Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹലോ...ജാലിയൻ കണാരൻ ...സോറി,...ഹരീഷ് സ്പീക്കിങ്

harish-k-r ഹരീഷ്

ഹരീഷ് കെ ആർ എന്ന ആളെക്കുറിച്ച് ചോദിച്ചാൽ ഒരു പക്ഷേ അറിഞ്ഞെന്നു വരില്ല, എന്നാൽ ചോദ്യം ജാലിയൻ കണാരനെക്കുറിച്ചായാലോ? ആഹാ....അറിയാത്തവർ ചുരുക്കം. വാ തുറന്നാൽ നുണമാത്രം പറയുന്ന, ഒരു നുണയുൽപാദന യന്ത്രമായ ജാലിയൻ കണാരൻ മിനിസ്ക്രീൻ പ്രേക്ഷകരെ ചിരിപ്പിച്ചു തുടങ്ങിട്ട്, 2 വർഷത്തിലേറെയായി..

കണാരന് മിനിസ്ക്രീനിൽ നിന്നും ബിഗ്‌ സ്ക്രീനിലേക്ക് മാറ്റം കിട്ടിയപ്പോഴും കണാരനെ കണാരനായി തന്നെ കാണാനാണ് പ്രേക്ഷകർ ഇഷ്ടപെട്ടത്.അത് കൊണ്ട് തന്നെ , കോഴിക്കോട് പെരുവണ്ണയിലുള്ള അയൽവാസികൾ പോലും വിളിക്കുന്നത്‌ കണാരൻ എന്ന് തന്നെ. ഉത്സാഹകമ്മിറ്റി , സപ്തമശ്രീ തസ്കര എന്നീ സിനിമകളിലൂടെ കടന്ന് ഒടുവിൽ രാജമ്മ അറ്റ്‌ യാഹുവിൽ തട്ട് പൊളിപ്പൻ കൌണ്ടർ കോമഡി പ്രകടനം നടത്തിയ ഹരീഷ്, തന്റെ ''പേര്‌ നഷ്ടപ്പെട്ട''  കഥയ്ക്കൊപ്പം വിശേഷങ്ങളും പങ്കു വയ്ക്കുന്നു.....

ഹരീഷ് ആണോ കണാരനാണോ ഏതാണ് ശരി ? 

ഇതിപ്പോൾ കോഴിയാണോ മുട്ടയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്നപോലെ കുഴപ്പിക്കുന്ന ചോദ്യമായിപ്പോയി. ഹരീഷും കണാരനും ശരി തന്നെ. മിമിക്രി ആർട്ടിസ്റ്റ് ആയ എനിക്ക് ഏറ്റവും കൂടുതൽ മൈലേജ് നേടി തന്ന കഥാപാത്രമാണ് ജാലിയൻ കണാരൻ. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിക്ക് വേണ്ടിയാണ് ജാലിയൻ കണാരൻ എന്ന കഥാപാത്രത്തിന് രൂപം കൊടുക്കുന്നത്. എന്തോ എന്റെ ഭാഗ്യം കൊണ്ട് കാണാരൻ കയറി ഹിറ്റായി. അതോടെ , നമ്മുക്ക് ശുക്രൻ ഉദിച്ചെന്ന് പറഞ്ഞാല മതിയല്ലോ.

harish

എങ്ങനെയായിരുന്നു അഭിനയത്തിലേക്കുള്ള എന്ട്രി ?

ഞാൻ പറഞ്ഞല്ലോ , ഞാൻ ഒരു മിമിക്രി ആർട്ടിസ്റ്റ് ആണ്. നാട്ടിൽ ഞങ്ങൾക്ക് വി ഫോർ യു എന്ന പേരിൽ സ്വന്തം ടീം ഉണ്ട്. അത്യാവശ്യം മിമിക്രി പരിപാടികളുമായി പോകുമ്പോഴാണ് മഴവിൽ മനോരമയുടെ കോമഡി ഫെസ്റ്റിവലിൽ പങ്കെടുക്കണം എന്ന ആഗ്രഹം ഉണ്ടാകുന്നത്. ഞങ്ങൾ അപേക്ഷിച്ചു. പങ്കെടുക്കാനും സാധിച്ചു. ഈ പരിപാടിയിൽ വച്ചാണ് ജാലിയൻ കാണാരന്റെ കഥാപാത്രം ജനിക്കുന്നത്?

ജാലിയൻ കണാരൻ ആളെങ്ങനെ ? ഹരീഷിനെ പോലെ തന്നെയാണോ ?

(ചിരിക്കുന്നു) ഒരിക്കലുമല്ല , വാ തുറന്നാൽ കള്ളം മാത്രം പറയുന്ന ഒരു നുണ ഉത്പാദന മെഷീൻ ആണ് കണാരൻ. ഉരുളയ്ക്ക് ഉപ്പേരി പോലെ നുണ പറയുന്ന ഒരു കഥാപാത്രത്തെ ഞാൻ നേരത്തെ അവതരിപ്പിച്ചിരുന്നു. അത് വിജയിച്ചതിനെ തുടർന്നാണ് ജാലിയൻ കണാരനെ അവതരിപ്പികാനുള്ള അവസരം എനിക്ക് ലഭിക്കുന്നത്. 60 കഴിഞ്ഞ ഒരു വൃദ്ധനാണ് കണാരൻ. ഈ കഥാപാത്രത്തിന് എന്റേതായ മാറ്റങ്ങൾ വരുത്തുന്നതിനായി ഞാൻ പ്രായമായവരുടെ പ്രവൃത്തികളും ചലനങ്ങളുമെല്ലാം ഒരുപാട് നിരീക്ഷിച്ചിരുന്നു. 

കണാരൻ ഹിറ്റ്‌ ആയി എന്ന് എങ്ങനെ മനസിലായി ?

പരിപാടി കഴിഞ്ഞ ശേഷം ഒരുപാട് പേർ വന്ന് അഭിനന്ദിച്ചിരുന്നു. പിന്നീട് സ്റ്റേജ് ഷോകൾ ചെയ്യുമ്പോൾ കണാരനെ അവതരിപ്പിക്കാൻ കാണികള്‍ ആവശ്യപ്പെടുമായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം സംവിധായകൻ സിദിഖ് സാറും ഉർവശി ചേച്ചിയും നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. ഇത്തവണത്തെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു , എനിക്ക് അവാർഡ്‌ ഉണ്ട് എന്ന് പറഞ്ഞു. അതൊരു തുടക്കമായിരുന്നു. 

സിനിമയിലേക്ക് വന്ന വഴി?

ജാലിയൻ കണാരൻ കാരണം തന്നെയാണ് ഞാൻ സിനിമയിൽ എത്തുന്നത്. അവാർഡ്‌ ലഭിച്ച ശേഷം, ഒരു ദിവസം, സംവിധായകൻ അക്കു അക്ബർ വിളിച്ചു. ഒരു സിനിമയുണ്ട്   അതിൽ കാണാരൻ എന്ന കഥാപാത്രം ആയിത്തന്നെ അഭിനയിക്കാമോ എന്ന് ചോദിച്ചു. ഞാൻ സമ്മതിച്ചു അങ്ങനെയാണ് ഉത്സാഹകമ്മറ്റിയിൽ നുണയൻ കണാരനെ അവതരിപ്പിക്കുന്നത്‌. 

തുടർന്ന് സിനിമയിൽ സജീവമായി അല്ലെ?

സജീവമായിക്കൊണ്ടിരിക്കുന്നു എന്ന് വേണമെങ്കില പറയാം.ഉത്സാഹകമ്മറ്റിക്ക് ശേഷം,  സപ്തമശ്രീ തസ്കര, സെക്കന്റ്‌ ക്ലാസ് യാത്ര, അച്ചാദിൻ കുഞ്ഞിരാമായണം  നീന തുടങ്ങിയ സിനിമകൾ ചെയ്തു. ഇതിൽ നീനയിലെ കള്ളുകുടിയനും കുഞ്ഞിരാമായണത്തിലെ ഡ്രൈവർ രതീഷും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ ഇറങ്ങിയ രാജമ്മ അറ്റ്‌ യാഹുവിലെ കഥാപാത്രത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. 

കൈനിറയെ ചിത്രങ്ങൾ റിലീസ് ആകാനുണ്ടല്ലോ? 

(ചിരിക്കുന്നു) ദിലീപേട്ടന്റെ ഒപ്പം റ്റു കണ്ട്രീസ് , വിനയ് ഫോർട്ട്‌ നായകനാകുന്ന ഹലോ നമസ്തേ , സുരേഷ്ഗോപിയുടെ  മകൻ ഗോകുൽ നായകനാകുന്ന ഫ്രൈഡേ ഫിലിംസ് സിനിമ മുത്തുഗൗ, പ്രിത്വിരാജ് നായകനാകുന്ന ഡാർവിന്റെ പരിണാമം എന്നിവയാണ് ഇനി ഇറങ്ങാൻ പോകുന്ന ചിത്രങ്ങൾ. 

സൂപ്പർസ്റ്റാറുകളുടെ ഒപ്പം അഭിനയിക്കേണ്ടേ? 

തീർച്ചയായും വേണം.മമ്മൂക്കയുടെ  കൂടെ  അച്ചാദിൻ ചെയ്തു. ഇനി ലാലേട്ടന്റെ ഒപ്പവും അഭിനയിക്കണം. 

മമ്മൂക്കയുടെ ഒപ്പമുള്ള എക്സ്പീരിയൻസ്?

സത്യം പറഞ്ഞാൽ വളരെ പേടിച്ചാണ് ഞാൻ ആദ്യ ഷോട്ടിനു ചെന്നത്. എന്നാൽ എന്നെ കുറച്ചു നേരം നോക്കിയിരുന്ന ശേഷം മമ്മൂക്ക അടുത്തു വന്ന് തോളിൽ പിടിച്ച് ചോദിച്ചു...എന്തൊക്കെണ്ട് ബാബ്വേട്ട വിശേഷങ്ങൾ എന്ന്..അദ്ദേഹം ടി വി പരിപാടികൾ നന്നായി കാണാറുണ്ടായിരുന്നു. കോമഡി ഫെസ്റ്റിവലിലെ അഭിനയത്തെ അഭിനന്ദിക്കുക കൂടി ചെയതപ്പോൾ ടെൻഷൻ സന്തോഷത്തിനു വഴിമാറി.

ഇപ്പോൾ കണാരൻ , അല്ല, ഹരീഷ് സ്റ്റാർ ആണല്ലോ , നാട്ടുകാരിൽ നിന്നുള്ള പ്രതികരണം?

നാട്ടിൽ ഞാൻ അന്നും ഇന്നും പഴയ ആള് തന്നെ. ഇപ്പോഴും കൈലി ഉടുത്ത് പുറത്തിറങ്ങുന്നു , സൊറ പറഞ്ഞിരിക്കുന്നു , മിമിക്രി പരിപാടികൾ ചെയ്യുന്നു.അതുകൊണ്ട് , നാട്ടുകാരെ സംബന്ധിച്ച് ഞാൻ പഴയ ആൾ തന്നെ. അവർ അഭിനയം കണ്ട് നല്ലതിനെ നല്ലതെന്നും ചീത്തയെ ചീത്തയെന്നും പറയും. 

കൊമേഡിയൻ ആയി തന്നെ തുടരാനാണോ പ്ലാൻ?   എന്നെ സിനിമയിൽ എത്തിച്ചത് കോമഡിയാണ്, എന്നാൽ കോമഡിക്ക് അപ്പുറത്ത് അൽപം സീരിയസ് ആയ ഒരു റോൾ ചെയ്യണമെന്നുണ്ട് , അത്തരമൊരു അവസരം വന്നിട്ടുമുണ്ട്. കോമഡിയിൽ തുടങ്ങി ഒടുവിൽ സീരിയസ് ആകുന്ന ഒരു റോൾ. അത് ചെയ്തു വിജയിപ്പിക്കണം എന്ന് തന്നെയാണ് ആഗ്രഹം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.