Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

10 സിനിമയ്ക്ക് തുല്യം ഒരൊറ്റ ബാഹുബലി; സാബു സിറിൽ അഭിമുഖം

sabu-cyril-baahubali

സാബുസിറിലിനെ രാജമൗലിയുടെ കണ്ണ് എന്ന് വിശേഷിപ്പിച്ചാൽ അത് ഒരു അതിശയോക്തി ആവില്ല. സംവിധായകന് രാജമൗലി എന്താണോ പ്രേക്ഷകരെ കാണിച്ചുതരാൻ മനസ്സിൽ ആഗ്രഹിച്ചത്, അതിനെക്കാൾ ഒരുപടി മുകളിലുള്ള വിസ്മയകരമായ കാഴ്ച്ചകളാണ് സാബുസിറിൾ എന്ന പ്രൊഡക്ഷൻ ഡിസൈനർ കാണിച്ചു തന്നത്.

അമര്‍ചിത്രകഥകളിലും പൗരാണിക ഗ്രന്ഥങ്ങളിലുമൊക്കെ വായിച്ചിട്ടുള്ള സാങ്കൽപ്പിക രാജകൊട്ടാരവും യുദ്ധവുമൊക്കെ കൺമുമ്പിൽ കാണിച്ചു തന്നു ബാഹുബലി. കാത്തിരിപ്പുകൾക്കൊടുവിൽ ബാഹുബലി 2വിന്റെ ട്രെയിലർ എത്തിയപ്പോഴും ആകാംഷയും വിസ്മയവും അതുക്കുംമേലെയായി. ബാഹുലബി എന്ന ദൃശ്യവിസ്മയത്തെക്കുറിച്ച് സാബുസിറിൾ മനസുതുറക്കുന്നു.

sabu-cyril-baahubali-se3

സിനിമയുടെ എല്ലാ ജോലികളും തീർന്നുകഴിഞ്ഞപ്പോൾ തോന്നിയ വികാരം എന്തായിരുന്നു?

അഞ്ചുവർഷം എത്ര പെട്ടന്നാണ് പോയത്. സിനിമ ഇത്ര വേഗം തീർന്നുപോയല്ലോ എന്നാണ് ആദ്യം തോന്നിയത്. ഈ അഞ്ചുവർഷക്കാലം എന്റെ ഊണിലും ഉറക്കത്തിലും ബാഹുബലിയും മഹിഷ്മതിയെന്ന രാജാധാനിയും മാത്രമായിരുന്നു. ബാഹുബലി ടീമിനൊപ്പം ചേർന്ന പിറ്റേ ദിവസം മുതൽ ഓരോ നിമിഷവും ചർച്ച ഈ സിനിമയെക്കുറിച്ചു മാത്രമായിരുന്നു. ഈ അഞ്ചുവർഷത്തിനുള്ളിൽ ബാഹുബലി അല്ലാതെ ഞാൻ ആകെ ചെയ്തത് രണ്ടുസിനിമയാണ്.

sabu-cyril-baahubali-set

അ‍‍ജയ് ദേവഗണിന്റെ ശിവായും, രജനികാന്തിന്റെ ലിംഗയും. ലിംഗ ഹൈദരബാദിൽ തന്നെയായിരുന്നു ഷൂട്ടിങ്ങ് അതുകൊണ്ട് ഒരുപാട് സമയം മാറിനിൽക്കേണ്ടി വന്നില്ല. പത്തുസിനിമ ചെയ്ത അനുഭവമാണ് ബാഹുബലിയെന്ന ഒരു സിനിമ കൊണ്ട് എനിക്ക് ലഭിച്ചത്. ഞാൻ ഇത്രയും കാലം എന്തെല്ലാം പഠിച്ചോ അത് എല്ലാം പ്രാവർത്തികമാക്കാൻ സാധിച്ച സിനിമയാണ് ബാഹുബലി. വിചാരിച്ചതിനേക്കാൾ നന്നായി എല്ലാം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷമുണ്ട്. ഹൃദയം നിറഞ്ഞ ഒരു അവസ്ഥ.

എങ്കിലും ഈ ഒരു ടീം ഇനി ഇല്ല എന്നുള്ള ദുഖമുണ്ട്. ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. പാർട്ടിക്കും ആഘോഷങ്ങൾക്കുമെല്ലാം എല്ലാവരും ഒരുമിച്ചായിരുന്നു. അത് നഷ്ടമാകുന്നതിന്റെ നഷ്ടബോധമുണ്ട്.

ബാഹുബലി 2 ഏതൊക്കെ രീതിയിലാണ് ബാഹുബലി ഒന്നാം ഭാഗത്തില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നത്?

ബാഹുബലിയുടെ ആദ്യ ഭാഗത്ത് കഥാപാത്രങ്ങളും പശ്ചാത്തലങ്ങളും മാത്രമേ കാണിക്കുന്നുള്ളൂ. യഥാർഥ കഥ തുടങ്ങുന്നത് ബാഹുബലി 2വിലാണ്. കഥാപാത്രങ്ങൾക്ക് അനുയോജ്യമായ വേഷവിധാനങ്ങൾ, ആയുധങ്ങൾ, രാജധാനി എങ്ങനെയായിരിക്കണം തുടങ്ങിയ ഗവേഷണങ്ങൾ ബാഹുബലി ഒന്നിൽ പൂർത്തിയായി. ഗവേഷണങ്ങളൊക്കെ പ്രാവർത്തികമാക്കുന്ന ഘട്ടമായിരുന്നു രണ്ടാമത്തേത്. ഒന്നാംഘട്ടത്തിൽ കൂടതലും ഗ്രാഫിക്സ് വർക്കുകളായിരുന്നു.

sabu-cyril

എന്നാൽ ഇതിൽ യഥാർഥ സെറ്റ് ഇട്ടിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്ലൈമാക്സ് ചിത്രീകരിച്ചിരിക്കുന്നത് ആന്ധ്രയിലെ കരിങ്കൽ ക്വാറിയിലാണ്. ആദ്യം ചമ്പലിൽ ചിത്രീകരിക്കാനായിരുന്നു ഇരുന്നത്, എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം അവിടെ സാധിച്ചില്ല. 100 അടി മുകളിലുള്ള രംഗങ്ങൾക്കുമാത്രമാണ് ഗ്രാഫിക്സ് ഉപയോഗിച്ചിരിക്കുന്നത്.

baahubali-2-set-4

രണ്ടു സിനിമകളിലും യുദ്ധരംഗത്തെ മൃഗങ്ങളെയെല്ലാം ഉണ്ടാക്കിയെടുത്തതാണ്. സിനിമയിൽ ജീവനുള്ള മൃഗങ്ങളെ ഉപയോഗിക്കുന്നതിന് വിലക്കുള്ളതിനാൽ ആനയെയും കുതിരയെയും പോത്തിനെയുമെല്ലാം ഉണ്ടാക്കുകയായിരുന്നു. ബാഹുബലി ഒന്നിലെ കൃത്രിമ ആന അത്തരത്തിൽ ഒന്നാണ്. ആനയിൽ 10 ആളുകൾ കയറി ഇരുന്ന് പുറകിൽ നിന്ന് കുറച്ചുപേർ കയറിട്ട് വലിച്ചാണ് ആന ചിന്നം വിളിക്കുന്ന രംഗം ചിത്രീകരിച്ചത്. സിനിമയിലെ മനോഹരമായൊരു രംഗമായിരുന്നു അത്. അതരത്തിൽ നിരവധി രംഗങ്ങൾ നിറഞ്ഞതാണ് ബാഹുബലി 2. കൂടുതൽ ഇപ്പോൾ പറയാനാകില്ല. ഒന്നുപറയാം പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരു ദൃശ്യവിസ്മയം തന്നെയായിരിക്കും.

സംവിധായകൻ രാജമൗലിക്കൊപ്പം സാബു സിറിൾ

എവിടെയൊക്കെയായിരുന്നു ചിത്രീകരണം?

പൂർണ്ണമായും ഇന്ത്യയിൽ ചിത്രീകരിച്ച ചിത്രം എന്ന പ്രത്യേകതയും ബാഹുബലി 2വിനുണ്ട്. രാമോജി റാവു ഫിലിം സിറ്റിക്കുള്ളിലാണ് ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. 400ലധികം ആളുകൾ നിരന്തരം ജോലി ചെയ്താണ് മണലിറക്കി പഴയ രാജവീഥികളൊക്കെ ശരിയാക്കിയെടുത്തത്. കാടിന്റെ രംഗങ്ങൾ ചിത്രീകരിച്ചത് കേരളത്തിലായിരുന്നു. ആന്ധ്രയിലെ കാടുകളിലെ മരങ്ങൾക്ക് അത്ര വലുപ്പം പോരാ, കാടിന്റെ വന്യത കേരളത്തിൽ മാത്രമാണുള്ളത്. കണ്ണവം വനത്തിന്റെ അകത്ത് കൽമണ്ഡപമൊക്കെ സെറ്റിട്ടായിരുന്നു ചിത്രീകരണം.

baahubali-2-set-5

പുതിയ സിനിമകൾ ഏറ്റെടുത്തു തുടങ്ങിയോ?

പഞ്ചാബിലേക്കുകള്ള യാത്രയിലാണ് ഞാൻ. പുതിയ ഒരു ബോളീവുഡ് ചിത്രത്തിന്റെ സെറ്റ് അന്വേഷിച്ചുള്ള യാത്ര.

Your Rating: