Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരുങ്ങിക്കോളൂ.. പുലിമുരുകനെ വരവേല്‍ക്കാന്‍

ഒരുങ്ങിക്കോളൂ...ബ്രഹ്മാണ്ഡ സിനിമ എന്ന് എല്ലാ അര്‍ഥത്തിലും വിളിക്കാവുന്ന ഒരു മലയാള സിനിമയെ വരവേല്‍ക്കാന്‍. മലയാളത്തിലെ എക്കാലത്തെയും വലിയ ബിഗ് ബഡ്ജറ്റ് ചിത്രവുമായി സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ വൈശാഖും എത്തുന്നു. ഏറെ ഉൌഹാപോഹങ്ങള്‍ക്കൊടുവില്‍ പുലിമുരുകന്‍ എന്ന സ്വപ്ന സിനിമ യാഥാര്‍ഥ്യമാവുകയാണ്.

മോഹന്‍ലാലിന്റെ കരിയറിലെ എണ്ണപ്പെട്ട മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഈ ചിത്രത്തിലേെതെന്ന് സംവിധായകന്‍ വൈശാഖ് ഉറപ്പു പറയുന്നു. അത്രയും ശക്തമായ കഥാപാത്രം. ഒരു ഹെവി മാസ് ക്യാരക്ടര്‍ ആയിരിക്കും മോഹന്‍ലാല്‍ പുലിമുരുകനില്‍ അവതരിപ്പിക്കുക. ശാരീരികാധ്വാനം ഏറെ ആവശ്യമുള്ള കായികമായ ഒരുപാട് കാര്യങ്ങള്‍ മോഹന്‍ലാല്‍ സിനിമയില്‍ ചെയ്യുന്നുണ്ട്.

പ്രഭു ഉള്‍പ്പടെ മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി അറുപതോളം പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സിനിമയ്ക്കായി മോഹന്‍ലാല്‍ ഇതുവരെ ആറുകിലോ കുറച്ചെന്നും ഈ കഥാപാത്രത്തിന് പിന്നില്‍ ഒരു വലിയ സസ്പന്‍സ് ഉണ്ടെന്നും വൈശാഖ് പറയുന്നു. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ജൂണ്‍ പകുതിയോടെ വിയറ്റ്നാമില്‍ ആരംഭിക്കും. നല്ല കാലവസ്ഥയും മറ്റ് അനുയോജ്യമായ സാഹചര്യങ്ങളും ജൂണില്‍ ലഭിക്കുമെന്നതിനാലാണ് അവര്‍ അപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.

ശിവാജി, അന്യന്‍, യന്തിരന്‍, ഐ പുറത്തിറങ്ങാനിരിക്കുന്ന ബാഹുബലി എന്നീ ചിത്രങ്ങളുടെയൊക്കെ ആക്ഷന്‍ കൈകാര്യം ചെയ്ത, തെന്നിന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയ സ്റ്റണ്ട് കൊറിയോഗ്രാഫറായ പീറ്റര്‍ ഹെയ്ന്‍ ആണ് പുലിമുരുകന്റെ സ്റ്റണ്ട് ഡയറക്ടര്‍. ചിത്രത്തിന്റെ കഥയും അതിലെ നായകകഥാപാത്രത്തെ മോഹന്‍ലാല്‍ എങ്ങനെ അവതരിപ്പിക്കും എന്ന ആകാംക്ഷയുമാണ് പീറ്റര്‍ ഹെയ്നെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിച്ചതെന്ന് സംവിധായകന്‍ വൈശാഖ് പറയുന്നു.

അതിസാഹസിക രംഗങ്ങള്‍ക്കും ആക്ഷനും ഒരേപോലെ പ്രാധാന്യമുള്ള ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്റെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹത്തിന്റെ ഡേറ്റിന് വേണ്ടിയും ചിത്രീകരണം നീട്ടിവക്കേണ്ടി വന്നെന്ന് വൈശാഖ് പറയുന്നു. പുലിമുരുകന്റെ ആക്ഷന്‍ രംഗങ്ങളുടെ പണിപ്പുരയിലാണ് ഹെയ്ന്‍ ഇപ്പോള്‍. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം മോഹന്‍ലാലും കഥാപാത്രത്തിനായി കായികമായി തയ്യാറെടുക്കുകയാണ്. തമിഴിലും തെലുങ്കിലും അഞ്ച് കോടി രൂപ പ്രതിഫലം വാങ്ങുന്ന അദ്ദേഹം ഈ സിനിമയില്‍ സഹകരിക്കാന്‍ തീരുമാനിച്ചതു കഥയോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണെന്ന് വൈശാഖ് പറഞ്ഞു.

പോക്കിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖും നിര്‍മാതാവ് ടോമിച്ചന്‍ മുളുപാടവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരട്ട തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ തോമസിലെ ഉദയ് കൃഷ്ണയാണ് തിരക്കഥയൊരുക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ സ്വതന്ത്ര തിരക്കഥ കൂടിയാണ് ഇത്. ക്രിസ്മസ് റിലീസായി ചിത്രം തിയറ്ററുകളിലെത്തും.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.