Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഞ്ഞിൽ‌ വിരിഞ്ഞ കാമറ കണ്ണുകൾ

fazil-ananda-kuttan ഫാസിൽ, ആനന്ദക്കുട്ടൻ, മോഹൻലാൽ

മണിച്ചിത്രത്താഴിന്റെ കാമറാമാനായിരുന്നില്ല ആനന്ദക്കുട്ടൻ. വേണുവായിരുന്നു ചിത്രത്തിനായി കാമറ ചെയ്തത്. പക്ഷേ കുറച്ചു ഭാഗങ്ങൾ ആനന്ദക്കുട്ടൻ എടുത്തിരുന്നു.... ആ ഷോട്ടുകളൊക്കെ കണ്ടിട്ട് വേണു അന്നിങ്ങനെയാണ് പറഞ്ഞത്- ‘ഞാനാണ് ഇതിന്റെ കാമറാമാനെങ്കിലും ഞാൻ ചെയ്തതിനേക്കാൾ നല്ല ലൈറ്റിങ് മൂഡിലാണ് കുട്ടൻ ചിത്രത്തിൽ വർക്ക് ചെയ്തത്’. ഒരു ഛായാഗ്രാഹകന് കിട്ടവുന്നതിൽ വചച് എത്ര നല്ലൊരു അഭിനന്ദനമാണ് അത്. അന്തരിച്ച ഛായാഗ്രാഹകൻ ആനന്ദക്കുട്ടനെ കുറിച്ചുള്ള ഓർമകളിലേക്ക് കടന്നു പോയപ്പോൾ പ്രശസ്ത സംവിധായകൻ ഫാസിലിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...

ഫാസില്‍ ചിത്രത്തിലെ സംവിധായകനായപ്പോൾ ഛായാഗ്രാഹകന്റെ റോൾ ഒരുപാടുവട്ടം അലങ്കരിച്ചത് ആനന്ദക്കുട്ടനായിരുന്നു. കാമറകൊണ്ട് കാവ്യമെഴുതിയ ഛായാഗ്രാഹകൻ ആനന്ദക്കുട്ടൻ വിടപറയുമ്പോൾ അദ്ദേഹത്തെ ഓർത്തെടുക്കുകയാണ് സംവിധായകൻ ഫാസിൽ.

സിനിമയുടെ കഥാസന്ദർഭത്തിനെ മനസിൽ ഉൾക്കൊണ്ട് അതിമനോഹരമായി കാമറ ചലിപ്പിക്കുന്നയാളായിരുന്നു ആനന്ദക്കുട്ടൻ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന എന്റെ ആദ്യ ചിത്രത്തിനു മുന്നേ തീക്കടൽ എന്നൊരു ചിത്രം സംവിധാനം ചെയ്തിരുന്നു. അതിന്റെ കാമറാമാനും ആനന്ദക്കുട്ടനായിരുന്നു. മധു സർ, ഷീല, ശാരദ, വിധുബാല, സുകുമാരൻ, ജയൻ, സോമൻ എന്നിവരെ പടത്തിലൊക്കെ കാമറ ചലിപ്പിച്ചിച്ചയാളാണ് ആനന്ദക്കുട്ടൻ. അതുകഴിഞ്ഞ് മമ്മൂട്ടി, മോഹൻലാൽ സുരേഷ് ഗോപി, ജയറാം എന്നിവരുടെ ചിത്രത്തിലും കാമറാമാനായി അദ്ദേഹം. പിന്നീട് കുഞ്ചാക്കോ ബോബൻറെയും ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രങ്ങളിലും വരെ ഛായാഗ്രാഹകനായി അദ്ദേഹം. എന്റെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും കാമറ ചെയ്തതും ആനന്ദക്കുട്ടനുമായിരുന്നു.

ചിത്രങ്ങൾക്ക് ഇത്രയും തന്മയത്തത്തോടെ കാമറ ചെയ്യാൻ അദ്ദേഹം പഠിച്ചെടുത്തത് ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂഷനുകളിൽ നിന്നല്ല. സ്വന്തം അധ്വാനത്തിലൂടെയാണ് ചലച്ചിത്ര ലോകത്ത് ആനന്ദക്കുട്ടൻ തന്റേതായ സ്ഥാനം കണ്ടെത്തിയത്. ഒരു കൗതുകത്തിന് പഠിച്ചു തുടങ്ങിയതാണ്. പക്ഷേ തന്റെ മേഖലയിലെ പുത്തൻ ആശയങ്ങളെ കുറിച്ചെല്ലാം നല്ല അറിവുള്ളയാളായിരുന്നു അദ്ദേഹം.

സൗമ്യമായ വ്യക്തിത്വം, ഷൂട്ടിങ് സൈറ്റിൽ അച്ചടക്കത്തോടെയുള്ള പെരുമാറ്റം. അദ്ദേഹം കാരണം ഒരു ബുദ്ധിമുട്ടും നമുക്കുണ്ടാകുകയില്ല. ഇത്രയധികം ചിത്രങ്ങൾ അദ്ദേഹത്തെ തേടിവന്നതും ഈ വ്യക്തിത്വത്തിന്റെ മഹത്വം കൊണ്ടുകൂടിയാണ്. ഒരുപക്ഷേ ഇത്രവേഗം മരണത്തിലേക്ക് കടന്നുപോയില്ലായിരുന്നുവെങ്കിൽ ഏറ്റവും കൂടുതൽ പടങ്ങൾക്ക് കാമറ ചലിപ്പിച്ചുവെന്ന ഗിന്നസ് റെക്കോർഡൊക്കെ അദ്ദേഹത്തെ തേടി വന്നേനെ. അത്രയേറെ ചിത്രങ്ങളിൽ പ്രവർത്തിച്ചു ആനന്ദക്കുട്ടൻ. ഫാസിൽ മനോരമ ഓൺലൈനോട് പറഞ്ഞു.