Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിതപ്രതീക്ഷ വേണ്ട, ചാർലി ഒരു സാധാരണ ചിത്രം

martin-prakkatt മാർട്ടിൻ പ്രക്കാട്ട്

ഷൂട്ടിങ് തുടങ്ങിയ നാൾ മുതൽ ചാർലി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. പോസ്റ്റർ ഇറങ്ങിയപ്പോഴും ദാ ഇപ്പൊ ട്രെയിലർ ഇറങ്ങിയപ്പോഴും ആരാധകരുടെ പ്രതീക്ഷകൾ വാനോളമുയരുകയാണ്. ചാർലിയായി ദുൽഖർ എത്തുമ്പോൾ കൂട്ടിന് മലയാളത്തിന്റെ ഭാഗ്യ നായിക പാർവതിയാണ് എത്തുന്നത്.

നൂറിലധികം ദിവസങ്ങൾ തിയറ്ററുകൾ നിറഞ്ഞോടിയ ‘ബെസ്റ്റ് ആക്ടറി’നും ‘എബിസിഡി’യ്ക്കും ശേഷമാണ് തന്റെ 3–ാം ചിത്രവുമായി സംവിധായകൻ മാർട്ടിൽ പ്രക്കാട്ട് എത്തുന്നത്. ആരാധകരെ ആവേശത്തിലാഴ്ത്താൻ ചാർലിയെത്തുമ്പോൾ രണ്ടു വർഷത്തെ തന്റെ പ്രയത്നത്തെക്കുറിച്ചും ഒപ്പം പ്രതീക്ഷയും സ്വപ്നങ്ങളും മാർട്ടിൻ പ്രക്കാട്ട് മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.

ആക്ഷനല്ല പ്രണയം

ചാർലി ഒരു പ്രണയകഥയാണ്. ഒന്നോ, രണ്ടോ വാക്യത്തിൽ പറഞ്ഞു തീർക്കാവുന്ന ഒരു പ്രണയത്തിന്റെ കഥ. ഇതൊരു സസ്പെൻസ് മാസ് ആക്ഷൻ ചിത്രവുമല്ല. എന്നാൽ തിരക്കഥ ആവശ്യപ്പെടുന്ന തരത്തിൽ ചിത്രം ഭംഗിയാക്കാൻ ശ്രമിച്ചിട്ടുണ്ട്. ചിത്രത്തിലെ ദുൽഖറിന്റെ കഥാപാത്രത്തിന്റെ പേരാണ് ചാർലി.

parvathi-martin

മമ്മൂട്ടിയുമില്ല മോഹൻലാലുമില്ല

നിലവിൽ സോഷ്യൽ മീഡിയകളിൽ ചാർലിയെക്കുറിച്ച് വരുന്ന വാർത്തകളിൽ യാതൊരു കഴമ്പുമില്ല. സംഗീതത്തിന് പ്രാധാന്യമുള്ള, സസ്പെൻസുകളില്ലാത്ത ഒരു പ്രണയചിത്രമാണ് ചാർലി. മമ്മൂട്ടിയോ, മോഹൻലാലോ, പൃഥിരാജോ ചിത്രത്തിൽ ഇല്ല.

അമിത പ്രതീക്ഷകളിൽ ആശങ്കയുണ്ട്

സിനിമയെപ്പറ്റി പ്രതീക്ഷകളുണ്ടാകുന്നത് വളരെയധികം നല്ലതാണ്. എന്നാൽ ആ പ്രതീക്ഷകൾ അമിതമാകുന്നു എന്നത് ആശങ്കയുളവാക്കുന്നു. ചാർലിയെക്കുറിച്ച് വരുന്ന ഗോസിപ്പുകൾ അധികവും ആ അമിതമായ പ്രതീക്ഷകളിൽ നിന്നാണ്. ദുൽഖറിനോടുള്ള മലയാളിയുടെ സ്നേഹമാണ് ഇൗ ആകാംക്ഷകൾക്കും അമിതാവേശത്തിനും പിന്നിൽ.

Charlie Malayalam Movie Official Trailer HD | Dulquer Salmaan

ചാർലിയും ദുൽഖറും തമ്മിൽ

നമ്മൾ ഇന്നുവരെ കണ്ടിട്ടുള്ള ദുൽഖർ കഥാപാത്രങ്ങളിൽ നിന്നെല്ലാം ഏറെ വ്യത്യസ്തനാണ് ചാർലി. ചാർലിയാകാൻ ദുൽഖർ ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ ഓകെ കൺമണിയ്ക്ക് ശേഷം രണ്ടു മാസമെടുത്താണ് അദ്ദേഹം താടി വളർത്തിയത്. അതുപോലെ ചാർലിയുടെ സംസാരശൈലിയും ദുൽഖറിന് പുതിയൊരു അനുഭവമാണ്.

ജോണ്‍സിൽ നിന്ന് ചാർലിയിലേയ്ക്കുള്ള ദൂരം

എബിസിഡി എന്ന ചിത്രത്തിലെ കഥാപാത്രം ദുൽഖറിനെ സംബന്ധിച്ചടുത്തോളം റിയൽ ലൈഫ് ക്യാരക്ടറാണ്. താൻ അറിഞ്ഞ, അനുഭവിച്ച, ജീവിച്ച സാഹചര്യങ്ങളിലൂടെയുള്ള ഒരു മടങ്ങിപ്പോക്ക്. എന്നാൽ 'ചാർലി' അങ്ങനെയല്ല. വ്യത്യസ്തമായ ജീവിത വഴിയിലൂടെ ദുൽഖറിനെ ചാർലി കൊണ്ടുപോവുകയാണ്. എത്രത്തോളം വെല്ലുവിളി നേരിട്ടോ അത്രത്തോളം സന്തോഷവാനാണ് ദുൽഖർ.

charlie-dulquer

മൊയ്തീന്റെ നായിക ഇനി ചാർലിയുടെ പെണ്ണ്

വനിതയിൽ ഫോട്ടോഗ്രാഫർ ആയിരുന്ന കാലം തൊട്ടെ എനിക്ക് പാർവ്വതിയുമായി പരിചയമുണ്ട്. ചിത്രത്തിൽ ഒരു പുതുമുഖത്തെ നായികയാക്കാമെന്നായിരുന്നു ആദ്യത്തെ തീരുമാനം അതിനായി ഓഡിഷൻ വരെ നടത്തി. എന്നാൽ‌ തിരക്കഥ പൂർത്തിയായപ്പോള്‍‌ നായകന്റെ അത്രയും പ്രാധാന്യമുള്ളതായി നായിക കഥാപാത്രം. അങ്ങനെയാണ് പാർവ്വതിയിലേക്ക് എത്തുന്നത്. ചിത്രീകരണത്തിന്റെ ഓരോ ഘട്ടത്തിലും പാർവ്വതി എന്ന നടി ശരിക്കും അമ്പരപ്പിക്കുകയായിരുന്നു. സിനിമയോട് അവർ കാണിക്കുന്ന അർപ്പണ മനോഭാവും കണ്ടു പഠിക്കേണ്ടതു തന്നെയാണ്.

പാട്ടുകളുടെ സ്വന്തം ചാർലി

ചാർ‌ലിയൊരു മ്യൂസിക്കല്‍ ലൗ സ്റ്റോറിയാണ്. അതുകൊണ്ടു തന്നെ സംഗീതത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഗോപി സുന്ദർ വളരെ മനോഹരമായി സംഗീതം നിർവ്വഹിച്ചിരിക്കുന്നു. സംഗീത ജീവിതത്തിലെ തന്റെ അടുത്ത ഘട്ടമാണ് ചാർലിയിലെ പാട്ടുകളിലൂടെ തുടങ്ങുന്നതെന്നാണ് ഗോപിയുടെ അഭിപ്രായം. കൂടാതെ മാൽഗുഡി ശുഭ തെൻമാവിൻകൊമ്പത്ത് എന്ന ചിത്രത്തിന് ശേഷം പാട്ടു പാടുന്ന മലയാള ചിത്രമാണ് ചാർലി.

charlie

സംവിധായകൻ നിർമാതാവാകുമ്പോൾ

നടൻ ജോജുവും ഷെബിൻ ബെക്കറും ഞാനും ചേർന്നാണ് ചാർലി നിർമ്മിക്കുന്നത്. ശരിക്കും പറഞ്ഞാൽ ജോജുവാണ് ഞാൻ നിർമ്മാതാവാകുന്നതിനു പിന്നിലെ ചാലക ശക്തി. അദ്ദേഹത്തിന്റെ എർജിയില്ലായിരുന്നെങ്കിൽ ഈ സിനിമയുടെ നിർമ്മാതാവ് വേറെ ആരെങ്കിലുമായേനേ.

സീനിയേഴ്സിനെ എനിക്ക് ഇപ്പോഴും പേടി

സിനിമയിലെ സീനിയേഴ്സിനോട് ഇടപെടാൻ എനിക്ക് ഇപ്പോഴും പേടിയാണ്. അവർക്ക് ഞാൻ‌ വലിയ ബഹുമാനവും കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു സീന്‍ മാറ്റി അഭിനയിക്കണം, റീടെക്ക് എടുക്കണം എന്നൊക്ക പറയാൻ മടി തോന്നാറുണ്ട്.

സൗഹൃദത്തിന്റെ ചാർലി

ദുൽഖറും പാർവ്വതിയും ജോമോനും ഉണ്ണി ആറുമെല്ലാം അടങ്ങുന്ന ഒരു സൗഹൃദ സംഘത്തിന്റെ ചിത്രമാണ് ചാർലി. ദുൽഖറിനോടും പാർവ്വതിയോടുമൊക്കെ നല്ല അടുപ്പമുള്ളതിനാൽ എത്ര തവണ റീടേക്ക് പറയാനും മടി ഇല്ലായിരുന്നു. അത്രയ്ക്ക് സ്വാതന്ത്ര്യം എനിക്ക് അവർ തന്നിട്ടുണ്ട്.

ലാളിത്യമുള്ള ട്രെയിലർ

ചാർലി ഒരു സിംപിൾ സിനിമ ആണെന്നു ട്രെയിലർ കണ്ടവർക്ക് മനസ്സിലാകും. യൂട്യൂബിൽ റിലീസ് ചെയ്ത് വളരെ ചുരുങ്ങിയ നേരം കൊണ്ട് റെക്കോർഡിട്ടു ചിത്രത്തിന്റെ ട്രെയിലർ. സിനിമയ്ക്കായി പ്രേക്ഷകർ ആളുകൾ എത്രത്തോളും കാത്തിരിക്കുന്നുവെന്നതിന്റെ തെളിവാണ് അത്.

ബാംഗ്ലൂർ ഡെയ്സിലെ സേറ-അർജുൻ പ്രണയജോഡികളായി ആരാധകരുടെ മനസുനിറച്ച ദുൽഖറും പാർവതിയും ഒരിക്കൽക്കൂടി ഒരുമിക്കുമ്പോൾ ചാർലി കാഴ്ചയുടെ ഒരു വിസ്മയമാകുമെന്ന് പ്രതീക്ഷിക്കാം.‌ പ്രണയചിത്രങ്ങൾക്ക് നല്ല രാശിയുള്ള വർഷമാണ് 2015 എന്നിരിക്കെ ആ വിജയനിരയിലെ അവസാനത്തേതാകാനുള്ള ഒരുക്കത്തിലാണ് ചാർലി.