Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവരക്കേടുകൾക്ക് പുല്ലുവില: കാഞ്ചനമാല

sidhique-kachanamala സിദ്ദിഖ്, കാഞ്ചനമാല

തന്നെ വിമർശിക്കുന്നവർക്ക് പുല്ലുവില മാത്രമെ കൽപിക്കുന്നുള്ളുവെന്നും അവരുടേതിനെ വിവരക്കേടായി മാത്രമെ കാണുന്നുള്ളുവെന്നും കാഞ്ചനമാല. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ നടൻ‌ സിദ്ദിഖ് തനിക്കെതിരായ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

എന്നെ വിമർശിക്കുന്നവർ വിമർശിച്ചോട്ടേ.. അവയ്ക്കെല്ലാം ഞാൻ പുല്ലുവില മാത്രമേ കൽപിക്കുന്നുള്ളു. മൊയ്തീനും കാഞ്ചനമാലയും തമ്മിലുള്ള പ്രണയം എങ്ങനെയായിരുന്നെന്നും അത് എന്തായിരുന്നെന്നും മുക്കത്തെ എല്ലാവർക്കും അറിയാവുന്നതാണ്. സിദ്ദിഖിന് എന്നെ അറിയില്ല, എനിക്ക് സിദ്ദിഖിനെയും. ഞങ്ങൾ പരസ്പരം കണ്ടിട്ടുമില്ല. എനിക്ക് അറിയാവുന്നത് ദിലീപിനെയാണ്. അദ്ദേഹം ഞങ്ങളുടെ ട്രസ്റ്റിനു സഹായവുമായെത്തി. എനിക്ക് മറ്റു കാര്യങ്ങളൊന്നും നോക്കാനോ ശ്രദ്ധിക്കാനോ ഉള്ള സമയവുമില്ല. കാഞ്ചനമാല പറഞ്ഞു.

വിമർശിക്കുന്നവർ തോന്നിയത് എഴുതിക്കോട്ടെ. അവർക്ക് എന്തും എഴുതാനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് ഒരു വലിയ ശത്രുപക്ഷമുണ്ട്. ഒരു പക്ഷേ സിദ്ദിഖും ആ ശത്രുപക്ഷത്തിന്റെ ഭാഗത്തു പെട്ടുപോയതായിരിക്കാം. ഇവയ്ക്കൊന്നും തന്നെ കാഞ്ചനമാലയെ തളർത്താൻ കഴിയില്ല. എനിക്ക് കുറച്ച് തൊലിക്കട്ടി കൂടുതലാണ്. അതുകൊണ്ട് ഇവ എന്നെ ഒരു തരത്തിലും ബാധിക്കുന്നുമില്ല. വിമർശകർ പലരുടെ കൂടെ പോകുന്നവരായിരിക്കാം. എന്നാൽ കാഞ്ചനമാല അങ്ങനെയല്ല. ഒരാളെ സ്നേഹിച്ചെങ്കിൽ ജീവിതകാലം മുഴുവൻ അയാൾക്കു വേണ്ടിയുള്ളതാണ്. ചാരിത്ര്യശുദ്ധിയുള്ളവളാണ്. അവർ പറഞ്ഞു.

വിമർശകരുടെ വാക്കുകൾക്ക് പുല്ലുവിലയേ കൽപിക്കുന്നുള്ളു. അത് അവരുടെ വിവരക്കേടായി മാത്രമേ കാണുന്നുള്ളു. നീലക്കണ്ണാടിയിലൂടെ നോക്കുന്നവർക്ക് എല്ലാം നീലയായും പച്ചക്കണ്ണാടിയിലൂടെ നോക്കുന്നവർക്ക് എല്ലാം പച്ചയായുമേ തോന്നുകയുള്ളു.

ഞാൻ ഒരു നടൻമാരെയും വിമർശിച്ചിട്ടില്ല. എല്ലാവരുടേയും അഭിനയം എനിക്കിഷ്ടവുമാണ്. മൊയ്തീന്റെ രൂപത്തോട് കുറച്ച് സാമ്യമുള്ള നടനാണ് പൃഥ്വിരാജ്. ആ കണ്ണുകളും താടിയും ശരീരപ്രകൃതിയും കണ്ടിട്ടാണ് മൊയ്തീനായി പൃഥ്വിയെ സജസ്റ്റ് ചെയ്തത്. അഭിയത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ മോഹൻലാലാണ്. പേഴ്സണാലിറ്റിയിൽ മമ്മൂട്ടി. കോടീശ്വരൻ പരിപാടി കണ്ട് ഇഷ്ടം തോന്നിയ ഒരാളാണ് സുരേഷ് ഗോപി. സിദ്ദിഖും എനിക്ക് ഇഷ്ടമുള്ള ഒരു നടനാണ്. അങ്ങനെ എല്ലാവരേും അഭിനയകാര്യത്തിൽ എനിക്കിഷ്ടം തന്നെ.

എന്നെ വെറുതേ വിടൂ എന്നു മാത്രമേ എനിക്കു പറയാനുള്ളു. അതിന് ഈ സമൂഹത്തിന് കഴിയില്ലെങ്കിൽ അത് എന്തുകൊണ്ടാണെന്ന് നിങ്ങൾ തന്നെ ചിന്തിച്ചു നോക്കൂ. കാഞ്ചന മാലയെ അറിയാവുന്നവർക്ക് അറിയാം അവർ എങ്ങനെയുള്ളവരാണെന്ന്. പി്നനെ മൊയ്തീനെ പ്രണയിച്ചിരുന്ന സമയത്തും മൊയ്തീന്റെ മരണശേഷവും ഒരുപാട് വിവാഹാലോചനകൾ വരികയും ചെയ്തു.

ഒരു സ്ത്രീയെ സംബന്ധിച്ച് അവളുടെ പവിത്രതയാണ് ഏറ്റവും വലുതെന്ന് ഞാൻ വിശ്വസിക്കുന്നു. അത് മരണം വരെയും ഞാൻ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. അല്ലാതെ ഒരാളെ സ്നേഹിച്ചിട്ട വേറേ ഒരാളിന്റെ കൂടെപ്പോകുന്ന തരക്കാരി അല്ല ഞാൻ. ഞാൻ സ്നേഹിച്ചത് മൊയ്തീനെ മാത്രമാണ്. അതു മരണം വരെയും അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. എന്നെ ആരും ദേവതയാക്കുകയൊന്നും വേണ്ട. ഞാൻ ഒരു പാവം സ്ത്രീയാണ്. സാമൂഹ്യപ്രവർത്തനങ്ങളുമായി എന്റെ ലോകത്ത് ഞാനിങ്ങനെ പോകുന്നു. എന്നെ വിശ്വസിച്ച് സഹായമഭ്യർഥിച്ച് എത്തുന്ന അനേകം പേരുണ്ട്. അവരുടെ കാര്യങ്ങൾ നോക്കാൻ മാത്രമേ ഇപ്പോൾ സമയമുള്ളു. കാര്യങ്ങൾ വ്യക്തമാകുമ്പോൾ വിമർശിച്ചവർ ഒരു ദിവസം പശ്ചാത്തപിക്കും. എന്നെ വെറുതേ വിടുക. കാഞ്ചനമാല കൂട്ടിച്ചേർത്തു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.