Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ സിനിമ വിടുന്നില്ല: പാർവതി

parvathy-kanchana

എന്നു നിന്റെ മൊയ്തീനിലൂടെ പ്രേക്ഷകരുടെ കാഞ്ചനയായി മാറിയ പാർവതി സിനിമാരംഗം വിടുന്നതായി ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചിരുന്നു. എന്നാൽ അത്തരം വാർത്തകൾ വ്യാജമാണെന്നും ഇങ്ങനെ ഒരു പ്രസ്താവന ഒരു മാധ്യമത്തിനും നൽകിയിട്ടില്ലെന്നും പാർവതി മനോരമ ഓൺലൈനോടു പറഞ്ഞു.

‘മാധ്യമങ്ങളെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള വാർത്തകൾ നൽകുമ്പോൾ എന്നെ വിളിച്ച് അന്വേഷിച്ച് സത്യാവസ്ഥ ബോധ്യപ്പെട്ടതിനു ശേഷം നൽകാനുള്ള ഒരു കടമ കൂടി മാധ്യമങ്ങൾക്കില്ലേ. ഏതെങ്കിലും ഒരു വെബ്സൈറ്റിൽ ഒരു വാർത്ത വന്നാലുടൻ പബ്ലിസിറ്റി കൂട്ടാനായി അതിന്റെ സത്യാവസ്ഥ പോലും അന്വേഷിക്കാതെ വാർത്ത നൽകുകയാണോ ചെയ്യേണ്ടത്? എന്തിനാണ് ഇത്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നതെന്നു മാത്രം മനസിലാകുന്നില്ല. ഇതൊരു ഉത്തരവാദിത്തമില്ലാത്ത പത്രപ്രവർത്തത്തിന്റെ ഭാഗമായി പോകുന്നില്ലേ?

പേജ് വ്യൂസ് കൂട്ടാനായി എന്ത് വാർത്തയും കൊടുക്കുന്ന രീതിയോടു മാത്രമേ എനിക്കു വിയോജിപ്പുള്ളു. ഒരു സിനിമാനടി എന്ന നിലയിൽ അല്ല, ഒരു സാധാരണ വ്യക്തിയായാണ് ‍ഞാൻ പ്രതികരിക്കുന്നത്. ആദ്യം ഇങ്ങനെ വന്ന വാർത്തയെ ഞാൻ അവഗണിച്ചു വിട്ടെങ്കിലും മറ്റു ഓൺലൈൻ മാധ്യമങ്ങൾ കൂടി വ്യാജവാർത്ത അതു പോലെ കോപ്പി ചെയ്യാൻ തുടങ്ങിയതിനാലാണ് പ്രതികരിക്കുന്നതെന്നും പാർവതി പറഞ്ഞു. യെല്ലോ ജേർണലിസത്തോട് പ്രതികരിക്കാൻ താൽപര്യമില്ലാത്ത ഒരാളാണ് ഞാൻ.

ഇതൊക്കെ കാണുമ്പോൾ ശരിക്കും സങ്കടമാണ് വരുന്നത്. 2016 ആകുമ്പോൾ ഞാൻ സിനിമാരംഗത്തെത്തിയിട്ട് പത്തു വർഷം ആകും. ഇതുവരെയും ഒരു ഒച്ചപ്പാടോ ബഹളമോ ഉണ്ടാക്കാതെ സിനിമ ചെയ്യുക വീട്ടിൽ പോകുക എന്ന രീതി പിന്തുടർന്നു വരുന്ന ഓരാളാണ് ഞാൻ. അത്രയും ഗൗരവത്തോടെ സിനിമയെ സമീപിക്കുമ്പോൾ ഇത്രയും ലാഘവത്തോട വ്യാജവാർത്തകൾ കെട്ടിച്ചമയ്ക്കുന്നത് കാണുന്പോള്‍ വിഷമമുണ്ട്.

ഇതുപോലെ പലരെയും പറ്റി വാർത്തകൾ വരുന്നുണ്ടാകാം. ഇതെല്ലാം കാണുന്ന 100 പേരിൽ 10 പേരും ഇതു വിശ്വസിക്കുകയും ചെയ്യും. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനു മുൻപ് അത് അവരുടെ ജീവിതത്തെ എങ്ങനെ ബാധിക്കും എന്ന് ചിന്തിക്കാനുള്ള മര്യാദ പോലും ഈ വാർത്തകൾ പടച്ചുവിടുന്നവർ കാണിക്കുന്നില്ല.

എന്റെ കല സിനിമയാണ്. ആ കലയിൽ നിന്ന് മാറുന്നുണ്ടെങ്കിൽ അത് ഞാൻ വഴി തന്നെയായിരിക്കും പ്രേക്ഷകർ അറിയുന്നത്. അല്ലാതെ മറ്റൊരു മീഡിയ വഴിയും അറിയേണ്ടി വരില്ല- പാർവതി പറയുന്നു. ഇത്ചിലപ്പോൾ ഒരു ചെറിയ കാര്യമായിരിക്കാം. പക്ഷേ ഇപ്പോൾ ഞാൻ പ്രതികരിക്കാതിരുന്നാൽ ഇനിയും ചിലപ്പോൾ ഇതുപോലുള്ള വാർത്തകൾ പ്രചരിപ്പിക്കപ്പെടാം.

പത്രപ്രവർത്തനം വളരെ ഉത്തരവാദിത്തമുള്ള ഒരു ജോലിയായി തന്നെയാണ് ഞാൻ കാണുന്നതും. അതിനെ ഞാൻ ബഹുമാനിക്കുകയും ചെയ്യുന്നു. ആ തലത്തിൽ നിന്നുകൊണ്ടുതന്നെ ഞാൻ പറയട്ടെ ഇതുപോലെ ഒളിച്ചിരുന്ന് കാര്യങ്ങൾ അന്വേഷിക്കാതെ എഴുതിവിടുന്നതിനു മുൻപ് ആ വാർത്തയിൽ എന്തെങ്കിലും സത്യാവസ്ഥ കൂടി ഉണ്ടോയെന്ന് അന്വേഷിക്കാമായിരുന്നു. പുതിയ ചിത്രമായ ചാർളിയുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോൾ പാർവതി.