Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കമ്യൂണിസം എന്റെ ജീവൻ, വടക്കാഞ്ചേരി എന്റെ നാട്

kpac-laitha കെപിഎസി ലളിത

സ്വാഭാവിക അഭിനയം കൊണ്ട് പതിറ്റാണ്ടുകളായ മലയാള ചലച്ചിത്ര ലോകത്ത് ശക്തമായ സാന്നിധ്യം സൃഷ്ടിച്ച കെപിഎസി ലളിത സ്ഥാനാർഥിയായി പുതിയ റോളിൽ നമുക്ക് മുന്നിൽ എത്തുകയാണ്. സ്ഥാനാർഥിയായ സാധാരണക്കാരിയാണ് താനെന്ന് ഉറപ്പിച്ച പറയുന്ന ലളിത ചേച്ചി മനോരമ ഒാൺലൈനോട് സംസാരിക്കുന്നു

സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ?

തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കുന്നുവെന്നതിനോട് പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. ഞാനിപ്പോൾ പുനെയിൽ മകൾക്കൊപ്പമാണുള്ളത്. ഇങ്ങോട്ടേക്ക് യാത്ര തിരിക്കുന്നതിന് മുൻപായിരുന്നു പാർട്ടിയിൽ നിന്ന് വിളിച്ച് തീരുമാനമറിയിച്ചത്. എന്താണ് അഭിപ്രായമെന്ന് ചോദിച്ചു ? എന്തായാലും മത്സരിക്കണം. ‍ഞങ്ങളൊപ്പമുണ്ടെന്ന് പറഞ്ഞു. ഞാനപ്പോഴും ഉറച്ചൊരു തീരുമാനമെടുത്തിരുന്നില്ല. പേടിയായിരുന്നു. വൈകുന്നേരമായപ്പോൾ ദാ ടി വിയിലൊക്കെ വാർത്ത പോകുന്നു. ടിവിയിൽ നിന്ന് വിളിക്കുന്നു. ഞാനിപ്പോഴും ആ അമ്പരപ്പിലാണ്.

sidharth-lalitha മക്കൾ സിദ്ധാർഥിനും ശ്രീക്കുട്ടിക്കുമൊപ്പം

എന്താണ് ജനങ്ങൾക്ക് നൽകാനുള്ള വാഗ്ദാനം?

ഇപ്പോൾ ഒന്നും തീരുമാനിച്ചിട്ടില്ല. വലിയ വലിയ വാഗ്ദാനങ്ങളൊന്നും ഞാൻ ആർക്കും കൊടുക്കുന്നില്ല. സത്യം പറഞ്ഞാൽ അതിനെ കുറിച്ചൊന്നും ചിന്തിക്കാനുള്ള സമയം പോലും കിട്ടിയിട്ടില്ല. അല്ലെങ്കിൽ തന്നെ ഞാൻ ഒറ്റയ്ക്ക് എന്ത് ചെയ്യുവാനാണ്? അടൂർ ഭാസി ചേട്ടന്റെ ഒരു പാട്ടുണ്ട്. ഇലക്ഷനിൽ പോയി കണ്ട കാര്യങ്ങളൊക്കെ വച്ച് പാട്ടുണ്ടാക്കും. സ്ഥാനാർഥി സാറാമ്മ എന്ന ചിത്രത്തില്‍ അത്തരത്തിലൊരു പാട്ടുണ്ട്. അതിലെ വരികളിൽ പറയുന്നുണ്ട് തോട്ടുംങ്കരയിൽ വിമാനത്താവളം കൊണ്ടുവരുമെന്നൊക്കെ. ഞാന്‍ അങ്ങനൊരു വാഗ്ദാനവും കൊടുക്കുന്നില്ല. എന്നാലാവുന്നത് ചെയ്യണമെന്നാണ് ആഗ്രഹം.

പണ്ടു മുതലേ കമ്യൂണിസ്റ്റുകാരി. പക്ഷേ ഇങ്ങനെയൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നോ ?

ഇല്ല ഒരിക്കലുമില്ല. കമ്യൂണിസ്റ്റ് പാർട്ടി എന്റെ ജീവനും നിലനിൽപുമാണ്. എനിക്ക് ഓര്‍മ വച്ച നാൾ മുതൽ കാണുന്ന പാർട്ടി. അത്രയേറെ ആഴത്തിലുള്ള ബന്ധമുണ്ട് എനിക്ക് ആ പ്രസ്ഥാനവുമായിട്ട്. തിരഞ്ഞെടുപ്പിന് നിന്നാലും ഇല്ലെങ്കിലും ആ നിലപാടിൽ മാറ്റമില്ല. പാർട്ടി എന്നെ ഏൽപിച്ച ദൗത്യം പൂർത്തിയാക്കും.

ഭരതന്റെ നാട്ടിൽ മത്സരിക്കുന്നു. എങ്ങനെ കാണുന്നു ഇതിനെ?

അതൊരു നിയോഗമായിട്ട് കാണുന്നു. വടക്കാഞ്ചേരിയിലെ നാട്ടുകാരെ എനിക്ക് നന്നായിട്ടറിയാം. അവിടെ നടുറോഡിൽ കൂടി നടന്നുപോകാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരുടെ സ്നേഹം ഒരുപാട് അനുഭവിക്കുന്നുണ്ട്. ഇലക്ഷന് നിന്നാലും ഇല്ലെങ്കിലും അത് അങ്ങനെ തന്നെയുണ്ടാകും. ഒന്നും മുൻകൂട്ടി തീരുമാനിക്കുന്നതല്ലല്ലോ.

bharathan-lalitha കെപിഎസി ലളിത ഭരതനൊപ്പം

വടക്കാഞ്ചേരിയിലെ എന്റക്കാടാണ് ഞാൻ താമസിക്കുന്നത്. തിരുവനന്തപുരത്തോ കൊച്ചിയിലോ താമസിക്കാമായിരുന്നു. പക്ഷേ ഇങ്ങോട്ടേക്ക് പോന്നത് എനിക്കെന്തിനും സഹായമായി ഈ നാട്ടുകാർ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ്. കലാകാരൻമാരെ ഒരുപാടിഷ്ടപ്പെടുന്ന നാട് കൂടിയാണ് വടക്കാഞ്ചേരി. എവിടെ ചെന്നാലും അത് അനുഭവിച്ചറിയാനാകും. അതൊരു കടയിൽ പോയാൽ പോലും അറിയാനാകും. അതുകൊണ്ട് തന്നെ അവിടെ മത്സരിക്കുവാൻ നില്‍ക്കുന്നത് കൊണ്ട് എനിക്കൊരു പേടിയുമില്ല.

മക്കളും ബന്ധുക്കളും സഹപ്രവർത്തകരുമൊക്കെ എന്ത് പറഞ്ഞു?

ശ്രീക്കുട്ടിക്കും സിദ്ധാർഥിനും ഒരുപാട് സന്തോഷമാണ്. അമ്മ തിരഞ്ഞെടുപ്പിൽ നിൽക്കണം എന്നാണ് അവർ പറഞ്ഞത്. സിനിമയിൽ നിന്ന് കുറേപേരൊക്കെ വിളിച്ചിരുന്നു. കെപിഎസിയുടെ ഓഫിസിൽ നിന്നും ബന്ധപ്പെട്ടിരുന്നു. അവരൊക്കെ വലിയ സന്തോഷത്തിലാണ്.

സിദ്ധിഖും ജഗദീഷും മത്സരിക്കുന്നുണ്ടല്ലോ എന്താണ് അവരോട് പറയാനുള്ളത്?

ഞാനെന്താണ് അവരോട് പറയുക? അവരാണ് എനിക്ക് പറഞ്ഞു തരേണ്ടത്.

ജയിച്ചാൽ സിനിമ വിടുമോ ?

ജോലി ചെയ്തില്ലെങ്കിൽ എനിക്ക് ജീവിക്കാനാകുമോ? ജയിച്ചു കഴിഞ്ഞാൽ എംഎൽഎ എന്ന ബോർഡും വച്ച് ഇരിക്കാനൊന്നും പോകുന്നില്ല. സിനിമകളിൽ തുടരും. എംഎൽഎ യുടെ കടമകൾ നിർവഹിക്കുന്നതിനൊപ്പം ജോലിയിലും തുടരും.

lalitha കെപിഎസി ലളിത

ചേച്ചിക്കെതിരെ ചില പോസ്റ്ററുകൾ ഒക്കെ വന്നിരുന്നു. അതെപ്പറ്റി ?

പോസ്റ്ററിന്റെ കാര്യമൊന്നും അറിഞ്ഞില്ല. ഇതേക്കുറിച്ച് പറയുവാൻ ആരും വിളിച്ചതുമില്ല. വിമർശിക്കുന്നവരോട് തന്നെ ഇക്കാര്യങ്ങളെ കുറിച്ച് ചോദിക്കണം. ഞാനൊന്നിനേയും വിമർശിക്കുവാൻ നിൽക്കുന്നില്ല. ആരോപണങ്ങളൊന്നും എന്നെ ബാധിക്കില്ല. അതൊക്കെ ഒരു വഴിക്ക് നടക്കും.

പുതിയ സിനിമകൾ?

പാവ എന്ന ചിത്രമാണ് പുതിയത്. പിന്നെ ഏറ്റവും വലിയ വിശേഷം ചാക്കോച്ചന്റെ സിനിമയിൽ അഭിനയിക്കുന്നുവെന്നതാണ്. ഉദയ പ്രൊഡക്ഷൻസ് തുടങ്ങുമ്പോൾ അതിൽ അഭിനയിക്കാനാകുക വലിയ സന്തോഷമാണ്. കാരണം, കെപിഎസി ലളിതയ്ക്ക് സിനിമയിൽ നല്ല അവസരങ്ങൾ തന്നത് ഉദയയുടെ സിനിമകളാണ്.