Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴാം അറിവിൽ നായ ബിസ്ക്കറ്റ് തിന്നുന്ന ശബ്ദം എന്റേത്: മണികണ്ഠൻ

manikanan-suriya വിനായകനും ദുൽക്കറിനുമൊപ്പം മണികണ്ഠൻ...

‘വലിയ താരപരിവേഷമൊക്കെ വന്നാൽ ബുദ്ധിമുട്ടാണ്. ഒരു സാധാരണക്കാരനായി കഴിയാനാഗ്രഹിക്കുന്ന ആളാണു ഞാൻ. സിനിമയിൽ അഭിനയിച്ചതു സന്തോഷമല്ലേയെന്നു ചോദിച്ചാൽ സന്തോഷം തന്നെ. പക്ഷേ അതിന്റെ പേരിൽ പബ്ലിസിറ്റിക്കൊന്നും താൽപര്യമില്ല. ചമ്പക്കര മാർക്കറ്റിൽ പഴയപോലെ തന്നെ പോകണം. വേണ്ടിവന്നാൽ മീൻ വെട്ടണം. ബന്ധങ്ങളും കൂട്ടുകാരുമൊക്കെ അതുപോലെ തുടരണം. സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ മറ്റൊരാളാകാൻ ഞാനില്ല..’ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലെ ‘ബാലൻ ചേട്ടനെന്ന’ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരെ കയ്യിലെടുത്ത മണികണ്ഠൻ പറയുന്നു.

∙ കമ്മട്ടിപ്പാടത്തെ പ്രകടനം?

(ആദ്യ ഉത്തരം വിനീതമായ ചിരി.) എന്നെ ഞാനാക്കിയതു നാടകമാണ്. അരങ്ങിനാണു നന്ദി. വലുതും ചെറുതുമായ നാടക അനുഭവങ്ങൾ ഒട്ടേറെയുണ്ട്. പതിനൊന്നാം വയസുമുതൽ നാടകത്തിലുണ്ട്. തെരുവു നാടകത്തിലാണ് ആദ്യം അഭിനയിച്ചത്. തൃപ്പൂണിത്തുറയിലെ ഭാസഭേരി, ലോകധർമി എന്നീ ട്രൂപ്പുകളിൽ വേഷങ്ങൾ ചെയ്തു. ഉണ്ണി പൂണിത്തുറയുടെ ‘കിച്ചനി’ െല വേഷം മനസ്സിനിഷ്ടപ്പെട്ടതാണ്.

manikandan

∙ കമ്മട്ടിപ്പാടത്തിലേക്കുള്ള വരവ്?

രാജീവേട്ടൻ കഥാപാത്രത്തെ തേടുന്ന അവസരത്തിൽ എന്നെപ്പറ്റി സുഹൃത്തു വിജയകുമാറാണ് അദ്ദേഹത്തോടു പറയുന്നത്. മൂന്നോ നാലോ തവണ നേരിട്ടു കണ്ടു. കഥാപാത്രത്തിന്റെ സ്വഭാവത്തെപ്പറ്റി ഒറ്റവാചകത്തിൽ പറഞ്ഞു: ഒരു റബർ പന്തുപോലെയുള്ള മനുഷ്യൻ! പിടികിട്ടിയോ എന്നു ചോദ്യം. രണ്ടുമൂന്നു വട്ടം ചില സീനുകൾ പറഞ്ഞു തന്ന് അഭിനയിപ്പിച്ചു. പിന്നെ ഓകെയായി.

∙ ബാലനാകാൻ തയാറെടുപ്പുകൾ ?

എന്റെ ജീവിതസാഹചര്യങ്ങൾ... വളർന്ന ചുറ്റുപാടുകൾ... ഇതിലൊക്കെ പരിചയക്കാരനായ ഒരു ബാലനുണ്ട്. തൃപ്പൂണിത്തുറയി‍ൽ ഞാൻ കഴിഞ്ഞിരുന്ന വീടും പരിസരവുമൊക്കെ കമ്മട്ടിപ്പാടമായിരുന്നു. അവിടെയെല്ലാം ഇന്നു ഫ്ലാറ്റുകളാണ്. ഈ മാറ്റത്തിനും കാലത്തിനുമിടയിൽ എത്രയോ മനുഷ്യർ ഉള്ളുരുകി കഴിയുന്നുണ്ടാവണം. ജീവിതത്തിന്റെ മുഴുവൻ തൃഷ്ണകളും പ്രകടിപ്പിക്കുന്ന ഒരു ശാസ്താംപാട്ടുകാരനെ ഉൾക്കൊള്ളുകയെന്നതു ബുദ്ധിമുട്ടായി തോന്നിയില്ല.

manikandan

∙‘ബാലന്റെ പല്ലും ഇപ്പോൾ ചർച്ചയാണ്?

(ചിരി) ദുൽഖറുൾപ്പെടെയുള്ളവർ വിചാരിച്ചിരുന്നത് അത് ഒറിജിനൽ ആണെന്നാണ്. ഷൂട്ടിങ് പാക് അപ് ചെയ്യുന്ന ദിവസമാണ് കൃത്രിമപ്പല്ലാണെന്നു മനസ്സിലായത്. പല്ലു പൊന്തിയ വേഷത്തെക്കുറിച്ച് ആദ്യം കേട്ടപ്പോൾ ചില്ലറ ബുദ്ധിമുട്ടു തോന്നിയെങ്കിലും ബാലൻ ചേട്ടനായി മാറിയപ്പോൾ അക്കാര്യമൊക്കെ മറന്ന് അഭിനയിച്ചു.

ഏഴാം അറിവിൽ നായ ബിസ്ക്കറ്റ് തിന്നുന്ന ശബ്ദം എന്റേത്

പതിനേഴാം വയസ്സിൽ സിനിമ സ്വപ്നം കണ്ടു ചെന്നൈയിൽ കഴിഞ്ഞ കാലമുണ്ടായിരുന്നു മണികണ്ഠന്. ആദ്യമായി ചെയ്യാനിരുന്ന ചിത്രം മുടങ്ങി. പിന്നീടു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സൈക്കിളിൽ ചായ വിറ്റു. ഒരു ഫിലിം സ്റ്റുഡിയോയിൽ ഓഫിസ് ബോയ് ആയി. എഡിറ്റിങ്, മിക്സിങ് തുടങ്ങി സിനിമയുടെ പിന്നാമ്പുറപ്പണികൾ മനസ്സിലാക്കി. സൂര്യയുടെ ‘ഏഴാം അറിവ്’ എന്ന ചിത്രത്തിൽ വില്ലനെ അവതരിപ്പിക്കുമ്പോൾ അയാൾ നായ്ക്കു ബിസ്കറ്റ് കൊടുക്കുന്ന രംഗമുണ്ട്. നായ് ബിസ്കറ്റ് കടിക്കുന്ന ശബ്ദം മണികണ്ഠന്റേതാണ്.

Ezham arivu villain intro

ജീവിക്കാനായി മണികണ്ഠൻ കെട്ടിയ വേഷങ്ങൾ ഒട്ടേറെ: സ്വർണപ്പണി, കെട്ടിടംപണി, പൈലിങ് ജോലി, ബസിലെ ക്ലീനർ., മീൻ വൃത്തിയാക്കൽ പക്ഷേ, ഈ ജോലികളൊക്കെ പാർട് ടൈം ആയേ കണ്ടിട്ടുള്ളൂ. എന്നും നാടകം തന്നെയായിരുന്നു മനസ്സിലെ സന്തോഷം- മണികണ്ഠൻ പറയുന്നു.  

Your Rating: