Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാക്കോച്ചന്റെ കിനാവുകള്‍ക്ക് ചിറകു വച്ചു പറക്കുന്നു..

ഒറ്റ സിനിമ, ഒറ്റ സിനിമ മതി ജീവിതം മാറ്റിമാറിക്കാന്‍. കുഞ്ചാക്കോ ബോബന്റെ ജീവിതം മാറ്റിമറിച്ച സിനിമയായിരുന്നു ഹൌ ഓള്‍ഡ് ആര്‍ യു. ഈ ഒറ്റ സിനിമയിലൂടെ കേവലം റൊമാന്റിക്ക് നായകന്‍ മാത്രമല്ല താന്‍ എന്ന് ചാക്കോച്ചന്‍ തെളിയിച്ചു തന്നു. ഹൌ ഓള്‍ഡ് ആര്‍ യുവിന്റെ അലയൊലികള്‍ അടങ്ങും മുമ്പ് ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ വീണ്ടും തരംഗമായിരിക്കുകയാണ് കുഞ്ചോക്കോ ബോബന്‍. മലയാളത്തിലെ ആദ്യ സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകളിലെ നായകനായതിന്റെ സന്തോഷം കുഞ്ചാക്കോ ബോബന്‍ മനോരമ ഓണ്‍ലൈനുമായി പങ്കുവെക്കുന്നു.

മലയാളത്തിലെ ആദ്യത്തെ സ്പൂഫ് സിനിമയിലെ നായകനായതിന്റെ അനുഭവം?

സത്യത്തില്‍ സ്പൂഫ് എന്ന വാക്കിന്റെ കൃത്യമായ ഒരു നിര്‍വചനം ഇന്നും മലയാളത്തില്‍ പലര്‍ക്കും അറിയില്ല. സിനിമ ഇറങ്ങിയതിനു ശേഷമാണ് ഈ സ്പൂഫ് എന്ന വാക്കു തന്നെ പലരും കേള്‍ക്കുന്നത്. ആക്ഷേപഹാസ്യം അഥവാ പാരഡി ഗണത്തില്‍പ്പെടുന്ന സിനിമയാണ് ചിറകൊടിഞ്ഞ കിനാവുകള്‍. മലയാളസിനിമയിലെ എല്ലാ ക്ളീഷേകളെയും ആക്ഷേപഹാസ്യത്തിലൂടെ പ്രേക്ഷകരിലെത്തിക്കുകയാണ് സിനിമ ചെയ്യുന്നത്.

chakkochan-chirakodinja-kin

മലയാളികള്‍ക്ക് എല്ലാവര്‍ക്കും സുപരിചിതമായ കഥയാണ് സിനിമയുടെ പ്രമേയം എന്നുള്ളത് തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അഴകിയ രാവണനിലെ അംബുജാക്ഷനിലൂടെ മലയാളികള്‍ക്ക് ക്ളൈമാക്സ് വരെ അറിയാം. അത്തരം ഒരു സാഹചര്യത്തില്‍ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുക ശ്രമകരമായ കാര്യം തന്നെയാണ്. ആ കാര്യത്തില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. സിനിമയിലുള്ളവര്‍ക്കും സിനിമയെ ഗൌരവമായി സമീപിക്കുന്നവര്‍ക്കും ചിറകൊടിഞ്ഞ കിനാവുകള്‍ നന്നായി ആസ്വദിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ സാധാരണക്കാരായ പ്രേക്ഷകര്‍ ഒന്നില്‍ ഏറെ തവണ കണ്ടാല്‍ മാത്രമേ സിനിമയുടെ ക്ളീഷേ വശം മനസ്സിലാകൂ എന്ന ന്യൂനതയും സിനിമയ്ക്കുണ്ട്.

ചിറകൊടിഞ്ഞ കിനാവുകള്‍ കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ അഭിനയജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമുള്ളതാണ്?

kunchakko-chirakodinajkinav

ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് അഭിമാനം നല്‍കുന്ന സിനിമയാണ് ചിറകൊടിഞ്ഞ കിനാവുകള്‍. ഞാന്‍ ഇതുവരെ ചെയ്യാത്ത പരീക്ഷണങ്ങള്‍ ഈ സിനിമയില്‍ ചെയ്യുന്നുണ്ട്. ഏകദേശം 10 ഗെറ്റപ്പില്‍ ഞാന്‍ ഈ സിനിമയില്‍ എത്തുന്നത്. കഥ പറയുന്ന സമയത്ത് അംബുജാക്ഷന്റെ സിനിമയിലെ തയ്യല്‍ക്കാരന്റെ വേഷമാണെന്ന് പറഞ്ഞിരുന്നതല്ലാതെ ഈ ദശാവതാരത്തെക്കുറിച്ച് പറഞ്ഞില്ല. ഷൂട്ടിങ്ങ് തുടങ്ങി കഴിഞ്ഞപ്പോഴാണ് ഓരോരോ ബോംബുകളായിട്ട് പൊട്ടിച്ചു തുടങ്ങിയത്. ഇത്ര നീളമുള്ള നായകന്റെ ഇന്‍ട്രോ സീന്‍ ആദ്യമായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. അതിലുപരി നായകനും വില്ലനുമായി ഇരട്ടവേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

വെളുത്ത നായകനും കറുത്ത വില്ലനും. നന്മയുടെ പ്രതീകമാണ് വെളുത്ത നായകന്‍, വിലന്‍ തിന്മയുടെ പ്രതീകമായതു കൊണ്ട് കറുത്ത നിറം നല്‍കുകയായിരുന്നു, ഇതിലൊക്കെ മേക്കപ്പ് അല്‍പ്പമെങ്കിലും പാളിപ്പോയിരുന്നെങ്കില്‍ പ്രേക്ഷകര്‍ക്ക് രസിക്കാതെ വന്നേനെ. മനോഹരമായ ഒരു വിഷ്വല്‍ ട്രീറ്റുകൂടിയാണ് ഈ സിനിമ. ശക്തമായ തിരക്കഥ തന്നെയാണ് സിനിമയുടെ ശക്തി. അതുകൊണ്ട് ചിറകൊടിഞ്ഞ കിനാവുകളോട് യെസ് പറയാന്‍ എനിക്ക് അധികം ആലോചിക്കേണ്ടി വന്നിട്ടില്ല.

അനിയത്തിപ്രാവിലെ ഗാനരംഗത്തെപ്പോലും സിനിമ പരിഹസിച്ചിട്ടുണ്ടല്ലോ. അതിനെക്കുറിച്ച്?

അനിയത്തിപ്രാവിലെ ഗാനരംഗം മാത്രമല്ല, മലയാളസിനിമയില്‍ ഇന്നോളമുള്ള എല്ലാ ക്ളീഷേകളെയും പരിഹസിക്കുന്നുണ്ട്. റിമാകല്ലിങ്കലിലൂടെ ആഷിക്ക് അബുവിനെ കളിയാക്കുന്നുണ്ട്. ജോയ്മാത്യുവിലൂടെ വരിക്കാശ്ശേരി മനയെ കളിയാക്കുന്നുണ്ട്. വരിക്കാശ്ശേരി മന ഇതിലെ ഒരു കഥാപാത്രം കൂടിയാണ്. ഷൂട്ടിങ്ങ് തുടങ്ങിക്കഴിഞ്ഞും തിരക്കഥയില്‍ മലയാളസിനിമയില്‍ അനുദിനം വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ തിരക്കഥാകൃത്തും സംവിധായകനും ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഈ ആക്ഷേപഹാസ്യം ആരെയും വേദനിപ്പിക്കാത്ത രീതിയിലുള്ളതായിരുന്നു.

chakkochan

റൊമാന്റിക്ക് നായകന്‍ എന്ന ടാഗില്‍ നിന്നുള്ള മാറ്റമാണോ ഇത്തരം സിനിമകള്‍?

ഹൌ ഓള്‍ഡ് ആര്‍ യൂ ഇറങ്ങിയപ്പോള്‍ തന്നെ ആ ടാഗില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടിരുന്നു. ഹൌ ഓള്‍ഡ് ആര്‍ യൂ കഴിഞ്ഞ് മുംബൈയില്‍ നിന്ന് ഒരു സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞു ഇത്ര കാലം അദ്ദേഹത്തിന് എന്റെ സിനിമകള്‍ അത്ര ഇഷ്ടമൊന്നും അല്ലായിരുന്നു. അതിനു കാരണം അദ്ദേഹത്തിന്റെ ഭാര്യ എന്റെ കടുത്ത ആരാധികയാണ്. എന്നാല്‍ ഹൌ ഓള്‍ഡ് ആര്‍ യുവിന് ശേഷം ആ ഇഷ്ടം അല്‍പ്പം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് ഇപ്പോള്‍ എന്റെ സിനിമകള്‍ ഇഷ്ടമാണെന്ന്. അതാണ് ഹൌ ഓള്‍ഡ് ആര്‍ യു കുഞ്ചാക്കോ ബോബന്‍ എന്ന നടന് നല്‍കിയ മാറ്റം. കുഞ്ചാക്കോ ബോബന്‍ ഇങ്ങനെയൊക്കെയാണോ എന്ന് ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയത് ഹൌ ഓള്‍ഡ് ആര്‍ യുവിനു ശേഷമാണ്. എന്നാല്‍ ഞാന്‍ എന്ന വ്യക്തിയില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് ഹൌ ഓള്‍ഡ് ആര്‍ യുവിലെ രാജീവ്. ഞാന്‍ ഒരിക്കലും രാജീവിനെപ്പോലെ അല്ല.

അടുത്ത സിനിമകള്‍ ഏതെല്ലാമാണ്?

തോമസ് സെബാസ്റ്റ്യന്റെ ജമ്നാപ്യാരിയാണ് ഇപ്പോള്‍ ചെയ്യുന്ന സിനിമ. ജമ്നാപ്യാരി യമുനയുടെ തീരത്തുള്ള ഒരു ആടാണ്. അതിനെ കേരളത്തിലേക്ക് കൊണ്ടുവരുമ്പോഴുള്ള രസകരമായ സന്ദര്‍ഭങ്ങളാണ് സിനിമ. ഇതില്‍ ഒരു ഓട്ടോക്കാരനായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. തൃശൂര്‍-പാലക്കാട് അതിര്‍ത്തിയിലുള്ള വടക്കാഞ്ചേരിയിലാണ് കഥ നടക്കുന്നത്. കുട്ടന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ആദ്യമായി ഞാന്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. മിസ്കേരള ദീപ്തി സുരേഷാണ് നായിക.

അടുത്ത സിനിമ ഓര്‍ഡിനറി ടീമിന്റെ മധുരനാരങ്ങയാണ്. ബിജുവേട്ടനും (ബിജുമേനോനും) ഞാനും സുഗീതും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. രതീഷിന്റെ മകള്‍ പാര്‍വ്വതിയാണ് ഇതില്‍ നായിക. പൂര്‍ണ്ണമായും വിദേശത്താണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഗള്‍ഫും ശ്രീലങ്കയുമാണ് പ്രധാന ലൊക്കേഷന്‍. ഇനിയുള്ള സിനിമ അനില്‍ രാധാകൃഷ്ണന്റെ ലോഡ് ലിവിംഗ് സ്റ്റോണ്‍ 7000 കണ്ടി. പേരു പോലെ തന്നെ ഇതിലെ കഥാപാത്രവും വളരെ പ്രത്യേകതയുള്ളതാണ്. ഇതുവരെ അത്തരം ഒരു കഥാപാത്രം ഞാന്‍ ചെയ്തിട്ടില്ല.