Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോണി വാക്കര്‍ അന്നും ഇന്നും ഒരു നൊമ്പരം: ജയരാജ്

jayaraj-mammootty ചിത്രത്തിന് കടപ്പാട് ജയരാജിന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജ് (ഇടത്), മമ്മൂട്ടി

തിരുവനന്തപുരത്തെ നായർ യൂണിയന്‍ ഹോസ്റ്റൽ. ലോ കോളജിലേയും ഫൈൻ ആർട്സ് കോളജിലേയും എൻജിനീയറിങ് കോളജിലേയും കുമാരൻമാർ ഒന്നുചേരുന്നിടം. ലോകത്തിലെ ഏറ്റവും ഉഴപ്പൻമാർ ജീവിക്കുന്നിടം എന്നാണ് അതേക്കുറിച്ച് അവിടത്തെ ഒരു പഴയ അന്തേവാസി പറയുന്നത്. എന്തായാലും ആ നഗരത്തിലെയും ഈ ഹോസ്റ്റലിലെയും ജീവിതത്തിൽ നിന്നാണു ഇദ്ദേഹം തന്റെ സിനിമാ സംവിധാന ജീവിതത്തിലെ ഏറ്റവും നിർണായകമായൊരു കഥാപാത്രത്തെ കണ്ടെടുത്തത്. ജോണിവാക്കർ...മമ്മൂട്ടിയുടെയും ജയരാജിന്റെയും സിനിമാ ജീവിതത്തെ മാത്രമല്ല, ആ കാലഘട്ടങ്ങളിലെ യുവത്വത്തെ കൂടി ലഹരിപിടിപ്പിച്ചു ഈ സിനിമ.

ആ ഹോസ്റ്റലിൽ അന്നു പാതിരായ്ക്കു പിള്ളേര്‍ക്കൊപ്പം കൂടാൻ വന്നിരുന്ന ഒരു അമ്മാവനായിരുന്നു പിന്നീടു ജോണി വാക്കർ എന്ന കഥാപാത്രമായും സിനിമയായും രൂപപ്പെട്ടത്.‌‌ ബാംഗ്ലൂരിലെ ശാന്തമായ രാത്രികളിൽ ക്യാമറയും കൊണ്ടു നടന്നു ചെയ്ത ജോണി വാക്കറിൽ തുടങ്ങി മൈക്ക് ഫിലിപ്പോസ് വരെ നീണ്ട മമ്മൂട്ടി ചിത്രങ്ങളെല്ലാം എത്ര കേട്ടാലും കൗതുകം തീരാത്തൊരു കഥ പോലെയാണ് ജയരാജിന്...

നിന്നെ ഞാൻ‌ അന്നേ നോട്ടമിട്ടതാ

ഭരതൻ സാറിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി നിൽക്കുന്ന സമയത്താണു മമ്മൂട്ടിയെ ആദ്യം കാണുന്നത്. വലിയ താരമല്ലേ...നമ്മളെയൊന്നും ശ്രദ്ധിക്കുവാനേ പോകുന്നില്ലെന്നായിരുന്നു എന്റെ ചിന്ത. കുറേ വർഷങ്ങൾ കഴിഞ്ഞു. മൂന്നു കഥയുമായി ഞാൻ മമ്മൂട്ടിയുടെ അടുത്തെത്തി.

Johny Walker Malayalam Comedy Scene mammootty

ജോണിവാക്കറിന്റെയും, ആൻഡമാൻ നിക്കോബാറിലെ ഒരു ജയിലിലേയും പിന്നെ ൈമക്ക് ഗോപാലന്റെയും കഥകൾ അന്നാണു പറഞ്ഞതു. ജോണി വാക്കറും മൈക്കു ഗോപാലനും(ലൗഡ് സ്പീക്കർ) സിനിമകളായി. ആൻഡമാൻ നിക്കോബാർ ദ്വീപിലെ കഥ മറ്റൊരാൾ സിനിമയുമാക്കി. കഥകളൊക്കെ കേട്ടു കഴിഞ്ഞ് അദ്ദേഹം പറഞ്ഞു, നിന്നെ ഞാൻ അന്നേ നോട്ടമിട്ടതാണെന്ന്...ഞാൻ ഞെട്ടിപ്പോയി. നമ്മളറിയാതെ നമ്മളെ ശ്രദ്ധിക്കുവാനും കരുതുവാനും നമ്മളുടെ കഴിവുകളെ നമ്മളേക്കാൾ നന്നായി മനസിലാക്കുവാനുമുള്ള ആ കഴിവ് ആണ് അന്നും ഇന്നും എന്നെ മമ്മൂട്ടിയെന്ന നടനിലേക്കു ആദരവോടെ സ്നേഹത്തോടെ ചേർന്നുനിൽക്കുവാൻ പ്രേരിപ്പിക്കുന്നത്.

ഞാൻ എഴുതുവാൻ കാരണക്കാരനായ ആൾ എന്നാണ് ആദ്യം മമ്മൂക്കയെ കുറിച്ചു പറയേണ്ടത്. സംവിധായകനായെങ്കിലും ഒരു തിരക്കഥ എഴുതുവാനുള്ള ധൈര്യമില്ലായിരുന്ന എന്നെ അതിനു പ്രേരിപ്പിച്ചയാൾ‌. ലൗഡ് സ്പീക്കറിന്റെ കഥയും മനസിൽ വച്ച് രഞ്ജിതിനു പുറകേ തിരക്കഥ എഴുതി തരാമോ എന്നു ചോദിച്ചു നടക്കുവാൻ തുടങ്ങിയിട്ടു കാലമേറെയായിരുന്നു. അവസാനം മമ്മൂക്ക തന്നെ പറഞ്ഞു. നീ അങ്ങ് എഴുത്...നിന്നെക്കൊണ്ടു പറ്റും. വേണമെങ്കിൽ നമുക്ക് രഞ്ജിത്തിനെക്കൊണ്ട് അവസാനം തിരുത്തിക്കാം എന്ന്. അന്നു മമ്മൂക്ക തന്ന ഊർജ്ജത്തിലായിരുന്നു എഴുതിത്തുടങ്ങിയത്.

Mammootty As "Stylish Achayan" From Jonnie Walker Movie 2/20

പക്ഷേ അവസാനം തിരക്കഥ വായിച്ചിട്ടു പറഞ്ഞു. ഇതിലിനി ആരെക്കൊണ്ടും തിരുത്തിക്കണ്ട. നമുക്കു മുന്നോട്ടു പോകാമെന്ന്. ലൗഡ് സ്പീക്കറിലെ മൈക്ക് ജോണി എന്ന കഥാപാത്രത്തിനു ജീവൻ പകർന്നു നൽകിയാണു മമ്മൂക്ക അഭിനയിച്ചത്. മൈക്കായി സ്വയം രൂപാന്തരപ്പെട്ട പോലെ എനിക്കു തോന്നി.

പാതിരായ്ക്കു ഹോസ്റ്റലിൽ വന്നിരുന്ന അമ്മാവനായിരുന്നു ജോണി വാക്കർ

അന്നൊക്കെ പഠനകാലമെന്നാൽ ദാരിദ്ര്യത്തിന്റെയും കൂടി കാലമാണ്. വീട്ടിൽ നിന്നു കിട്ടുന്ന ചില്ലറ പോക്കറ്റ് മണി വച്ച് അരിഷ്ടിച്ചരിട്ടിച്ച് കലാലയ ജീവിതത്തിലെ "ഇഷ്ടങ്ങളെ" നേടിയെടുത്തിരുന്ന കാലം. ആ സമയത്ത് ഞങ്ങളുടെ അലസമായ രാവുകളെ ആഘോഷത്തിമർപ്പിലാക്കിയ ഒരാളുണ്ടായിരുന്നു. അയാളാണ് പിന്നീടു ജോണി വാക്കർ എന്ന കഥാപാത്ര സൃഷ്ടിക്കു കാരണമായത്. 

പക്ഷേ ജോണി വാക്കറെ പോലെ ബെറ്റൊന്നും വയ്ക്കുന്ന ആളൊന്നുമായിരുന്നില്ല. ഹോസ്റ്റലിലെ ഏതോ ഒരു അന്തേവാസിയുടെ അമ്മാവനായിരുന്നു അയാൾ. ഇഷ്ടംമാതിരി പൈസയുണ്ടായിരുന്നു അദ്ദേഹത്തിന്റെ കയ്യിൽ. അതു ഞങ്ങൾക്കായി ചെലവഴിക്കുവാനും നഗരജീവിതം ആസ്വദിക്കുവാനും അദ്ദേഹത്തിനൊരുപാട് ഇഷ്ടമായിരുന്നു. വിവാഹമൊന്നും കഴിച്ചിരുന്നില്ല അയാൾ. ഏതോ ഒരു ഗ്രാമത്തിൽ കൃഷിയൊക്കെയായി കഴിഞ്ഞൊരാളാണ്. പാതിരാത്രികളിൽ ജീപ്പുമോടിച്ചാണ് വരിക. മദ്യവും ഞങ്ങൾക്കിഷ്ടമുള്ള ആഹാരവുമൊക്കെയായിട്ടാകും എത്തുക. അദ്ദേഹം വന്നു കഴിഞ്ഞാൽ ഹോസ്റ്റലിലെ എല്ലാ മുറികളിലും ലൈറ്റു വീഴും. പിന്നെ വെളുക്കുന്നവരെ തിമർപ്പാണ്. 

ഹോസ്റ്റൽ വിട്ടതിനു ശേഷം ഞാനയാളെ കണ്ടിട്ടില്ല. ഒരുപാടു വട്ടം ഞങ്ങൾ പ്ലാൻ ചെയ്തതാണ് അദ്ദേഹത്തെ തേടിയിറങ്ങണമെന്ന്...പക്ഷേ സാധിച്ചില്ല. 

ഇതു നമ്മുടെ അവസാന ചിത്രം

ആർക്കാണ് ഒന്നുകൂടി ക്യാംപസിൽ പഠിക്കുവാനായെങ്കിൽ എന്നു തോന്നാത്തത്. പഠനം കഴിഞ്ഞ് ജോലിയും വിവാഹവും തിരക്കുകളുമൊക്കെയായി ജീവിതത്തെ പരുവപ്പെടുത്തുമ്പോഴും എല്ലാവരും കൊതിക്കും പഠിച്ച കലാലയത്തിൽ ഒന്നുകൂടി പോകുവാനായങ്കിലെന്ന്....ആ ചിന്തയിൽ നിന്നാണ് ജോണി വാക്കർ സിനിമയിലേക്കു ചെല്ലുന്നത്.

എന്നുമെന്നും എന്റെ മനസിനുള്ളിലുള്ള ചിത്രം. ഒരിക്കലും മറക്കുവാനാകാത്ത ഒരു നൂറ് ഓർമകളും അനുഭവങ്ങളും സമ്മാനിച്ച ചിത്രം. ആ സിനിമ ചെയ്യുവാൻ എല്ലാ സഹായവും ചെയ്തു തന്നത് മമ്മൂക്കയായിരുന്നു. നിർമ്മാതാവിനെ തയ്യാറാക്കി തന്നതുമെല്ലാം അദ്ദേഹമായിരുന്നു.

രാത്രികളിലായിരുന്നു ജോണി വാക്കറിന്റെ ചിത്രീകരണം അധികവും നടന്നത്. ഊട്ടിയിലൊക്കെ ഷൂട്ടിങ് ഉള്ള സമയത്ത് കട്ട മഞ്ഞു പെയ്തിറങ്ങുന്ന ഒരു മണി രണ്ടു മണി സമയത്ത് മമ്മൂക്കയെ വിളിച്ചുണർത്തേണ്ടി വരും. അതേറെ ബുദ്ധിമുട്ടുള്ള ദിനങ്ങളായിരുന്നു. അന്നു പറയുമായിരുന്നു ഇതു നമ്മളൊന്നിച്ചുള്ള അവസാന ചിത്രമെന്നൊക്കെ....വെറുതെ പറയുന്നതാണ്...പിന്നെയും ഞങ്ങളൊന്നിച്ചു സിനിമ ചെയ്തു. പക്ഷേ അന്നും ഇന്നും ജോണി വാക്കർ മനസിലങ്ങനെ...അതങ്ങനെ നിൽക്കുന്നതിനു വേറെയും കാരണങ്ങളുണ്ട്...

ആ കഥ ഇങ്ങനെയല്ലായിരുന്നു

ജോണി വാക്കർ ചിത്രം അവസാനിക്കുന്നത് കണ്ണീരോടെയാണ്. പക്ഷേ അങ്ങനെയായിരുന്നില്ല അത് എന്റെ മനസിലുണ്ടായിരുന്നത്. ബാംഗ്ലൂരിലെ ഒരു ക്രിസ്മസ് രാത്രിയിൽ ജോണി വാക്കറെ തേടി ജയിലിലേക്കു പോകുകയാണു യുവാക്കൾ. ജയിൽ വരാന്തയിൽ അയാളെ കാത്തിരിക്കുകയാണ് അവർ. അവരുടെ ഫ്ലാഷ് ബാക്ക് ആണു സിനിമ. ക്യാംപസില്‍ വന്നു ആഘോഷിക്കുന്ന ജോണി വാക്കർ. ഡ്രഗ് അഡിക്ട് ആയി പോകുന്ന അനിയനെ കൊന്നവരോടു പ്രതികാരം വീട്ടിയാണ് അയാൾ ജയിലിലേക്കു പോകുന്നത്. തിരിച്ചു പുറത്തെത്തുമ്പോൾ ഒരു കോളജ് മുഴുവൻ കാത്തിരിക്കുന്നു. തന്റെ ഫാമിലേക്കു പോകുവാനാണു അയാൾ ആഗ്രഹിക്കുന്നതെങ്കിലും കുട്ടികൾ അതു സമ്മതിക്കുന്നില്ല.

ഈ കഥയാണു ഞാൻ മമ്മൂട്ടിയോടു പറഞ്ഞത്. അതിൽ ട്രാജഡിയായ ക്ലൈമാക്സ് അല്ല. പിന്നീട് പലകാരണങ്ങളാൽ അത് തിരുത്തി. മമ്മൂട്ടിയെ കോളജ് കുമാരനായി എല്ലാവരും അംഗീകരിക്കുമോ എന്ന സംശയവും പലരിലും ഉയർന്നു.

എങ്കിൽ നമുക്കയാൾ കോളജിലെത്തുവാനൊരു കാരണമുണ്ടാക്കാം എന്നു രഞ്ജിത് പറഞ്ഞു. അനുദിനം കാഴ്ച നഷ്ടപ്പെടുന്ന രോഗമുള്ളയാളായി ജോണി വാക്കർ മാറപ്പെടുന്നത് അങ്ങനെയാണ്. കാഴ്ച മറയും മുൻപ് തനിക്കേറ്റവുമിഷ്ടപ്പെട്ടതെല്ലാം അനുഭവിച്ചു തീർക്കാൻ കൊതിക്കുന്നൊരാളായി മാറുന്നതും അങ്ങനെയാണ്. പക്ഷേ മമ്മൂട്ടി സിനിമയിൽ രംഗപ്രവേശം ചെയ്യുമ്പോഴും കോളജ് നിമിഷങ്ങളെ ആഘോഷമാക്കുമ്പോഴും തീയറ്ററിൽ ജനങ്ങൾ ഇളകിമറിയുകയായിരുന്നു.

സിനിമയിൽ ചെയ്യേണ്ടി വന്ന കോംപ്രമൈസുകൾ എന്നെ നിരാശനാക്കി. അർഹിക്കുന്ന ഭംഗിയില്ലാതെയാണു എന്റെ മനസിലെ ജോണി വാക്കർ പുറത്തുവന്നത്. ഹിന്ദി വേർഷൻ എടുക്കണമെന്നൊക്കെ ആഗ്രമുണ്ടായിരുന്നു. അതെല്ലാം വേണ്ടെന്നു വച്ചത് എന്റെ മനസിലുള്ളൊരു ജോണി വാക്കറല്ല ജന്മമെടുത്തത് എന്നതുകൊണ്ടായിരുന്നു.

പക്ഷേ ഹിന്ദിയില്‍ ഇതേ കഥ ഞാൻ പോലുമറിയാതെ ആരോ ചെയ്തു. മേം ഹൂ നാ എന്ന പേരിലെത്തിയ സിനിമയോട് സമാനമായ കഥയായിരുന്നു ഞാൻ ആദ്യം മമ്മൂക്കയോടു പറഞ്ഞത്....ഷാരുഖ് ഖാൻ അഭിനയിച്ച ആ ചിത്രം വമ്പൻ ഹിറ്റായി അവിടെ.

ജോണിവാക്കർ ഒന്നുകൂടി ചെയ്യണമെന്ന മോഹം അന്നും ഇന്നുമുണ്ട് മനസിൽ. കോംപ്രമൈസുകളെ അതിജീവിക്കുവാൻ കഴിഞ്ഞാലേ ഒരു നല്ല സംവിധായകനായി നിലനിൽക്കുവാനാകൂ. ഒരു പരിധിവരെ എനിക്കതു സാധിച്ചുവെങ്കിലും ജോണി വാക്കര്‍ അന്നുമിന്നും ഒരു നൊമ്പരമാണ്. വലിയ ഹിറ്റായിരുന്നു എന്നതൊന്നും എനിക്ക് ആശ്വാസമാകുന്നില്ല.

കറിയാച്ച(പ്രേം പ്രകാശ്) ന്റെ ലൊക്കേഷനും ബൈക്കും

എന്റെ മനസിലെ സ്വപ്നമായിരുന്നു ആ സിനിമ. ബാംഗ്ലൂരിലെ ഒരു കോളജിൽ നടക്കുന്ന കഥ, ബാംഗ്ലൂർ നഗരത്തിന്റെ ജീവിതവും ജോണിവാക്കറിന്റെ ആര്‍ഭാടത്വവുമൊക്കെ കാണിക്കണം. ജോണി വാക്കർ വരുന്നതു തന്നെ വളരെ പ്രത്യേകതകളുള്ള ബൈക്കിലാണ്.

അങ്ങനെയൊക്കെ സിനിമയിൽ കാണിക്കണമെങ്കിൽ വലിയ ചിലവാണ്. നിർമാതാവായ കറിയാച്ചൻ കഥ കേട്ടിട്ടു പറഞ്ഞു, നമുക്ക് കോട്ടയത്തെ നീണ്ടൂരിൽ ചിത്രീകരിക്കാമെന്ന്. ബാംഗ്ലൂരൊക്കെ വലിയ ചിലവാകുമെന്ന്. ബാംഗ്ലൂർ ഇല്ലെങ്കിൽ സിനിമ എടുക്കുന്നില്ലെന്നു ഞാനും പറഞ്ഞു.

ഒരിക്കൽ പ്രോജക്ടിലേക്കു കയറി കഴിഞ്ഞാൽ തുടക്കം തൊട്ട് സംവിധായകന് എല്ലാ സഹായവും ചെയ്യുന്നയാളാണ് മമ്മൂക്ക. ഈ വിവരമൊക്കെ ഞാൻ അദ്ദേഹത്തോടു പറ‍ഞ്ഞു. മറുപടി ഇങ്ങനെയായിരുന്നു, നിനക്കെന്താണോ ശരി അതു ചെയ്താൽ മതി. ആ വാക്കുകൾ തന്ന ഊർജ്ജം ചെറുതല്ല. കറിയാച്ചനും അവസാനം സമ്മതിക്കേണ്ടി വന്നു ബാംഗ്ലൂരിൽ ചെയ്താൽ മതിയെന്ന്. വലിയ ചിലവാകുമെന്ന് അറിഞ്ഞിട്ടും എന്റെ ആഗ്രഹത്തിനൊപ്പം കറിയാച്ചനും നിന്നു.

ജോണി വാക്കറിനു വലിയ വീതിയുള്ള ടയറുള്ള ബൈക്കാണ് ആവശ്യം. അത്തരമൊരു ബൈക്കു തന്നെ വേണമെന്ന എന്റെ വാശിക്കൊപ്പവും നിന്നതു മമ്മൂക്കയായിരുന്നു. അവസാന നിമിഷം വരെ ആ ബൈക്ക് എത്തുമെന്നു പ്രതീക്ഷിച്ചു. പക്ഷേ അതു കിട്ടിയില്ല.

എടാ ഞാൻ ചെയ്താൽ ശരിയാകുമോ...

Johnnie Walker Shanthamee Rathriyil

ജോണി വാക്കറിൽ മമ്മൂട്ടിക്കൊപ്പമുള്ള ഏറ്റവും മനോഹരമായ മറ്റൊരു നിമിഷം ശാന്തമീ രാത്രിയിൽ എന്ന പാട്ടിന്റെ ചിത്രീകരണമാണ്. മൗണ്ട് റോഡിലെ നല്ല മഞ്ഞുള്ള ഒരു രാത്രി മുഴുവനെടുത്തായിരുന്നു ഷൂട്ടിങ്. മമ്മൂക്ക എടുത്ത എഫേർട്ടിനെ കുറിച്ചു പറയാതെ വയ്യ. ഗാനരംഗത്തിനു നൃത്തം ചിട്ടപ്പെടുത്തുവാനെത്തിയത് പ്രഭുദേവ ആയിരുന്നു. അന്ന് അദ്ദേഹം സെൻസേഷണൽ ആണ്. മമ്മൂക്കയ്ക്ക് ഡാൻസ് ചെയ്യാൻ പറ്റിലെന്ന ധാരണ മാറണമെന്നുണ്ടായിരുന്നു....എടാ ഞാൻ ചെയ്താൽ ശരിയാകുമോ എന്നു അദ്ദേഹം ചോദിച്ചു...

പറ്റും...എന്നു ഞാനും മറുപടി പറഞ്ഞു. പ്രഭുദേവയോടു എങ്ങനെയുള്ള ഡാൻസ് ആണ് മമ്മൂക്കയ്ക്കു നൽ‌കേണ്ടിയിരുന്നതെന്നു പറഞ്ഞിരുന്നു. അങ്ങനെ തന്നെയാണു പ്രഭുദേവ ചെയ്തതും. ചെറിയ ഷോൾഡർ മൂവ്മെന്റും ലെഗ് മൂവ്മെന്റും മാത്രമുള്ള ആ ഡാൻസ് സ്റ്റൈൽ ആയിരുന്നു. അന്നുംഇന്നും ജനങ്ങൾ ഓർത്തിരിക്കുന്നു പാട്ടും നൃത്തരംഗങ്ങളും...മൗണ്ട് റോഡിലെ ആ രാത്രിയും ഷൂട്ടിങും ഇന്നും മനസിലങ്ങനെ തന്നെയുണ്ട്.

അങ്ങനെയൊന്നും ചെയ്യുവാൻ പറഞ്ഞില്ല

mammootty-loudspeaker

ഇടുക്കിയിലെ തങ്കമണിയിൽ അച്ഛനുണ്ടായിരുന്ന ഒരു ഏലത്തോട്ടത്തിലെ പണിക്കാരനായിരുന്നു മൈക്ക് ഗോപാലൻ. വലിയ ഉച്ചത്തില്‍ സംസാരിക്കുന്നയാൾ. അതുകൊണ്ടു തന്നെ മൈക്ക് എന്നായിരുന്നു എല്ലാവരും അയാളെ വിളിച്ചിരുന്നത്. മൈക്ക് സിറ്റി എന്നായിരുന്നു അവിടം അറിയപ്പെടുന്നതു പോലും. അയാൾ ബീഡി വലിക്കുന്നതിൽ പോലും ഒരു ചേലുണ്ടായിരുന്നു. ലൗഡ് സ്പീക്കറിലെ കഥാപാത്രത്തെ അവിടെ നിന്നാണു കിട്ടിയത്. ലൗഡ് സ്പീക്കറെന്ന സിനിമയായത്. വേർതിരിച്ചു കാണുവാനാകാത്ത വിധം എല്ലാ അർഥത്തിലും മമ്മൂട്ടി ആ കഥാപാത്രമായി മാറി.

ആ കഥാപാത്രത്തിനു ചേരുന്ന ബോഡി, നടപ്പ് എല്ലാം അദ്ദേഹം ഉൾക്കൊണ്ടു. സിനിമയുടെ അവസാനം കിഡ്നി ദാനം ചെയ്തിട്ട് നടന്നു പോകുന്നൊരു രംഗമുണ്ട്. അതു ചെറിയ ഏന്തലോടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ഞാൻ പറഞ്ഞിട്ടൊന്നുമല്ല അദ്ദേഹം ചെയ്തത്. അത്രയും ഡീറ്റെയിലിങ് ആയാണു ഓരോ കഥാപാത്രത്തേയും സമീപിക്കുന്നത്.

