Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാന്‍ ജാഡക്കാരനല്ല: റഹ്മാന്‍

എണ്‍പതുകളില്‍ മലയാളത്തിലെ ചോക്ലേറ്റ് പയ്യനായി സിനിമാരംഗത്തേക്ക് കടന്നുവന്ന് സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ന്ന നടനാണ് റഹ്മാന്‍. എണ്‍പതുകളില്‍ തുടങ്ങി തൊണ്ണൂറുകളില്‍ മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പവും ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച നടന്‍ എന്ന ഖ്യാതിയും റഹ്മാനാണ്. ഇന്ന് തമിഴിലും തെലുങ്കിലും ഒരു പോലെ ശോഭിക്കുന്ന റഹ്മാന്‍ മലയാള ചിത്രങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. ലാവണ്ടര്‍ എന്ന അദ്ദേഹത്തിന്‍റെ ചിത്രം ഉടന്‍ തന്നെ റിലീസിനൊരുങ്ങുകയാണ്. തന്‍റെ സിനിമാ ലോകത്തെക്കുറിച്ചും ലാവണ്ടറിനെക്കുറിച്ചുമുള്ള വിശേഷങ്ങള്‍ മനോരമ ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു.

ലാവണ്ടറിലേത് എനിക്ക് യോജിച്ച കഥാപാത്രം

ലാവണ്ടറിലെ കഥ വളരെ ഇഷ്ടമായിരുന്നു. ഇന്നത്തെ പരിതസ്ഥിതികള്‍ക്കും ഒപ്പം എനിക്കും യോജിക്കുന്ന കഥാപാത്രമാണെന്ന് തോന്നിയിട്ടുണ്ട്.

rahman-lavender

സിനിമ ഒരു തൊഴിലായി കാണുന്നതിന്‍റെ ഭാഗമായി ചില കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ നിന്നുമെല്ലാം വളരെ വ്യത്യസ്തമാണ് ഇതിലെ കഥാപാത്രം. ലാവണ്ടര്‍ എനിക്ക് വേണ്ടി തന്നെ എഴുതിയ കഥാപാത്രമായാണ് ആദ്യം കഥ കേട്ടപ്പോള്‍ തന്നെ തോന്നിയത്. അതിനാല്‍ തന്നെ ആ കഥാപാത്രത്തോട് വൈകാരിക അടുപ്പവും തോന്നിയിട്ടുണ്ട്.

സൈലന്‍റ് ഷൂട്ടര്‍

ചിത്രത്തില്‍ അധോലോകത്തിന്‍റെ പിടിയിലമരുന്ന ഒരു പയ്യന്‍റെ കഥയാണ്. ആ പയ്യന്‍ പിന്നീട് അവരുടെ മുഖ്യ ഷൂട്ടര്‍ ആയി മാറുന്നു. ഒരുപാട് ഡയലോഗുകള്‍ ഇല്ലാത്ത സൈലന്‍റ് ആയ കഥാപാത്രമാണ് എന്‍റേത്. അങ്ങനെ മുന്നോട്ട് പോകുന്ന സമയത്ത് ഒരു ഘട്ടത്തില്‍ തന്‍റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നുവരികയും അവിടെ നിന്നും ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും മറ്റുമാണ് ചിത്രത്തിലെ പ്രമേയം.

ജനറേഷന്‍ മാറ്റം

പുതിയ സിനിമകള്‍ ആരുചെയ്താലും അതില്‍ ഒരു മാറ്റം വേണം, ഒരു വ്യത്യസ്തത വേണമെന്നൊക്കെ ചിന്തിച്ച് തന്നെയാകും ചെയ്യുക. എന്നാല്‍ ആ മാറ്റം സംഭവിക്കുന്നത് ചിത്രീകരണ സമയത്താണ്. അത് വിലയിരുത്തപ്പെടുന്നത് പ്രേക്ഷകര്‍ക്ക് മുന്നിലാണ്. ചിത്രത്തിന് ഒരു വ്യത്യസ്തതയുണ്ടെന്ന് ഫീല്‍ ചെയ്യേണ്ടത് പ്രേക്ഷകര്‍ക്കാണ്. ലാവണ്ടറിലും വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ചിത്രത്തിലെ പ്രമേയമാണ് ഇതിലെ മുഖ്യ സവിശേഷതായായി എനിക്ക് തോന്നിയത്. ഒരു മെച്വേര്‍ഡ് ലവ് സ്‌റ്റോറി വളരെ കാവ്യാത്മകമായി ചിത്രീകരിച്ചിരിക്കുകയാണ് ഇതില്‍.

മാസ് വിട്ട് ലാവണ്ടറിന്‍റെ പ്രമോഷനെത്തിയ സൂര്യ

rahman-suriya

നടന്‍ സൂര്യയുമായി സിങ്കം 2 മുതലുള്ള ബന്ധമാണ്. ഇതുപോലെ സഹൃദയനായ മറ്റൊരാളെ സത്യം പറഞ്ഞാല്‍ ഞാന്‍ കണ്ടിട്ടില്ലെന്ന് വേണം പറയാന്‍. അദേഹത്തിന്‍റെയും എന്‍റെയും പള്‍സ് പലപ്പോഴും ഒരുപോലെയാണെന്ന് തോന്നിയിട്ടുണ്ട്. നമ്മുടെ ഇഷ്ടങ്ങള്‍ പലതും ഒരേ ട്രാക്കിലായിരുന്നു. 36 വയതനിലെ ചിത്രത്തില്‍ ജ്യോതികയുടെ നായകനായി എന്നെ പരിഗണിച്ചപ്പോള്‍ നിരവധി പേര്‍ എതിര്‍ത്തു. അടുത്തകാലത്തായി തമിഴില്‍ നിരവധി നെഗറ്റീവ് കഥാപാത്രങ്ങള്‍ ചെയ്തുവെന്നതാകാം ഇതിനൊരു കാരണം. എന്നാല്‍ സൂര്യയും ജ്യോതികയും റോഷന്‍ ആന്‍ഡ്രൂസുമാണ് എന്നെ ശക്തമായി പിന്തുണച്ചത്. അങ്ങനെ ആ ബന്ധം മികച്ചൊരു സൗഹൃദത്തിലെത്തുകയായിരുന്നു.

അങ്ങനെയിരിക്കെയാണ് സൂര്യയോട് ലാവണ്ടര്‍ എന്നൊരു കൊച്ചു ചിത്രമുണ്ടെന്നും അതിനെ ഒരു പ്രമോട്ട് ചെയ്യാന്‍ സഹായിക്കാമോയെന്നും ചോദിച്ചത്. മാസിന്‍റെ പ്രമോഷന്‍ വര്‍ക്കുകളുമായി നല്ല തിരക്കിലായിരുന്നു സൂര്യ. അദ്ദേഹത്തിന് ആ ഒറ്റ കാരണം പറഞ്ഞ് വേണമെങ്കില്‍ എന്‍റെ അഭ്യര്‍ത്ഥനയില്‍ നിന്നൊഴിയാമായിരുന്നു. പക്ഷെ സൂര്യ നോ പറഞ്ഞില്ല. അതിനെന്താ ഞാന്‍ വരാമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അദ്ദേഹം ലാവണ്ടറിന് നല്‍കിയ പ്രമോഷന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

പ്രമോഷനായി മലയാളത്തിലെ മറ്റ് നടന്മാരും

ലാവണ്ടറിന്‍റെ പ്രമോഷനായി മലയാളത്തില്‍ നിന്നും മമ്മൂക്കയും പൃഥ്വിരാജും സഹായിച്ചു. ഇതിന്‍റെ പ്രമോഷനായി ഒരു വിഡിയോ ചെയ്യാന്‍ ക്ഷണിച്ചപ്പോള്‍ തിരക്കായിരുന്നിട്ടും അദ്ദേഹം ഒന്നും പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ചില്ല. പകരം സ്വയം ഒരു വിഡിയോ ഷൂട്ട് ചെയ്ത് എനിക്ക് അയച്ചു തരികയാണുണ്ടായത്. പൃഥ്വിയും അതുപോലെ തന്നെ പ്രമോഷന് സഹായിച്ചു. സത്യം പറഞ്ഞാല്‍ നടന്മാരെല്ലാം പരസ്പരം നല്ല സഹകരണം ഉള്ളവരും സന്മനസുള്ളവരുമാണ്. അവരോടൊപ്പം ചില ഉപജാപകസംഘങ്ങള്‍ ഉണ്ടാകും അവരാണ് നടന്മാര്‍ക്ക് ദോഷ പേര് കേള്‍പ്പിക്കുകയും ജാഡയാണെന്ന രീതിയിലുള്ള ഗോസിപ്പുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നത്.

എന്തുകൊണ്ട് ഇറാനിയന്‍ നടി

iranian-actress

ലാവണ്ടറില്‍ ഒരു ഫ്രഷ് ലുക്കുള്ള നടി വേണമെന്ന അന്വേഷണത്തിലൂടെ ലഭിച്ചതാണ് ഈ നടിയെ. ആദ്യം ഫോട്ടോസ് കണ്ടാണ് ഞങ്ങള്‍ എലാം മിര്‍സയെ തിരഞ്ഞെടുത്തത്. പിന്നെ അന്വേഷിച്ചപ്പോഴാണ് ഇറാനിയന്‍ ആണെന്ന് അറിഞ്ഞത്. ഇറാനിയന്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് ആണെന്നും നമുക്ക് പരീക്ഷിച്ചുനോക്കാമെന്നും പറഞ്ഞു. ഭാഷ അറിയില്ലെങ്കിലും വളരെയധികം പരിശ്രമിച്ച് ആത്മാര്‍ത്ഥതയോടെ അവര്‍ ലാവണ്ടറില്‍ അഭിനയിച്ചിട്ടുണ്ട്. ഫസ്റ്റ് ഷോട്ടില്‍ തന്നെ നമ്മളെ തൃപ്തരാക്കുന്ന പ്രകടനമായിരുന്നു എലാം മിര്‍സയുടേത്.

ന്യൂജനറേഷന്‍ സിനിമകള്‍

ന്യൂജനറേഷന്‍ സിനിമകളെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണുള്ളത്. ന്യൂജനറേഷന്‍ പരീക്ഷണ ചിത്രങ്ങളെടുക്കുന്നതിനെ നെഗറ്റീവായി കാണേണ്ട കാര്യമില്ല. പരീക്ഷണ ചിത്രങ്ങള്‍ എന്ന ട്രെന്‍ഡ് നേരത്തെ തന്നെ തുടങ്ങിയത് കൊണ്ടാണ് ബോളിവുഡും, കോളിവുഡും ടോളിവുഡുമെല്ലാം സിനിമാ വ്യവസായത്തില്‍ മലയാളത്തേക്കാളും ഒരുപാട് മുന്‍പന്തിയിലെത്തിയത്. വ്യത്യസ്തമായ ചിന്താഗതികള്‍ സിനിമാ ലോകത്ത് പരീക്ഷിക്കപ്പെടണം. അവരുടെ പരീക്ഷണങ്ങള്‍ വിജയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. യുവാക്കള്‍ ആ ചിത്രങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയത് അതിനുദാഹരണമാണ്.

മമ്മൂട്ടിക്കൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍

rahman-mammootty

മമ്മൂക്കയ്‌ക്കൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സത്യത്തില്‍ സ്വാഭാവികമായി എത്തിയതാണ്. ആദ്യകാലത്ത് ഞാന്‍ ഒരിക്കലും സെലക്ടീവായിരുന്നില്ല. ഓഫര്‍ വരുന്ന ചിത്രങ്ങളിലെല്ലാം അഭിനയിക്കുന്നുണ്ടായിരുന്നു. മമ്മൂക്കയ്‌ക്കൊപ്പമുള്ള കോന്പിനേഷന്‍ ആദ്യ പടത്തില്‍ വിജയിച്ചതോടെ നിരവധി ഓഫറുകള്‍ അതുപോലെ വന്നു. അന്നുപിന്നെ ഇന്നത്തെ ന്യൂജനറേഷന്‍ ആളുകളെ പോലെ എന്‍റെ പ്രായത്തിലുള്ള ആളുകള്‍ ഒരുപാടൊന്നും സിനിമയില്‍ സജീവമായി ഉണ്ടായിരുന്നില്ല. അതിനാല്‍ ആ പ്രായത്തിലുള്ള നിരവധി കഥാപാത്രങ്ങള്‍ അക്കാലത്ത് എന്നെ തേടിയെത്തിയിരുന്നു. അങ്ങനെയാണ് മമ്മൂക്കയ്‌ക്കൊപ്പം ഒരുപാട് സിനിമകളില്‍ കോമ്പിനേഷന്‍ കഥാപാത്രമായി എത്താന്‍ കഴിഞ്ഞത്.

എന്‍റെ സിനിമാജീവിതത്തിന്‍റെ പല ഘട്ടങ്ങളിലും മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും തന്നതും മമ്മൂക്കയായിരുന്നു. ഇടയ്ക്ക് സിനിമകള്‍ തിരഞ്ഞെടുക്കും മുന്‍പു അദ്ദേഹത്തോടു ഞാന്‍ അഭിപ്രായം ചോദിക്കാറുണ്ട്.'രാജമാണിക്യ'ത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ എനിക്ക് ഒരു ആശങ്കയുണ്ടായിരുന്നു. നായകന്‍റെ പിറകില്‍ നില്‍ക്കുന്ന വെറുമൊരു സഹായി മാത്രമായി മാറുമോ എന്നൊരു ടെന്‍ഷന്‍. ഇടയ്ക്ക് ഈ റോള്‍ വേണ്ടെന്നു വച്ചാലോ എന്നുവരെ ആലോചിച്ചു. ഇക്കാര്യം മമ്മൂക്കയോടു അവിടെ വച്ചുതന്നെ പറഞ്ഞു. രാജമാണിക്യം നിനക്ക് ബ്രേക്കാവും. പടം ഹിറ്റാകും. ധൈര്യമായി അഭിനയിക്കുക''-- ഇതായിരുന്നു മമ്മൂക്കയുടെ മറുപടി. അതുതന്നെ സംഭവിച്ചു. 'തിരോന്തോരം' സ്‌റ്റൈലിലുള്ള ഡയലോഗ് പ്രസന്‍റേഷനില്‍ പടം ഹിറ്റായി എന്‍റെ കഥാപാത്രവും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

ബ്ലാക്കും രാജമാണിക്യവും

മമ്മൂക്കയ്‌ക്കൊപ്പം ചെയ്ത ബ്ലാക്ക് എന്ന ചിത്രം ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഞാന്‍ ചെയ്ത ചിത്രമാണ്. അതാണ് എന്‍റെ തിരിച്ചുവരവ് ചിത്രം. അതിനെ പിന്തുടര്‍ന്ന് വന്ന രാജമാണിക്യത്തിലൂടെ കൂടുതല്‍ ശ്രദ്ധ നേടി. എന്നാല്‍ ഞാന്‍ കുറേയധികം സെലക്ടീവായി എന്നതാണ് സത്യം. വര്‍ഷത്തില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ ചെയ്യാറുള്ളൂ. എന്‍റെ വയറ്റിപ്പിഴപ്പിനായി ഞാന്‍ തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്യുന്നുണ്ട്. അവിടെ അത്രയും സെലക്ടീവാകേണ്ട കാര്യമില്ല. എന്നാല്‍ എന്‍റെ സ്വന്തം നാട്ടുകാരുടെ മുന്നില്‍ ചിത്രം ചെയ്യുന്പോള്‍, സ്വന്തം ഭാഷയില്‍ ചിത്രം ചെയ്യുന്പോള്‍ അതില്‍ ശ്രദ്ധയോടെ തീരുമാനമെടുക്കണമെന്ന നിര്‍ബന്ധമെനിക്കുണ്ട്. അതിനാല്‍ തന്നെ വരുന്ന എല്ലാ അവസരങ്ങളും സ്വീകരിക്കാറില്ല.

ഞാന്‍ റൊമാന്‍റിക്

ഞാന്‍ സത്യം പറഞ്ഞാല്‍ ഒരു ജാഡക്കാരനാണെന്ന് പലര്‍ക്കും സംശയമുണ്ട്. അങ്ങനെയൊന്നുമില്ല. നുണപറയാന്‍ അധികമില്ലാത്തത് കൊണ്ടും പരസ്പരം ഏഷണി പറയാത്തത് കൊണ്ടും അല്പമേ സംസാരിക്കാറുള്ളൂ. ആവശ്യത്തിനേ സംസാരിക്കാറുള്ളൂ. അതാകും ചിലപ്പോള്‍ എന്നെ ജാഡക്കാരന്‍ എന്ന തരത്തില്‍ വിലയിരുത്താന്‍ കാരണം. ഞാന്‍ സത്യത്തില്‍ ഒരു റൊമാന്‍റിക് പേഴ്സണ്‍ ആണ്. ജീവിതത്തില്‍ ആത്മാര്‍ത്ഥമായ പ്രണയങ്ങള്‍ ഉണ്ടായിരുന്ന ആളാണ്. എന്‍റേത് പ്രണയവിവാഹമായിരിക്കുമെന്നാണ് ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നത്. പക്ഷെ അതുസംഭവിച്ചില്ല. ഒരു പ്രത്യേക റൊമാന്‍റിക് കഥാപാത്രമായതിനാല്‍ തന്നെയാണ് ലാവണ്ടറിലെ കഥാപാത്രത്തെ ഞാന്‍ നെഞ്ചിലേറ്റാന്‍ കാരണവും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.