Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് മത്സരിച്ചഭിനയിച്ച ചിത്രം: മഞ്ജു വാര്യർ

manju-vettah

മഞ്ജു വാര്യരെപ്പറ്റി മലയാളികളെ പഠിപ്പിക്കേണ്ട ആവശ്യമില്ല. കണ്ണെഴുതി പൊട്ടും തൊട്ട് ശാലീന സുന്ദരിയായി ഒട്ടനവധി സിനിമകളിൽ അഭിനയിച്ച് നമ്മെ രസിപ്പിച്ച മഞ്ജു കാക്കിയിട്ട് എത്തുകയാണ്. കൈയ്യിൽ‌ ലാത്തിയും തലയിൽ പൊലീസ് തൊപ്പിയുമണിഞ്ഞ് മഞ്ജു എത്തുമ്പോൾ പ്രേക്ഷകരും ആകാംക്ഷയിലാണ്. മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും എന്തിന് കൽപനയെ വരെ പൊലീസ് വേഷത്തിൽ കണ്ട മലയാളികൾ പക്ഷേ മഞ്ജുവിന്റെ പൊലീസ് വേഷത്തെ ഒരൽപം അത്ഭുതത്തോടെയാണ് കാണുന്നതും. കരിയറിലെ ആദ്യ പൊലീസ് വേഷത്തെക്കുറിച്ച് മഞ്ജു തന്നെ പറയുന്നു.

എന്താണ് വേട്ടയുടെ പ്രത്യേകത ?

അഭിനയത്തിലേക്കുള്ള രണ്ടാം വരവിൽ ചെയ്തതെല്ലാം വ്യത്യസ്തമായ വേഷങ്ങൾ തന്നെയായിരുന്നു. പിന്നെ വേട്ടയെന്ന ചിത്രത്തിന്റെപ്രത്യകത ഞാനെന്റെ അഭിനയ ജീവിതത്തിൽ ചെയ്യുന്ന ആദ്യ പൊലീസ് വേഷമാണെന്നുള്ളതാണ്. പൊലീസുകാരിയായി അഭിനയിക്കുന്നതിൽ എനിക്കും ഏറെ കൗതുകമുണ്ടായിരുന്നു പക്ഷേ സാധാരണപോലുള്ളൊരു പൊലീസ് ചിത്രമേയല്ല. അങ്ങനെ കരുതരുത്. പൊലീസ് ചിത്രത്തിന്റെ ചേലുകൾ വലുതായിട്ട് ഇതിലില്ല. വലിയ കടുപ്പൻ സംഭാഷണങ്ങളോട ആക്ഷനുകളോ ഒന്നുമില്ല. റഫ് ആൻ‍ഡ് ടഫ് അല്ല ശ്രീബാല ഐപിഎസ്. പൊട്ടിത്തെറിക്കുന്ന പൊലീസ് കമ്മീഷണറല്ല അവർ.

manju-kunchako

അവളു‌‌ടെ ജോലിയിൽ തീർത്തു ശ്രദ്ധാലുവും തന്റേടിയുമാണ് ശ്രീബാല. പക്ഷേ ഇതെല്ലാം ഓഫിസിൽ മാത്രം. വീട്ടിൽ അവൾ മകളുടെയും ഭർത്താവിന്റെയും സ്നേഹമയിയായ വീട്ടമ്മയാണ്. പൊലീസ് കമ്മീഷണറുടെ ജീവിതവും കേസ് അന്വേഷണത്തിനിടയിലെ അപ്രതീക്ഷിത സംഭവങ്ങളും പച്ചയായ ജീവിതത്തിലെ മുഹൂർത്തങ്ങളും ചേർന്ന വളരെ റിയലിസ്റ്റിക് ആയ സിനിമ അതാണ് വേട്ട. ഒരുപാട് കാര്യങ്ങൾ പറയാതെ പറയുകയും വളരെ ബ്രില്യൻറെ് ആയി മുന്നോട്ടു പോകുകയും ചെയ്യുന്ന ചിത്രം.

പത്രത്തിലെ ഡയലോഗുകൾ പ്രതീക്ഷിക്കരുതേ

പൊലീസ് വേഷം ചെയ്യുന്നുവെന്നറിഞ്ഞപ്പോൾ കുറേ പേരെങ്കിലും ചോദിച്ചു പത്രത്തിലേതു പോലെയാകുമല്ലേയിതൊന്നൊക്കെ. പ്രേക്ഷകരോട് എനിക്കൊന്നേ പറയാനുള്ളൂ ഒരിക്കലും മുൻധാരണ വച്ച് വേട്ട കാണാൻ പോകരുത്. തകർപ്പൻ വാചക കസർത്തുകളോ ആക്ഷനോ ഒന്നുമില്ല. മനസിൽ വേട്ടയെ കുറിച്ച് ഒരു ധാരണയുണ്ടാക്കി വയ്ക്കരുതേ.

manju-warrier

ദയവ് ചെയ്ത് റഫറൻസ് ചെയ്യരുതെന്ന് പറഞ്ഞു

ആദ്യ പൊലീസ് വേഷത്തിലെ റഫറൻസ് എന്തൊക്കെയാണെന്ന് ചോദിച്ചാൽ ഒന്നുമില്ല എന്നേ പറയാനുള്ളൂ. ദയവ് ചെയ്ത് കഥാപാത്രത്തെ പഠിക്കാൻ പോകരുതെന്നായിരുന്നു രാജേഷ് പിള്ളയുടെ വാക്കുകൾ. തീർത്തും നാച്ചുറൽ ആയ അഭിനയമായിരുന്നു അദ്ദേഹത്തിന് വേണ്ടതെന്ന് പറഞ്ഞു. ആ കഥാപാത്രത്തെ മനസിലാക്കി ചെയ്യുക. അത്രേയുള്ളൂവെന്ന് പറഞ്ഞു. ജോ ആൻഡ് ദി ബോയ്സിലെ ഒത്തിരി സ്മാർട്ട് ആയ കഥാപാത്രം ചെയ്ത് കഴിഞ്ഞതിനു പിന്നാലെയാണ് വേട്ടയിലേക്കു വന്നത്. ഇവിടെ ശ്രീബാല ബോൾഡും ഇൻറെലിജന്റും കുടുംബബന്ധത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നതുമായ കഥാപാത്രമാണ്. എനിക്കു സത്യത്തിൽ ആ ട്രാക്കിലേക്ക് വരാൻ ആദ്യ മൂന്ന് നാല് ദിവസം കഴിഞ്ഞില്ല. പിന്നെ സംവിധായകൻ, തിരക്കഥാകൃത്ത്, ഛായാഗ്രാഹകൻ ഒപ്പം അഭിനയിച്ചവർ എന്നിവരുടെയെല്ലാം പിന്തുണകൊണ്ട് ആ മൂഡിലേക്കെത്തി. കുട്ടേട്ടന്റെ പിന്തുണയെ കുറിച്ച് പറയാതെ വയ്യ. ഒരുപാട് പൊലീസ് വേഷങ്ങൾ ചെയ്തിട്ടുള്ളയാൾ. ഞാനാണെങ്കില്‍ ജീവിതത്തിലാദ്യവും. ബെൽറ്റ് കെട്ടുന്നതു മുതൽ അവസാന ഷോട്ടിലെ അഭിനയത്തിൽ വരെ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ എനിക്കൊപ്പമുണ്ടായിരുന്നു.

indrajith-manju

ചാക്കോച്ചനുമായി മത്സരിച്ചുള്ള അഭിനയം

ചാക്കോച്ചനൊപ്പം ഹൗ ഓൾഡ് ആർ യൂ വിൽ അഭിനയിച്ച പരിചയമുണ്ട്. ഇന്ദ്രജിത്തിനൊപ്പം എന്റെ ആദ്യ അനുഭവമായിരുന്നു. പക്ഷേ മുൻപൊരിക്കലുമുണ്ടായിട്ടില്ലാത്ത ഒരു അനുഭവമായിരുന്നു വേട്ടയിലേത്. ഇന്ദ്രജിത്തിലെ അഭിനയത്തിലെ ഏറ്റവും മികച്ച മുഹൂർത്തങ്ങളെ എനിക്ക് നേരിട്ട് കാണാൻ സാധിച്ചു. അവരവരുടെ ഷോട്ട് കഴിയുമ്പോൾ മാറിയിരിക്കുന്ന രീതിയേ അല്ലായിരുന്നു ഷൂട്ടിങിനിടയിൽ. ഓരോരുത്തരുടെയും അഭിനയത്തിലെ മേൻമയേയും പാളിച്ചയേയും കുറിച്ച് തുറന്നു പറയുമായിരുന്നു. മത്സരിച്ചഭിനയിച്ച ചിത്രം തന്നെയായിരുന്നു വേട്ട. നമുക്കൊപ്പം അഭിനയിക്കുന്നവര്‍ ഏറ്റവും നന്നായി ചെയ്യുമ്പോൾ നമ്മളിൽ നിന്നും ആ തലത്തിലുള്ള പ്രകടനം വരുമല്ലോ. അതാണ് വേട്ടയിൽ എനിക്കുണ്ടായ അനുഭവം.

manju-kunchako

രാജേഷ് പിള്ളയെന്ന സംവിധായകനൊപ്പം?

എനിക്കേറ്റവും ഇഷ്ടമുള്ള സംവിധായകരിലൊരാളാണ് രാജേഷ് പിള്ള. എന്നെ സംബന്ധിച്ച് ഞാൻ പൂർണമായും ഡയറക്ടറെ വിശ്വസിക്കുന്ന അദ്ദേഹമെന്താണോ എന്നിലെ പ്രതീക്ഷിക്കുന്നത് അത് കാമറക്കു മുന്നിൽ അഭിയിച്ചു കാണിക്കുന്നൊരു അഭിനേത്രിയാണ്. എന്താണ് ചിത്രത്തിലേക്ക് വേണ്ടത്, എന്താണ് ചിത്രീകരിക്കേണ്ടത് എന്നതിനെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളയാളാണ്. വെറുതെ സംസാരിച്ച് നിൽക്കുന്ന സമയങ്ങളിൽ നമ്മളിൽ‌ നിന്ന് വരുന്ന നല്ല ഭാവങ്ങളെ രീതികളെ അതേപടി പകർത്താൻ ആഗ്രഹിക്കുന്ന ഡയറക്ടർ. നമ്മളോടത് പറയാറുമുണ്ട്. വളരെ നാച്ചുറലായി അഭിനയിക്കുന്നതാണ് ചിത്രത്തിന്റെ ഭംഗി എന്ന് വിശ്വസിക്കുന്ന ഡയറക്ടർ.

rajesh-pillai-manju

ലേഡി സൂപ്പർ സ്റ്റാറെന്ന് വിളി?

അത് ആളുകൾ സ്നേഹം കൊണ്ട് വിളിക്കുന്നതല്ലേ. പിന്നെ ഈ ചിത്രം കണ്ട് കഴിയുമ്പോൾ അവരുടെ സ്നേഹം കൂടുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനായി ദൈവത്തോട് പ്രാർഥിക്കുന്നു. ശ്രീബാലയെ അവർക്ക് ഇഷ്ടമാകും ചിത്രം അവരെ ത്രില്ലിങ് ആക്കും എന്നു തന്നെയാണ് എന്റെ വിശ്വാസം.

manju-indran

മനസിൽ ഏതെങ്കിലും സ്വപ്ന വേഷമുണ്ടോ?അടുത്ത ചിത്രം?

ഞാൻ നേരത്തെ പറഞ്ഞല്ലോ ഞാൻ സംവിധായകനെ വിശ്വസിക്കുന്ന ഒരാളാണ്. കഥാപാത്രത്തെ സൃഷ്ടിക്കാനൊന്നുമുള്ള കഴിവൊന്നുമില്ല. മനസിൽ ഒരു കഥാപാത്രത്തെ സങ്കൽപിച്ച് വച്ചിട്ടുമില്ല. പിന്നെ എനിക്കിതുവരെ കിട്ടിയ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഒരുപാട് ആകാംഷയോടെയും ഇഷ്ടത്തോടെയുമാണ് ഞാൻ ചെയ്തത്. അഭിനയത്തിലേക്കുള്ള രണ്ടാം വരവിൽ കിട്ടയതെല്ലാം അത്തരത്തിലുള്ള കഥാപാത്രങ്ങൾ തന്നെയായിരുന്നു. ഇനിയും അങ്ങനെ തന്നെ. നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെടുന്ന കഥാപാത്രങ്ങളിൽ നിന്ന് എനിക്ക് ചേരും എനിക്ക് കഴിയും എന്ന് തോന്നുന്നവ അഭിനയിക്കും. അത് ഏറ്റവും നന്നായി അഭിനയിക്കുക. അല്ലാതെ നല്ല കഥാപാത്രങ്ങൾ കിട്ടിയില്ല എന്ന പരാതിയൊന്നും എനിക്കില്ല.

manju-deepu

ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. കുറച്ച് ട്രെയിനിങ് ഒക്കെ ചെയ്തിട്ടാണ് അഭിനയിച്ചു തുടങ്ങിയത്. ജയിലിനുള്ളിലെ വോളിബോൾ ടീമിനെ പരിശീലിപ്പിക്കുക. അത് വളരെ രസകരമായിട്ടുള്ള അനുഭവമാണ്. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നു.

നൃത്തവും അഭിനയവും ഒരുമിച്ച് കൊണ്ടുപൊകാനാകുന്നുണ്ടോ?

തീർച്ചയായും. ഷൂട്ടിങിനിടയിലും നൃത്ത പരിശീലനത്തിന് സമയം കണ്ടെത്താറുണ്ട്. പരിപാടികളുള്ള സമയത്ത് കൃത്യമായ പ്രാക്ടീസ് നടത്തും. ഗീതാ പത്മകുമാറിന് കീഴിലാണ് നൃത്തം അഭ്യസിക്കുന്നത് ഇപ്പോൾ. ഇനി ഈ മാസം 29ന് വടക്കുംനാഥ ക്ഷേത്രത്തിലാണ് അടുത്ത നൃത്തപരിപാടി.

Your Rating: