Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലര്‍വാടിയിലെ കൂട്ടുക്ലബ്

malarvade-team

സൗഹൃദങ്ങൾ കൊണ്ടു മലയാള സിനിമയിലൊരു സാമ്രാജ്യം പണിയുകയാണു നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ. ശ്രീനിവാസന്റെ മകൻ എന്ന ടാഗ് ലൈൻ കുടഞ്ഞെറിഞ്ഞു വിനീത് മലയാള സിനിമയിൽ സ്വന്തമായൊരു വഴി വെട്ടിയിരിക്കുന്നു. ആ വഴിയിൽ ഒരുപറ്റം ചെറുപ്പക്കാർ ഒപ്പം നടക്കുന്നു. ഏറ്റെടുക്കുന്നതെല്ലാം വിജയത്തിൽ എത്തിക്കുന്നതിൽ വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം വിജയിക്കുമ്പോൾ കൂടുതൽ വിനീതനാവുകയാണ് ഈ ചെറുപ്പക്കാരൻ. ‘ എല്ലാം ഈശ്വരാനുഗ്രഹം എന്നേ പറയാനുള്ളൂ. എല്ലാവരുടെയും പ്രാർഥനയും പരിശ്രമവും മാത്രമാണതിനു പിന്നിൽ’, വിനീതിന്റെ വാക്കുകൾ.

ഈ സംഘശക്തിക്കു പിന്നിലെ വിജയം

നല്ല സൗഹൃദമാണു ഞങ്ങൾ തമ്മിൽ. മലർവാടി ആർട്സ് ക്ളബ് മുതലുള്ള ബന്ധമാണ്. താരങ്ങൾ മാത്രമല്ല, ടെക്നീഷ്യൻമാരും സിനിമയുടെ കൈവഴികളിൽ നല്ല നിലയിൽ തന്നെയെത്തി. താരങ്ങളെല്ലാം മലയാള സിനിമയിൽ നല്ല വിലാസമുണ്ടാക്കി. ആ സൗഹൃദത്തിൽ നിന്നുണ്ടാകുന്ന സ്പിരിറ്റ് ഉണ്ടല്ലോ, അതിന്റെ ഊർജം സ്ക്രീനിൽ തെളിയുന്നുണ്ട്. പണ്ട് അച്ഛനും മോഹൻലാലും സത്യൻ അന്തിക്കാടും പ്രിയദർശനും എല്ലാം ഇതേ ടീം സ്പിരിറ്റിൽ പടമെടുത്തു വിജയിപ്പിച്ചവരാണ്.

സഹസംവിധായകരിൽ പലരും സ്വതന്ത്ര സംവിധായകരായി

അതെ, ഇപ്പോൾ ഞാനഭിനയിക്കുന്ന കുഞ്ഞിരാമായണം സംവിധാനം ചെയ്യുന്നത് എനിക്കൊപ്പം അസിസ്റ്റന്റായി ജോലി ചെയ്ത ബേസിൽ ജോസഫ് ആണ്. കൂടെയുള്ളവരെല്ലാം ഒരു കരയ്ക്കെത്തുമ്പോൾ നമ്മളും വളരുകയല്ലേ. അതിലുള്ള സന്തോഷം ഒട്ടും ചെറുതല്ലല്ലോ.

കഥയെഴുത്ത്, പാട്ടെഴുത്ത്, അഭിനയം, സംവിധാനം

എല്ലാം സംഭവിച്ചു പോവുന്നതാണ്. ഞാനെഴുതിയ സിനിമയിൽ ആദ്യമായി ഞാൻ തന്നെ അഭിനയിക്കേണ്ടി വന്നത് ഒരു വടക്കൻ സെൽഫിയിൽ ആണ്. ആ കഥാപാത്രം മറ്റൊരാൾക്കു വേണ്ടി എഴുതിയതാണെന്നു മലയാള മനോരമയിൽ തന്നെ ഞാൻ പറഞ്ഞതാണ്. അദ്ദേഹത്തിനു ഡേറ്റ് പ്രശ്നം വന്നപ്പോൾ സംവിധായകൻ പ്രജിത്തേട്ടനാണ് ഈ വേഷം എന്നെക്കൊണ്ടു ചെയ്യിക്കുന്നതിനു കാരണമായത്. പാട്ടെഴുതിയേ തീരു എന്നില്ല. ഇനി എല്ലാ പടത്തിലും എഴുതാനും സാധ്യതയില്ല.

തിരക്കഥയെഴുത്തു രീതിയെ കുറിച്ച്

എന്റെ എഴുത്തുരീതി വളരെ വ്യത്യസ്തമാണ്. അച്ഛനും അമ്മയും എറണാകുളത്താണു താമസമെമ്കിലും ഇതുവരെ എറണാകുളത്തെ വീട്ടിലിരുന്ന് എഴുത്ത് നടത്തിയിട്ടില്ല. സബ്ജക്ട് സംബന്ധിച്ച് ഒരു ഐഡിയ മനസിൽ മുളപൊട്ടിയാൽ അതിന്റെ വിവിധ തലങ്ങളെ കുറിച്ചു കുറെനാൾ മനസിലിങ്ങനെ കൊണ്ടുനടക്കും. ചിലപ്പോൾ ചില സീക്വൻസുകൾ, ചില സംഭാഷണങ്ങൾ തുടങ്ങിയവ മനസിൽ കിട്ടിക്കഴിഞ്ഞാൽ മൊബൈൽ ഫോണിൽ അതു റെക്കോർഡ് ചെയ്തു വയ്ക്കും. എഴുതാനിരിക്കുമ്പോഴേക്കും ഫോണിൽ ഇതുമായി ബന്ധപ്പെട്ട പല ഫോൾഡറുകൾ ആയിക്കഴിഞ്ഞിരിക്കും. എഴുത്തിനു മുൻപ് ഇങ്ങനെ റെക്കോർഡ് ചെയ്തതെല്ലാം കേട്ട് ഏതൊക്കെയിടങ്ങളിലാവും ഇതു യോജിക്കുകയെന്നു തീരുമാനിച്ച് എഴുത്തിനിറങ്ങും. സീക്വൻസുകളും സംഭാഷണങ്ങളും പിറവിയെടുത്ത നിമിഷങ്ങളിലെ വികാരം പോലും ഇതുകേൾക്കുമ്പോൾ മനസിലേക്കിറങ്ങി വരും. ഏതു മൂഡിലുള്ള സീനുകളാണോ എഴുതുന്നത് ആ മൂഡിലുള്ള പാട്ടുകൾ കേട്ടിരിക്കുന്നതെന്റെ ശീലമാണ്. അതു കേട്ടിരിക്കുമ്പോൾ മനസിൽ സീനുകളും വാക്കുകളും വാചകങ്ങളുമെല്ലാം താനേ പിറന്നുവീഴും.

തിരക്കഥയിൽ തൃപ്തി വരുത്താൻ ചെയ്യുന്നതെന്ത്?

ആദ്യം അച്ഛനെ കാണിക്കും. അച്ഛൻ തുറന്ന മട്ടിൽ അഭിപ്രായം പറയുന്ന ആളാണ്. വളരെ ക്രിയാത്മകമായ നിർദേശങ്ങളും വയ്ക്കും. ഒരു വടക്കൻ സെൽഫിയുടെ ആദ്യ പകുതി അച്ഛനു വളരെ ഇഷ്ടപ്പെട്ടതായിരുന്നു. രണ്ടാം പകുതിയെ കുറിച്ചു ചില ഇഷ്ടക്കേടുകളും നിർദേശങ്ങളും പറയുകയും ചെയ്തു. അതിന്റെ തിരക്കഥ ഞാൻ ലാൽ ജോസിനും ഇഖ്ബാൽ കുറ്റിപ്പുറത്തിനും വായിക്കാൻ നൽകിയിരുന്നു. അവരുടെ നിർദേശങ്ങൾ കൂടി കേട്ടശേഷമായിരുന്നു തിരക്കഥ പൂർത്തിയാക്കിയത്. കോഴിക്കോട് കുറ്റ്യാടിയിലെ ഒരു വീട്ടിൽ വച്ചായിരുന്നു വടക്കൻ സെൽഫിയുടെ ഫസ്റ്റ് ഹാഫ് എഴുതിയത്. യാത്രകൾക്കിടയിലും എഴുതുന്ന ശീലമുണ്ട്. യാത്രയ്ക്കിടെ ഓരോന്നോർക്കും. നല്ലതു കിട്ടിയാൽ എവിടെയെമ്കിലും നിർത്തി അതങ്ങെഴുതും.

കുഞ്ഞിരാമായണത്തിൽ അനുജൻ ധ്യാനും അഭിനയിക്കുന്നുണ്ട്. ആ ചിത്രം കഴിഞ്ഞാൽ ചെന്നൈയിലിരുന്നു പുതിയ ചിത്രത്തിന്റെ കഥയെഴുത്തിനിരിക്കും. കുടുംബ പശ്ചാത്തലത്തിൽ വിനീതിന്റേതായി ഒരു ചിത്രം. സ്ക്രീനിനു പിന്നിലെ പതിവുകാരെ അടുത്ത ചിത്രത്തിലും അണിനിരത്തുമെങ്കിലും സ്ക്രീനിൽ താരനിര പതിവുകാരായിരിക്കില്ല. പക്ഷേ, വിജയത്തിന്റെ കാര്യത്തിൽ പതിവുകൾ ആവർത്തിക്കണമെന്നുണ്ട്. ഈശ്വരൻ തുണയ്ക്കട്ടെ എന്നു വിനീതും വിനീതിനെ സ്നേഹിക്കുന്നവരും പ്രാർഥിക്കുന്നു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.