Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്ണിയും നകുലനും നാഗവല്ലിയെ പറ്റിച്ചിട്ട് 23 വർഷം

nagavalli

ഓരോ ദുർഗാഷ്ടമിയും കടന്നുപോകുമ്പോൾ മലയാളികളിൽ ചിലരെങ്കിലും വെള്ളിത്തിരയിലെ ഒരു ശപഥത്തെക്കുറിച്ച് ഓർക്കാറുണ്ട്. നകുലന്റെ ചോര കുടിക്കാൻ മോഹിച്ച നാഗവല്ലി വഞ്ചിക്കപ്പെട്ടതിന്റെ കഥ. എന്തൊരു ചതിയായിരുന്നു അത്! ചോര തരാമെന്നു പറഞ്ഞു വിളിച്ചുവരുത്തുക. ചോര കുടിക്കാൻ വന്ന് ഇരുന്നു കഴിയുമ്പോൾ ഏതോ തക്കിട തരികിട യന്ത്രം തിരിച്ച് നകുലന്റെ ഡമ്മി തൽസ്ഥാനത്തു കൊണ്ടുവരിക. ചതി, കൊടും ചതി !

നാഗവല്ലിയായതു കൊണ്ടു സാരമില്ല. വല്ല ഇംഗ്ലിഷ് പ്രേതങ്ങളുമായിരുന്നെങ്കിൽ വിവരമറിഞ്ഞേനെ... പക്ഷേ, ഒരു കാര്യത്തിൽ നാഗവല്ലി വിജയിച്ചു. 23 വർഷങ്ങൾക്കിപ്പുറവും ഈ കഥാപാത്രം സൃഷ്ടിച്ച ഭയത്തിന്റെ മന്ത്രവാദക്കളങ്ങൾ മായ്ക്കാൻ മറ്റൊന്ന് ഉണ്ടായിട്ടില്ല. സോഷ്യൽ മീഡിയയിലും മറ്റും ദുർഗാഷ്ടമി ദിനത്തോട് അനുബന്ധിച്ചു നാഗവല്ലിയുടെ പേരിൽ അരങ്ങേറിയ ചർച്ചകൾ തന്നെ ഇതിനു തെളിവ്.

മലയാളത്തിൽ ത്രില്ലറുകൾ ഇതിനു മുൻപും ശേഷവും ഉണ്ടായിട്ടുണ്ട്. പക്ഷേ, മണിച്ചിത്രത്താഴിനോളം ജനങ്ങൾ നെഞ്ചേറ്റിയ മറ്റൊരു ത്രില്ലർ സിനിമ ഉണ്ടായിട്ടുണ്ടോ എന്നതു സംശയമാണ്. പല തലമുറകളിലെ പ്രഗത്ഭതാരങ്ങളുടെ സമന്വയം, സംവിധാന മികവ്, പശ്ചാത്തല സംഗീതം, ഗാനങ്ങൾ, തിരക്കഥ... ഇവയെല്ലാം സിനിമയുടെ വിജയകാരണങ്ങളായി പറയാറുണ്ടെങ്കിലും ചിത്രത്തിലുടനീളം അദൃശ്യയായി നിറഞ്ഞുനിൽക്കുന്ന നാഗവല്ലി സിനിമയെ മറ്റൊരു തലത്തിലേക്കുയർത്തി എന്നാണ് ചിത്രത്തെപ്പറ്റി പഠിച്ചവർ പറയുന്നത്.

നേരിട്ടു കാണുന്നതിനോട് ജനങ്ങൾക്കു ഭയം കുറയും. മറഞ്ഞിരിക്കുന്ന, എന്നാൽ എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന അപകടമാണ് പ്രേക്ഷകന്റെ നെഞ്ചിടിപ്പു കൂട്ടുന്നത്. ഈ സമവാക്യം‌ ഫലപ്രദമായി നാഗവല്ലിയിലൂടെ ചിത്രത്തിൽ എത്തുന്നുണ്ട്. പൊടിപിടിച്ച ഒരു ഛായാചിത്രമല്ലാതെ നാഗവല്ലിയുടെ ഒരു സീൻ പോലും ചിത്രത്തിലില്ല. എന്നിട്ടുപോലും തുടക്കം മുതൽ ഒടുക്കംവരെ നാഗവല്ലി തന്നെയാണ് താരം. കാറ്റായി, നിലാവായി, പാതിരാവിൽ ഉയരുന്ന ചിലങ്കധ്വനിയായി, ഭയാനക രാഗങ്ങൾ മീട്ടുന്ന തംബുരുവായി.....

മലയാളത്തിൽ മാത്രമല്ല നാഗവല്ലി തന്റെ പ്രഭാവം കാട്ടിയത്. തമിഴിലും ബംഗാളിയിലും ചന്ദ്രമുഖി, ഹിന്ദിയിൽ മഞ്ജൂലിക, കന്നഡയിലും തെലുങ്കിലും നാഗവല്ലി.. എന്നിങ്ങനെ പല പേരുകളിൽ ഈ കഥാപാത്രം തന്റെ പകർന്നാട്ടം നടത്തി. ഇവിടങ്ങളിലെല്ലാം പ്രേക്ഷകർ ഈ കഥാപാത്രത്തോടു കാണിച്ച താൽപര്യം ശ്രദ്ധേയമായിരുന്നു. മലയാളികൾക്കിപ്പോഴും നാഗവല്ലി കടുത്ത ചായക്കൂട്ടുകൾ ചാലിച്ച ഒരു ഭ്രമമാണ്. ഭയാനകമായ തലങ്ങളിലേക്കു മനസ്സിനെ കൊണ്ടുപോകുന്ന ഒരു മിഥ്യാഭ്രമം.

നാഗവല്ലി: വായനക്കാർ ഏറ്റെടുത്ത കഥാപാത്രം

പുരാണങ്ങളിലും മറ്റും പല കഥാപാത്രങ്ങളുണ്ട്. ചില കഥാപാത്രങ്ങൾ എഴുത്തുകാരനേൽപിച്ച കർത്തവ്യം പൂർത്തിയാക്കി മടങ്ങു‍ം. എന്നാൽ ചിലത് അങ്ങനെയല്ല. എഴുത്തുകാരന്റെ പേനത്തുമ്പിൽ ജനിക്കുന്ന ഇവരെ വായനക്കാർ ഏറ്റെടുക്കും. പുതിയ ഉപകഥകളും വ്യാഖ്യാനങ്ങളും വായനക്കാർ തന്നെ ഇവർക്കു ചമച്ചുകൊടുക്കും. അത്തരമൊരു കഥാപാത്രമാണ് നാഗവല്ലി.‘വ്യാഖ്യാതാ വേത്തി നോ കവി’ എന്നതാണ് ചിത്രത്തിന്റെ രചയിതാവായ മധു മുട്ടം നാഗവല്ലിയെപ്പറ്റി പറയുന്നത്. യുവതലമുറയുൾപ്പെടെ പലരും 23 വർഷങ്ങൾക്കുശേഷവും ഈ കഥാപാത്രത്തെക്കുറിച്ചു ചിന്തിക്കുന്നതിൽ മനസ്സിന്റെ ഏതോ കോണിൽ സന്തോഷമുണ്ട്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.