വൈക്കം കായലിന്റെ തീരത്തു ജനിച്ചു വളർന്ന തനി ഗ്രാമീണൻ

mammootty-loudspeaker-1

മോഡേണായ മമ്മൂട്ടിയെ ആണല്ലോ നമ്മൾ കാണുന്നത്. പക്ഷേ മനസിൽ അദ്ദേഹം തനി ഗ്രാമീണനാണ്.ആ നിഷ്കളങ്കത്വം മനസിലുള്ളതുകൊണ്ടാണ് അത്തരത്തിലുള്ള ഒരു നൂറു കഥാപാത്രങ്ങളെ അദ്ദേഹത്തിനു അവതരിപ്പിക്കുവാനായത്. ഉള്ളിലുള്ളത് വെട്ടിത്തുറന്നു പറയുന്നതും. അതുകൊണ്ടാകാം ജാഡയാണെന്നൊക്കെ ചിലർ പറയുന്നത്. പക്ഷേ എനിക്കൊന്നുറപ്പാണ്. മനസിലൊന്നു വച്ച് പുറമേ മറ്റൊന്നു കാണിച്ചിട്ടില്ല. വൈക്കം കായലിന്റെ തീരത്തു ജനിച്ചു വളർന്ന തനി ഗ്രാമീണന്റെ നന്മ അന്നും ഇന്നും ആ മനസിലുണ്ട്.

മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. അഭിനയ കുലപതി. നൂറു ശതമാനവും ഒരു കഥാപാത്രമായി മാറുവാൻ അദ്ദേഹത്തിനെ പോലെ മറ്റാർക്കും സാധിക്കുമെന്നെനിക്കു തോന്നുന്നില്ല. പ്രായത്തോടുള്ള പോരും അതിശയകരമാണ്. ലോകത്തൊരു നടനും ഇത്രയേറെ യുവത്വം മനസിൽ സൂക്ഷിക്കുവാൻ സാധിക്കുമെന്നെനിക്കു തോന്നുന്നില്ല.

ഏത് എക്സ്പിരിമെന്റൽ കഥയും പറയാം...അദ്ദേഹത്തോട്. നമുക്കുള്ളിലെ കഴിവുകളെ നമ്മളേക്കാൾ നന്നായി മനസിലാക്കുവാനും ഒപ്പം നിൽ‌ക്കുവാനും മടിയില്ലാത്തയാൾ. ആദ്യമായി കഥ പറയുവാൻ അടുത്തെത്തിയ നിമിഷം തൊട്ട് ഇങ്ങോട്ട് ഞാനത് അനുഭവിച്ചറിഞ്ഞി‌ട്ടുള്ളതാണ്. കാമ്പുള്ളയാളെന്നു തോന്നിയാൽ എന്തു റിസ്ക് എടുത്തും ഡേറ്റ് തരും. സിനിമയുടെ കഥ പറയുമ്പോൾ അദ്ദേഹം അശ്രദ്ധനായി ഇരിക്കുകയാണെന്നേ നമുക്കു തോന്നൂ. പക്ഷേ ഭയങ്കര കീൻ ആണ്. മനസിലിട്ട് പ്രാക്ടീസ് ചെയ്തു ലൊക്കേഷനിലെത്തുമ്പോൾ പൂർണമായും കഥാപാത്രമായി മാറിയിരിക്കും അദ്ദേഹം.

ഇനിയും പച്ചയായ ഒരു നൂറു കഥാപാത്രങ്ങളെ പകർന്നാടുവാനുള്ള അഭിനയ പ്രതിഭ ആ നടനിലുണ്ട്. ഇപ്പോൾ ചെയ്യുന്നതല്ലാത്ത മറ്റനേകം കഥാപാത്രങ്ങൾ....കാത്തിരിപ്പുണ്ട് ഒരായിരം കഥാപാത്രങ്ങൾ...ആ മനസിലും ശരീരത്തിലും ഇനിയുമതൊക്കെ ചെയ്തു തീർക്കുവാനുള്ള ഊർജ്ജ പ്രവാഹവുമുണ്ട്....

Your Rating: