Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടി ബലരാമൻ; ഇത് റോമിൻ മുളകുപാടം

lal-romin ലാൽ, സന്തോഷ് കീഴാറ്റൂർ, അജാസ്, റോമിൻ മുളകുപാടം

 ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടന്റെ ആ ചിരി പുലിമുരുകൻ എന്ന ചിത്രം കണ്ടവരാരും മറക്കില്ല.  ആരാണീ പയ്യൻസ് എന്നായിരുന്നു സിനിമ കണ്ടിറങ്ങിയ ശേഷം പങ്കുവച്ച കൗതുകച്ചോദ്യങ്ങളിലൊന്ന്. കുറച്ചു നേരമേയുണ്ടായിരുന്നുള്ളുവെങ്കിലും ഈ പുതിയമുഖത്തെ പെരുത്തിഷ്ടമായി എല്ലാവർക്കും. നിർമ്മാതാവ് ടോമിച്ചൻ മുളകുപാടത്തിന്റെ മകനാണീ പയ്യൻസ്. പേര് റോമിൻ മുളകുപാടം, എഞ്ചിനീയറിങ് കഴിഞ്ഞ് ഇൻറേൺഷിപ്പൊക്കെ ചെയ്തു നടക്കുന്നതിനിടയിലാണ് സിനിമ തേടിച്ചെന്നത്. എന്നാൽ പിന്നെയൊരു കൈ നോക്കിക്കളയാമെന്നു റോമിനും തീരുമാനിച്ചു. സംഗതി എന്തായാലും അടിപൊളിയായി. റോമിനൊപ്പം അൽപ നേരം വർത്തമാനം പറഞ്ഞു വരാം...

ഏയ് എനിക്കൊരു ബന്ധവുമില്ലേ...

എന്റെ വഴിയിൽ ആർട്സ് ഇല്ല, സ്പോർട്സ് മാത്രമാണ്. ഒരിക്കൽ പോലും അഭിനയത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. പപ്പയ്ക്ക് ഞാൻ സിനിമ ചെയ്യുന്നത് ഇഷ്ടമായിരുന്നു. ഈ സിനിമയുടെ തുടക്കത്തിൽ തന്നെ സംവിധായകൻ വൈശാഖ് ചേട്ടനും ഉദയൻ ചേട്ടനൊക്കെ എന്നോട് അഭിനയിക്കുവാൻ പറയുമായിരുന്നു. വെറുതെ പറയുന്നതാണെന്നാ ഞാൻ കരുതിയത്. കാരണം മുൻപ് അഭിനയിച്ച പരിചയമോ അങ്ങനെയൊരു ആഗ്രഹമോ ഞാൻ ആരോടും പറ‍ഞ്ഞിട്ടില്ലായിരുന്നു. അങ്ങനെയൊരു ആഗ്രഹമോ ഇല്ലായിരുന്നു. എന്റെ അനുജൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അവനെ ആയിരിക്കും ആദ്യം ഈ വേഷത്തിലേക്കു ആലോചിച്ചിരുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അതു കറങ്ങി തിരിഞ്ഞ് എന്റെ വഴിക്ക് എത്തിയതാകാനാണു സാധ്യത. 

എങ്ങനെയായിരുന്നു ഷൂട്ടിങ്

അഭിനയിക്കുന്നത് ഇച്ചിരി പാടാണെന്ന് മനസിലായി. കാണുന്ന പോലെ അത്ര എളുപ്പമല്ല. സിനിമയിൽ ഒരു മുൻപരിചയവുമില്ലാത്തയാൾ കാമറയ്ക്കു മുൻപിൽ നിൽക്കുമ്പോഴുള്ള ടെൻഷൻ പറയേണ്ടതില്ലല്ലോ. എനിക്കും അങ്ങനെ തന്നെയായിരുന്നു. നാലോ അഞ്ചോ ടേക്ക് എടുത്തിട്ടാണ് ആ ചിരിക്കുന്ന രംഗമൊക്കെ ശരിയായത്. ആ രംഗം തന്നെയായിരുന്നു ഏറ്റവും പാടായിരുന്നതും. 

കഥാപാത്രമാകുവാൻ മുന്നൊരുക്കങ്ങളൊക്കെ നടത്തിയിരുന്നു. തിരുവനന്തപുരത്തെ സുന്ദരേശൻ സാറിനു കീഴിൽ മൂന്നാഴ്ചയോളം അഭിനയ പരിശീലനം നടത്തി. അദ്ദേഹം പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലാണു പഠിച്ചതും. അവിടെ ഇടയ്ക്കു ക്ലാസെടുക്കാനുമൊക്കെ പോകും. വൈശാഖേട്ടൻ പപ്പയോടു പറഞ്ഞിരുന്നു ഇക്കാര്യത്തെ കുറിച്ച്. അതനുസരിച്ചാണു ക്ലാസിനു പോയത്. 

എന്നെ അറിയാവുന്നവരെല്ലാം ആകെ ഞെട്ടിയിരിക്കുകയാണ് ഞാൻ അഭിനയിച്ചുവെന്നറിഞ്ഞിട്ട്. പക്ഷേ സിനിമ പുറത്തിറങ്ങിയപ്പോൾ‌ എല്ലാവരും നല്ല അഭിപ്രായമാണു പറഞ്ഞത്. വാട്സ് ആപ്പിൽ സിനിമയുടെ ക്ലിപ് പ്രചരിച്ചിരുന്നുവല്ലോ. അതിൽ എന്നെ കണ്ടിട്ടും ഒത്തിരി പേർ വിളിച്ചിരുന്നു. നടൻ‌ ബാലയുടെ അഭിനന്ദനമായിരുന്നു ഒട്ടും പ്രതീക്ഷിക്കാതെ വന്നത്. ഒരുപാട് സന്തോഷം. അത്രയേയുള്ളൂ ഇപ്പോൾ പറയുവാൻ. 

വീട്ടിൽ?

പുലിമുരുകൻ ഷൂട്ടിങ് സമയത്തൊക്കെ പപ്പയ്ക്ക് നല്ല ടെൻഷനായിരുന്നു. ഞങ്ങളെല്ലാവർക്കും അങ്ങനെ തന്നെയായിരുന്നു. പക്ഷേ സിനിമ പുറത്തിറങ്ങി അത് വൻ വിജയമായി പിന്നെ എന്റെ കഥാപാത്രവും എല്ലാവരും ശ്രദ്ധിച്ചു. രണ്ടും കൂടിയായപ്പോൾ വീട്ടിൽ ആകെ മൊത്തം ഹാപ്പി ആയി.

ഇനി

കഥാപാത്രങ്ങള്‍ വന്നാൽ ഒരു കൈ നോക്കാം. എഞ്ചിനീയറിങ് കഴിഞ്ഞ് അബുദാബിയിൽ ഒരു കമ്പനിയിൽ ഇൻറേൺഷിപ് ചെയ്യുകയായിരുന്നു. അതിന് അവധി കൊടുത്താണ് ഇങ്ങോട്ടേക്കു പോന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.