Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാർലി കോലാഹലങ്ങളുടെ സിനിമയല്ല: ഉണ്ണി ആർ

dulquer-unni-r ദുൽഖർ സൽമാൻ, ഉണ്ണി ആർ

സമകാലിക സാഹിത്യ ലോകത്തെ വേറിട്ട സാന്നിധ്യമാണ് ഉണ്ണി ആർ‌. യുക്തിബോധത്തിന്റെ മഷികൊണ്ടുള്ള ആ എഴുത്തുകൾ കാലത്തോട് ശക്തമായ രീതിയിലാണ് സംവദിച്ചത്. സിനിമാ ലോകത്തിന് ഉണ്ണി ആർ സമ്മാനിച്ചതും അതുതന്നെ. അഭ്രപാളികളി തീർക്കുന്ന ഔപചാരികതയെ വകഞ്ഞു മാറ്റി സാധാരണക്കാരന്റെ മുന്നിലേക്കെത്തിയ യാഥാർഥ്യങ്ങളായിരുന്നു ആ സിനിമകളെല്ലാം. ചാർലിയാണ് ഉണ്ണി ആർ തിരക്കഥയെഴുതിയ ഏറ്റവും പുതിയ ചിത്രം.

അതുപോലെ ഇക്കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഏറ്റവുമധികം കയ്യടി നേടിയ ഒഴിവു ദിവസത്തെ കളി എന്ന ചിത്രവും ഉണ്ണി ആർന്റെ കഥയാണ്. ലീലയെന്ന കഥയും രഞ്ജിത് സിനിമയാക്കുന്നു. കഥകൾക്കൊപ്പമുള്ള ചലച്ചിത്ര യാത്രകളെ കുറിച്ച് ചാർലിയെ കുറിച്ച് പറഞ്ഞ് കേൾക്കുന്നതിനു പിന്നിലെ യാഥാർഥ്യങ്ങളെ കുറിച്ച് കഥാകൃത്ത് സംസാരിക്കുന്നു.

ആൾക്കൂട്ടം പ്രതീക്ഷിക്കുന്നതല്ല സിനിമയിലുള്ളത്

ചാർലിയെന്ന സിനിമ ഇപ്പോൾ തന്നെ ചർച്ചയായി കഴിഞ്ഞു. അതിന്റെ കഥാവഴികളെ കുറിച്ച് ആളുകൾക്കിടയിൽ ഏറെ പ്രചരിക്കുന്നുണ്ട്. തുറന്നമനസ്സോടു കൂടി സിനിമ കാണുക, പ്രേക്ഷകനെ കാത്തിരിക്കുന്നത് ഒരു നല്ല സിനിമയാണ്.

പക്ഷേ ഒരുകാര്യം ഞാനുറപ്പിച്ച് പറയാം ആൾക്കൂട്ടം പ്രതീക്ഷിക്കുന്ന സിനിമയല്ലിലത്. ആൾക്കൂട്ടം ഉണ്ടാക്കിവച്ചിരിക്കുന്ന കഥാപാത്രങ്ങളല്ല ഇതിലുള്ളത്. മലയാള ചലച്ചിത്രത്തിൽ ചാർലിയെന്ന സിനിമയ്ക്ക് നല്ലൊരിടം കിട്ടുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.

chemba-dulquer

ഇപ്പോൾ പ്രചരിക്കുന്നതൊന്നുമല്ല ചാർലി

ഞാൻ സഞ്ചരിച്ച വഴികളിൽ എന്നെ അസൂയപ്പെടുത്തുന്ന ജീവിതം ജീവിച്ചു തീർക്കുന്ന ഒരുപാട് മനുഷ്യരെ കണ്ടിട്ടുണ്ട്. ജീവിതം നന്നായി ആസ്വദിച്ച് കളങ്കമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്നവർ. വളരെ കൂളായി ജീവിതത്തെ കാണുന്നവർ. ഏത് സഹാചര്യത്തോടു പൊരുത്തപ്പെടാവുന്ന സ്വഭാവ രീതിയുള്ളവർ. എല്ലാത്തിനുമപ്പുറം മനുഷ്യനെ സ്നേഹിക്കാൻ മാത്രമറിയുന്നവർ. അത്തരക്കാരാണ് എന്നെ ചാർളിയിലേക്കെത്തിച്ചത്. ലോകത്തെ യുക്തിപരമായി വിശകലനം ചെയ്യാൻ കഴിവുള്ള മനുഷ്യർ. ചാർലി ഞാൻ കണ്ട അത്തരത്തിലുള്ള മനുഷ്യരുടെ ഒരു പ്രതിനിധിയാണ്.

അതുകൊണ്ടാണ് പറഞ്ഞത് ചാർലി കോലാഹലങ്ങളുടെ സിനിമയല്ലെന്ന്. പച്ചയായ യാഥാർഥ്യങ്ങളോടൊപ്പം പകിട്ടുകളില്ലാതെ സഞ്ചരിക്കുന്ന സിനിമയാണിത്. ഭ്രമാത്മകമായ ഒന്നും സിനിമയിലില്ല. സാധാരണ പ്രേക്ഷകനെ നല്ല സിനിമയുടെ ലോകത്തേക്ക് നയിക്കാനുള്ളതെല്ലാം ചാർലിയിലുണ്ട്.

അമിതപ്രതീക്ഷ വേണ്ട, ചാർലി ഒരു സാധാരണ ചിത്രം: മാർട്ടിൻ പ്രക്കാട്ട്

പ്രേക്ഷകരുടെ പ്രതീക്ഷ ടെൻഷനടിപ്പിക്കുന്നില്ല

charlie-dulquer

പ്രേക്ഷകരുടെ അമിത പ്രതീക്ഷ ടെൻഷടിപ്പിക്കുന്നില്ല. കാരണം കുറേക്കാലം ഈ സിനിമയ്ക്കു വേണ്ടി പ്രയത്നിച്ചു. ചാർലിയെന്ന സിനിമയെന്താമെന്ന് എനിക്കറിയാം. അത് പ്രേക്ഷകനെ തൃപ്തിപ്പെടുത്തുമെന്ന വിശ്വാസമുണ്ട്. നമ്മൾ ചെറുപ്പത്തിൽ പരീക്ഷ കഴിഞ്ഞ് ടെൻഷനടിച്ചിരിക്കില്ലേ. പക്ഷേ അതൊക്കെ പഠിക്കാതെ എഴുതിയ പരീക്ഷയാണ്. സിനിമയും ഒരു പരീക്ഷ തന്നെ. പക്ഷേ ഇവിടെ പഠിച്ച തലം പ്രയത്നിച്ച തലം എല്ലാം വേറെയാണ്.

ഇത് ദുൽഖറിന്റെ അടുത്ത ഘട്ടം

Charlie Malayalam Movie Official Trailer HD | Dulquer Salmaan

രണ്ടു വർഷം മുൻ‌പാണ് ഈ കഥയെ കുറിച്ചും ചാർലിയെ കുറിച്ചും ദുൽഖറിനോട് പറയുന്നത്. ഈ സിനിമയ്ക്കു വേണ്ടി എഴുതുമ്പോഴും കഥാപാത്രത്തെ കുറിച്ച് ചിന്തിച്ചപ്പോഴും ദുൽഖർ മാത്രമായിരുന്നു മനസിൽ. ദുല്‍ഖറിനേറെ മുതിർന്ന കഥാപാത്രമാണിത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന്. ആ കഥാപാത്രത്തെ നൂറു ശതമാനം ഭംഗിയായി ദുൽഖർ അവതരിപ്പിച്ചു. ഓരോ നടന്റെ ജീവിതത്തിലും ഓരോ ഘട്ടങ്ങളുണ്ടല്ലോ. ദുൽഖറെന്ന നടന്റെ ജീവിതത്തിലെ രണ്ടാം ഘട്ടമാണിത്.

രാഘവനും ചാർലിയും രണ്ടു തലം

charlie-raghavan

മമ്മൂട്ടി അവതരിപ്പിച്ച രാഘവനാണോ ദുൽഖറിന്റെ ചാർലിയാണോ എഴുത്തിൽ കുഴപ്പിച്ചതെന്നു ചോദിച്ചാൽ ആ താരതമ്യത്തിന് പ്രസക്തിയില്ലെന്നെ പറയാനാകൂ. ഈ രണ്ട് കഥാപാത്രങ്ങളുടെയും സ്വഭാവം തീർത്തും വ്യത്യസ്തമാണ്. രണ്ടും രണ്ടുവഴിക്ക് സഞ്ചരിക്കുന്നവർ. ക്രിയാത്മകതയുടെ വേറെ ലോകമാണ് രണ്ടും തരുന്നത്. എഴുത്തിന്റെ ത്രിൽ രണ്ടിലുമറിഞ്ഞു. ആ ത്രിൽ ആർക്കു വേണ്ടി എഴുതിയാലും എന്തിനെ കുറിച്ചെഴുതിയാലും കഠിനം തന്നെ. ഞാനെഴുതുന്ന ഓരോന്നിലും ഈ വികാരം അനുഭവിക്കുന്നുണ്ട്.

എനിക്ക് പാപബോധമില്ല

എഴുത്താണ് എന്റെ വഴി. സിനിമയ്ക്ക് വേണ്ടി എഴുതുന്നത് എന്റെ വരുമാനമാർഗമാണ്. അത്തരത്തിലുള്ളൊരാൾ സിനിമയിൽ ഇന്നതേ എഴുതൂ എന്ന് പറയാനാകിലല്ലോ. കലാമൂല്യമുള്ള ചിത്രങ്ങൾക്കും വാണിജ്യ ചിത്രങ്ങൾക്കും വേണ്ടി എഴുതുന്ന ഒരാളാണ് ഞാൻ. കഥകളെഴുതുമ്പോൾ അവിടെ എന്തെഴുതണം എന്നത് തീരുമാനിക്കുന്നതും ഞാൻ തന്നെ. പക്ഷേ സിനിമ അങ്ങനെയല്ല. അതൊരു കൂട്ടായ്മയാണ്. ആളുകളിലേക്ക് ആ കലാസൃഷ്ടിയെ പരമാവധി എത്തിക്കുവാൻ ചില കാര്യങ്ങൾ ചെയ്യേണ്ടതായി വരും. പക്ഷേ ഇതുവരെയും മനസാക്ഷിക്ക് നിരക്കാത്തതും എന്റെ നിലപാടുകൾക്ക് യോജിക്കാത്തതുമായി ഒന്നും ചെയ്തിട്ടില്ല.

സിനിമയ്ക്കു വേണ്ടി എഴുതുമ്പോൾ കൊമേഴ്സ്യൽ സിനിമയ്ക്കു വേണ്ടി എഴുതിയാലും ആർട് സിനിമകൾക്കു വേണ്ടി എഴുതിയാലും ക്രിയാത്മതയുടെ തലം വേറെയാണ്. എനിക്ക് പാപബോധങ്ങളില്ല. ഇതുവരെ ചെയ്തിട്ടുള്ള സിനിമകളിൽ ഞാൻ ചെയ്തതിനോടെല്ലാം എനിക്ക് നൂറു ശതമാനം സംതൃപ്തിയുണ്ട്. ബിഗ് ബി ആയിരുന്നു ആദ്യം ചെയ്ത കൊമേഴ്സ്യൽ ചിത്രം. അതിലെ ഡയലോഗുകൾ ഇന്നും ആളുകൾ പറയുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാകില്ല. പിന്നെ വാണിജ്യ ചിത്രങ്ങൾക്കായാലും കലാമൂല്യമുള്ള ചിത്രങ്ങൾക്കായാലും എഴുത്ത് ഒരുതരത്തിലും എളുപ്പമുള്ള പണിയല്ലല്ലോ. അതെപ്പോഴും ഒരു ഹരം തന്നെയാണ്.

എന്റെ വായനക്കാരും പ്രേക്ഷകനും രണ്ടാണ്

ozhivu-divasathe-kali

എഴുത്തിനെ വളരെ സൂക്ഷമതയോടെയും ഗൗരവത്തോടെയും സമീപിക്കുന്ന ഒരാളാണ് ഞാൻ. എനിക്ക് പൂർണമായും തൃപ്തമായ നൂറു ശതമാനവും ഉറപ്പുള്ള ഒരു പ്രമേയത്തെ പലവട്ടം ആലോചിച്ചു മാത്രം കഥയാക്കുന്ന ഒരാളാണ് ഞാൻ. എന്റെ കഥകൾ വായിക്കുന്നവരായിരിക്കില്ല സിനിമ കാണുന്നത്. സിനിമ കാണുന്നവരിൽ ഭൂരിപക്ഷവും കഥകൾ വായിച്ചിട്ടുണ്ടാകില്ല. അതുകൊണ്ടു തന്നെ എനിക്കൊരിക്കലും ആ ടെൻഷനുണ്ടായിട്ടില്ല. എന്റെ സാഹിത്യ സൃഷ്ടികളുടെ വായനക്കാരെയും സിനിമകളുടെ പ്രേക്ഷകരെയും ഒരേസമയം തൃപ്തിപ്പെടുത്തേണ്ടി വരുന്നില്ല.

ഒഴിവു ദിവസത്തെ കളിക്കു വേണ്ടി പ്രതീക്ഷിക്കുന്നത് രഞ്ജിത്തിനെ പോലെരാള

ഒഴിവുദിവസത്തെ കളി എന്ന സിനിമയ്ക്ക് ഐഎഫ്എഫ്കെയിൽ മികച്ച സ്വീകരണമാണ് കിട്ടിയത്. ആ സിനിമയെ പുറത്തെ തീയറ്ററുകളോ വിതരണക്കാരോ ഏറ്റെടുക്കാൻ പോകുന്നില്ല. ആകെ സഹായിക്കുക ചിലപ്പോൾ സർക്കാർ തീയറ്ററുകളായിരിക്കാം. മറ്റുള്ളവർക്ക് അതിന് ധൈര്യമുണ്ടായിരിക്കില്ല. വേദനിപ്പിക്കുന്ന സാഹചര്യം തന്നെയാണിത്. പക്ഷേ ഞാനിപ്പോഴും പ്രതീക്ഷിക്കുന്നത് സംവിധായകൻ രഞ്ജിത്തിനെ പോലെ ഒരുപാടുപേര്‍ ഉണ്ടാകുമെന്നാണ്. മേളയിൽ മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസ്കി പുരസ്കാരവും ഈ സിനിമയ്ക്ക് ലഭിച്ചിരുന്നു.

unni-biju-ranjith

പ്രതീക്ഷകൾക്ക് ചിറക് നൽകുന്നത് ഷട്ടറിന്റെ വിജയമാണ്. രഞ്ജിത് , ജോയ് മാത്യുവെന്ന സുഹൃത്തിനു വേണ്ടിയാണ് ഷട്ടർ വിതരണം ചെയ്യാൻ തീരുമാനിക്കുന്നത്. പിന്നീടാ സിനിമ ഹിറ്റായില്ലേ. എത്രയോ ഭാഷകളിലേക്കത് തർജ്ജമ ചെയ്യപ്പെട്ടു. ഞാനും കാത്തിരിക്കുകയാണ് രഞ്ജിത്തിനെ പോലെ മനസുള്ളൊരാളെ. ഒഴിവു ദിവസത്തെ കളിയുടെ വിതരണമേറ്റെടുക്കാൻ മനസുള്ളവരെ.

രഞ്ജിത് തന്ന വിശ്വാസം

ലീലയെന്ന കഥയും സിനിമയാകുകയാണ്. അതിന് തിരക്കഥയെഴുതുന്നുണ്ട്. ലീലക്കു വേണ്ടി തിരക്കഥയെഴുതാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. പക്ഷേ രഞ്ജിത് എന്ന മനുഷ്യൻ തന്ന ആത്മവിശ്വാസം എന്നെ അതിലേക്കെത്തിച്ചു. ലീലയിൽ ബിജു മേനോ‍ൻ ആണ് നായകൻ. ഈ മാസം അവസാനം ഷൂട്ടിങ് തുടങ്ങും. രഞ്ജിത് തന്നെയാണ് നിർമാണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.