Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലല്ല കമൽ, താരതമ്യം വേണ്ട: ജീത്തു ജോസഫ്

lal-jeethu-kamal

പാപനാശത്തിന്റെ ട്രെയിലർ ഇറങ്ങിയതു മുതൽ മോഹൻലാലിന്റെ ആരാധകരും കമൽഹാസന്റെ ആരാധകരും തമ്മിൽ പൊരിഞ്ഞ ചർച്ച. ദൃശ്യത്തിലെ ജോർജ്ജുകുട്ടിയാണോ നല്ലത്, പാപനാശത്തിലെ സ്വയംഭുലിംഗമാണോ നല്ലതെന്ന്. പക്ഷെ ആർക്കുമാർക്കും വ്യക്തമായ ഉത്തരം കിട്ടിയില്ല. ആ സാഹചര്യത്തിൽ ആരാണ് നല്ലതെന്നുള്ളതിന്റെ ഉത്തരം സംവിധായകൻ ജീത്തു ജോസഫ് തന്നെ വ്യക്തമാക്കുന്നു. പാപനാശത്തിന്റെ വിശേഷങ്ങൾ ജീത്തു ജോസഫ് മനോരമഓൺലൈനുമായി പങ്കുവെക്കുന്നു.

ദൃശ്യത്തിലെ ജോർജ്ജുകുട്ടിയും പാപനാശത്തിലെ സുയംഭുലിംഗവും എങ്ങനെയാണ് വ്യത്യസ്തരാകുന്നത്. ഒരു താരതമ്യം സാധ്യമാണോ?

എന്റെ രണ്ടു കഥാപാത്രങ്ങളെയും ഇന്ത്യൻ സിനിമയിലെ രണ്ടു ല‍ജൻഡ്സ് അവതരിപ്പിച്ചു എന്നുള്ളതാണ് ഒരു സംവിധായകൻ എന്ന നിലയിൽ എന്റെ ഏറ്റവും വലിയ സന്തോഷം. പക്ഷെ രണ്ടു പേരെയും താരതമ്യം ചെയ്യാൻ പറ്റില്ല. മോഹൻലാലിന്റെ അഭിനയരീതിയല്ല കമൽഹാസന്റേത്. കമൽഹാസൻ തമിഴ്പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടപ്പെടുന്ന രീതിയിലാണ് അഭിനയിക്കുന്നത്. മോഹൻലാൽ കേരളത്തിലെ പ്രേക്ഷകർക്കു വേണ്ടിയും. അതുകൊണ്ട് ഒരു താരതമ്യത്തിന്റെ ആവശ്യമേയില്ല എന്നാണ് എന്റെ അഭിപ്രായം. കഥാപാത്രവും കഥയും ഒന്നു തന്നെയാണെങ്കിലും രണ്ടുപേരുടെയും മെത്തേഡ് ഓഫ് ആക്ടിങ്ങ് വ്യത്യസ്തമാണ്.

കമൽഹാസനും ഗൗതമിയും പാപനാശത്തെ കൂടുതൽ ആകർഷകമാക്കുന്ന ഘടകമാണോ?

സിനിമ ഇഷ്ടപ്പെടുന്ന പ്രേക്ഷകൻ എന്ന നിലയിൽ എന്നെയും ആകർഷിച്ച ഒരു ഘടകമാണ് കമൽഹാസനും ഗൗതമിയും കാലങ്ങൾക്കു ശേഷം ഒന്നിച്ചഭിനയിക്കുന്നത്. ആ ഘടകം പ്രേക്ഷകർക്കും ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു. കമൽഹാസന്റെ ജോഡിയായി ഗൗതമിയെ കൊണ്ടുവരണമെന്ന് എന്റെ ഒരു ആഗ്രഹമായിരുന്നു. കുറച്ചു നാളുകൾക്കു ശേഷം അഭിനയിക്കുമ്പോൾ മറ്റ് അഭിനേതാകൾക്ക് കിട്ടാത്ത ഒരു ഫ്രഷ് ഫീൽ ആ കഥാപാത്രത്തിന് നൽകാൻ സാധിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. അത് അവരോട് അവതരിപ്പിച്ചപ്പോൾ അവർക്കും ഇഷ്ടമായി. അങ്ങനെയാണ് ഗൗതമി മീനയുടെ റോളിലേക്ക് വരുന്നത്. 

തമിഴിലേക്ക് മാറുമ്പോൾ സിനിമയുടെ വില്ലത്തരം കൂടിയിട്ടുണ്ടോ?

പാപനാശത്തിൽ വില്ലനാകുന്നത് കലാഭവൻ മണിയാണ്. മണിയെ തമിഴ്നാട്ടുകാർക്ക് പരിചയമാണ്. വില്ലനായി ഒരുപാട് സിനിമകളിൽ തിളങ്ങിയ വ്യക്തിയാണ് മണി. അതുകാരണം വില്ലനിൽ നിന്നും അവരും നല്ലപോലെ വില്ലത്തരം പ്രതീക്ഷിക്കും. അതുകൊണ്ട് ഒരുശതമാനം വില്ലത്തരം തമിഴിന്റെ സിനിമാസംസ്ക്കാരത്തോട് യോജിക്കുന്ന രീതിയിൽ കൂട്ടിയിട്ടുണ്ട്.  തമിഴിന്റെ രീതിയ്ക്ക് ഇണങ്ങുന്ന രീതിയിൽ രംഗങ്ങളിൽ അൽപ്പസ്വൽപ്പം മാറ്റങ്ങൾ വരുത്തിയതൊഴിച്ചാൽ കഥാഗതിയ്ക്ക് യാതൊരു മാറ്റവും പാപനാശത്തിൽ കൊണ്ടുവന്നിട്ടില്ല. 

പാപനാശം എന്ന് തീയറ്ററുകളിൽ എത്തും?

ജൂലൈ ആദ്യവാരം എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

അടുത്ത സിനിമ ലൈഫ് ജോസുകുട്ടി എന്തു സസ്പൻസ് ആണ് കാത്തുവെച്ചിരിക്കുന്നത്?

പ്രത്യേകിച്ച് സസ്പൻസുകൾ ഒന്നുമില്ല. അതുതന്നെയാണ് ജോസുകുട്ടിയുടെ പ്രത്യേകത. പത്തു വയസ്സുമുതൽ നാൽപ്പതു വയസ്സുവരെയുള്ള ഒരു മനുഷ്യന്റെ ജീവിതമാണ് ലൈഫ് ഓഫ് ജോസുകുട്ടി. കേരളത്തിൽ നിന്നും ന്യൂസിലൻഡിൽ പോയ ഒരു മനുഷ്യന്, അയാൾ അഭിമുഖീകരിക്കുന്ന കാര്യങ്ങൾ അതൊക്കെ അൽപ്പം ഫാന്റസി കലർത്തി പറയുന്ന കഥയാണ് ലൈഫ് ഓഫ് ജോസുകുട്ടി. യാതൊരു വിധ ട്വിസ്റ്റുകളും ജോസുകുട്ടിയിൽ ഇല്ല. ഓണത്തിന് ജോസുകുട്ടി റിലീസ് ചെയ്യും.