Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയസൂര്യ വി.പി സത്യനാകുന്നു, ശരീരം കൊണ്ടും മനസ്സു കൊണ്ടും

jayasurya-captain

വേറിട്ട കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നതു തുടരുകയാണ് ജയസൂര്യ. ഉള്ളിൽ തട്ടുന്ന വിഭിന്നമായ കഥാപാത്രങ്ങൾ ചെയ്യാൻ തയ്യാറായാപ്പോൾ കാമ്പുള്ള അഭിനേതാവായി ജയസൂര്യ മാറി, താരമൂല്യവും അതിനൊത്ത് ഉയർന്നു. ദേശീയ പുരസ്കാരവും തേടിയെത്തി. അപ്പോത്തിക്കിരയിൽ മെലിഞ്ഞ് ഉണങ്ങിയപ്പോൾ ഷാജി പാപ്പനിലൂടെ തടിയനായി സൂസൂവിലൂടെ വിക്കനായി അമർ അക്ബർ അന്തോണിയിൽ വികലാംഗനായി പ്രേതത്തിൽ മൊട്ടയടിച്ച് മെന്റലിസ്റ്റുമായി.

jayasurya-captain-4

ഓരോ കഥാപാത്രത്തിനും വേണ്ടി അദ്ദേഹം നടത്തുന്ന പരിശ്രമങ്ങൾ പ്രേക്ഷകരെ അതിശയിപ്പിച്ചിട്ടുണ്ട്. മാത്രമല്ല വലിയ പ്രോജക്ടുകളാണ് അദ്ദേഹത്തെ തേടിയെത്തുന്നതും. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഫുക്രി വലിയ മുതൽമുടക്കിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ്. അടുത്ത ചിത്രമായ ക്യാപ്റ്റന്‍ ജയസൂര്യയുടെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമയാണ്.

jayasurya-captain-1

ജയസൂര്യ ഒരു സിനിമ കമ്മിറ്റ് ചെയ്താൽ സംവിധായകന് പകുതി ആശ്വാസമായെന്ന് പൊതുവെ ഒരു വിശ്വാസമുണ്ട്. അദ്ദേഹം സിനിമയോട് കാണിക്കുന്ന അർപ്പണമനോഭാവമാണ് ഇതിന് കാരണം. ഫുട്ബോളർ വി പി സത്യന്റെ കഥ പറയുന്ന ക്യാപ്റ്റൻ സിനിമയ്ക്ക് വേണ്ടി ശരീരം കൊണ്ടും മനസുകൊണ്ടും അശ്രാന്ത പരിശ്രമം നടത്തുകയാണ് അദ്ദേഹം. ഒരു കഥാപാത്രത്തിനായി സ്വന്തം മനസ്സും ശരീരവും ഒരുപോലെ പാകപ്പെടുമ്പോഴാണ് ആ കഥാപാത്രമായി ഒരാൾക്ക് ജീവിക്കാനാകുക. ഫു‍ട്ബോളർ വിപി സത്യന്റെ കഥ പറയുന്ന സിനിമയ്ക്കായി ജയസൂര്യ അത്തരമൊരു തയ്യാറെടുപ്പിലാണ്. ഒരുപക്ഷേ മലയാളസിനിമയിൽ തന്നെ ഇതുപോലൊരു തയ്യാറെടുപ്പ് ഇതാദ്യമാകും. ഇന്നു വരെ ഫുട്ബോൾ തട്ടിയിട്ടില്ലാത്ത ജയസൂര്യ സത്യനാവാനുള്ള പരിശീലനം തുടങ്ങിക്കഴിഞ്ഞു.

sathyan-jayan വി. പി സത്യൻ, ജയസൂര്യ

വി.പി. സത്യന്‍ എന്ന ഫുട്‌ബോള്‍ താരം ആരാധകർക്ക് ഒരു ആവേശമായിരുന്നു. ഡിഫൻഡറായും ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായും കളം നിറഞ്ഞാടിയ സത്യന്റെ ജീവിതം 41-ാം വയസ്സില്‍ ഒരു ട്രെയിനു മുന്നിലാണ് അവസാനിച്ചത്. പത്തൊമ്പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 1992 ല്‍ കേരളത്തിലേക്കു സന്തോഷ് ട്രോഫി എത്തിച്ചപ്പോഴും 95 ല്‍ ഇന്ത്യന്‍ ദേശീയ ടീം സാഫ് ഗെയിംസില്‍ സ്വര്‍ണം നേടിയപ്പോഴും ടീമിന്റെ ക്യാപ്റ്റനായിരുന്നു വി.പി. സത്യന്‍. കളിക്കാരനായും കോച്ചായും പന്തു തട്ടിയ സത്യന്റെ ജീവിതം സിനിമയാകുമ്പോള്‍ ആ ഇതിഹാസ താരമാകാൻ ജയസൂര്യ തയ്യാറെടുക്കുന്നു. ക്യാപ്റ്റൻ എന്നു പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രജീഷ് സെൻ ആണ്.

jayasurya-captain-2

‘ജീവിതവും ഫുട്ബോളും ഒരുപോലെയാണ്. അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന് അറിയില്ല. ഏതുസമയത്തും നമ്മൾ ജാഗരൂകരായിരിക്കണം. എന്തും നേരിടാന്‍ തയ്യാറായിരിക്കണം. ജീവൻ പണയം വച്ചുള്ള കളിയാണ് ഫുട്ബോൾ. നമ്മുടെ മനസ്സും ശരീരവുമൊക്ക കൃത്യമായ ലക്ഷ്യത്തിലായിരിക്കണം സഞ്ചരിക്കേണ്ടത്. മത്സരത്തിനിടയിൽ പന്ത് ഒന്ന് മുഖത്തോ മറ്റോ കൊണ്ടാൽ മതി എല്ലാം തീരാൻ. ഇത്രയും റിസ്ക് പിടിച്ച കളിയാണ് ഇതെന്ന് കളിക്കാൻ ഇറങ്ങിയപ്പോഴാണ് മനസ്സിലായത്.’ ജയസൂര്യ പറയുന്നു.

ഫുട്ബോൾ കണ്ട് ആവേശം കൊള്ളുമെന്നല്ലാതെ എനിക്ക് ഫുട്ബോൾ കളിച്ചുള്ള പരിചയമൊന്നുമില്ല. മൂന്നുമാസം നീണ്ടു നിൽക്കുന്ന പരിശീലനമാണ് ആദ്യം. ശാരീരികമായി തയ്യാറാവുമ്പോൾ തന്നെ നമുക്ക് ആത്മവിശ്വാസം ലഭിക്കും. അഭിനയത്തിലും ഇത് പ്രതിഫലിക്കുമെന്നാണ് എന്റെ വിശ്വാസം. ഏറെ പ്രതീക്ഷയുള്ള പ്രൊജക്റ്റായതു കൊണ്ട് കഷ്ടപ്പെടുന്നതിൽ സന്തോഷമേയുള്ളൂ. ജയസൂര്യ പറഞ്ഞു.

‘മലയാളത്തിലെ മറ്റൊരു നടനും ഒരു കഥാപാത്രത്തെ ഇത്രത്തോളം ജീവിതത്തിലേക്ക് അടുപ്പിക്കുമെന്ന് തോന്നുന്നില്ല. പരിശീലനത്തിനായി മൂന്നുമാസമെങ്കിലും കുറഞ്ഞത് വേണ്ടിവരും. സാധാരണ ഒരു വലിയ താരവും ഇത്രയും സമയം നഷ്ടപ്പെടുത്തില്ല. എന്നാൽ ഇതൊരു സമർപ്പണമായാണ് അദ്ദേഹം ചെയ്യുന്നത്. ഓരോ കാര്യത്തിലും ഈ ആത്മാർത്ഥത അദ്ദേഹത്തിലുണ്ട്.’ ചിത്രത്തിന്റെ സംവിധായകനായ പ്രജീഷ് സെൻ പറഞ്ഞു.

jayasurya-captain-3

ടി വി ജോയ്, സിസി ജേക്കബ് തുടങ്ങിയ മികച്ച കോച്ചുകളാണ് ആദ്യ ഘട്ടത്തിൽ അദ്ദേഹത്തെ പരിശീലിപ്പിക്കുക. ടി വി ജോയ് വിദേശ രാജ്യങ്ങളിലൊക്കെ പരിശീലനം നേടിയിട്ടുള്ള താരമാണ്. ഫുട്ബോൾ താരം മാത്രമല്ല മികച്ച അത്‌ലറ്റ് കൂടിയാണ് അദ്ദേഹം. അറുപത് വയസിന് മുകളിൽ നടന്ന വേൾഡ് ചാമ്പ്യൻഷിപ്പിൽ ഓട്ടചാമ്പന്യാണ് അദ്ദേഹം.

ഇതിൽ സിസി ജേക്കബ് സത്യന്റെ കോച്ചായിരുന്നു. മാത്രമല്ല സത്യനുമായി നല്ല സൗഹൃദവും ജേക്കബ് കാത്തുസൂക്ഷിച്ചിരുന്നു. കൂടാതെ ജയസൂര്യയുടെ ഭാര്യയുടെ അച്ഛൻ നല്ല ഫുട്ബോൾ കളിക്കാരനാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്താണ് ജേക്കബ്. അതുകൊണ്ടു തന്നെ മാനസികമായി നല്ല അടുപ്പം ജയസൂര്യയും ജേക്കബുമായി ഉണ്ട്. അത് പരിശീലനത്തിന് കൂടുതൽ സഹായകമായി.

കഠിനമായ വ്യായാമവും പരിശീലനവുമാണ് ഇവർ നിർദേശിച്ചിരിക്കുന്നത്. ജയസൂര്യയുടെ അർപ്പണമനോഭാവം കണ്ടിട്ടാണ് സിനിമയ്ക്കായാണെങ്കിലും കഠിന പരിശീലനം തന്നെ കൊടുക്കാൻ ഇവർ തീരുമാനിച്ചതും. സംവിധായകൻ പറഞ്ഞു.

Your Rating: