Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ആഗ്രഹം നടന്നില്ല; വേദനയോടെ പ്രിയങ്ക കോട്ടയത്ത്

priyanka-nani മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്കാരച്ചടങ്ങിൽ അന്തിമോപചാരം അർപ്പിക്കാൻ കോട്ടയത്ത് എത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ചിത്രം: ആർ എസ് ഗോപൻ. (ഇടത്), പ്രിയങ്ക മുത്തശ്ശിക്കൊപ്പം (വലത്).

അമ്മൂമ്മയായിരുന്നു എന്നും പ്രിയങ്കയുടെ വഴികാട്ടി. കളങ്കമില്ലാത്ത സ്നേഹവും കൃത്യമായ ലക്ഷ്യവും എന്നും ജീവിതത്തിൽ ചേർത്തുവച്ച ആ അമ്മൂമ്മ ഓർമയായിക്കഴിഞ്ഞു. ആ വേർപാടിനൊപ്പം മറ്റൊരു തീരാവേദനയും പ്രിയങ്കയ്ക്കും കുടുംബത്തിനും നേരിടേണ്ടി വന്നു. പള്ളിയിലെ കുടുംബകല്ലറയിൽ അന്ത്യനിദ്ര കൊള്ളണമെന്ന അമ്മുമ്മയുടെ ആഗ്രഹം സഫലമായില്ല.

priyanka-chopra-kottayam കോട്ടയം പരുത്തുംപാറയിലെ ബന്ധുവീട്ടിൽ മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്കാരച്ചടങ്ങിൽ അന്തിമോപചാരം അർപ്പിക്കുന്ന ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. മാതാവ് മധു അശോക് ചോപ്ര, മാതൃസഹോദരി കിരൺ തുടങ്ങിയവർ സമീപം.. ചിത്രം: ആർ എസ് ഗോപൻ.

പ്രിയങ്കയുടെ മുത്തശ്ശി മേരി അഖൗരിക്ക് താന്‍ മാമോദീസാ മുങ്ങിയ കുമരകം പള്ളിയില്‍ അന്ത്യവിശ്രമം നടത്തണമെന്നായിരുന്നു ആഗ്രഹം. മുംബൈയില്‍ മകള്‍ മധു അശോക് ചോപ്രയ്ക്കും കൊച്ചുമകള്‍ പ്രിയങ്ക ചോപ്രയ്ക്കുമൊപ്പം കഴിയുമ്പോഴും ഈ ആഗ്രഹം പലവട്ടം പറഞ്ഞിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മുംബൈയിലെ വീട്ടില്‍വെച്ചായിരുന്നു മേരിയുടെ അന്ത്യം. മേരി ജോൺ കുമരകം കവളപ്പാറ കുടുംബാംഗമാണ്.

അമ്മൂമ്മയുടെ ആഗ്രഹപ്രകാരം സംസ്കാരം കുമരകത്തുവച്ച് നടത്താനുള്ള ഏർപ്പാടുകൾ ചെയ്തു. മൃതദേഹവുമായി പ്രിയങ്കയുടെ കുടുംബാംഗങ്ങൾ കേരളത്തിലെത്തി. പള്ളി അധികാരികളെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കുമരകത്തെ ബന്ധുക്കളെയും ചുമതലപ്പെടുത്തി. എന്നാൽ വിധി മറ്റൊന്നായിരുന്നു.

priyanka-kottayam-1 കോട്ടയം പരുത്തുംപാറയിലെ ബന്ധുവീട്ടിൽ മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്കാരച്ചടങ്ങിൽ അന്തിമോപചാരം അർപ്പിക്കുന്ന ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ചിത്രം: ആർ എസ് ഗോപൻ.

വെള്ളിയാഴ്ച വൈകിട്ട് പള്ളിയിൽ ചേർന്ന അടിയന്തര പള്ളിക്കമ്മിറ്റിയിൽ സംസ്കാരം ഇവിടെ നടത്താനാകില്ലെന്ന നിലപാട് ഉയർന്നു. അന്യമതസ്ഥനെ വിവാഹം കഴിച്ചതും പിന്നീട് പള്ളിയുമായി ഇവർ യാതൊരു ബന്ധവും പുലർത്തിയിരുന്നില്ലെന്നതും മറ്റും യോഗത്തിൽ ചോദ്യങ്ങളായി. നിലവിലുള്ള വഴക്കങ്ങള്‍ക്കും നടപടികള്‍ക്കും വിരുദ്ധമാകും സംസ്‌കാരമെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തല്‍. നിയമം മറികടന്ന് സംസ്‌കാരം കുമരകം പള്ളിയില്‍ നടത്താന്‍ കഴിയില്ലെന്നും പള്ളിക്കമ്മിറ്റി പ്രിയങ്കയുടെ കുടുംബാംഗങ്ങളെ അറിയിച്ചു.

Priyanka Chopra bids farewell to her Grandma

ഈ വാർത്ത അറിഞ്ഞതോടെ ആകെ വിഷമത്തിലായ ബന്ധുക്കള്‍ ഞായറാഴ്ച മുംബൈയില്‍ സംസ്‌കാരം നടത്താന്‍ തീരുമാനിച്ചു. എന്നാൽ പ്രിയങ്കയ്ക്കും അമ്മ മധു അശോക് ചോപ്രയ്ക്കും അമ്മൂമ്മയുടെ അവസാന ആഗ്രഹം സാധിച്ചുകൊടുക്കാന്‍ പറ്റാത്തതിന്റെ സങ്കടമുണ്ടായിരുന്നു.

priyanka-kottayam-18 മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്കാരച്ചടങ്ങിൽ അന്തിമോപചാരം അർപ്പിക്കാൻ കോട്ടയത്ത് എത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ചിത്രം: ആർ എസ് ഗോപൻ.

പിന്നീട് ചില കുടുംബസുഹൃത്തുക്കളുടെ സഹായത്തോടെ പൊന്‍കുന്നത്തെ പള്ളിയില്‍ സംസ്‌കാരത്തിനുള്ള അവസരമൊരുക്കുകയായിരുന്നു. അന്യമതസ്ഥനെ വിവാഹം ചെയ്‌തെങ്കിലും മേരി അഖൗരി മുംബൈയിൽ മുടങ്ങാതെ പള്ളിയില്‍ പോകുന്ന ഇടവകാംഗമായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സഭയുടെതന്നെ മറ്റൊരു പള്ളിയില്‍ സംസ്‌കരിക്കാന്‍ സൗകര്യം ഒരുക്കിയത്.

priyanka-kottayam-9 മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്കാരച്ചടങ്ങിൽ അന്തിമോപചാരം അർപ്പിക്കാൻ കോട്ടയത്ത് എത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ചിത്രം: ആർ എസ് ഗോപൻ.

തുടർന്ന് ​ഞായറാഴ്ച പരുത്തുംപാറയിലെ ബന്ധുവീട്ടിൽ എത്തിച്ച മൃതദേഹം ശുശ്രൂഷകൾക്കുശേഷം വൈകിട്ട് അഞ്ചിനു പൊൻകുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിൽ എത്തിക്കുകയായിരുന്നു. കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ് സംസ്‌കാര ശുശ്രൂഷകൾക്കു നേതൃത്വം നൽകി. വൈദികരായ ഫാ. ബെന്നെറ്റ് കുര്യാക്കോസ്, ഫാ. ജിനൊ വർഗീസ്, ഫാ. ഡോ.ബിനോയ് തോമസ് എന്നിവർ സഹകാർമികത്വം വഹിച്ചു.

priyanka-kottayam-13 മുത്തശ്ശി മേരി ജോൺ അഖൗരിയുടെ സംസ്കാരച്ചടങ്ങിൽ അന്തിമോപചാരം അർപ്പിക്കാൻ കോട്ടയത്ത് എത്തിയ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ചിത്രം: ആർ എസ് ഗോപൻ.

ബിഹാറിലെ എംഎൽസി ആയിരുന്ന പരേതനായ ഡോ. അഖൗരിയുടെ ഭാര്യയാണ് മേരി ജോൺ. ദീര്‍ഘകാലം ബിഹാറിലെ കോണ്‍ഗ്രസ് എംഎല്‍സി. ആയിരുന്നു മേരിയും. മക്കളും പ്രിയങ്ക ചോപ്ര ഉൾപ്പെടെയുള്ള പേരക്കുട്ടികളും ഭർത്താവ് അഖൗരിയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മുംബൈ, ബിഹാർ എന്നിവിടങ്ങളിൽനിന്നു സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.