Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിജയതാളമായി രാജമൗലി

rajamouli

‘‘വർഷങ്ങൾക്കു മുമ്പ് ശബരിമലയിലേക്കുള്ള യാത്രയിലാണ് കേരളത്തിന്റെ പച്ചപ്പ് ആദ്യമായി ഞാൻ ആസ്വദിക്കുന്നത്. ട്രെയിനിലായിരുന്നു ഞാൻ. ഉറക്കമുണർന്ന് ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ട നിറഞ്ഞ പച്ചപ്പ് എനിക്ക് അദ്ഭുതമാണ് സമ്മാനിച്ചത്. പാലക്കാടിന്റെ പ്രകൃതിഭംഗിയാണ് എന്നെ സ്വാഗതം ചെയ്തതെന്ന് പിന്നാലെ മനസ്സിലായി. ഇത്രയേറെ ഹരിതകാന്തി കേരളത്തിലുണ്ടെന്നും കേരളത്തിന്റെ പ്രകൃതിസൗന്ദര്യം അതുല്യമാണെന്നും മനസ്സിലാക്കിയത് അന്നാണ്. ആദ്യകാഴ്ചയിൽ കേരളം എന്നിൽ നിറച്ച ആ ഊർജം ഇപ്പോഴുമുണ്ട്.’’

എണ്ണംപറഞ്ഞ പത്തു ചിത്രങ്ങൾ. അതിൽ ഏറ്റവും ശ്രദ്ധേയമായ ബാഹുബലിയുടെ അലയൊലികൾ പ്രേക്ഷക മനസ്സിൽ ഇനിയും അടങ്ങിയിട്ടില്ല. ബാഹുബലി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ സംവിധായകൻ രാജമൗലി ചിത്രീകരണത്തിനു ശേഷം മനസ്സുതുറന്നു. കൂടെ ഭാര്യ രമയും സംവിധായകന്റെ വിശേഷങ്ങളിൽ കൂട്ടായി.

കണ്ണൂർ കണ്ണവം വനമേഖലയിലെ ഷൂട്ടിങ് അനുഭവം?

ആസ്വദിച്ചാണ് ചെയ്തത്. വളരെ കൂളായ സ്ഥലം. ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഞങ്ങൾ ആഗ്രഹിച്ച പ്രദേശംതന്നെയായിരുന്നു കണ്ണവം കോളയാട് വനമേഖല. ആരുടേയും ശല്യമില്ലാതെ ഷൂട്ടിങ് നടത്താനായി. അതിരാവിലെ ആറു മണിയോടെ ലൊക്കേഷനിലേക്കുള്ള അഞ്ചു കിലോമീറ്റർ നടത്തം എന്റെ ചിന്തകളെ നന്നായി ഉണർത്തി.

kannur-bahubali-walk

ബാഹുബലിയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് കണ്ണവത്ത് ചിത്രീകരിച്ചത്. ആദ്യം ചാലക്കുടിയിലായിരുന്നു ചിത്രീകരിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ചില പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പ്രൊഡക്‌ഷൻ കൺട്രോളർ അരവിന്ദൻ കണ്ണൂർ കണ്ണവം ലൊക്കേഷൻ പരിചയപ്പെടുത്തുകയായിരുന്നു. വളരെ ശാന്തമായ പ്രദേശമായതുകൊണ്ടുതന്നെ ഞങ്ങൾ വിചാരിച്ചതിലും ഒരുദിവസം മുമ്പേ ചിത്രീകരണം തീർക്കാൻ പറ്റി. വർഷങ്ങൾക്കു മുമ്പ് സിംഹാദ്രി എന്ന ചിത്രത്തിനുവേണ്ടി തിരുവനന്തപുരത്ത് എത്തിയതാണ് കേരളവുമായുള്ള എന്റെ ആദ്യഅനുഭവം.

കുടുംബസമേതമാണല്ലോ ലൊക്കേഷനിൽ ?

ആദ്യകാലത്ത് മണിക്കൂറുകളോളം ദൈർഘ്യമുള്ള ചിത്രീകരണത്തിൽ കുടുബം എന്റെ കൂടെ ഉണ്ടായിരുന്നില്ല. ഇപ്പോൾ കുടുംബം കൂടെയുള്ളത് എന്നെ നന്നായി സഹായിക്കുന്നുണ്ട്. ആശ്വാസകരമാണത്. അത് എന്റെ ഭാഗ്യമായും ഞാൻ കണക്കാക്കുന്നു.

rajamouli-family എസ്.എസ്. രാജമൗലി ഭാര്യ രമയ്ക്കും മകൻ കാർത്തികേയയ്ക്കുമൊപ്പം കണ്ണൂർ കോളയാട്ടെ വാടകവീട്ടിൽ. ചിത്രങ്ങൾ: എം.ടി. വിധുരാജ്

ബാഹുബലി ഉൾപ്പെടെ ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകൾ. എന്താണ് വിജയതാളം?

പ്രത്യേകിച്ച് ഒരു താളവും സൂക്ഷിക്കുന്നില്ല. ഒരു സിനിമയുടെ കഥ കയ്യിൽ വരുമ്പോൾ അതിനെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. അതു പറയുന്ന രീതി, വിഷ്വലൈസേഷൻ ഇതിലൊക്കെ മുഴുകും. തുടർന്ന് അടുത്തത് വരുമ്പോൾ അതിൽ. പ്രത്യേകിച്ച് ഒരു പാറ്റേണും എന്റെ കാര്യത്തിൽ ഇല്ല.

anushka-bahubali-2

കഥപറച്ചിലിന്റെ പുതിയ രീതി?

പ്രേക്ഷകർ എപ്പോഴും ഒന്നുതന്നെയാണ്. പഴയകാലത്തും പുതിയകാലത്തും എല്ലാം. കഥ പറയുന്ന രീതിയാണ് പ്രേക്ഷകരെ ഏറെ ആകർഷിക്കുന്നത്. കഥ പോലുമല്ല, പുതിയ രീതിയിൽ പറയുക എന്നതാണ് ആകർഷണം. അതിലെ വികാരങ്ങളും മാറിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് പ്രേക്ഷകരല്ല മാറുന്നത്, രീതിയാണ് എന്നു പറഞ്ഞത്.

പഴയ കഥ, പുതിയ സാങ്കേതികവിദ്യ – ഇതാണല്ലോ താങ്കളുടെ വിജയ ഫോർമുല. എത്രകാലം ഇതിനു സാധ്യതയുണ്ട്?

എല്ലാ കഥയും ഒരർഥത്തിൽ പഴയതാണ്. അതുകൊണ്ട് പുതിയ കഥ, പഴയ കഥ എന്നൊന്നും അടയാളപ്പെടുത്താൻ ഇഷ്ടപ്പെടുന്നില്ല. ഏതു കഥയായാലും അത് പ്രേക്ഷകരിലെത്തിക്കുന്ന വഴിയാണ് പ്രധാനം.

prabhas-rajamouli

അച്ഛൻ വിജയേന്ദ്ര പ്രസാദിന്റെ രണ്ടു ചിത്രങ്ങളാണ് കഴിഞ്ഞ വർഷം തകർത്തോടിയത്. അച്ഛന്റെ കഥ മകൻ സംവിധാനം ചെയ്യുമ്പോഴുള്ള അനുഭവങ്ങൾ?

ഞങ്ങൾ പക്കാ പ്രഫഷനലായാണ് ജോലിചെയ്യുന്നത്. അച്ഛൻ അടിസ്ഥാനപരമായി ഫിലിം മേക്കറാണ്. അദ്ദേഹത്തിന്റെ കഥകളിലെ നാടകീയത എനിക്ക് പ്രചോദനമാണ്. എന്താണോ ഞാൻ ആ കഥയിൽ നിന്ന് ആഗ്രഹിക്കുന്നത് അതെനിക്ക് കിട്ടാറുണ്ട്.

എന്താണ് രാജമൗലിയുടെ വിഷ്വൽ സെൻസിനെ സ്വാധീനിച്ചത്?

എന്റെ കുട്ടിക്കാലം വളരെയേറെ പ്രചോദനം തന്നിട്ടുണ്ട്. ഒരുപാട് കോമിക്സും അമർചിത്രകഥകളും വായിച്ചുകൂട്ടിയിട്ടുണ്ട്. ക്ലാസ് മുറിയിൽ കൂട്ടുകാരോട് ഈ കഥകൾ പങ്കുവയ്ക്കാനും ഇഷ്ടപ്പെട്ടിരുന്നു.

anushka-kannur

ആരാണ് പ്രചോദനം നൽകിയ വ്യക്തിത്വം?

പ്രചോദനങ്ങൾ ഓരോ കാലത്തും ഓരോ തരത്തിലാണ്. അത് മാറിക്കൊണ്ടിരിക്കും. എന്നിരുന്നാലും എണ്ണമറ്റ അമർചിത്രകഥകൾ സമ്മാനിച്ച അനന്തപൈ ആണ് എന്റെ ആദ്യ ഹീറോയും പ്രചോദനവും. പിന്നീട് മുതിർന്നപ്പോൾ എന്നെ ആകർഷിച്ച ഒരു വ്യക്തി വിഖ്യാത അമേരിക്കൻ സംവിധായകനും നടനുമൊക്കെയായ മെൽഗിബ്സണാണ്. മെൽഗിബ്സണിന്റെ ചിത്രങ്ങളെ ഞാൻ കൃത്യമായി ശ്രദ്ധിക്കുമായിരുന്നു.

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ വച്ച് ഒരു സിനിമാ പ്രോജക്ട് ഉദ്ദേശിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ടല്ലോ?

അത് വളരെ വളരെ മുമ്പാണ്. അതിനുവേണ്ടി മോഹൻലാലുമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടോ അതു നടന്നില്ല.

ബാഹുബലി മൂന്നാം ഭാഗവും അതിനുശേഷം ആയിരം കോടി രൂപയുടെ മഹാഭാരതത്തെ ആസ്പദമാക്കിയുള്ള ഒരു പ്രോജക്ടും ഉദ്ദേശിക്കുന്നു എന്ന് ശ്രുതിയുണ്ടല്ലോ?

ഇപ്പോൾ ബാഹുബലി രണ്ടാം ഭാഗം മാത്രമാണ് മനസ്സിൽ. ഇതു കഴിഞ്ഞ് അടുത്തത് തീരുമാനിക്കും. മഹാഭാരതം വളരെ പ്രചോദനം നൽകുന്നതും താൽപ്പര്യമുണർത്തുന്നതുമായ ഒരു വലിയ സംഭവമാണ്. അതൊക്കെ ചെയ്യണമെങ്കിൽത്തന്നെ ഇനിയും ഏറെ സമയമെടുക്കും. മാർക്കറ്റ് മൂല്യം നോക്കിയല്ല എന്റെ സിനിമ. സിനിമ എടുത്തശേഷം അതിനെ മാർക്കറ്റ് ചെയ്യുകയാണു വേണ്ടത്. പ്രേക്ഷകർ നൽകുന്ന പിന്തുണ വലിയൊരു ഊർജമാണ്. ഇപ്പോൾ ഇത്രയും മതി. കുറച്ചു വർക്കുകൾ കൂടി ചെയ്തുതീർക്കാനുണ്ട്. ബാക്കി പിന്നീടെപ്പോഴെങ്കിലുമാവട്ടെ.