Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റിയാലിറ്റി ഷോയിലെ ആത്മഹത്യ; ലക്ഷ്മി വെളിപ്പെടുത്തുന്നു

lakshmi-ramakrishnan-1

ടെലിവിഷൻ പരിപാടിയിലൂടെ അപമാനിതനായ മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്ത വാർത്ത തമിഴകത്ത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. വേടവാക്കം സ്വദേശി നാഗപ്പനാണ് ആത്മഹത്യ ചെയ്തത്. പരിപാടിയുടെ അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന്‍ അപമാനിച്ചതില്‍ മനംനൊന്താണ് മധ്യവയസ്‌കന്‍ ജീവനൊടുക്കിയതെന്നായിരുന്നു വാർത്തകൾ.

ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിപാടിയാണ് ശൊന്നതെല്ലാം ഉൺമൈ. സംപ്രേക്ഷണം ചെയ്യില്ലെന്ന ഉറപ്പില്‍ ചിത്രീകരിച്ച രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്തതിന്റെ പേരിലാണ് നാഗപ്പന്‍ ജീവനൊടുക്കിയതെന്നായിരുന്നു ആരോപണം. വിവാദങ്ങളുടെ സത്യാവസ്ഥയെപ്പറ്റി ലക്ഷ്മി രാമകൃഷ്ണൻ മനോരമ ഓൺലൈനിനോട് വെളിപ്പെടുത്തുന്നു. ചക്കരമുത്ത്, ജേക്കബിന്റെ സ്വർഗരാജ്യം എന്നീ സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതയായ നടിയാണ് ലക്ഷ്മി.

ശൊന്നതെല്ലാം ഉൺമൈ എന്ന റിയാലിറ്റി ഷോ സംബന്ധിച്ചു വന്ന വാർത്തകളിൽ എത്രമാത്രം സത്യസന്ധതയുണ്ട്?

അദ്ദേഹം ആത്മഹത്യ ചെയ്തു എന്നുള്ളത് സത്യമാണ്. എന്നാൽ ഈ സംഭവത്തെക്കുറിച്ച് മാധ്യമങ്ങളിൽ വരുന്ന മറ്റുവാർത്തകളിൽ ഒന്നും സത്യമല്ല.

പ്രോഗ്രാം ഷൂട്ട് ചെയ്യില്ല എന്നുപറഞ്ഞിട്ടും ഒളിക്യാമറവച്ചു, എന്തെങ്കിലും സംഭവിച്ചാൽ ചാനലിന് ഉത്തരവാദിത്വമില്ല എന്ന് അറിയിച്ച് സൈൻ ചെയ്യിച്ചു എന്നൊക്കെയാണ് ആരോപണങ്ങൾ. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

ചാനലിന്റെ ഭാഗത്തു നിന്നല്ല ഞാൻ ഇപ്പോൾ സംസാരിക്കുന്നത്. എന്റെ ഭാഗത്തുനിന്ന് ശരിയെന്ന് തോന്നുന്ന കാര്യമാണ് ഇപ്പോൾ തുറന്നു പറയുന്നത്. അത് മാത്രമേ ഇപ്പോൾ എനിക്ക് പറയാൻ പറ്റുകയുള്ളൂ. ശൊന്നതെല്ലാം ഉൺമൈ എന്നത് ഒരു റിയാലിറ്റി ഷോ ആണ്. അവിടെ നടക്കുന്ന സംഭവങ്ങൾ അതേപടി സ്ക്രിപ്റ്റ് ചെയ്യാതെ കൈകാര്യം ചെയ്യുന്നതാണ് ഈ പ്രോഗ്രാം. ഞാൻ സാധാരണ വ്യക്തിയാണ്. എനിക്ക് മൂന്ന് പെൺമക്കളുണ്ട്. യാഥാസ്ഥിതിക കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ഒരുപാട് വെല്ലുവിളികളെ അതിജീവിച്ചാണ് ഇതുവരെ എത്തിയത്. അതുകൊണ്ടു തന്നെ സ്ത്രീകളുടെ പ്രശ്നങ്ങൾ ഭയങ്കരമായിട്ട് എന്റെ മനസിനെ സ്പർശിക്കും. ഒരു സ്ത്രീ എന്റെ അടുത്തുവന്നു പ്രശ്നങ്ങൾ പറയുമ്പോൾ എങ്ങനെ ഞാൻ പ്രതികരിക്കുന്നോ അതു തന്നെയാണ് ടെലിവിഷനിൽ ടെലികാസ്റ്റ് ചെയ്യുന്നത്.

ഈ പ്രോഗ്രാം ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രോഗ്രാമല്ല. നാലരവർഷമായി തുടങ്ങിയിട്ട്. പല ആങ്കേഴ്സും മാറി വന്നു. എണ്ണൂറോളം എപ്പിസോഡ് ഞാൻ ചെയ്തു. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുവന്നു. ഇതൊരിക്കലും എന്റെ പേരിലുള്ള പ്രോഗ്രാം അല്ല.

ഈ വാർത്ത പുറത്തുവന്നശേഷം പലരും ഈ പ്രോഗ്രാം അവരുടെ ചാനലിലേക്ക് ചെയ്യാൻ വേണ്ടി ചോദിച്ചിട്ടുണ്ട്. എപ്പോഴും ശോക കഥകൾ കേട്ടു കേട്ട് നമുക്ക് ജീവിക്കാനുള്ള ആഗ്രഹം തന്നെ പോകും. എപ്പോഴും നെഗറ്റീവ് വാർത്തകൾ കേൾക്കുമ്പോൾ തളർന്നു പോകും. അതുകൊണ്ട് ഒരു ബ്രേക്ക് വേണമെന്ന് എപ്പോഴും ആഗ്രഹം തോന്നുമായിരുന്നു.

ഞാൻ ഈ പ്രോഗ്രാമിൽ നുണ പറയില്ല, മോഹനവാഗ്ദാനങ്ങൾ നൽകില്ല എന്ന് എഴുതി ഒപ്പിട്ടുകൊടുത്തിട്ടുണ്ട്. ഈ പ്രശ്നത്തിലും ചാനലുകാർ ഒരുപാട് സപ്പോർട്ട് തന്നിരുന്നു. എന്റെ ചിന്തകൾക്കും തീരുമാനങ്ങൾക്കുമുള്ള ബഹുമാനം എപ്പോഴും ടീം തരാറുണ്ട്.

അവിടെ സംഭവിച്ച കാര്യങ്ങൾ ഇതാണ്. ഒരു സ്ത്രീയാണ് അവരുടെ കുടുംബപ്രശ്നവുമായി എന്റെയടുത്തു വന്നു. അവരുടെ ഭർത്താവ് മരിച്ചിട്ട് പത്തുദിവസമേ ആയിരുന്നുള്ളൂ. രണ്ട് ചെറിയ പെൺകുട്ടികളാണ് ഉള്ളത്. അവരുടെ സംരക്ഷണത്തിനായി ചേച്ചിയും ഭർത്താവും വീട്ടിൽ വന്നു താമസിച്ചു.

എന്നാൽ ചേച്ചിയുടെ ഭർത്താവിൽ നിന്നും ആദ്യദിവസം തന്നെ മോശമായ പെരുമാറ്റം ഉണ്ടായി. അത് കണ്ട ചേച്ചി അദ്ദേഹത്തെ വിട്ട് പോവുകയും ഇയാൾ അനിയത്തിയുടെ കൂടെ താമസിക്കുകയും ചെയ്തു. പിന്നീട് രണ്ട് പെൺകുട്ടികളുടെ അടുത്ത് ഇയാൾ മോശമായി പെരുമാറി. മൂത്ത കുട്ടി ശക്തിയായി എതിർത്തതോടെയാണ് താൻ ചെയ്ത തെറ്റിനെക്കുറിച്ച് ആ അമ്മയ്ക്ക് ബോധ്യമുണ്ടായത്

കാര്യങ്ങൾ മനസിലാക്കിയ അവർ അയാളെ പുറത്താക്കുകയും ചെയ്തു. തിരിച്ചു വീട്ടിലെത്തിയ അയാളെ ഭാര്യയും മക്കളും സ്വീകരിക്കാൻ കൂട്ടാക്കിയില്ല. അങ്ങനെ അയാൾ അനിയത്തിയുടെ അടുത്ത് തന്നെ മറ്റൊരു വീടെടുത്ത് താമസിക്കുകയായിരുന്നു. പക്ഷേ അയാൾ ഇടയ്ക്ക് വീട്ടിലെത്തി ചെറിയ കുട്ടിയെ കൂടി ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങി. അത് അമ്മ കണ്ടുപിടിച്ചതോടെ കുട്ടി സത്യം തുറന്നു പറഞ്ഞു. ഇത്രയും വലിയ പ്രശ്നവുമായിട്ടാണ് ആ അനിയത്തിയും ചേച്ചിയും അവരുടെ കുട്ടികളും തന്നെ കാണാൻ പരിപാടിയിൽ വരുന്നത്.

അനിയത്തിയായ കുട്ടി പറയുന്നത് പൊലീസിൽ പരാതി കൊടുക്കണ്ടെന്നും അയാളിൽ നിന്നും രക്ഷപെടുത്തിയാൽ മതിയെന്നുമായിരുന്നു. എന്നാൽ ഞങ്ങൾ ജൂവനൈൽ ഹോമിൽ ഈ പ്രശ്നം റിപ്പോർട്ട് ചെയ്യുകയും അവർക്ക് പിന്തുണ കൊടുക്കുകയും ചെയ്യാം എന്നു പറഞ്ഞു അങ്ങനെ അവർ പൊലീസിൽ പരാതിപ്പെടാൻ തയ്യാറായി. ഇയാൾ ഷോ കഴിഞ്ഞ് സ്റ്റുഡിയോയുടെ പുറത്തുവന്നതിനുശേഷം ശരിക്കുള്ള ഭാര്യയും മക്കളും അദ്ദേഹത്തെ ചീത്തവിളിക്കുകയും അതു സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്യുകയും ചെയ്തു. ഇതാണ് യഥാർഥത്തിൽ സംഭവിച്ചത്.

തമിഴിലെ മറ്റൊരു ചാനൽ ആണ് ഇത് വളച്ചൊടിച്ച് വാർത്തയാക്കിയത്. ഈ സംഭവം കൂടുതൽ വിവാദമാക്കി. അതോടെ ആ കുടുംബവും ആകെ കുഴപ്പത്തിലായി. ഇപ്പോൾ ആ കുടുംബത്തെയാണ് എല്ലാവരും പഴിക്കുന്നത്. അവരും നിസഹായാവസ്ഥയിലാണ്.

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണ്. അതാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ലൈംഗികമായി ചൂഷണം ചെയ്തിരിക്കുകയാണ്. ഇതൊരു പ്രോഗ്രാം ആണ്. എന്നെ അവിടെ കൊണ്ടെ ഇരുത്തുന്നു. അവരെ ഈ ക്രൂരതയിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഇരുകൂട്ടരുടെയും സാനിധ്യത്തിൽ ഡൊമസ്റ്റിക് വയലൻസിന് കേസെടുക്കണമെന്ന് പറഞ്ഞിരുന്നു. കുട്ടികളെ അടക്കമാണ് അയാൾ ലൈംഗികമായി ഉപയോഗിച്ചത്. അത് ശാസ്ത്രീയമായി പരിശോധിച്ച് തിരിച്ചറിഞ്ഞതുമാണ്. കുട്ടികൾ ഇതു തുറന്നുപറഞ്ഞതോടെ അയാളും ചെയ്ത ക്രൂരത അംഗീകരിക്കുകയായിരുന്നു.

ചാനലുകാർ ഇതൊന്നും കാണിക്കാതെ എന്നെ മാത്രം ലക്ഷ്യം വക്കുകയാണ്. എന്തുകൊണ്ട് ഒരു വീടോ സംരക്ഷിക്കാൻ ആരുമില്ലാത്തെ ആ കുടുംബത്തെക്കുറിച്ച് ചാനലുകാർ ആലോചിക്കാത്തത്. ടി.ആർ.പി റെയ്റ്റിങ്ങിനുവേണ്ടി അവർ മനസാക്ഷി പോലും മറക്കുകയാണ്.

ഇതുപോലെയൊരു പ്രശ്നം വ്യക്തിജീവിതത്തിൽ വന്നപ്പോൾ കുടുംബത്തിന്റെ നിലപാട് എന്താണ്?

ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എന്റെ കുടുംബത്തിന്റെ ശക്തമായ പിന്തുണ എനിക്കൊപ്പമുണ്ട്. അങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് നമുക്ക് എല്ലാവർക്കും നേരിടാം എന്നാണ് അവർ പറഞ്ഞത്. എനിക്ക് നിയമവശങ്ങളറിയാം, പക്ഷെ അതൊന്നുമറിയാത്ത ആരും പിന്തുണയ്ക്കാനില്ലാത്ത ആ കുടുംബത്തെക്കുറിച്ച് ആലോചിച്ചാണ് എനിക്ക് വിഷമം.

പ്രശ്നത്തെ തുടർന്ന് റിയാലിറ്റി ഷോയുടെ അവതാരകയുടെ സ്ഥാനം ഒഴിയുമോ?

ഒരിക്കലുമില്ല. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. അപ്പോൾ പിന്നെ പേടിച്ച് പിന്മാറേണ്ട ആവശ്യം എന്താണ്?

Your Rating: