Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാലിനോളം മെയ്‌വഴക്കമുള്ള ഒരു യുവതാരവുമില്ല: മേജർ രവി

major-lal

മലയാളസിനിമയിലെ മറ്റൊരു താരത്തിനും കിട്ടാത്ത അംഗീകാരമാണ് മോഹൻലാൽ ലെഫ്നന്റ് കേണൽ പദവിയിലുടെ നേടിയെടുത്തിരിക്കുന്നത്. എന്നാൽ മഹത്തായ ഈ പദവി ലഭിച്ചതുമുതൽ വിമർശനത്തിനും കുറവില്ല. മോഹൻലാൽ കേണൽ പദവിയ്ക്ക് യോഗ്യനാണോ? അതിനുള്ള ശാരീരികക്ഷമത മോഹൻലാലിനുണ്ടോ? വിമർശനങ്ങളിൽ കഴമ്പുണ്ടോ? ഉത്തരം സുഹൃത്തും സംവിധായകനുമായ മേജർ രവി നൽകുന്നു...

മേജർ രവിയുടെ വാക്കുകൾ

ഒരു കലാകാരനായിട്ടാണ് ഞാൻ മോഹൻലാലിനെ ആദ്യം അറിയുന്നത്. ഞാൻ അദ്ദേഹത്തോട് എത്രമാത്രം ബഹുമാനം കാണിക്കുന്നോ അതേ പോലെ തിരിച്ചും ബഹുമാനം തരുന്ന വ്യക്തിയാണ് മോഹൻലാൽ. ഒരു പട്ടാളക്കാരന് ആദ്യം വേണ്ട യോഗ്യത എളിമയാണ്. അത് പട്ടാളക്കാരനാകുന്നതിന് മുമ്പു തന്നെ വേണ്ടുവോളം ലാലിനുണ്ട്. പട്ടാളത്തിലെ ഇത്ര വലിയ പദവി ലഭിച്ചു കഴിഞ്ഞും അതേ എളിമ കാത്തുസൂക്ഷിക്കുന്നുണ്ട്. പട്ടാളക്യാമ്പിൽ ചെല്ലുമ്പോൾ ജവാന്മാർ അദ്ദേഹത്തോടൊപ്പം സെൽഫിയെടുക്കാനും മറ്റും തിരക്കു കൂട്ടു. ആരെയും മുഷിപ്പിക്കാതെ എല്ലാവരെയും ഒരുപോലെ കാണാൻ മോഹൻലാലിന് സാധിക്കാറുണ്ട്.

തനിക്ക് കിട്ടിയ ലെഫ്നന്റ് കേണൽ പദവിയോട് അങ്ങേയറ്റം ബഹുമാനം പുലർത്തുന്ന ആളാണ് ലാൽ. യുണിഫോം ധരിക്കേണ്ട വേളകളിൽ ആ വേഷത്തോട് അങ്ങേയറ്റം മോഹൻലാൽ നീതിപുലർത്താറുണ്ട്. യൂണിഫോം ധരിക്കുന്ന രീതിയിൽ പെർഫക്ഷൻ വേണമെന്ന് ലാലിന് നിർബന്ധമാണ്, ഒരു ചുളിവുണ്ടെങ്കിൽ പോലും അദ്ദേഹത്തിന് സഹിക്കില്ല. അത്രമാത്രം ആദരവാണ് ആ വേഷത്തോട് മോഹൻലാൽ കാണിക്കുന്നത്.

മോഹൻലാൽ പിറന്നാൾ സ്പെഷൽ

മോഹൻലാലിന്റെ ശരീരഘടനെയെച്ചൊല്ലിയാണ് പലരും ലെഫ്നന്റ് കേണൽ പദവിയ്ക്ക് മോഹൻലാൽ യോഗ്യനല്ല എന്ന വിമർശനം ഉയർത്തുന്നത്. അങ്ങനെ വിമർശിക്കുന്നവരെ ഞാൻ ചലഞ്ച് ചെയ്യാം, ഇന്നുള്ള ഒരു യുവതാരത്തിന് പോലും മോഹൻലാലിന്റെ അത്ര മെയ്‌വഴക്കം ഇല്ല. മോഹൻലാൽ കണ്ടാൽ തടിച്ചിട്ടാണ് പക്ഷെ ആ ശരീരം ഏത് രീതിയിലും ലാലിന് വഴങ്ങും. ഇരുന്ന ഇരുപ്പിൽ കാൽ തലയിൽ മുട്ടിക്കാൻ പോലും മോഹൻലാലിന് സാധിക്കും.

എന്റെ മൂന്ന് സിനിമകളിലും ഡ്യൂപ്പ് ഇല്ലാതെയാണ് മോഹൻലാൽ അഭിനയിച്ചിട്ടുള്ളത്. പതിനായിരത്തിലധികം അടി ഉയരമുള്ള സ്ഥലങ്ങളിൽ ഓക്സിജൻ കിട്ടാതെ പലയുവതാരങ്ങളും ബോധം കെട്ടുവീണിട്ടുണ്ട്. ലാലിന് പക്ഷെ ഒരു കുലുക്കവും ഉണ്ടായിട്ടില്ല. ആ കയറ്റം മുഴുവൻ ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് അദ്ദേഹം വലിഞ്ഞുകയറിയത്. കുരുക്ഷേത്രയുടെ അവസാനം ക്രൂവിനെ നയിച്ചുകൊണ്ട് കയറ്റത്തിലൂടെ ഓടുന്ന സീനുണ്ട്. ആ സീനിൽ മോഹൻലാലിന്റെയൊപ്പം ഓടിയെത്താൻ ക്യാമറാമാനും ഒപ്പമുള്ള യുവതാരങ്ങൾക്കും സാധിച്ചില്ല. രണ്ട് ഷോട്ടായിട്ടാണ് ആ സീൻ എടുത്തത്.

സിക്സ്പാക്കും ജിം ബോഡിയുമൊക്കെയുള്ള ഒരുപാട് പേരെ എനിക്ക് അറിയാം, പക്ഷെ അവരിൽ മിക്കവർക്കും കൈയൊന്നു വളച്ച് കാൽപാദത്തിൽ തൊടാൻ പറഞ്ഞാൽ പോലും സാധിക്കാറില്ല. വെറുതെ ജിം ആണെന്ന് പറഞ്ഞുനടക്കുന്നതുകൊണ്ട് എന്താണ് കാര്യം? മോഹൻലാലിനെപ്പോലെയൊരു വ്യക്തി സമൂഹത്തിന് ഒരു മുതൽക്കൂട്ടാണ്. ദീർഘായുസോടെ, നല്ല ആരോഗ്യവാനായി നമ്മളോടൊപ്പം ഒരുപാട് നാൾ അദ്ദേഹം ഉണ്ടാകട്ടെ എന്നാണ് മോഹൻലാലിന്റെ ഈ പിറന്നാൾ ദിനത്തിൽ എനിക്ക് ആശംസിക്കാനുള്ളത്.

Your Rating: