Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയമല്ല, മാട്രിമോണിയൽ തന്ന ചെക്കൻ...

radhika-actress രാധിക

പർദയണിഞ്ഞ് മൈലാഞ്ചി ചേലുള്ള മുഖത്തോടെ റസിയയായി മലയാളത്തിന്റെ ഇഷ്ടങ്ങളിലേക്ക് നടന്നുവന്ന രാധിക. ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസിന്റെ തിരശീലയിലെത്തുന്ന മുഖം റസിയയുടേത് തന്നെയല്ലേ. ഒറ്റ കഥാപാത്രത്തിലൂടെ കാലമുള്ളിടത്തോളം ഓർമിക്കുപ്പെടുകയെന്ന അപൂർവത രാധികയ്ക്ക് സ്വന്തം.

കല്യാണത്തിരക്കിലാണ് രാധിക ഇന്ന്. അഭിലിനെ വിവാഹം ചെയ്ത് ദുബായിലേക്ക് പോകാനൊരുങ്ങുന്നു രാധിക. വിവാഹ വിശേഷങ്ങൾ പങ്കുവയ്ക്കാൻ രാധിക നമുക്കൊപ്പമുണ്ട്.

ഏയ് ഇതിലങ്ങനൊന്നുമില്ല

അടുത്തിടെ വിവാഹിതരായ നടിമാരെല്ലാം എന്തെങ്കിലും സർപ്രൈസ് ആ ദിവസമൊരുക്കിയിരുന്നു. പക്ഷേ എൻറെ വിവാഹത്തിന് ഞാൻ അത്തരത്തിലൊന്നും പ്ലാൻ ചെയ്യുന്നില്ല കേട്ടോ. ഇതൊരു സാധാരണ വിവാഹമാണ്. ഫെബ്രുവരി പന്ത്രണ്ടിനാണ് കല്യാണം. തമിഴ് ബ്രാഹ്മിൺ ശൈലിയിലുള്ള കല്യാണം. ട്രെഡിഷണൽ ശൈലിയിലുള്ള സാധാരണ വിവാഹം. പട്ട് സാരിയും ആഭരണങ്ങളുമൊക്കെയണിഞ്ഞ് സാധാരണ പെണ്ണിനെ പോലെ. അത്രേയുള്ളൂ ഒരുക്കം. കോയമ്പത്തൂര്‍ നിന്നാണ് സാരിയൊക്കെ എടുത്തത്. രാധാകൃഷ്ണ ചിത്രമാണ് എനിക്ക് ഏറെ പ്രിയം. വിവാഹത്തിനുള്ള ക്ഷണക്കത്തിലുള്ള ചിത്രവും അതുതന്നെ.

radhika-wedding-card രാധികയുടെ വിവാഹക്ഷണക്കത്ത്

പ്രണയമല്ല, മാട്രിമോണിയൽ തന്ന ചെക്കൻ

അഭിൽ കൃഷ്ണയുമായി പ്രണയ വിവാഹമൊന്നുമല്ല. മാട്രിമോണിയൽ വഴി വന്ന ആലോചനമാണ്. വീട്ടുകാർ ആലോചിച്ചുറപ്പിച്ചു. അഭിൽ ബോംബെയിലാണ് പഠിച്ചതും വളർന്നതും. ദുബായ് പ്രോപ്പർട്ടീസ് എന്ന അർഥ സർക്കാർ സ്ഥാപനത്തിലാണ് അഭിലിന് ജോലി. ഈവൻറ് മാനേജ്മെന്റ് കമ്പനിയാണ്. അഭിയുടെ അച്ഛൻ കൃഷ്ണ കുമാറിന് ബിസിനസ് ആണ്. അമ്മ ഉഷാ കുമാരി. തൃശൂരാണ് നാട്. വിവാഹം കഴിഞ്ഞ് അഭിലിനൊപ്പം പോകും.

radhika-marriage രാധിക, അഭിൽ

നാട് വിടുന്നെങ്കിലും സങ്കടമില്ല

കേരളം വിട്ട് കല്യാണം ആലോചിക്കുന്നുവെങ്കിൽ അത് ദുബായ് ആകണമെന്നെനിക്ക് നിർബന്ധമുണ്ടായിരുന്നു. എനിക്കേറെ ഇഷ്ടമുള്ളൊരിടമാണത്. വെറും മൂന്നരമണിക്കൂറല്ലേയുള്ളൂ അങ്ങോട്ടേക്ക്. ഞാൻ ഒരുപാട് നാൾ താമസിച്ചിട്ടുണ്ട്. ഒട്ടും അകലെയാണെന്ന് തോന്നാത്തൊരിടം വേണം. പിന്നെ എന്റെ ചേട്ടൻ അരുൺ അവിടെയാണ്. അവനൊപ്പം അടിച്ചുപൊളിക്കാമല്ലോ എന്നതാണ് ഏറ്റവും വലിയ സന്തോഷം. ടോം ആന്‍ഡ് ജെറി എന്നാണ് അടുപ്പമുള്ളവരൊക്കെ ഞങ്ങളെ വിളിക്കുന്നത്. അപ്പോൾ ഊഹിക്കാമല്ലോ ചേട്ടനും അനിയത്തിയും എങ്ങനെയാണെന്ന്. നാട് വിട്ട് പോകുകയാണെന്ന് എനിക്ക് തോന്നുന്നില്ല. വിഷമവുമില്ല. ദുബായ്‌യോട് എനിക്കത്രയേറെ അടുപ്പമുണ്ട്.

radhika

ഇടവേള മനപൂർവമല്ല, റസിയമാരാകാൻ‌ താൽപര്യമില്ലായിരുന്നു

റസിയയെന്ന നല്ല കഥാപാത്രം പിന്നെയും നല്ല അവസരങ്ങൾ തരുമെന്ന് ഞാൻ ചിന്തിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല. പിന്നീട് വന്നതെല്ലാം അത്തരത്തിലുള്ള കഥാപാത്രങ്ങൾ തന്നെയായിരുന്നു. പിന്നെയും പിന്നെയും റസിയയാകാൻ ഒരു ടൈപ്പ് കാരക്ടർ ചെയ്യാൻ എനിക്കിഷ്ടമല്ലായിരുന്നു. കുറേ കഥാപാത്രങ്ങൾ അതുകൊണ്ടൊഴിവാക്കി. 2013ലാണ് ഏറ്റവുമൊടുവിലായി അഭിനയിച്ചത്. കരിയറിൽ അതുകാരണം വന്ന വലിയ ഇടവേളയിൽ എനിക്ക് ദുംഖമൊന്നുമില്ല. കാരണം സങ്കടപ്പെട്ടിരിക്കാൻ സമയമില്ലായിരുന്നു. പെയിൻറിങ് എന്റെ ക്രേസ് ആണ്. കുറേ പെയിന്റിങ് ചെയ്തിട്ടുണ്ട്. ഇപ്പോൾ മ്യൂറലാണ് വരയ്ക്കുന്നത്. അതിന്റെ തിരക്കിലായിരുന്നു.സിനിമയിൽ ചെയ്ത കഥാപാത്രങ്ങളെയെല്ലാം എനിക്കിഷ്ടമാണ്.

Ente Khalbile Song

റസിയയെ ഇപ്പോഴും ഓർക്കാറുണ്ടോ?

റസിയയെ കുറിച്ച് ചോദിക്കരുത്. ഈ അഭിമുഖം പിന്നെ എഴുതി തീർക്കാനാവില്ല. റസിയയെ കുറിച്ച് എനിക്കത്രയ്ക്ക് പറയാനുണ്ട്. അവളിപ്പോഴും എന്റെയൊപ്പം ജീവിക്കുന്നുണ്ട്. അവൾ മാത്രമല്ല, ക്ലാസ്മേറ്റ്സ് എന്ന സിനിമയുടെ ഷൂട്ടിങ് നടന്ന ഓരോ നിമിഷങ്ങളും ഇപ്പോഴും മനസിലുണ്ട്. അതിനെ കുറിച്ചോർക്കാത്ത ഒരു ദിനം പോലും കടന്നുപോയിട്ടില്ല ജീവിതത്തിൽ ഇനിയുണ്ടാകുകയുമില്ല.

rasiya-radhika

റസിയ തന്നിട്ടുള്ളതെല്ലാം മറക്കാനാകാത്ത അനുഭവങ്ങൾ

ഞാൻ എറണാകുളം കവിത തീയറ്ററിൽ സെക്കൻഡ് ഷോയിലാണ് ക്ലാസ്മേറ്റ്സ് കാണാൻ കയറിയത്. സിനിമയിലെ രൂപവും ശരിക്കുള്ള മുഖവും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. സിനിമ കണ്ടിറങ്ങി പിന്നണിയിൽ പ്രവർത്തിച്ചവരുമായി ഞാൻ സംസാരിച്ച് നിൽക്കുമ്പോൾ ഒരു ഉമ്മ അടുത്ത് വന്ന് ചോദിച്ചു. മോളല്ലേ റസിയായി അഭിനയിച്ചതെന്ന്. അതെയെന്ന് പറഞ്ഞതും അവർ കെട്ടിപ്പിടിച്ച് കരഞ്ഞു. ‌ഞാനാകെ വല്ലാതായി. അപ്പോഴാണ് സാധാരണ ജനങ്ങൾക്കിടയിൽ എന്തുമാത്രം സ്വാധീനം ചെലുത്തി ആ കഥാപാത്രം എന്നെനിക്ക് മനസിലായത്. അഭിനയ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല സമ്മാനം. എന്റെ ചേട്ടൻ സിനിമ കാണുന്നത് ദുബായില്‍ വച്ച്. അതിറങ്ങി രണ്ട് മാസം കഴിഞ്ഞോ മറ്റോ. അതു കണ്ടിട്ട് അവൻ പറഞ്ഞത് ഞാൻ നിന്നെ അതിൽ കണ്ടതേയില്ല. നീയെന്റെ മനസിലേ വന്നില്ല എന്നാണ്.

radhika-images

കല്യാണം കഴിഞ്ഞാലും ഞാനിങ്ങനെ തന്നെ

ഞാൻ അടിച്ചുപൊളിട്ട് നടക്കുന്ന കൂട്ടത്തിലുള്ളൊരാളാണ്. കല്യാണം കഴിക്കുന്ന ആളിനെ കുറിച്ച് സങ്കൽപങ്ങളൊന്നുമില്ലായിരുന്നു. എനിക്ക് നന്നായി കമ്യൂണിക്കേറ്റ് ചെയ്യാൻ കഴിയുന്ന മനസില്ലാക്കി പെരുമാറുന്നൊരാൾ വേണമെന്നായിരുന്നു ആഗ്രഹം. അഭിയോട് ഇപ്പോള്‍ കൂട്ടായി, എന്റെ ഈ രണ്ട് ആഗ്രങ്ങൾക്കുമിണങ്ങുന്ന സ്വഭാവമാണ്. പിന്നെ അഭി ബിസിനസ് ഫീൽഡ് ആണ്. ഞാന്‍ പെയിന്‍ററും ഒരുപാട് പെയിൻറിങ്സ് ഒക്കെ വിൽപന നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ഞാനെങ്ങനാണോ വ്യക്തിപരമായി എനിക്കുള്ള കഴിവുളള എന്തെല്ലാമാണോ ഇഷ്ടങ്ങളെന്താണോ അതെല്ലാം കല്യാണം കഴിഞ്ഞാലും എനിക്കൊപ്പമുണ്ടാകും. നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ തീർച്ചയായും അഭിനയിക്കും.

ഭാവനയും ഭാമയും പിന്നെ ഇന്ദ്രേട്ടനും

സിനിമയിൽ എനിക്കുള്ളതെല്ലാം നല്ല അനുഭവങ്ങളാ. ഭാവനയാണ് അടുത്ത കൂട്ടുകാരും. ദിവസവും നല്ലൊരു സമയം ചാറ്റ് ചെയ്യാറുണ്ട് ഞങ്ങളിരുവരും. പിന്നെ ഭാമയും ഇന്ദ്രേട്ടനും(ഇന്ദ്രജിത്ത്) ആണ് സിനിമയിലെ അടുപ്പമുള്ള മറ്റ് രണ്ടു പേർ. എല്ലാവരേയും കല്യാണത്തിന് വിളിക്കുന്നുണ്ട്. വരുമെന്ന് കരുതുന്നു.