Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലിമുരുകനിൽ ജീവൻപണയംവെച്ചുള്ള വൈശാഖിന്റെ ആക്​ഷൻ; കമാലിനി പറയുന്നു

vysakh-kamalini

നാടകങ്ങളുടെയും യാഥാര്‍ഥ്യം ചോരാത്ത കഥാതന്തുക്കളുടെയും തട്ടകങ്ങളിലായിരുന്നു കമാലിനി മുഖർജി തുടക്കം കുറിച്ചത്. സിനിമയോടും നാടകത്തോടുമുള്ള ഈ നടിയുടെ സമീപനവും വ്യത്യസ്തം. ക്ലാസിക്കൽ എഴുത്തിന്റെയും പാട്ടിന്റെയും സിനിമകളുടെയും നാടായ ബംഗാളിൽ നിന്നെത്തിയ ഈ നടി മലയാളത്തിന്റെ അഭ്രപാളിയിലേക്ക് വീണ്ടുമെത്തുന്നത് പുലിമുരുകൻ എന്ന സിനിമയില്‍ അഭിനയ വിസ്മയം മോഹന്‍ലാലിന്റെ നായികയായി ആയാണ്.

കാടിന്റെ ഉൾത്തലങ്ങളോട് കലഹിച്ചും പ്രണയിച്ചും ചിത്രീകരിച്ച സിനിമയെ കുറിച്ച് കമാലിനിയ്ക്ക് ഏറെ സംസാരിക്കുവാനുണ്ട്. കണ്‍നിറഞ്ഞു കണ്ട മോഹൻലാൽ അഭിനയത്തെ കുറിച്ച് കൊതിപ്പിച്ച പുലിമുരുഗന്‍ ഷൂട്ടിങ് ലൊക്കേഷനെ കുറിച്ച് സെറ്റിൽ നടന്ന അപ്രപതീക്ഷിത കാര്യങ്ങളൊക്കെ കമാലിനിക്കു പറയുവാനുണ്ട്. അഭിനയ അനുഭവങ്ങളെയും ഇനിയുള്ള തന്റെ വഴികളെയും കുറിച്ചുമൊക്കെ ഒരുപാട് വർത്തമാനം പറയേണ്ടതുണ്ട്. യിക്കാം കമാലിനിയ്ക്കൊപ്പം മനോരമ ഓണ്‍ലൈൻ നടത്തിയ അഭിമുഖം....

പുലിമുരുകൻ എന്ന അനുഭവം

മാസ്‌മരികമായ അനുഭവമായിരുന്നു അത്. ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. ശരിക്കും മറ്റൊരു ലോകത്ത് എത്തിപ്പെട്ടതുപോലെയായിരുന്നു പുലിമുരുകന്റെ ലൊക്കേഷനിൽ എത്തിയപ്പോൾ തോന്നിയത്. കൊടുംകാടെന്ന തോന്നലേ ഇല്ല, അത്ര മനോഹരമായിരുന്നു ലൊക്കേഷൻ. രാത്രിയിലൊക്കെയായിരുന്നു ഷൂട്ട് കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങിയിരുന്നത്.

കോതമംഗലത്തിനടുത്ത് പൂയംകുട്ടി വനാന്തരങ്ങളിലായിരുന്നു പ്രധാനമായും ചിത്രീകരണം. മനം മയക്കുന്ന മനോഹാരിതയായിരുന്നു അവിടുത്തെ വനസൗന്ദര്യത്തിന്. മാത്രമല്ല പ്രകൃതിയുടെ സൗന്ദര്യത്തിന് ഒരു ദോഷവും വരുത്താതെയാണ് അണിയറപ്രവർത്തകർ മുഴുവൻ സിനിമയിലുടനീളം സഹകരിച്ചത്.

ഒരു സ്വപ്നംപോലെ ജീവിതത്തില്‍ ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവങ്ങളായിരുന്നു അവിടെ. കാടിനരികിൽ തന്നെ താമസം, ദിവസവും രാവിലെ ജീപ്പിൽ ഉള്‍ക്കാടുകളിലേക്ക് മണിക്കൂറുകൾ നീണ്ട സാഹസികമായ യാത്ര. ജീപ്പിറങ്ങി വീണ്ടും ലൊക്കേഷനിലേക്ക് ദുഷ്ക്കരമായ നടപ്പ്. യാത്രാവഴികളിൽ പലപ്പോഴും കാട്ടാനക്കൂട്ടവും പാമ്പുകളെയുമൊക്കെ കാണാം. ഭയവും ആവേശവും ഇടകലർന്ന ആ ദിവസങ്ങളിലിൽ ഞാൻ പക്ഷേ ഭയങ്കര ത്രില്ലിൽ ആയിരുന്നു. ഇതൊരു ലൈഫ്ടൈം എക്സീപിരിയൻസ് ആണ്.

ഇനി വൈശാഖിനൊപ്പം ഒരാക്ഷൻ ചിത്രം

സത്യത്തിൽ പീറ്റർ ഹെയ്നിന്റെ ഡേറ്റിൽ എനിക്ക് വര്‍ക്ക് ഇല്ലായിരുന്നു. എന്നാൽ ഒരു കാട്ടുപ്പെണ്ണ് എന്ന നിലയിൽ അത്യാവശ്യം ആക്​‌ഷനും അഡ്വഞ്ചറും എല്ലാം മൈനയും ചെയ്യുന്നുണ്ട്. എന്റെ ആക്‌ഷൻ രംഗങ്ങളെല്ലാം കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് സംവിധായകൻ വൈശാഖ് തന്നെയാണ്.

vysakh-kamalini-1

സത്യത്തിൽ അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി എന്നു തന്നെ പറയാം. അപാരമായ ആക്​ഷൻ സെൻസ് ആണ് വൈശാഖിന്റേത്. ഒരു ആക്ടർ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്. അത് കൃത്യമായി പറയുകയും കാണിച്ച് തരുകയും ചെയ്യും. ഒരു ഉദാഹരണം പറയാം, ഒരു വലിയ പാറക്കെട്ടിന്റെ മുകളില്‍ നിന്ന് 50 അടിയിലേറെ താഴ്ചയുള്ള ഒരു വെള്ളക്കെട്ടിലേക്ക് മൈന മറിഞ്ഞ് വീഴുന്ന ഒരു ഷോട്ടുണ്ട്.

താഴെ ക്യാമറ ഫിക്സ് ചെയ്ത് എല്ലാവരും കാത്തിരിക്കുകയാണ്. ഷോട്ട് കേട്ടപ്പോൾ തന്നെ എനിക്ക് നെഞ്ചിടുപ്പ് തുടങ്ങി. പാറയിൽ കൂടി ഉരുണ്ട് വന്ന് ഇത്രയും താഴ്ചയിലേക്ക് ചാടണം. ഞാൻ ശങ്കിച്ച് നിൽക്കുകയാണ്. വൈശാഖ് ഒന്നും പറയാതെ മല കയറിപ്പോയി. നോക്കുമ്പോൾ പാറക്കൂട്ടത്തിന്റെ തുമ്പത്ത് നിൽക്കുന്നു. യൂണിറ്റംഗങ്ങളുടെ മുഖത്തെ ആശങ്ക എനിക്ക് കാണാമായിരുന്നു. ക്യാമറാമാൻ ഷാജി സാർ, ‘വൈശാഖ് വേണ്ട’ എന്നു പറയുന്നതും കേൾക്കാം.

പക്ഷേ ഒരു നിമിഷം പോലും താമസ്സിക്കാതെ വൈശാഖ് ആ ഉയരത്തിൽ നിന്നും വെള്ളത്തിലേക്ക് എടുത്ത് ചാടി. അതു കണ്ട് യൂണിറ്റംഗങ്ങൾ മുഴുവൻ കയ്യടിക്കുമ്പോൾ നീന്തി എന്റെ അരികിൽ വന്നു പറഞ്ഞു– ‘ഈ കയ്യടി താങ്കൾക്കും കിട്ടും, ഇവിടെ മാത്രമല്ല തിയറ്ററിലും, ഇത് വളരെ സേഫാണ്, ചെയ്യാവുന്നതേയുള്ളൂ.’

ആക്ടേർസിനെ എങ്ങനെ ഡീൽ ചെയ്യണമെന്ന് വൈശാഖിന് അറിയാം. ഒടുവിൽ ഞാൻ വൈശാഖിനോട് ചോദിച്ചു.–എന്നെ നായികയാക്കി ഒരു ആക്​ഷൻ സിനിമ ചെയ്യാമോ എന്ന് . ( കമാലിനി ചിരിക്കുന്നു).

ആരാണ് മൈന?

കാടിന്റെ പശ്ചാത്തലത്തിൽ ഇത്തരമൊരു കഥാപാത്രം ചെയ്യുന്നത് ആദ്യമാണ്. എന്നെ സംബന്ധിച്ചടത്തോളം ഇതൊരു വെല്ലുവിളി നിറഞ്ഞ കഥാപാത്രം തന്നെയായിരുന്നു. മൈനയായി ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു.

മൈന ഒരു തീപ്പൊരിപ്പെണ്ണാണ്. പരുക്കൻ സ്വഭാവം. എന്നാൽ ധൈര്യശാലിയുമാണ്. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത പെൺകുട്ടിയാണവൾ. കാടിനപ്പുറത്ത് നടക്കുന്നതൊന്നും അവളെ ബാധിക്കുന്നുമില്ല. അതിന്റെ നേർ വിപരീതമാണ് ഞാൻ. നല്ല മോഡേൺ ആണു ഞാൻ. അതുകൊണ്ടു തന്നെ ഈ വേഷം എനിക്ക് തീർത്തും കൗതുകകരമായ അനുഭവമായിരുന്നു.

vysakh-kamalini-2

യഥാർഥ ജീവിതത്തിൽ ഞാനും മൈനയുമായി യാതൊരു ബന്ധവുമില്ല. അങ്ങനെയൊരാളെ ഞാൻ ഇതുവരെ കണ്ടിട്ടുമില്ല. അതുകൊണ്ടു തന്നെ ഓരോ രംഗവും ഒരുപാട് രസകരമായിരുന്നു എനിക്ക്. പുലിമുരുകന്റെ ചിത്രീകരണം കഴിഞ്ഞിട്ടും മൈന എന്നെ വിട്ടുപോയില്ല. ദിവസങ്ങളെടുത്തു അവളെ എന്നിൽ നിന്നും പറിച്ചുമാറ്റാൻ.

മോഹൻലാലിനൊപ്പം

ബ്രില്യന്റ്. വർണിക്കാൻ വിശേഷണങ്ങില്ല. അസാധാരണമായ അഭിനയപാടവമാണ് അദ്ദേഹത്തിന്റേത്. അഭിനയത്തിലെ ഓരോ ചുവടും വ്യത്യസ്തമായിരിക്കും. അത് കണ്ടുനില്‍ക്കാൻ തന്നെ ഭംഗിയാണ്.

vysakh-kamalini-3

സത്യത്തിൽ മോഹൻലാലിന്റെ അഭിനയം കണ്ടു ഭ്രാന്ത് പിടിച്ചതുപോലെ ആയിപ്പോയി. ‘എന്നെ ഇവിടെ നിന്ന് ഒന്നു രക്ഷപ്പെടുത്താമോ എന്നുപോലും തമാശയ്ക്ക് വൈശാഖിനോട് ഞാൻ ചോദിച്ചിട്ടുണ്ട്. പല്ലപ്പോഴും അദ്ദേഹം അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്നു തോന്നിപ്പോകും. പുലിമുരുകന് ഒരേ ഒരു വിശേഷണമേ ഒള്ളൂ. അതൊരു മോഹൻലാൽ ചിത്രമാണ് എന്നതു തന്നെ.

മോഹൻലാൽ–മമ്മൂട്ടി–കമൽഹാസൻ. ഇവർ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?

എല്ലാവരോടും ഒപ്പമുള്ള അഭിനയം എനിക്ക് വ്യത്യസ്മായ അനുഭവങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ആരെയും താരതമ്യം ചെയ്യാൻ ആകില്ല. ഒരു കാര്യത്തിൽ സാമ്യമുണ്ട്. അവരുടെ ജോലിയിൽ അവർ തീർത്തും പ്രൊഫഷണൽസ് ആണ്. അത്രത്തോളം ആത്മാർത്ഥത അവരുടെ പ്രവർത്തികളിൽ കാണാൻ സാധിക്കും.

അവർക്കൊപ്പമുള്ള അഭിനയത്തിനിടെ സ്പോഞ്ച് പോലെ ഓരോകാര്യങ്ങളും എന്നിലേക്ക് ലയിപ്പിച്ചെടുക്കാൻ ഞാൻ നോക്കാറുണ്ട്. അവർ മാത്രമല്ല അങ്ങനെ ടാലന്റുള്ള ഒരുപാട് അഭിനേതാക്കൾക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടായി. എല്ലാവരും വിനയമുള്ളവരും നന്മനിറഞ്ഞവരുമാണ്. അവരവരുടെ അനുഭവങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കാൻ സാധിക്കുന്നത് തന്നെ വലിയകാര്യം. എനിക്കും ഈ ഭാഗ്യം ഇവരിൽ നിന്നും ലഭിച്ചു.

പരാജയം ഞാൻ നോക്കാറില്ല

സിനിമയുടെ വിജയ–പരാജയങ്ങൾ നോക്കിയല്ല ഞാൻ ഒരു സിനിമയുടെ ഭാഗമാകാൻ തീരുമാനിക്കുക. ആ സിനിമ തന്നെ എല്ലാ രീതിയിലും സന്തോഷിപ്പിക്കും എന്ന വിശ്വാസത്തോടെയാണ് ഞാനതിന്റെ ഭാഗമാകുന്നത്.

പുലിമുരുകന്റെ ടീസറിൽ നിന്നും ട്രെയിലറിൽ നിന്നുമെല്ലാം ഇതൊരു ആക്​ഷൻ ചിത്രമെന്ന ഒരു ധാരണ നിങ്ങളിൽ ഉണ്ടായി കഴിഞ്ഞു. ആക്​ഷൻ മാത്രമല്ല അതിൽ കുടുംബന്ധമുണ്ട്, വൈകാരികമായ നിമിഷങ്ങളുണ്ട്. അതൊക്കെയാണ് ഈ ചിത്രത്തിലേക്ക് എന്നെ ആകർഷിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിലുടനീളം അസാധാരണമായ എന്തോ തനിക്ക് ചുറ്റും സംഭവിക്കുന്നുണ്ടെന്ന തോന്നൽ അനുഭവപ്പെട്ടിരുന്നു. അത് ആ സെറ്റിൽ ഉടനീളം ഉണ്ടായിരുന്നു.

vysakh-kamalini-4

ആ മാജിക് സ്ക്രീനിലേക്കും പകരും

പുലിമുരുകൻ സിനിമയിൽ പ്രവർത്തിച്ച ഓരോരുത്തരോടും എനിക്ക് കടപ്പാടുണ്ട്. പ്രത്യേകിച്ച് ഛായാഗ്രാഹകൻ ഷാജി കുമാർ. അദ്ദേഹമൊക്കെ അത്ഭുതകരമായ വർക്ക് ആണ് ചെയ്തിരിക്കുന്നത്. എപ്പോഴും ചിരിച്ച മുഖവുമായി കാണുന്ന നിർമാതാവ് ടോമിച്ചൻ മുളകുപാടം. ഇവരോടൊക്കെ പ്രത്യേകം നന്ദി പറയുന്നു. സഹോദരി മിറാലിനി മുഖർജിയാണ് ഈ ചിത്രത്തിൽ എന്റെ സ്റ്റൈലിസ്റ്റ്. എന്റെ എല്ലാ ചിത്രങ്ങളിലും അവൾ ഒപ്പമുണ്ട്.

പുലിമുരുകനിൽ എടുത്തുപറയാൻ കാരണം, ഒട്ടേറെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയുമാണ് എല്ലാവരും ജോലി ചെയ്തുതീർത്തത്. പ്രകൃതിയോട് ആയിരുന്നു നമുക്ക് ഏറ്റുമുട്ടേണ്ടിയിരുന്നത്. എന്നാൽ ഇത്രയും ഉത്സാഹശീലരായ ക്രൂ മെംബേർസ് ഉണ്ടായതുകൊണ്ട് ഇതൊന്നും ഇവരെ ബാധിച്ചില്ലെന്ന് വേണം പറയാൻ. ഇതിലെ ഓരോരുത്തർക്കുമാണ് അതിന്റെ ക്രെഡിറ്റ്. സിനിമയുടെ റിലീസ് ദിവസം േകരളത്തില്‍ എത്തണമെന്നാണ് ആഗ്രഹം.

Your Rating: