Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ സിനിമ കണ്ടതും അറിയാതെ കയ്യടിച്ചു പോയി: ലാല്‍ജോസ്

Laljose

നല്ല സിനിമകൾക്കൊപ്പം കൂടുകയാണ് സംവിധായകൻ ലാൽജോസ്. തന്റെ സിനിമകൾ മാത്രം വിജയിച്ചാൽ പോര ഒപ്പം നല്ല സംവിധായകരും നല്ല സന്ദേശം പകരുന്ന ചിത്രങ്ങളും ശ്രദ്ധിക്കപ്പെടണം എന്ന ഉദ്ദേശ്യത്തോടെ എൽ ജെ ഫിലിംസ് വിതരണത്തിനെടുത്തിരിക്കുന്ന ചിത്രമാണ് ലെൻസ്. ലെൻസിന്റെ ഫ്രെയിം തന്റെ മനസിൽ പതിയാനുണ്ടായ കാരണം ലാൽജോസ് പറയുന്നു...

എന്തുകൊണ്ട് ലെൻസ് വിതരണം ചെയ്യുന്നു?

ഇന്നത്തെ ഇന്റർനെറ്റ് യുഗത്തിൽ ഏറ്റവും പ്രധാന്യമുള്ള വിഷയമാണ് ലെൻസ് കൈകാര്യം ചെയ്യുന്നത്. പന്ത്രണ്ട് പതിമൂന്ന് വയസുള്ള കുട്ടികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത്. ഇന്റർനെറ്റിന്റെ വലയിൽപ്പെട്ട് കുട്ടികളും മുതിർന്നവരുമെല്ലാം ഒരുപോലെ ചതിക്കുഴിയിൽ വീഴുന്ന ഇക്കാലത്ത് മനുഷ്യ ജീവിതത്തെ സമൂഹമാധ്യമങ്ങൾ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്ന് ലെൻസ് കാട്ടിത്തരും.

lens-trailer-movie

ഇൗ സിനിമയുടെ സൗണ്ട് മിക്സിങ് ചെയ്തിരിക്കുന്നത് രാജാ കൃഷ്ണനാണ്. അദ്ദേഹമാണ് എന്നെ ഇൗ ചിത്രം കാണിക്കുന്നത്. കണ്ട ഉടനെ എനിക്ക് ചിത്രം ഇഷ്ടപ്പെട്ടു. സിനിമ കണ്ടതും ഞാൻ അറിയാതെ കയ്യടിച്ചു പോയി. ഇത്തരം നല്ല ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് നഷ്ടമായിക്കൂടാ. ജയപ്രകാശ് രാധാകൃഷ്ണനാണ് ചിത്രം സംവിധാനം ച‌യ്തിരിക്കുന്നതും അഭിനയിച്ചിരിക്കുന്നതും.

ഇത്തരം ചിത്രങ്ങൾ ഏറ്റെടുക്കുമ്പോൾ സാമ്പത്തീക നഷ്ടം ഉണ്ടാകാൻ സാധ്യതയില്ലേ?

എനിക്ക് എല്ലാംതന്നത് സിനിമയാണ്. സിനിമയ്ക്ക് കുറച്ച് തിരിച്ചു നൽകണമെന്നാഗ്രഹമുണ്ട്. അങ്ങനെയാണ് ഇൗ ചിത്രത്തെക്കാണുന്നത്. കൊമേഴ്സ്യൽ സിനിമകളിലും നഷ്ടം സംഭവിക്കാറുണ്ടല്ലോ? അതിൽ ലാഭം പ്രതീക്ഷിച്ചാലും നഷ്ടം സംഭവിക്കാറുണ്ട്. ഇവിടെ നഷ്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് ഏറ്റെടുക്കുമ്പോൾ ലഭിക്കുന്നത് ലാഭമായിരിക്കും.

Lens a multi-lingual thriller Movie Trailer

ഒഴിവുദിവസത്തെ കളി വിതരണത്തിനെടുക്കുമെന്നു കേട്ടിരുന്നു?

ഒഴിവു ദിവസത്തെ കളിയും എനിക്ക് വിതരണത്തിനെടുക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. ലെൻസ് ,കിസ്മത്ത്, ഒഴിവു ദിവസത്തെ കളി എന്നിങ്ങനെ മുന്നൂ ചിത്രങ്ങൾ ഒരുമിച്ച് വിതരണത്തിനെടുക്കാനായിരുന്നു ആഗ്രഹം. ഒരു ചിത്രത്തിന്റെ പ്രചാരണം മറ്റേ ചിത്രത്തേയും സഹായിക്കും എന്നുള്ളതും കാരണമായിരുന്നു. കിസിമത്ത് റംസാന് റിലീസാവും. പക്ഷേ, ഇൗ രണ്ടു ചിത്രങ്ങൾക്കും ശേഷം മാത്രമേ ഒഴിവു ദിവസത്തെക്കളി തീയറ്ററുകളിലെത്തിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇക്കാര്യങ്ങളെല്ലാം സംവിധായകനെ ബോധിപ്പിക്കാൻ എത്തിയപ്പോഴേക്കും അത് ആഷിഖും സംഘവും വിതരണത്തിനെടുത്തിരുന്നു.

സിനിമാ സ്റ്റൈൽ പ്രമോഷൻ എന്തെങ്കിലും?

താരങ്ങളെ ചിത്രം കാണിക്കണമെന്ന് ആഗ്രഹമുണ്ട്. വിനീത് ശ്രീനിവാസൻ ചിത്രം കണ്ടു. ഞാൻ നിർബന്ധിച്ചൊന്നുമില്ല, വിനീത് ഫ്രീയാണെങ്കിൽ ഇത് കണ്ടു നോക്കാൻ പറഞ്ഞു. വിനീതിന് വളരെയധികം ഇഷ്ടമായി. 17 ന് ചിത്രം റിലീസാവും. 25 തീയറ്ററുകളിൽ ചിത്രം റിലീസിനെത്തും. അതിനിമുമ്പായി താരങ്ങളെയെല്ലാം സിനിമ കാണിച്ച് പ്രൊമോട്ട് ചെയ്യിക്കണമെന്നുണ്ട്.

പുതിയ ചിത്രങ്ങൾ?


ശ്രീനിവാസൻ തിരക്കഥയെഴുതുന്ന ചിത്രമാണ് അടുത്തത്. അതിന്റെ എഴുത്ത് നടന്നുവരുന്നതേ ഉള്ളൂ. ബെന്നി പി നായരംമ്പലം എഴുതുന്ന ചിത്രത്തിൽ മോഹൻലാലാണ് നായകൻ. ബെന്നി ഇപ്പോൾ വെൽകം ടു സെൻട്രൽ ജയിൽ എന്ന ചിത്രത്തിന്റെ തിരക്കിലാണ്.