Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാനും നിവിനും തമ്മിൽ യാതൊരു പ്രശ്നവുമില്ല: ലാൽജോസ്

laljose-nivin ലാൽജോസ്, നിവിൻ പോളി

സംവിധായകൻ ലാൽജോസ് തന്റെ പുതിയ സിനിമയിൽ നിന്ന് നിവിൻ പോളിയെ ഒഴിവാക്കിയെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമ‌ങ്ങളിൽ വാർത്തകൾ വന്നിരുന്നു. നിവിൻ പോളിക്ക് ജാഡ കൂടുതലാ‌ണെന്നും അതുകൊണ്ട് ലാൽജോസ് പുതിയ സിനിമയിൽ നിന്നും നിവിൻ പോളിയെ മാറ്റി മറ്റൊരു നായകനെ അന്വേഷിക്കുകയാണെന്നുമായിരുന്നു വാർത്തകൾ. എന്നാൽ ‌ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് സംവിധായകൻ ലാൽജോസ്.

താനും ഇത്തരമൊരു വാർത്ത കണ്ടിരുന്നു. എന്നാൽ ഇതിന് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല. എന്റെ ഒരു സിനിമയിൽ നായകനായി നിവിനെ ക്ഷണിച്ചിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്നു സിനിമയെക്കുറിച്ചും കഥയെക്കു‌റിച്ചും സംസാരിച്ചു. എന്നാൽ കഥയ്ക്ക് പൂർണത കൈവന്നിരുന്നില്ല. അതിനാൽ തന്നെ ചില മാറ്റങ്ങൾ വേണമെന്ന് ഞങ്ങൾക്കിരുവർക്കും തോന്നി. അതിനാൽ തൽക്കാലം ആ സിനിമ ചെയ്യേണ്ട എന്നു തീരുമാനിക്കുകയായിരുന്നു. ഭാവിയിൽ ഇതു യാഥാർഥ്യമായേക്കാം. കഥയിൽ കുറച്ചു തിരുത്തലുകൾ നടത്തേണ്ടതുണ്ട്, എങ്കിലേ അത് പ്രേക്ഷകർ സ്വീകരിക്കുകയുള്ളൂ.

ഇൗ മാധ്യമങ്ങൾ പറയുന്നതുപോലെ ഞാനും നിവിനും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. നിവിൻപോളി നായകനായെത്തുന്ന ആക്ഷൻ ഹീറോ ബിജുവും അതുപോലെ ജേക്കബിന്റെ സ്വർഗരാജ്യവുമൊക്കെ വിതരണത്തിനെടുത്തിരിക്കുന്നത് എന്റെ പ്രൊഡക്ഷൻ കമ്പനിയാണ്. ഞങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഇതു സംഭവിക്കുമോ?

നടൻ ജോജു എന്നോട് ഗുരുനിന്ദ കാണിച്ചു എന്നു പറഞ്ഞ് പുതിയ കഥ ഇറങ്ങിയിട്ടുണ്ട്, ഇപ്പോൾ എനിക്ക് ഒരു സുഹൃത്ത് എനിക്ക് ഇൗ വാർത്ത വാട്സാപ്പ് ചെയ്തു തന്നതേ ഉള്ളൂ. എന്റെ രണ്ടു മൂന്നു പ‍ടത്തിൽ അവൻ അഭിനയിച്ചുട്ടുണ്ടെന്നേ ഉള്ളൂ. ജോജുവിന്റെ ഗുരുവല്ല ഞാൻ. പിന്നെ എങ്ങനെയാണ് അദ്ദേഹം എന്നോ‌ട് ഗുരു നിന്ദ കാ‌ണിക്കുന്നത്?

സമൂഹ മാധ്യമങ്ങളിലും ഒാൺലൈൻ മാധ്യമങ്ങളിലുമൊക്കെ ഇത്തരം നുണക്കഥകൾ പടച്ചുവിടുന്നവരോട് ഒന്നേ പറയാനുള്ളൂ. വലിയ നമോവാകം. അന്നന്നത്തെ അപ്പത്തിനായി അവർ ബുദ്ധിമുട്ടി വാർത്തകൾ ഉണ്ടാക്കുമ്പോൾ എത്രപേർക്കാണ് ഇത് കൊണ്ട് മാനിസീക ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നതെന്നും എത്രയെത്ര ബന്ധങ്ങൾ ഇതിലൂടെ തകരുന്നുണ്ടെന്നും അവർ മനസിലാക്കുന്നില്ല. നാളെ വാർത്തകൾക്കു വേണ്ടി ‌ഇവർ സ്വന്തം വീട്ടുകാരുടെ നേർക്ക് തിരിയാതിരുന്നാൽ മതി. ‌

എന്റെ അടുത്ത രണ്ടു ചിത്രങ്ങൾക്കായുള്ള കഥകൾ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഒരെണ്ണം ശ്രീനിയേട്ടൻ സ്ക്രിപ്റ്റെഴുതുകയാണ്. മറ്റൊന്ന് ബെ‌ന്നി പി നായരമ്പലം ആണ് എഴുതുന്നത്. ബെന്നിയുടെ സ്ക്രിപ്റ്റിന് മോഹൻലാലായിരിക്കും നായകൻ. ലാലേട്ടനുമൊത്തുള്ള എന്റെ ആദ്യ ചിത്രമായിരിക്കും ഇത്. ഇതിൽ ആദ്യം ഏത് സ്ക്രിപറ്റ് പൂർത്തിയാവുന്നോ അത് ആദ്യം ചെയ്യും, ലാൽജോസ് മനോരമ ഒാൺലൈനോട് പറഞ്ഞു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.