Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രേമത്തിന് അവാർഡിന് അർഹതയില്ല: ജൂറി ചെയർമാൻ

mohan-premam മോഹൻ(ഫയൽ ചിത്രം)വലത്

സംസ്ഥാന അവാർഡ് നിർണയത്തിനെ ചൊല്ലി വിവാദങ്ങൾ കൊഴുക്കുകയാണ്. പ്രേമത്തിനെ തഴഞ്ഞതിലെ ചൊല്ലിയും ജയസൂര്യയ്ക്ക് മികച്ച നടനുള്ള അവാർഡ് കൊടുക്കാത്തതിനെ ചൊല്ലിയുമൊക്കെ വിവാദങ്ങളും പ്രതികരണങ്ങളും ഉയർന്നു കഴിഞ്ഞു. ഇൗ ആരോപണങ്ങളോടെല്ലാം ജൂറി ചെയർമാനായ മോഹൻ പ്രതികരിക്കുന്നു.

പ്രേമത്തിനെ തഴഞ്ഞത് എന്തു കൊണ്ട് ?

പ്രേമത്തിന് എന്തുകൊണ്ട് അവാർഡ് കൊടുത്തില്ല എന്നതിന് ഒരു ഒറ്റ ഉത്തരമേയുള്ളൂ. ഒരു വിഭാഗങ്ങളിലെയും പുരസ്കാരം ലഭിക്കാനുള്ള അർഹത പ്രേമത്തിനുണ്ടെന്ന് ജൂറിക്ക് തോന്നിയില്ല. ജനപ്രീതി നേടിയ സിനിമ തന്നെയാണത്. പക്ഷേ ഒരു അവാർഡ് കൊടുക്കാൻ മാത്രം എന്തെങ്കിലുമുള്ളതായി തോന്നിയില്ല. അതിനുള്ള ആവശ്യമുണ്ടെന്ന് തോന്നിയില്ല. അതിനുള്ള നിലവാരം സിനിമയ്ക്കില്ല.

അതേസമയം ഇതേ സംവിധായകന്റെ ആദ്യ സിനിമ നേരം ഒരു തികഞ്ഞ ചിത്രമായിരുന്നു. ജൂറി ചെയർമാനെന്ന നിലയിൽ കൂടിയുള്ള അഭിപ്രായമാണിത്. ആ സിനിമയെ സമീപിച്ച രീതിയിലല്ല സംവിധായകൻ പ്രേമം ചെയ്തതെന്ന് പറയേണ്ടിയിരിക്കുന്നു. നേരം അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നുവെങ്കിലും മികവാർന്നതു തന്നെയായിരുന്നു. ചെറിയൊരു സംഭവം സിനിമയാക്കാൻ കാണിക്കാൻ അദ്ദേഹത്തിന് ഗംഭീരമായിട്ട് കഴിഞ്ഞു. യുവത്വത്തിന്റെ സിനിമയായതുകൊണ്ട് അവാർഡ് കൊടുക്കാനാകില്ലല്ലോ. പ്രായമല്ല പ്രശ്നം. നൂറു വയസ് ആയ ആളിന്റെ സിനിമയാണെങ്കിലും അതിന് അവാർഡ് കിട്ടിയിരിക്കും.

കച്ചവട സിനിമകൾക്ക് അവാർഡ് കൊടുത്തത് വിവാദമായല്ലോ ?

ഒഴിവു ദിവസത്തെ കളി എന്ന സിനിമയ്ക്ക് അവാർഡ് കൊടുത്തില്ലേ. അത് കച്ചവട സിനിമയാണോ? അല്ലല്ലോ. എന്താണോ പറയാനുദ്ദേശിച്ചത് അത് വളരെ കൃത്യമായി സിനിമ അവതരിപ്പിച്ചു. സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ വളരെ സിനിമാറ്റിക് ആയി അവതരിപ്പിച്ചു. അത് ആഘോഷത്തിൻറേയോ വർണപൊലിമയുടേയോ ചിത്രമല്ല. അങ്ങനെ ചെയ്യാനുമാകില്ല. വളരെ നല്ലൊരു ആശയം തീരെ ചെറിയ ബഡ്ജറ്റിൽ ചെയ്ത ചിത്രമാണത്. അതിന് അവാർഡ് കൊടുത്തില്ലേ. അപ്പോഴെങ്ങനെയാണ് കച്ചവട സിനിമകൾക്ക് അമിത പ്രാധാന്യം നൽകുന്നുവെന്ന് പറയാനാകുക. ഒരു വ്യക്തിയുടെ കഥയല്ല. അഞ്ചോ ആറോ സമൂഹത്തിന്റെ കഥയാണ് ഒഴിവു ദിവസത്തെ കളി. വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ വളരെ സിനിമാറ്റിക് ആയി പറഞ്ഞുപോയിരിക്കുന്നു. സിനിമ സിനിമാറ്റിക് ആകണം. ഒഴിവു ദിവസത്തെ കളി അവസാനിക്കുന്നത് തന്നെ വളരെ പ്രതീകാത്മകമായാണ്.

കച്ചവടമൂല്യമല്ല, സിനിമ സിനിമാറ്റിക് ആയോ നല്ലതാണോ എന്നതാണ് മാനദണ്ഡം. സിനിമ സിനിമാറ്റിക് ആകണം. അതിൽ ഡ്രാമ കടന്നുവരരുത്. സിനിമ തീർത്തും വ്യത്യസ്തമായ മാധ്യമമാണ്. നാടകീയമായ അഭിനയ മുഹൂർത്തങ്ങളാകാം. പക്ഷേ സിനിമ സിനിമയുടെ ചേലിൽ നിന്ന് മാറരുത്. സിനിമ നാടകം പോലെ തോന്നരുത്. സിനിമ സിനിമയുടെ സ്വഭാവമുള്ളത് യാഥാർഥ്യത്തോട് ചേർന്ന് നിൽക്കുന്നതുമാകണം. വിജയിച്ചോ വിജയിച്ചല്ലയോ എന്നത് ചിന്തകളിൽ വരേണ്ടതില്ല. വിജയിക്കുന്നത് നല്ല സിനിമകളുടെ കാറ്റഗറിയിൽ ഉൾപ്പെടുത്താതിരിക്കരുത്. ജനങ്ങളുടെ ഈ ചിന്താഗതി മാറാൻ ഈ അവാർഡിലൂടെ സാധിക്കും.

എന്തായിരുന്നു ചാർലിക്കുണ്ടായിരുന്ന പ്രത്യേകത ?

എന്താണോ പറയാനുദ്ദേശിച്ചത് അത് വളരെ വ്യക്തമായി ചാർലിയിലൂടെ വന്നിട്ടുണ്ട്. ആശയസംവേദനം ശക്തമാകുകയെന്നത് സിനിമയില്‍ വളരെ പ്രാധാന്യമുള്ളൊരു കാര്യമാണ്. ജൂറിക്ക് നല്ലതും ചീത്തയും തിരിച്ചറിയുവാനുള്ള കഴിവുണ്ട്. സിനിമാറ്റിക് സെൻസുള്ള ജൂറിയായിരുന്നു ഇത്തവണത്തേത്. കലയും സിനിമയുടെ സ്വഭാവവും സമന്വയിക്കുന്ന യാഥാർഥ്യ സ്വഭാവവുമള്ള ചിത്രമാണിത്.

എന്തുകൊണ്ട് ജയസൂര്യക്ക് അവാർഡ് കൊടുത്തില്ല ?

അദ്ദേഹത്തിന് കൊടുത്താൽ ദുല്‍ക്കറിന് കൊടുക്കാനാകില്ല. മറിച്ചായാലും അങ്ങനെ തന്നെ. പിന്നെ നോക്കുമ്പോള്‍ ദുൽക്കറിന്റെയല്ലേ നല്ല അഭിനയമെന്ന് തോന്നും. അത്രേയുള്ളൂ. ആധുനിക കാലഘട്ടത്തിലെ ഒരു ജിപ്സിയുടെ കഥ പറയുന്ന ചിത്രത്തിൽ വളരെ മനോഹരമായ നീക്കങ്ങളിലൂടെ അഭിനയിക്കുവാൻ ദുൽഖറിന് കഴിഞ്ഞു. എന്താണോ ഒരു മോഡേൺ ജിപ്സിയുടെ ജീവിതം അത് മനോഹരമായി ദുൽഖർ ഉൾക്കൊണ്ടിട്ടുണ്ട്.

എന്തുകൊണ്ട് ജയസൂര്യക്ക് അവാർഡ് കൊടുത്തില്ലെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരമിതാണ്. ദുൽഖർ അതിനേക്കാൾ നന്നായി ചെയ്തു. മലയാളത്തിലെ തന്നെ വ്യത്യസ്തമായൊരു ചിത്രമാണ് ചാർലി. ഇത്തരമൊരു ചിത്രം തന്നെ ആദ്യമാണ്. അതിലെ പോലുള്ള കഥാപാത്രങ്ങളും അഭിനയവും അപൂർവ്വമാണ്. അതുകൊണ്ട് ദുല്‍ഖറിന് അവാർഡ് കിട്ടി. സാധാരണ ഗതിയിലുള്ള ചിത്രത്തിൽ ജയസൂര്യ അസാധാരണ പ്രകടനം പുറത്തെടുത്ത് എന്നത് ജൂറി സമ്മതിക്കുന്നു. ആരെങ്കിലും ചോദ്യം ചെയ്യുമെന്ന് വിചാരിച്ച് അവാർഡ് നിർണയിക്കാനാകില്ല. അർഹതപ്പെട്ടവന് കിട്ടാതെ പോകരുത് എന്നേയുണ്ടായിരുന്നുള്ളൂ.

ചാർലിയുടെ സംവിധായകനും നടനും ഒരുപോലെ അഭിനന്ദനമർഹിക്കുന്നു. ആ സംവിധായകനില്ലായിരുന്നുവെങ്കിൽ ദുൽഖറിൽ നിന്ന് ഇത്രയും നല്ലൊരഭിനയം പുറത്തുവരില്ലായിരുന്നു. ദുല്‍ഖറിലെ നടനെ വളരെ നന്നായി ഉപയോഗിക്കുവാനും ചിത്രം നല്ലപോലെ അവതരിപ്പിക്കുവാനും സംവിധായകന് കഴിഞ്ഞു. വളരെ രസകരമായ അഭിനയവും രസകരമായ ചിത്രവുമാണ് ചാർലി.

ഇന്ദ്രന്‍സിന്റെ പ്രതികരണത്തോട് ?

ഇന്ദ്രൻസ് വളരെ നല്ലൊരു നടനാണ്. നല്ലൊരു മനുഷ്യനാണ്. അതിൽ സംശയമില്ല. ഓരോരുത്തർ അനാവശ്യമായ പ്രതീക്ഷകൾ മനുഷ്യരിൽ വളർത്തും. പിന്നീട് കിട്ടാതാകുമ്പോൾ അവരുടെ പ്രതികരണം രൂക്ഷമാകും. ഇന്ദ്രന്‍സിന്റെ പ്രതികരണത്തെ ഇങ്ങനെയേ കാണുന്നുള്ളൂ.

ചാർലിയും മൊയ്തീനും തമ്മിലുള്ള മത്സരമായിരുന്നോ ഇത്തവണ ?

ചാര്‍ളിയും മൊയ്തീനും ഒരുപാട് അവാര്‍ഡുകൾ വാങ്ങിക്കൂട്ടിയെന്നത് ശരിതന്നെ. പക്ഷേ അവാര്‍ഡുകളുടെ എണ്ണത്തിലല്ല കാര്യം. പ്രധാന അവാർഡുകളുടെ മൂല്യം വേറെയാണ്. അതെല്ലാം ചാർലിക്കാണല്ലോ കിട്ടിയത്. മികച്ച നടൻ, സംവിധായകൻ അവാർഡുകൾ ആ സിനിമ നേടിയെങ്കിൽ സിനിമയുടെ എല്ലാ ഘടകങ്ങളും അദ്ദേഹം അത്രയും മനോഹരമാക്കിയെന്നാണ് അർഥം. അവാർ‍ഡുകളുടെ എണ്ണം കൂടിയതുകൊണ്ട് മത്സരമുണ്ടായെന്ന് ചിന്തിക്കാനാകില്ല. പ്രധാന അവാർഡുകൾ കിട്ടിയ ചിത്രത്തിനാണ് കൂടുതൽ മൂല്യം.

സംസ്ഥാന പുരസ്കാരത്തിൽ അംഗീകരിക്കപ്പെടാത്തവ ദേശീയ തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്നത് വെല്ലുവിളിയല്ലേ?

അതൊരിക്കലും വെല്ലുവിളിയോ ഭയപ്പെടേണ്ട കാര്യമോ അല്ല. ഇവിടെ മലയാള സിനിമയെ കൃത്യമായി മനസിലാക്കുന്ന ജൂറി അംഗങ്ങളാണുള്ളത്. ദേശീയ തലത്തിൽ പത്ത് ജൂറിയിൽ ഒരു മലയാളിയേ കാണൂ. അദ്ദേഹത്തിന് ചിലപ്പോൾ തനിക്ക് മുന്നിലേക്ക് വരുന്ന സിനിമയെ യുടെ മൂല്യത്തെ മറ്റ് ജൂറി അംഗങ്ങൾക്ക് വിശദമാക്കിക്കൊടുക്കാനും കഴിയണമെന്നില്ല. അന്ധമായി തെറ്റിദ്ധരിച്ച് അവാർഡ് കൊടുക്കുന്ന പതിവും അവിടെയുണ്ട്.

യുവത്വത്തോട് ജൂറിക്ക് പുച്ഛമാണെന്ന് വാദത്തോട് ?

സിനിമയെ പഠിക്കാതെ സിനിമയെടുക്കുന്ന സമീപനമാണ് യുവത്വത്തിന്റേത്. സിനിമ ഡിജിറ്റൽ ആയതോടു കൂടി സിനിമാ സംവിധാനം വളരെ നിഷ്പ്രയാസം ചെയ്യാവുന്ന ഒന്നാണെന്ന ധാരണ വന്നു. ആ ചിന്താഗതിയിൽ ഒരുപാട് സിനിമ ചെയ്ത് കൂട്ടുന്നുണ്ട്. അങ്ങനെയുള്ള എത്രയോ സിനിമകൾ നമുക്ക് മുന്നിലേക്ക് വരുന്നുണ്ട്. നാൽപത് സിനിമകളെങ്കിലും അങ്ങനെ ജൂറിക്ക് മുന്നിലേക്ക് വന്നു. സിനിമയായിട്ട് പോലും കണക്കാനാകാത്തത്.

എന്തുകൊണ്ട് ശ്രീബാലയ്ക്ക് നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം കൊടുത്തു ?

ഒരു നവാഗത സംവിധായിക അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ ബോധ്യം തനിക്കുണ്ടെന്ന് സിനിമയിലൂടെ അവർ തെളിയിച്ചു. അതുകൊണ്ടാണ് അവാർഡ് അവർക്ക് കൊടുത്തത്.