Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൃശ്യത്തിലെ വില്ലനും കോഹ്‌ലിയുടെ സെൽഫിയും

virat-roshan കോഹ്‌ലിക്കൊപ്പം റോഷൻ

ഇതാരാ വിരാട് കോഹ്‌ലിക്കൊപ്പം നിൽക്കുന്ന ഈ ചെത്ത് പയ്യൻ? ഇത് നമ്മുടെ ദൃശ്യം സിനിമയിൽ കണ്ട ചെക്കനല്ലേ ! ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരം വിരാട് കോഹ്‌ലിക്കൊപ്പം നിൽക്കുന്ന റോഷൻ ബഷീറിന്റെ സെൽഫി കണ്ടപ്പോൾ ഉണ്ടായ ആരാധകരുടെ സംശയമാണിത്.

ദൃശ്യത്തിലെ വില്ലൻ പ്രേക്ഷകരിൽ അൽപം നീരസം സൃഷ്ടിച്ചെങ്കിലെന്താ, ഇന്ത്യ മുഴുവൻ ആരാധിക്കുന്ന വിരാട് കോഹ്‌ലിക്കും ധവാനും ഹർഭജനുമൊക്കെ കണ്ട് അവരോടൊപ്പം സെൽഫിക്ക് പോസ് ചെയ്ത് ആരാധകരുടെ കണ്ണിലുണ്ണിയായി മാറാൻ കഴിഞ്ഞില്ലേ. പ്ലസ്ടു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് ചുവടുവച്ച റോഷന് ഇതൊക്കെ ഒരു സ്വപ്നമാണെന്നേ ഇപ്പോഴും തോന്നുന്നുള്ളൂ. ക്രിക്കറ്റിൽ താൻ ഏറെ ആരാധിക്കുന്ന വിരാട് കോഹ്‌ലിയെ നേരിൽക്കണ്ട് സംസാരിച്ചതിന്റെ ത്രിൽ ഇപ്പോഴും വിട്ടു മാറാതെ തന്നെ റോഷൻ മനോരമ ഓൺലൈനോട് ആ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

റോഷൻ ആകെ ത്രില്ലിലാണല്ലോ, വിരാടിനെ മീറ്റ് ചെയ്തതിന്റെ വിശേഷങ്ങൾ എന്നു കേട്ടപ്പോഴേ വലിയ സന്തോഷം ആണല്ലോ?

ഞാനെങ്ങനെ സന്തോഷിക്കാതിരിക്കും. ക്രിക്കറ്റിൽ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒരാളാണ് വിരാട്. ക്രിക്കറ്റിന്റെ വലിയൊരു ആരാധകനും. വലിയ വലിയ മാച്ചുകളുണ്ടെങ്കിൽ എങ്ങനെയും പോയിക്കാണുന്ന ഒരാളാണ്. ഞാനൊന്നും ഒരിക്കലും കരുതിയിരുന്നില്ല വിരാടിനെ ഒന്നു നേരിൽക്കാണാൻ സാധിക്കുമെന്ന്. ആ എനിക്കു കിട്ടിയ ബോണസല്ലേ അടുത്തിരുന്ന് സംസാരിക്കാനും അദ്ദേഹത്തിന്റെ സെൽഫിക്ക് പോസ് ചെയ്യാനുമൊക്കെ സാധിക്കുക എന്നത്. ഇപ്പോഴും ഓർക്കുമ്പോൾ എനിക്കു തന്നെ അത്ഭുതം തോന്നുകയാ. ആ ത്രില്ലിൽ തന്നെയാണ് ഞാനിപ്പോഴും. എന്റെ വലിയൊരു ആഗ്രഹം സാധിച്ചു എന്നു പറയാം. കോഹ്‌ലിയെ മാത്രമല്ല യുവരാജിനെയും പരിചയപ്പെടാൻപറ്റി.

yuvraj-roshan

ഇത്രയും സെക്യൂരിറ്റി പ്രശ്നങ്ങളുള്ളപ്പോൾ എങ്ങനെയായിരുന്നു ഈ അവസരം കൈവന്നത്? അതും ഇന്ത്യ–പാക്ക് മാച്ച് നടക്കുമ്പോൾ?

ഇന്ത്യ–പാക്ക് മാച്ച് കാണുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഞാനും കൊൽക്കത്തയിലേക്ക് പോയത്. ബിസിസിയുടെ വൈസ് പ്രസിഡന്റ് ടി.സി മാത്യു സാറിനെ നേരിട്ട് പരിചയമുണ്ട്. അതുവഴി ഞാൻ ഇന്ത്യൻ ടീമിന്റെ സെക്യൂരിറ്റി ഗാർഡിനെ പരിചയപ്പെട്ടു. അദ്ദേഹം ഒരു മലയാളിയായിരുന്നു. എന്റെ ദൃശ്യം, പാപനാശം തുടങ്ങിയ സിനിമകളൊക്കെ അദ്ദേഹം കണ്ടിട്ടുമുണ്ടായിരുന്നു. എന്തായാലും എന്റെ ആഗ്രഹം ഒന്നു പറഞ്ഞു നോക്കാമെന്നു വിചാരിച്ചാണ് അദ്ദേഹത്തോട് വിരാടിനെ ഒന്നു കാണാൻ പറ്റുമോയെന്ന് അന്വേഷിച്ചത്. കാണാൻ സാധിക്കും, പക്ഷേ സെക്യൂരിറ്റി പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ബുദ്ധിമുട്ടാണ് എന്നു പറഞ്ഞു. തീവ്രമായ ആഗ്രഹം മനസിൽ ഉണ്ടെങ്കിൽ അതു നടക്കുമെന്ന് ആരൊക്കെയോ പറഞ്ഞിട്ടുള്ളത് ഓർത്ത് ഞാൻ ഒന്നു കൂടി ചോദിച്ചു നോക്കി, ഞാൻ കേരളത്തിൽ നിന്നു വരികയല്ലേ, ഇത്രയും വലിയ ഒരു ആരാധകനുമല്ലേ, ഒന്നു ശ്രമിച്ചു നോക്കിക്കൂടേയെന്ന്.

bhaji-roshan ഹർഭജനും ധവാനുമൊപ്പം റോഷൻ

അദ്ദേഹം ശ്രമിച്ചു നോക്കാമെന്നു പറഞ്ഞ് വിരാടിന്റെ മാനേജരെ വിളിച്ചു കാര്യം പറഞ്ഞു. ഇപ്പോൾ പറ്റില്ല, പിന്നീട് വിളിക്കാമെന്ന് അവർ പറഞ്ഞു. ഇന്ത്യ–പാകിസ്ഥാൻ മത്സരം ആയതുകൊണ്ടു തന്നെ റെസ്ട്രിക്ഷനുകളും കൂടുതലായിരുന്നു. ആഗ്രഹം മനസിൽ തന്നെ വച്ചുകൊണ്ട് ഞാൻ റൂമിലേക്കു പോയി.

കളിക്കാർ താമസിച്ച ഹോട്ടലിൽ തന്നെയായിരുന്നു ഞാനും താമസിച്ചത്. വൈകിട്ടായപ്പോൾ അവർ തിരികെ വിളിച്ചു. കുറച്ചുകഴിഞ്ഞ് വിരാട് പുറത്തു വരും മൂന്നു മണി ആകുമ്പോൾ പൂൾ സൈഡിലുണ്ടാകും. അവിടെ ചെന്നാൽ മീറ്റ് ചെയ്യാമെന്നു പറഞ്ഞു. ഇതനുസരിച്ച് രണ്ടേ മുക്കാൽ ആയപ്പോൾ തന്നെ ഞാനവിടെ എത്തി. കൃത്യം മൂന്ന് ആയപ്പോൾ വിരാട്, ശിഖർ ധവാൻ, ഹർഭജൻ സിങ്, ആശിഷ് നെഹ്റ എന്നിവരും പിന്നെ പാക്കിസ്ഥാനിലെ ഒന്നു രണ്ട് കളിക്കാരും അവിടെയെത്തി.

വിരാടുമൊത്തുള്ള ആ നിമിഷങ്ങൾ?

സത്യം പറഞ്ഞാൽ ഞാൻ വളരെ എക്സൈറ്റഡ് ആയിരുന്നു. എങ്ങനെ ആ നിമിഷത്തെക്കുറിച്ച് പറയണമെന്നും അറിയില്ല. നമ്മൾ ഇത്രയും ആരാധിക്കുന്ന കളിക്കാരെ നേരിട്ട് കാണുമ്പോൾ... സാധാരണ സിനിമയിലെ സൂപ്പർതാരങ്ങളെ നമുക്ക് നേരിട്ടു കാണാൻ സാധിക്കും, ആരും തടയാൻ വരില്ല. നമുക്ക് സംസാരിക്കാം. പക്ഷേ ഒരു ക്രിക്കറ്റ്താരം എന്നു പറയുമ്പോൾ അത് ഒരു സംഭവം തന്നെയാണല്ലോ.

ഞാൻ വിരാടിന്റെ അടുത്തു ചെന്നു. ഒരു മലയാളം നടനാണെന്നും കേരളത്തിൽ നിന്നുമാണ് വന്നിരിക്കുന്നത് സാറിന്റെ വലിയ ആരാധകനാണെന്നും കുറേക്കാലത്തെ ആഗ്രഹമാണ് നേരിൽ കാണണമെന്നതെന്നും അറിയിച്ചു. വളരെ സന്തോഷമുണ്ടെന്നും എന്നെ കാണാൻ മുരളീ വിജയിനെ പോലുണ്ടെന്നും കോഹ്‌ലി പറഞ്ഞു

ഇതു കേട്ടപ്പോൾ ഞാൻ ചിരിച്ചു. എങ്ങനെയാണ് ഇൻഡസ്ട്രിയിൽ വന്നത്? വീട്ടിൽ ആരൊക്കെയുണ്ട് തുടങ്ങിയ കുറേ കാര്യങ്ങൾ ചോദിച്ചു. വിരാട് തന്നെയാണ് എന്നോടു സംസാരിക്കുന്നതെന്ന് എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഒരു സെൽഫി എടുക്കാമോയെന്ന് ചോദിച്ചപ്പോൾ കോഹ്‌ലി തന്നെ ഫോൺ വാങ്ങി സെൽഫി എടുക്കുകയായിരുന്നു. ഇതുപോയെ തന്നെ യുവരാജിനോടും സംസാരിച്ചു.

ഇപ്പോൾ ആരാധകരുടെ എണ്ണം കൂടിയോ?

വിരാടിനൊപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്ത ദിവസം തന്നെ വാട്സ് ആപ്പിൽ ഒത്തിരിപ്പേർ ചോദിച്ചു. Oh my God, U gyus are looking similar, എങ്ങനെ ഒപ്പിച്ചു ഇങ്ങനെ കുറേ സന്ദേശങ്ങൾ ചലച്ചിത്ര മേഖലയിലെ സുഹ‍ത്തുക്കളൊക്കെ അയച്ചു. അദ്ദേഹം നല്ല കൂൾ ഗൈ ആണ്. ആർക്കു വേണമെങ്കിലും പേടിയില്ലാതെ സമീപിക്കാം. നമ്മുടെ ഒരു പോസിറ്റീവ് അപ്രോച്ച് ഉണ്ടെങ്കിൽ അത് സ്വീകരിക്കുകയും ചെയ്യും ആ രീതിയിലൊക്കെ ചോദിച്ചവർക്കെല്ലാം മറുപടിയും കൊടുത്തു. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസമാണത്. എന്നെ പരിചയപ്പെട്ട ശേഷമാണെന്നു തോന്നുന്നു വിരാട് ഒന്നുകൂടി ഫോം ആയി. (അതേ ത്രില്ലിൽ തന്നെ പറഞ്ഞു ചിരിക്കുന്നു)

Your Rating: