Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മമ്മൂട്ടി പുലിയെ നേരിട്ടത് ഡ്യൂപ്പില്ലാതെ: ഐ. വി ശശി

i-v-sasi-mammootty

പുലിയൂർ എന്ന ഗ്രാമത്തിലിറങ്ങുന്ന നരഭോജികളായ കടുവകളെ വേട്ടയാടി പിടിക്കുന്ന പുലിമുരുകന്റെ കഥ മലയാളി ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. മനുഷ്യനും മൃഗവും കാടും പ്രമേയമാകുന്ന ചിത്രങ്ങളെക്കുറിച്ചോർക്കുമ്പോൾ വേട്ടക്കാരൻ വാറുണ്ണിയെ ഓർക്കാതിരിക്കാനാവുന്നില്ല. ഐ.വി ശശിയുടെ സംവിധാനത്തിൽ ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടി നായകനായി എത്തിയ മൃഗയ ഇറങ്ങിയിട്ട് 27 വർഷം കഴിഞ്ഞിരിക്കുന്നു.

പുലിയിറങ്ങി അരക്ഷിതമായ ഗ്രാമത്തിലേക്ക് എത്തുന്ന വാറുണ്ണി പുലിയോടൊപ്പം സംഘടനം നടത്തുന്ന രംഗങ്ങൾ ഒരുകാലത്ത് തീയറ്ററുകളെ ആഘോഷമാക്കിയിട്ടുണ്ട്. നരഭോജിയായ ഒരു മൃഗത്തെ ഉപയോഗിച്ച് സിനിമ ചിത്രീകരിച്ചതിന്റെ അനുഭവം സംവിധായകൻ ഐവി ശശി മനോരമ ഓൺലൈനുമായി പങ്കു വയ്ക്കുന്നു.

മൃഗയയുടെ കഥ ലോഹിതദാസാണ് എന്നോട് ആദ്യം പറയുന്നത്. വാറുണ്ണിയെപ്പോലെ തന്നെ ലോഹിക്ക് പരിചയമുള്ള ഒരു വേട്ടക്കാരനുണ്ടായിരുന്നു. അയാളുടെ കഥയിൽ പ്രചോദനമുൾക്കൊണ്ടതാണ് മൃഗയ. അന്ന് ഇന്നത്തെ പോലെ ഗ്രാഫിക്സും വിഎഫ്എക്സും ഒന്നുമില്ല. അതുകൊണ്ടു തന്നെ പുലിയെ ഉപയോഗിച്ചുള്ള രംഗങ്ങളെല്ലാം വളരെ സാഹസികമായിട്ടാണ് ഷൂട്ട് ചെയ്തത്. സിനിമ ഇറങ്ങികഴിഞ്ഞപ്പോൾ അതിലുള്ളത് യഥാർഥ പുലിയല്ല, മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചു എന്നൊക്കെ ആരോപണങ്ങൾ ഉയർന്നിരുന്നു. അതിലൊന്നും വാസ്തവമില്ല. ആകെ രണ്ടു ലോങ്ങ്ഷോട്ടിൽ മാത്രമാണ് മമ്മൂട്ടി ഡ്യൂപ്പിനെ ഉപയോഗിച്ചത്. ബാക്കി മുഴുവൻ സീനും അതിസാഹസികമായി തന്നെയാണ് ചിത്രീകരിച്ചത്.

അന്നത്തെ കാലത്ത് പ്രത്യേകിച്ച് സുരക്ഷാ സന്നാഹങ്ങളൊന്നുമില്ലല്ലോ. ചെന്നൈയിൽ നിന്നും ട്രെയിൻ ചെയ്തു കൊണ്ടുവന്ന പുലിയാണ്, എന്നാലും മൃഗമല്ലേ? സംഘട്ടനരംഗത്തിന്റെ ഇടയ്ക്ക് അതൊന്ന് മമ്മൂട്ടിയെ കടിച്ചാൽ തീരുമായിരുന്നു എല്ലാം. യാതൊരുവിധ മുൻപരിശീലനവുമില്ലാതെയാണ് മമ്മൂട്ടി പുലിയുമായുള്ള സംഘട്ടനത്തിന് തയ്യാറായത്. ഷൂട്ടിങ്ങ് സെറ്റിൽ വന്നപ്പോഴാണ് അദ്ദേഹം ആ പുലിയെ കാണുന്നത് തന്നെ. പുലിയുടെ ഒരു ട്രയിനറുണ്ട്.

അയാൾ ഷൂട്ടിങ്ങിന് മുമ്പ് പുലിയുമായി സംഘട്ടനം നടത്തേണ്ടത് എങ്ങനെയെന്ന് കാണിച്ചു തരും. അതു നോക്കിയിട്ട് നേരെ ക്യാമറയുടെ മുമ്പിൽ വന്ന് ചെയ്യും. അതായിരുന്നു പതിവ്. ആദ്യത്തെ രണ്ടു ദിവസം കുറച്ചു പേടിയുണ്ടായിരുന്നു. പക്ഷെ പിന്നീട് ആ കഥാപാത്രവുമായി അലിഞ്ഞുചേർന്നതോടെ തന്മയത്വത്തോടെ സംഘട്ടന രംഗങ്ങളിൽ അഭിനയിക്കാൻ മമ്മൂട്ടിക്ക് സാധിച്ചു. 30 ദിവസം മാത്രമാണ് സിനിമയുടെ ഷൂട്ടിങ്ങിനായി എടുത്തത്. ശശി പറയുന്നു.  

Your Rating: