Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പയ്യന്മാരോട് മത്സരിക്കാനാണ് എനിക്കിഷ്ടം

kunchako-boban കുഞ്ചാക്കോ ബോബന്‍

20 കൊല്ലമായി കുഞ്ചാക്കോ ബോബൻ സിനിമയിലെത്തിയിട്ട്. അന്നും ഇന്നും ചാക്കോച്ചൻ മലയാളത്തിന്റെ ചോക്ലേറ്റ് ഹീറോയാണ്. എത്ര പ്രണയസിനിമകളിൽ അഭിനയിച്ചിട്ടും കാര്യമില്ല ചാക്കോച്ചന്റെ മുഖത്തെ ആ നിഷ്കളങ്കത നമ്മുടെ മുഖത്ത് വരില്ലല്ലോ എന്ന് അടക്കം പറഞ്ഞ് സങ്കടപ്പെടുന്നവരാണ് യുവതലമുറയിലെ പല നടന്മാരും. ഇങ്ങനെ ചാക്കോച്ചനോട് പറഞ്ഞപ്പോൾ ഒരു പൊട്ടിച്ചിരിയായിരുന്നു ഉത്തരം. പിറകെ എത്തി അതിനുള്ള മറുപടി. അല്ലെങ്കിലും പയ്യന്മാരോട് മത്സരിക്കാനാണ് എനിക്കിഷ്ടം. തന്റെ പുതിയ ചിത്രമായ മധുരനാരങ്ങയെക്കുറിച്ചും വരാനിരിക്കുന്ന പുതിയ സിനിമകളെപ്പറ്റിയും കുഞ്ചാക്കോ ബോബൻ മനോരമ ഒാൺലൈനോട് സംസാരിക്കുന്നു.

മധുരനാരങ്ങയെക്കുറിച്ച്?

കേരളത്തിൽ ഒറ്റ സീൻ പോലും ഷൂട്ട് ചെയ്യാത്ത സിനിമയാണിത്. ഷാർജ, ദുബായ്, ശ്രീലങ്ക എന്നിവടങ്ങളിലായിരുന്നു ചിത്രീകരണം. എന്നെ കൂടാതെ ബിജു മേനോനും പുതുമുഖ നടി പാർവതിയും നീരജ് മാധവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒാർഡിനറി ഒരുക്കിയ സുഗീതാണ് സംവിധാനം.

kunchako

ജീവൻ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഷാർജയിൽ താമസിക്കുന്ന ബിജുവിന്റെയും എന്റെയും ജീവിതത്തിലേക്ക് പാർവതിയുടെ കഥാപാത്രം കടന്നു വരുന്നു. ആ പെൺകുട്ടി ഞങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രമേയം. സൗഹൃദവും പ്രണയവും ഒക്കെ ഉണ്ടെങ്കിലും അതൊന്നും ഒരു ക്ലീഷെ പരുവത്തിലല്ല അവതരിപ്പിച്ചിരിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം ബിജു മേനോനുമൊത്ത് വീണ്ടും?

ഒരുമിച്ച് കുറേയധികം സിനിമകൾ ആയപ്പോൾ ഞാനും ബിജുവും മന:പൂർവം ആണ് ഒരു ഇടവേളയെടുത്തത്. വീണ്ടും ഒന്നിക്കുമ്പോൾ അതു സാധാരണ ഹ്യൂമർ ചിത്രം മാത്രമാകരുെതന്ന് നിർബന്ധവുമുണ്ടായിരുന്നു. മധുരനാരങ്ങ ഒരു അസാധാരണ സിനിമയാണെന്നല്ല അതിനർഥം. ഇതിൽ ഹ്യൂമർ ഇല്ലെന്നുമല്ല. ഒരു സംഭവകഥയെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്ന സിനിമയാണ് ഇത്. ഇതിൽ തമാശകളുണ്ട്, പ്രണയമുണ്ട് സാധാരണക്കാരന് ആസ്വദിക്കുന്ന എല്ലാ ഘടകങ്ങളുമുണ്ട്.

kunchako-biju-menon ബിജു മേനോനൊപ്പം ചാക്കോച്ചന്‍

പുതുമുഖ നായിക പാർവതി?

മലയാളത്തിലെ പ്രമുഖ നടനായിരുന്ന രതീഷിന്റെ മകളാണ് പാർവതി. ഒരു പുതുമുഖ നടിക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല കഥാപാത്രമാണ് ഇൗ സിനിമയിലൂടെ ആ കുട്ടിക്ക് ലഭിച്ചിരിക്കുന്നത്. ശ്രീലങ്കൻ യുവതിയായി പാർവതി നല്ല പ്രകടനം കാഴ്ച വച്ചെന്നാണ് എന്റെ അഭിപ്രായം. വ്യക്തി ജീവിതത്തിലും കുറെയേറെ പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുള്ള പാർവതിക്ക് തന്റെ കഥാപാത്രത്തെ അനായാസം അവതരിപ്പിക്കാനായി എന്നാണ് എനിക്ക് തോന്നുന്നത്.

chakochan-parvathy പാര്‍വതിയും ചാക്കോച്ചനും

ബാഹുബലി, പ്രേമം ഒക്കെ നിറഞ്ഞ സദസ്സിൽ ഒാടുകയാണ്. പ്രേക്ഷകർ എന്തു കൊണ്ട് മധുരനാരങ്ങ കാണണം?

ബാഹുബലി ഒരു ബിഗ് ബജറ്റ് ചിത്രമാണ്. പ്രേമം യുവാക്കൾക്കായുള്ള സിനിമയും. മധുരനാരങ്ങ ഇൗ ഗണത്തിലൊന്നും പെടുന്ന ഒന്നല്ല. ഇതൊരു കുഞ്ഞു സിനിമയാണ്. കുറച്ച് സാധാരണക്കാരുടെ കഥ സാധാരണക്കാരന് രസിക്കും വിധം എടുത്തിട്ടുള്ള ഒരു സാധാരണ സിനിമ. ഒരു കാര്യത്തിൽ ഉറപ്പ് തരാം. ഇൗ സിനിമ നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. കാശു പോയല്ലോ എന്നോർത്ത് വിഷമിക്കാനും അവസരം നൽകില്ല.

chakochan-jamna-pyari ജംമ്ന പ്യാരിയില്‍ കുഞ്ചാക്കോ ബോബന്‍

കാലം കുറെയായി. ചാക്കോച്ചൻ അന്നും ഇന്നും ചോക്ലേറ്റ് ഹീറോ?

ഞാൻ ചോക്ലേറ്റ് ഹീറോ മാത്രമല്ല. അല്ലാത്ത ഒരുപാട് വേഷങ്ങൾ ചെയ്തു. പിന്നെ ഒാരോ കാലത്തും ചോക്ലേറ്റ് ഹീറോ പട്ടങ്ങൾ ഉള്ള ആളുകൾ ഉണ്ടായിരുന്നു. പ്രേംനസീർ, ശങ്കർ, റഹ്മാൻ അങ്ങനെ കുറച്ചു പേർ. പക്ഷേ മരംചുറ്റി പ്രണയത്തിൽ നിന്നും വ്യത്യസ്തമായി കുറച്ചു കൂടി മച്വർ പ്രണയങ്ങളാണ് ഇപ്പോൾ എന്നെ തേടി വരാറുള്ളത്. പിന്നെ ഇപ്പോഴത്തെ പയ്യന്മാരോട് മത്സരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നതും.

പുതിയ ചിത്രങ്ങൾ?

Lord Livingstone 7000 Kandi | Exclusive Location Report

പുതിയ ചിത്രങ്ങളിലൊന്ന് ജംമ്നാ പ്യാരിയാണ്. പിന്നെ ലോർഡ് ലിവിങ്സ്റ്റൺ 7000 കണ്ടി. ആസിഫ് അലിക്കൊപ്പം ഒരു സിനിമ. രാജേഷ് പിള്ളയുടെ ചിത്രം. പുതുമുഖങ്ങൾ അണിയിച്ചൊരുക്കുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി. അങ്ങനെ കുറച്ച് സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.