്രമെടുക്കാൻ അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും എടുക്കരുതെന്ന കർശന നിർദേശമുണ്ടായിരുന്നതിനാൽ അതിനു മുതിർന്നില്ല.

നെടുമുടി വേണു, കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, തമിഴ് നടൻ ഭരത്, സണ്ണി വെയ്ൻ, ഗ്രിഗറി, സുധീർ കരമന, റീനു മാത്യൂസ് തുടങ്ങിയ പ്രമുഖ 8 താരങ്ങളാണ് ചിത്രത്തിലുടനീളം ഉള്ളത്. ഇവരെക്കൂടാതെ നൂറ് കണക്കിന് ജൂണിയർ ആർട്ടിസ്റ്റുകളും. അതും ആദിവാസി വേഷഭൂഷാദികളോടെ. എല്ലാവരും മഞ്ഞും മഴയും അവഗണിച്ച് ജോലി ചെയ്യുന്നു.

അട്ടകളിൽ നിന്ന് രക്ഷ നേടാനായി ഉപ്പ് വിതറി അതിൽ കയറിയാണ് പലരും നിൽക്കുന്നത്. ഇടയ്ക്ക് പാമ്പിന്റെ ശല്യവുമുണ്ടാകാറുണ്ടെന്ന് ഗ്രിഗറി സൂചിപ്പിച്ചു. ഷൂട്ടിങ് നടക്കുന്ന സമയത്തു തന്നെ ഒരു മാൻകൂട്ടം ലൊക്കേഷന്റെ പരിസരത്ത് എത്തി. കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനക്കൂട്ടം എത്തിയ കാര്യവും ഷൂട്ടിന്റെ ആദ്യ ദിനം കടവുക്കുട്ടിയെ കണ്ടതും ആരോ പറയുന്നത് കേട്ടു. ഛായാഗ്രാഹകൻ ജയേഷ് നായർ സെറ്റിലാകെ ഒാടി നടക്കുകയാണ്. കല്ലിന്റെയും മുള്ളിന്റെയും മുകളിലൂടെ അട്ടശല്യം വകവയ്ക്കാതെ നടന്ന് അദ്ദേഹം ജോലിയിൽ വ്യാപൃതനായിരിക്കുകയാണ്

location-still

രാവിലെ 9-ന് തുടങ്ങിയ ചിത്രീകരണം രാത്രി 10 ആയപ്പോഴാണ് അവസാനിച്ചത്. അപ്പോഴേക്കും എല്ലാവരും ആകെ മടുത്തിരുന്നു. എങ്കിലും പരാതികളേതുമില്ലാതെ ചോദ്യങ്ങൾക്കൊക്കെ ഉത്തരം തന്ന് അവർ ഒപ്പം കൂടി. പേരിന്റെ കാര്യം സൂചിപ്പിച്ചപ്പോൾ അതു കേട്ട് ആരും മുഖം ചുളിക്കേണ്ടെന്ന് സംവിധായകൻ. കാരണം ഇതങ്ങനെ വെറുതെ രസത്തിനിട്ട പേരല്ല. കണ്ടിയെന്നു പറഞ്ഞാൽ അത്ര മോശപ്പെട്ട വാക്കുമല്ല. അതൊരു അളവാണ്. ലോർഡ് ലിവിങ്സ്റ്റൺ ഒരു കാടും. അദ്ദേഹം പറഞ്ഞു.

സീനിയർ നടൻ നെടുമുടി വേണു മുതൽ ജൂണിയർ അഭിനേതാക്കളായ സണ്ണിയും ഗ്രിഗറിയും വരെയുള്ളവർ തമ്മിൽ തമാശ പറച്ചിലും ചിരിയും കളിയും. മലയാളം അത്ര നന്നായി അറിയില്ലെങ്കിലും ഭരതും അവർക്കൊപ്പം ചേരുന്നു. ഒരു സിനിമാ സെറ്റെന്നതിൽ കവിഞ്ഞ് എല്ലാവരും കൂടി ഒരു വിനോദയാത്രയ്ക്ക് വന്നതു പോലെ. ആ ഒരു തോന്നലാവണം രാത്രി വൈകിയും പ്രതികൂല കാലാവസ്ഥയിലും ഒരു മടുപ്പുമില്ലാതെ ജോലി ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്നത്.

ഇത് പ്രകൃതിക്കു വേണ്ടി ചെയ്യുന്ന സിനിമയാണെന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ‌ പറഞ്ഞത്. അവസാന മരം രക്ഷിക്കാൻ ഒരു അവസാന ശ്രമം. കാത്തിരിക്കാം ലോർഡ് ലിവിങ്സ്റ്റണായി...

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.