Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ 10 മിനിറ്റിൽ സസ്പെൻസ് പൊളിയുന്ന ഊഴം

jeethu-prithvi

ദൃശ്യവും മൈ ബോസും മെമ്മറീസും ഉൾപ്പെടെയുള്ള വമ്പൻ ഹിറ്റുകളൊരുക്കിയ ജീത്തു ജോസഫിനോടു സ്വന്തം സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ടവ ഏതെന്നു ചോദിച്ചാൽ ഉത്തരം രസകരമാണ്; മമ്മി ആൻഡ് മീയും ലൈഫ് ഓഫ് ജോസൂട്ടിയും. സാധാരണക്കാരുടെ ജീവിതത്തിന്റെ ഫീലുള്ള അത്തരം സിനിമകളാണ് ഏറെ ഇഷ്ടപ്പെടുന്നതെന്നാണു ജീത്തുവിന്റെ ന്യായം.

മലയാള സിനിമയിലെ ഏറ്റവും വലിയ പണംവാരി പടമായി മാറിയ ദൃശ്യമെന്ന ത്രില്ലറിനു ശേഷം ജോസൂട്ടി എന്ന സാധാരണക്കാരന്റെ ജീവിതം സിനിമയാക്കിയ ജീത്തു പൃഥ്വിരാജിനെ നായകനാക്കി പുതിയ സിനിമയുമായി എത്തുന്നു; ഊഴം. തിരക്കഥയും ജീത്തുവിന്റേതു തന്നെ. സെപ്റ്റംബർ എട്ടിനു തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ കണ്ടവരെല്ലാം വീണ്ടും ഒരു ആക്‌ഷൻ സസ്പെൻസ് ത്രില്ലർ എത്തുന്നതിന്റെ ആവേശത്തോടെ കാത്തിരിക്കുകയാണ്. പക്ഷേ, അത്തരം പ്രതീക്ഷകളെ തള്ളിപ്പറയുന്നു സംവിധായകൻ.

neeraj-prithvi

‘ഇത് ആ ഗണത്തിൽപ്പെടുന്ന ഒരു സിനിമയൊന്നുമല്ല. ആക്‌ഷനുണ്ട്. പക്ഷേ, അമാനുഷിക ആക്‌ഷനൊന്നുമല്ല. സസ്പെൻസുമില്ല. സിനിമ ആദ്യ 10 മിനിറ്റ് കഴിയുമ്പോൾ കഥയുടെ ഗതി ആർക്കും മനസ്സിലാകും. പിന്നെ അതു മുന്നോട്ടു പോകുന്നതെങ്ങനെ എന്ന പ്രേക്ഷകരിലെ കൗതുകമാണ് ഈ സിനിമയുടെ ജീവൻ. ഇതൊരു പ്രതികാര കഥയാണ്. അത്തരം സിനിമകൾക്കെല്ലാം പൊതുവായി ചില ഘടകങ്ങളുണ്ടാവും.

മലയാളത്തിൽ ടി.കെ.രാജീവ്കുമാർ സംവിധാനം ചെയ്ത ചാണക്യൻ മാത്രമാണു വ്യത്യസ്തമായ ഒരു പ്രതികാര സിനിമയായി തോന്നിയിട്ടുള്ളത്. ഊഴത്തിലൂടെ വ്യത്യസ്തമായ രീതിയിൽ ഒരു പ്രതികാര കഥ അവതരിപ്പിക്കാനാണു ശ്രമിക്കുന്നത്. അതു മാത്രമാണ് ഈ സിനിമയുടെ പുതുമ. എന്റെ ഇതുവരെയുള്ള സിനിമകളിൽ ത്രില്ലർ എന്നു പറയാവുന്നതു മെമ്മറീസ് മാത്രമാണ്. ദൃശ്യം പോലും രണ്ടു കുടുംബങ്ങൾ തമ്മിൽ ഒരു പ്രശ്നത്തെ ചൊല്ലിയുള്ള പോരിന്റെ കഥയായാണ് ആസൂത്രണം ചെയ്തത്. അതു മറ്റു ഘടകങ്ങൾ ചേർന്നപ്പോൾ ത്രില്ലിങ് ആയെന്നു മാത്രം’.

oozham-prithvi

പൃഥ്വിരാജിന്റെ നായക കഥാപാത്രം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

യുഎസിൽ ജോലി ചെയ്യുന്ന സൂര്യ കൃഷ്ണമൂർത്തി എന്ന അവിവാഹിതനായ യുവാവായാണു പൃഥ്വിരാജ് അഭിനയിക്കുന്നത്. കോയമ്പത്തൂരിലാണ് അയാളുടെ കുടുംബം. അമേരിക്കയിൽ നിന്നു നാട്ടിലേക്ക് എത്തുന്ന അയാൾ നേരിടേണ്ടിവരുന്ന സംഭവങ്ങളാണു പ്രമേയം. പൃഥ്വിയുടെ കഥാപാത്രം വളരെ വ്യത്യസ്തമാണെന്നു പറയാനാവില്ല. കഥ പറയുന്നതിലും അവതരിപ്പിക്കുന്നതിലുമാണു വ്യത്യസ്തത. ദിവ്യ പിള്ളയാണു നായിക. ബാലചന്ദ്ര മേനോൻ, രസ്ന പവിത്രൻ, നീരജ് മാധവ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ഞാൻ ഇതുവരെ ചെയ്തതിൽ ഏറ്റവും ചെലവേറിയ സിനിമയാണിത്. 10 കോടിയോളമാണു ചെലവ്. ഹൈദരാബാദ്, കോയമ്പത്തൂർ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്. പല സീനുകളിലും ഗ്രാഫിക്സ് കാര്യമായി ഉപയോഗിച്ചിട്ടുണ്ട്. ചെലവേറിയതിനു കാരണവും അതാണ്. ന്യൂസീലൻഡിൽ ഷൂട്ട് ചെയ്ത ലൈഫ് ഓഫ് ജോസൂട്ടിക്ക് എട്ടേകാൽ കോടിയോളമായിരുന്നു ചെലവ്.

oozham-movie

ലൈഫ് ഓഫ് ജോസൂട്ടി പ്രതീക്ഷിച്ച വിജയം നേടിയില്ലല്ലോ. എന്താണ് ആ സിനിമയ്ക്കു സംഭവിച്ചത്?

സാമ്പത്തികമായി ആ സിനിമ പരാജയമല്ല. ഈറോസ് ഇന്റർനാഷനൽ ഏറ്റെടുത്തതോടെ റിലീസിങ്ങിനു മുൻപു തന്നെ നിർമാതാവിനു ലാഭം ലഭിച്ചിരുന്നു. ദൃശ്യം കഴിഞ്ഞു വരുന്ന സിനിമ എന്ന നിലയിൽ പ്രേക്ഷകരിലുണ്ടായ അമിത പ്രതീക്ഷയാണ് ഒരു സാധാരണ മനുഷ്യന്റെ കഥ പറഞ്ഞ ആ സിനിമയ്ക്കു തിരിച്ചടിയായത്. ഒരുപക്ഷേ അതെന്റെ ആദ്യ ചിത്രമായിരുന്നെങ്കിൽ കൂടുതൽ സ്വീകരിക്കപ്പെടുമായിരുന്നു. മൈ ബോസിനു ശേഷം ദിലീപിനെ വച്ചൊരു സിനിമയാവുമ്പോൾ വലിയൊരു തമാശ ചിത്രമാവുമെന്നും പലരും പ്രതീക്ഷിച്ചു.

ആ സിനിമയെക്കുറിച്ചു ഭിന്ന അഭിപ്രായങ്ങളായിരുന്നു. പ്രവാസികളൊക്കെ വളരെ നല്ല അഭിപ്രായം പറഞ്ഞു. അവർക്കാവും ആ സിനിമയുടെ പ്രമേയം കൂടുതൽ ഉൾക്കൊള്ളാനാവുക. പിന്നെ സിനിമയിൽ അശ്ലീല സംഭാഷണങ്ങളുണ്ടെന്ന പ്രചാരണം തിരിച്ചടിയായി. കഥാപാത്രങ്ങൾ സ്വാഭാവികമായി പറയുന്ന സംഭാഷണങ്ങളേ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ഞാൻ ചെയ്യുന്ന സിനിമയിൽ നിന്ന് അത്തരം ചെറിയൊരു സംഭാഷണം പോലും പ്രതീക്ഷിക്കുന്നില്ല എന്നാണു പലരും പറഞ്ഞത്. അത്തരം ഇമേജിന്റെ തടവറയിലാകാൻ ഉദ്ദേശിക്കുന്നില്ല. അഡൽസ് ഒൺലി ആയ ഒരു പ്രമേയം സിനിമയാക്കേണ്ടി വന്നാൽ ഒരു മടിയുമില്ലാതെ ചെയ്യും.

oozham

ലൈഫ് ഓഫ് ജോസൂട്ടിയിലും ഏരിയൽ വ്യൂവിലുള്ള ഓപ്പണിങ് സീനുൾപ്പെടെ അര മണിക്കൂറോളം നീണ്ട ഗ്രാഫിക്സ് ചെയ്തിരുന്നു. കൊച്ചിയിലെ മാക്മിത്ത് സ്റ്റുഡിയോയിലെ ടോണിയാണു ഗ്രാഫിക്സ് ചെയ്തത്. പുറത്തായിരുന്നെങ്കിൽ ഒന്നേകാൽ കോടിയെങ്കിലും ചെലവു വരുമായിരുന്ന ജോലി ഇവിടെ അതിന്റെ നാലിലൊന്നു ചെലവിലാണു ചെയ്തത്. എന്നാൽ സിനിമ റിലീസ് ചെയ്യുന്നതിനു 10 ദിവസം മുൻപു ഷോർട്ട് സർക്യൂട്ട് മൂലം ഗ്രാഫിക്സ് സ്റ്റുഡിയോയിലെ കംപ്യൂട്ടറുകൾ തകരാറിലായി, ഫയലുകളിൽ പലതും കേടായി.

അടുത്ത സിനിമ?

പല സിനിമകളുടെയും ചർച്ചയും എഴുത്തും നടക്കുന്നു. മമ്മൂട്ടിയെ നായകനാക്കി എന്റെ ആദ്യ സിനിമയാണ് അതിലൊന്ന്. ദൃശ്യത്തിനു ശേഷം മോഹൻലാൽ നായകനാവുന്ന സിനിമയ്ക്കും പൃഥ്വിരാജ് വീണ്ടും നായകനാവുന്ന സിനിമയ്ക്കും ദിലീപ്-കാവ്യ മാധവൻ ടീമിനെവച്ചുള്ള സിനിമയ്ക്കും ധാരണയായിട്ടുണ്ട്. 

Your Rating: